ഇന്ത്യാവിഷന്‍ ഓഹരി ഉടമകള്‍ നിയമ പോരാട്ടത്തിനൊരുങ്ങി; അനുനയിപ്പിക്കാന്‍ എം കെ മുനീര്‍ ഇടപെട്ട് അടിയന്തരയോഗം വിളിച്ചു

ചാനല്‍ തിരിച്ചുവരാത്ത സാഹചര്യത്തില്‍ മുടക്കിയ പണമെങ്കിലും തിരിച്ചു വേണമെന്ന് ഓഹരി ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ എം കെ മുനീര്‍ മുഖംതിരിച്ചതോടെ കോടതിയെ സമീപിക്കാന്‍ ഓഹരി ഉടമകള്‍ തീരുമാനിച്ചു.

ഇന്ത്യാവിഷന്‍ ഓഹരി ഉടമകള്‍ നിയമ പോരാട്ടത്തിനൊരുങ്ങി;  അനുനയിപ്പിക്കാന്‍ എം കെ മുനീര്‍ ഇടപെട്ട് അടിയന്തരയോഗം വിളിച്ചു

കോഴിക്കോട്: സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് അടച്ചുപൂട്ടിയ ഇന്ത്യാവിഷന്‍ ചാനല്‍ ഉടമകളുടെ അടിയന്തരയോഗം ഒക്ടോബര്‍ ഒമ്പതിന് കോഴിക്കോട്ട് നടക്കും. മുന്‍ മന്ത്രി എം കെ മുനീര്‍ ഇടപെട്ടാണ് യോഗം വിളിച്ചിരിക്കുന്നത്. ചാനല്‍ തിരിച്ചുവരാത്ത സാഹചര്യത്തില്‍ മുടക്കിയ പണമെങ്കിലും തിരിച്ചുവേണമെന്ന് ഓഹരി ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ എം കെ മുനീര്‍ മുഖംതിരിച്ചതോടെ കോടതിയെ സമീപിക്കാന്‍ ഓഹരി ഉടമകള്‍ തീരുമാനിച്ചു. തുടർന്നാണു  അടിയന്തരയോഗം വിളിച്ച് ഇവരെ അനുനയിപ്പിക്കാന്‍ നീക്കം നടക്കുന്നത്.


കോഴിക്കോട് സ്പാന്‍ ഹോട്ടലില്‍ രാവിലെ 10.30ന് യോഗത്തിനെത്തണമെന്ന് കാണിച്ച് ഇന്ത്യാവിഷന്‍ റസിഡന്റ് ഡയറക്ടര്‍ ജമാലുദ്ദീന്‍ ഫാറൂഖിയാണ് ഓഹരി ഉടമകള്‍ക്ക് കത്തയച്ചിരിക്കുന്നത്.

iv letter

2015 ഫെബ്രുവരിയിലാണു ചാനൽ അടച്ചു പൂട്ടിയത്. മാസങ്ങളായി ശമ്പളം മുടങ്ങിയതോടെ 2015 ഫെബ്രുവരി ഒമ്പതിനാണ് ഇന്ത്യാവിഷന്‍ സംപ്രേഷണം നിലച്ചത്. ഇതിനിടെ നികുതി പ്രശ്‌നത്തില്‍ ഇന്ത്യാവിഷന്‍ റസിഡന്റ് ഡയറക്ടര്‍ അറസ്റ്റിലായി. ജോലി നഷ്ടപ്പെട്ട ഇന്ത്യാവിഷനിലെ ജീവനക്കാര്‍ മന്ത്രി മുനീറിന്റെ വീട്ടിലേക്കുള്‍പ്പെടെ മാര്‍ച്ച് നടത്തിയിരുന്നു. ഇതിനിടെ പലതവണ ചാനല്‍ സംപ്രേഷണം തുടങ്ങാന്‍ നീക്കം നടത്തിയെങ്കിലും മതിയായ ഫണ്ട് ലഭിക്കാതെ പദ്ധതിയുമായി മാനേജ്മെന്റിന് മുന്നോട്ടുപോകാനായില്ല. ജീവനക്കാരില്‍ പ്രബല വിഭാഗം ഇതര മധ്യമങ്ങളില്‍ ചേക്കേറി.

