ആർഎസ്എസ് പിടിമുറുക്കുന്നു; കണ്ണൂരിൽ ബിജെപിക്കുള്ളിൽ പടലപ്പിണക്കം

''കണ്ണൂരിൽ ആക്രമണം നടത്തുന്നത് പ്രാദേശിക ആർഎസ്എസ് പ്രവർത്തകരല്ല. പയ്യന്നൂർ ധനരാജ് കൊലപാതകത്തിനു പിന്നിൽ നാഗ്പൂരിൽ നിന്നും 'നൈപുണ്യ പരിശീലനം' നേടിയ ആളുകളാണെന്നാണ് എന്റെ വിശ്വാസം'' സുധീഷ്‌മിന്നി പറയുന്നു

ആർഎസ്എസ് പിടിമുറുക്കുന്നു; കണ്ണൂരിൽ ബിജെപിക്കുള്ളിൽ പടലപ്പിണക്കം

കണ്ണൂർ ജില്ലയിൽ ബിജെപ്പിക്കകത്ത് ആഭ്യന്തരപ്രശ്നങ്ങൾ വർധിക്കുന്നതായി സൂചനകൾ. ബിജെപിക്ക് മേൽ ആർഎസ്എസ് പിടിമുറുക്കുന്നുവെന്ന ഏറെക്കാലത്തെ ആരോപണമാണ് ഇപ്പോൾ പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നത്. മുൻപ് ജില്ലാ നേതൃത്വത്തിൽ ആഭ്യന്തര പ്രശ്നങ്ങളെത്തുടർന്ന്  നേതാക്കളായ എ അശോകൻ, ഒകെ വാസു എന്നിവർ ബിജെപി വിട്ട് സിപിഐഎമ്മിൽ എത്തിയിരുന്നു. സുധീഷ് മിന്നിയുൾപ്പെടെ നിരവധി ആർഎസ്എസ് പ്രവർത്തകരും അനുഭാവികളും സമീപകാലത്ത് സിപിഐഎമ്മിലേക്ക് എത്തിയിട്ടുണ്ട്.


പ്രാദേശിക നേതൃത്വത്തെയും പ്രവർത്തകരെയും കണക്കിലെടുക്കാതെ ആർഎസ്എസ് കാര്യങ്ങൾ തീരുമാനിക്കുന്നു എന്നതാണ് ഒരു വിഭാഗം ബിജെപി പ്രവർത്തകരുടെ ആരോപണം. പ്രാദേശിക ബിജെപി പ്രവർത്തകരെ അറിയിക്കാതെ ആർഎസ്എസ് നേതൃത്വം വിവിധ പ്രദേശങ്ങളിൽ ആക്രമണങ്ങൾ സംഘടിപ്പിക്കുകയാണെന്നും  പ്രത്യാക്രമണം ഉണ്ടാകുമ്പോൾ ഇരകളാകുന്നത് സാധാരണ പ്രവർത്തകരാണെന്നുമാണ് മറ്റൊരാരോപണം. പയ്യന്നൂർ, തലശേരി മേഖലകളിൽ സിപിഐഎമ്മിനെതിരെ ആർഎസ്എസ് നടത്തിയ അപ്രതീക്ഷിത ആക്രമണങ്ങളെത്തുടർന്ന് ഉണ്ടായ സംഘർഷങ്ങളിൽ നിരവധി ബിജെപി പ്രവർത്തകരുടെ വീടുകളും വാഹനങ്ങളും തകർക്കപ്പെട്ടിരുന്നു.

[caption id="attachment_46394" align="alignleft" width="300"]Sudheesh minni സുധീഷ് മിന്നി[/caption]

വിഷയത്തിൽ  ആർഎസ്എസ് പ്രചാരകനായിരുന്ന സുധീഷ് മിന്നി നാരദാ ന്യൂസിനോട് പ്രതികരിച്ചു. കുമ്മനം രാജശേഖരൻ സംസ്ഥാന അധ്യക്ഷസ്ഥാനത്ത് എത്തിയതുമുതൽ ബിജെപിയിൽ രൂപം കൊണ്ടിട്ടുള്ള ആഭ്യന്തര പ്രശ്നങ്ങൾ പൊട്ടിത്തെറിയിലേക്ക് നീങ്ങുകയാണെന്ന് സുധീഷ് മിന്നി  പറഞ്ഞു. ഇതിന്റെ ഫലമായി കണ്ണൂരിൽ മാത്രമല്ല കോട്ടയം, കൊല്ലം ഉൾപ്പെടെയുള്ള ജില്ലകളിൽ നിന്നും ജില്ലാ നേതൃത്വത്തിൽ ഉള്ള നേതാക്കൾ വരും ദിനങ്ങളിൽ സിപിഐഎമ്മിലേക്ക് എത്തും. ഇത്തരം ആഭ്യന്തരപ്രശ്നങ്ങൾ മറച്ചുവെച്ച് പ്രവർത്തകരെ ഒരുമിപ്പിച്ച് നിർത്താൻ വേണ്ടിയാണ് ആർഎസ്എസ് കേരളത്തിൽ അക്രമം അഴിച്ചു വിടുന്നതെന്നും സുധീഷ് മിന്നി പറഞ്ഞു.
''കുമ്മനത്തിനെ ബിജെപിയുടെ തലപ്പത്ത് നിയമിച്ചത് ആർഎസ്എസ് ആണ്. ഉത്തരേന്ത്യയിൽ ബിജെപി അധ്യക്ഷന്മാരെ നിയമിക്കുന്ന അതേ രീതിയാണ് ആർഎസ്എസ് കേരളത്തിൽ അവലംബിച്ചത്. എന്നാൽ പാർട്ടി പ്രവർത്തനം നടത്തിക്കൊണ്ടിരുന്ന ബഹുഭൂരിപക്ഷം പേർക്കും അത് ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല.  ശോഭാസുരേന്ദ്രൻ, സികെ പദ്മനാഭൻ തുടങ്ങിയ നേതാക്കളും കുമ്മനത്തിന്റെ വരവിൽ അസ്വസ്ഥത പ്രകടിപ്പിക്കുന്നവരാണ്. സിപിഐഎമ്മിനെ ആക്രമിക്കുന്നതിലൂടെ പാർട്ടിയിൽ ആഭ്യന്തര കെട്ടുറപ്പ് ഉണ്ടാക്കാൻ കഴിയും എന്ന ധാരണയാണ് ആർഎസ്എസിന്. എന്നാൽ സാധാരണ ബിജെപി പ്രവർത്തകർക്ക് ഇത്തരം ആക്രമണങ്ങളോട് താത്പര്യമില്ല.


ബിജെപിക്കകത്ത് പ്രശ്നങ്ങൾ ഉണ്ടെന്ന് പരാമർശിച്ച് സിപിഐഎം ജില്ലാ സെക്രട്ടറി പി ജയരാജൻ ഉൾപ്പെടെയുള്ളവർ പ്രസംഗിച്ചിരുന്നു.  ബിജെപി നേതൃത്വം ഇതിന് കൃത്യമായ മറുപടി നൽകിയിട്ടില്ല. കുമ്മനം രാജശേഖരന്റെ നേതൃത്വത്തെ അംഗീകരിക്കാത്തവരെ ആർഎസ്എസ്സിനെതിരെ അണിനിരത്തുക എന്ന രാഷ്ട്രീയ തന്ത്രമാവും സിപിഐഎം ലക്‌ഷ്യം വെക്കുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നത്.

Read More >>