സന്തുലിത സംഘവുമായി കൊൽക്കത്ത റെഡി, തന്ത്രജ്ഞനായി മൊളീനോ, പോസ്റ്റിഗ മാർക്വി താരം

കഴിഞ്ഞ സീസണിൽ അന്റോണിയോ ഹബാസിന് കീഴിൽ ഒത്തിണക്കത്തോടെ കളിച്ച ടീമിന് മൊളീനോ എന്ത് തന്ത്രമാണ് ഒരുക്കിയിട്ടുള്ളത് എന്നറിയാൻ ആരാധകർ ആകാംക്ഷയിലാണ്

സന്തുലിത സംഘവുമായി കൊൽക്കത്ത റെഡി, തന്ത്രജ്ഞനായി മൊളീനോ, പോസ്റ്റിഗ മാർക്വി താരം

നിരഞ്ജ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ മൂന്നാം സീസനിലേക്ക് ആദ്യ സീസനിലെ വിജയികളായ
അത്‌ലറ്റികോ ഡി കൊൽക്കത്ത എത്തുന്നത് സന്തുലിതമായ ടീം ഘടനയുമായാണ്. പഴയ പരിശീലകൻ അന്റോണിയോ ഹബാസിന് പകരം യോസെ മോളീനോയാണ് പുതിയ തന്ത്രജ്ഞൻ. കോച്ച് സ്‌പെയിൻകാരനായതുകൊണ്ടാകാം കൊൽക്കത്ത ടീമിൽ സ്‌പെയിൻകാരായ നിരവധി കളിക്കാരുണ്ട്. ടൂർണമെന്റിന് മുൻപുള്ള പരിശീലനവും സ്‌പെയിനിൽ വച്ചായിരുന്നു.

മികച്ച ഇന്ത്യൻ താരങ്ങളെ ടീമിലെത്തിക്കാൻ കഴിഞ്ഞുവെന്നതിൽ

ടീം ഉടമകളായ സൗരവ് ഗാംഗുലിക്കും കൊൽക്കത്ത ഗെയിംസ് ആൻഡ് സ്‌പോർട്‌സ്
ലിമിറ്റഡ് മാനേജ്‌മെന്റിനും ആശ്വസിക്കാം. കഴിഞ്ഞ സീസണിൽ അന്റോണിയോ ഹബാസിന് കീഴിൽ ഒത്തിണക്കത്തോടെ കളിച്ച ടീമിന് മൊളീനോ എന്ത് തന്ത്രമാണ് ഒരുക്കിയിട്ടുള്ളത് എന്നറിയാൻ ആരാധകർ ആകാംക്ഷയിലാണ്. സ്പാനിഷ് ഗോൾ കീപ്പറായിരുന്ന അദ്ദേഹം വലൻസിയ, വിയ്യ റയൽ, അത്‌ലറ്റികോ മാഡ്രിഡ്, ഡീപോർട്ടീരോ, ലെവന്ത ക്ലബ്ബുകൾക്കായി വല കാത്തിട്ടുണ്ട്. വിയ്യ റയൽ ടീമിനെ പരിശീലിപ്പിച്ച് കോച്ചിന്റെ കുപ്പായം അണിഞ്ഞശേഷം ഗറ്റാഫെ ബി ടീമിനെയും കിറ്റ്‌ച്ചെ ടീമിനെയും പരിശീലിപ്പിച്ചിരുന്നു. തുടർന്നാണ് കൊൽക്കത്തയിലേക്ക് എത്തുന്നത്. മൊളീനോയുടെ അനുഭവ സമ്പത്ത് കൊൽക്കത്തയ്ക്ക് ഗുണം ചെയ്യുമെന്ന് തന്നെയാണ് ആരാധകരുടെയും ഉടമകളുടെയും പ്രതീക്ഷ.