2003ലാണ് ഇന്ത്യാവിഷന്‍ സംപ്രേഷണം തുടങ്ങിയത്. അവസാനം വരെ നിലകൊണ്ട എക്‌സിക്യൂട്ടിവ് എഡിറ്റര്‍ ബി ദിലീപ് കുമാറും രാജിവെച്ച് ന്യൂസ് 18 ചാനലില്‍ പോയിരുന്നു. 2014 മാര്‍ച്ചില്‍ എം പി ബഷീര്‍ ഇന്ത്യാവിഷന്‍ വിട്ടതോടെയാണ് ദിലീപ്കുമാര്‍ ആ സ്ഥാനത്ത് വരുന്നത്. തുടര്‍ന്നും ചാനല്‍ മുന്നോട്ടു പോകുന്നതിനിടെയാണ് മാസങ്ങളോളം ശമ്പളം വൈകിയതിനെത്തുടര്‍ന്ന് തൊഴിലാളികള്‍ പണിമുടക്കിയത്. ഇതോടെ സംപ്രേഷണം നിലയ്ക്കുകയായിരുന്നു. ഇതിനിടെ നിരവധിപേര്‍ ചാനലില്‍ മുതല്‍ മുടക്കാനായി വന്നെങ്കിലും ചെയര്‍മാന്‍ എം കെ മുനീറിന് താല്‍പര്യം കുറഞ്ഞതോടെയാണ് സംപ്രേഷണം പുനരാരംഭിക്കാനാവാതെ വന്നത്.

ദിലീപ്കുമാര്‍ ഉള്‍പ്പെടെയുള്ളവർ നിക്ഷേപകരെ കൊണ്ടുവന്നെങ്കിലും മുനീര്‍ അംഗീകരിച്ചില്ല. 2014 നവംബര്‍ മുതലുള്ള ജീവനക്കാരുടെ ശമ്പളം, ഓഫീസ് വാടക, ടാക്‌സി വാടക, ഇതര ചിലവുകളൊക്കെയായി കോടികളുടെ ബാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യാവിഷന്‍ പുന:സംപ്രേഷണം തുടങ്ങാന്‍ എം കെ മുനീറിന് കഴിയില്ല. എന്നാല്‍ ചാനലിന്റെ ഓഹരി വില്‍ക്കാന്‍ മുനീറിന് താല്‍പര്യവുമില്ല. പ്രവാസികളുള്‍പ്പെടെ ചാനലിന്റെ മേജര്‍ ഓഹരി വാങ്ങാന്‍ തയ്യാറായി മുനീറിനെ സമീപിച്ചിരുന്നു. എന്നാല്‍ ഓരോ കാരണങ്ങള്‍ പറഞ്ഞ് ഇയാള്‍ അവഗണിച്ചു.

ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ഇന്ത്യാവിഷന്‍ കോഴിക്കോട് ഡ്രൈവറായിരുന്ന എ കെ സാജന്‍ എം കെ മുനീറിനെതിരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സൗത്ത് മണ്ഡലത്തില്‍ മത്സരിച്ചത് ഏറെ ചര്‍ച്ചയായിരുന്നു. തുടര്‍ന്നും മുനീറിന്റെ ഭാഗത്ത് നിന്ന് നടപടികളൊന്നുമുണ്ടാകാത്ത സാഹചര്യത്തിലാണ് ഓഹരി ഉടമകള്‍ നിയമനടപടിക്കൊരുങ്ങിയത്. ഒക്ടോബര്‍ ഒമ്പതിന് നടക്കുന്ന യോഗത്തില്‍ മുനീറിന് ശക്തമായ താക്കീത് നല്‍കാനാണ് ഓഹരി ഉടമകളുടെ തീരുമാനം.

Read More >>