ഒക്ടോബർ രണ്ടിനു കൊൽക്കത്തയുടെ ഹോം
ഗ്രൗണ്ടായ രബീന്ദ്ര സരോവർ സ്‌റ്റേഡിയത്തിൽ നിലവിലെ ചാമ്പ്യൻമാരായ
ചെന്നൈയിനെ നേരിടുമ്പോൾ മാത്രമേ യഥാർത്ഥത്തിൽ ടീമിന്റെ ശക്തി മാറ്റുരച്ചു
നോക്കാനാകൂ. എങ്കിലും കരുത്തിൽ ശക്തർ തന്നെയാണ് കൊൽക്കത്ത.

ടീമിന്റെ ശക്തി

പോസ്റ്റിഗ, ഹ്യൂം, ബോർജ, സമീഹ്, ടിറി, അർണബ് മണ്ഡൽ, ജാറി ലാവ, ഒഫെൻസെ
നേറ്റോ പേരുകളിൽ തന്നെ ഒളിഞ്ഞിരിപ്പുണ്ട് കൊൽക്കത്തയുടെ ശക്തി.
സ്‌കോട്ടിഷ് പ്രീമിയർഷിപ്പിൽ നിന്നും സ്റ്റീഫൻ പിയേഴ്‌സൺ കൂടി
മടങ്ങിയെത്തുന്നതോടെ എതിർ ടീം ഫോർവേഡുകൾ കൊൽക്കത്തയുടെ മദ്ധ്യനിര കടക്കാൻ ഏറെ പ്രയാസപ്പെടേണ്ടി വരുമെന്ന് തീർച്ച. ഇന്ത്യയിലെ ഏറ്റവും മികച്ച
ഗോൾകീപ്പർ ദേബ്ജിത്ത് മജുംദാറും ടീമിൽ ചേരുന്നതോടെ ഇന്ത്യൻ
കാൽപ്പന്തുകളിയുടെ മെക്കയിൽ നിന്നെത്തുന്ന ടീം മോശക്കാരാകില്ലെന്ന് തന്നെ
പറയാം. ഐ ലീഗോ ഫെഡറേഷൻ കപ്പോ വിജയിച്ച ഇന്ത്യൻ താരങ്ങളെ മിക്കവരെയും കൂടാരത്തിൽ എത്തിക്കുന്നതിൽ ടീം മാനേജ്‌മെന്റ് വിജയിച്ചിട്ടുണ്ട്.
പ്രബിർദാസ്, ബിക്രംജിത്ത് സിംഗ്, ലാൽത്‌ലാമ്യൂന, അഭിലാഷ് റൂയിദാസ് എന്നീ
ആഭ്യന്തര താരങ്ങളെ കോച്ചിന് വേണ്ടവിധം ഉപയോഗപ്പെടുത്താം.
മുന്നേറ്റ നിരയിലുള്ള മാർക്വി താരം ഹെൽഡർ പോസ്റ്റിഗയ്ക്കും ഹ്യൂമിനും
ജുവാൻ ബെലൻകോസോയ്ക്കും യഥേഷ്ടം പന്തെത്തിക്കാൻ മദ്ധ്യനിരയ്ക്ക് കഴിയുകയും ഈ പന്ത് പോസ്റ്റിലെത്തിക്കുന്നതിൽ അവർ വിജയിക്കുകയും ചെയ്താൽ വീണ്ടുമൊരിക്കൽ കൂടി ഐ.എസ്.എൽ കിരീടം അണിയുകയെന്നത് കൊൽക്കത്തയ്ക്ക് എളുപ്പമാകും.
സ്പാനിഷ് താരം ഡാനി മല്ലോയാണ് കൊൽക്കത്തയുടെ ഒന്നാം ഗോളി. ഇതു കൂടാതെ
ബഗാന്റെ ഗോളിയായ ഷിൽട്ടൺ പോളും ദേബ്ജിത്ത് മജുംദാറുമുണ്ട്. പ്രതിരോധത്തിൽ അത്‌ലറ്റികോ മാഡ്രിഡ് താരമായ ടിരിയും സെവിയയിൽ നിന്നെത്തിയ പാബ്ലോ ഗല്ലാഡോയും ഇന്ത്യൻ താരങ്ങളായ കിങ്ഷുക് ദേബ്‌നാഥ്, പ്രീതം കോട്ടൽ, പ്രബിർ ദാസ്, അർണബ് മണ്ഡൽ, റോബെർട്ട് ലാൽത്‌ലാമ്യൂന, കീഗൻ പെരേര എന്നിവരും അണിനിരക്കും. അഞ്ചു വിദേശതാരങ്ങളാണ് മദ്ധ്യനിര പരിപൂർണ്ണമായും നിയന്ത്രിക്കുന്നത്. നാറ്റോ, ബോർജ ഫെർണ്ണാണ്ടസ് എന്നിവർ ഡിഫൻസീവ് മിഡ്ഫീൽഡർമാരാകുമ്പോൾ ജാവി ലാറ സെൻട്രൽ മിഡ്ഫീൽഡാകും. സമീഹ് ദൗത്തി, സ്റ്റീഫൻ പിയേഴ്‌സൺ, ബികാഷ് ജെയ്‌റു, ലാൽറിൻഡിക റാൽത്തെ, ജുവൽ രാജ, ബിക്രംജിത്ത് സിംഗ്, റൂയിദാസ് എന്നിവർ മദ്ധ്യനിരയിലെ കരുത്തരാണ്.

കൊൽക്കത്തയുടെ മുന്നേറ്റനിരയുടെ ശക്തി വിദേശതാരങ്ങളാണ്. പോർച്ചുഗലുരനായ ഹെൽഡർ പോസ്റ്റിഗയെന്ന മാർക്വിതാരമാണ് ആക്രമണ നിരയിലെ
പ്രമുഖൻ. 71 രാജ്യങ്ങളിൽ കളിച്ച പരിചയവുമായാണ് പോസ്റ്റിഗയുടെ വരവ്.
കഴിഞ്ഞ സീസനിൽ കൊൽക്കത്തയ്ക്ക് വേണ്ടി ആദ്യകളിയിൽ കളിച്ചെങ്കിലും പരിക്ക്
മൂലം പിന്നീട് കളിക്കാനായില്ല. ഇയാൻ ഹ്യൂമും സ്പാനിഷ് താരം ബെലെൻകോസോയും എതിർ ഗോൾമുഖത്ത് അക്രമം നടത്താൻ കഴിവുള്ളവർ തന്നെ.
ദൗർബല്യം ഹബാസിൽ നിന്നും മൊളീന എന്ന കോച്ചിന്റെ കീഴിലേക്ക് ടീം എത്തിപ്പെടുമ്പോൾ അത് ഏതുവിധം ബാധിക്കുമെന്നത് തന്നെയാണ് ഏറ്റവും വലിയ ആശങ്ക. കഴിഞ്ഞ രണ്ടു സീസണുകളിലും ഏറ്റവും കുറഞ്ഞ ഗോളുകൾ വഴങ്ങിയ ടീമെന്ന നിലയിൽ കൊൽക്കത്തയുടെ പ്രതിരോധം ശക്തിയാർന്നതായിരുന്നു. എന്നാൽ ഇത്തവണ പ്രതിരോധനിരയുടെ ശക്തി പരീക്ഷിച്ചറിയേണ്ടിയിരിക്കുന്നു.

ടിറിയുടെയും മണ്ഡലിന്റെയും കാലുകളിലാണ് പ്രതിരോധം. ഇവരിൽ ഒരാൾക്ക് പരിക്കേൽക്കുകയോ മറ്റോ ചെയ്താൽ എതിരാളികൾക്ക് ഗോൾമുഖത്തേക്ക് എത്താൻ എളുപ്പമാകുമെന്ന് കരുതുന്നവരുണ്ട്.

Read More >>