ഇന്ത്യയില്‍ കായിക മേഖലയെ പറ്റി വ്യക്തമായ അവബോധമില്ല; റിയോയിലെ ഇന്ത്യയുടെ പ്രകടനത്തില്‍ നിരാശ പ്രകടിപ്പിച്ച് മേരി കോം

ബോക്‌സിംഗ് ഫെഡറേഷന്റെ വിവേചനത്തിനെതിരെയും മേരികോം സംസാരിച്ചു. യോഗ്യത നേടാന്‍ തനിക്ക് രണ്ട് തവണ മാത്രമായിരുന്നു അവസരം ലഭിച്ചത്. എന്നാല്‍ പുരുഷ വിഭാഗം ബോക്സര്‍ന്മാര്‍ക്ക് അഞ്ചും ആറും അവസരങ്ങള്‍ ലഭിക്കുന്നുണ്ട്.

ഇന്ത്യയില്‍ കായിക മേഖലയെ പറ്റി വ്യക്തമായ അവബോധമില്ല; റിയോയിലെ ഇന്ത്യയുടെ പ്രകടനത്തില്‍ നിരാശ പ്രകടിപ്പിച്ച് മേരി കോം

ഷില്ലോംഗ്: റിയോ ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം രണ്ടെണ്ണമായി കുറഞ്ഞതിന്റെ പ്രധാന കാരണം രാജ്യത്ത് കായിക മേഖലയെപ്പറ്റി വ്യക്തമായ അവബോധമില്ലാത്തതാണെന്ന് ലണ്ടന്‍ ഒളിമ്പിക് മെഡല്‍ ജേതാവും അഞ്ച് തവണ ലോക ചാമ്പ്യനുമായ മേരികോം.

നോര്‍ത്ത് ഈസ്റ്റ് ഹില്‍ യൂണിവേഴ്‌സിറ്റി(എന്‍ഇഎച്ച്‌യു) നല്‍കിയ ഹോണററി ഡോക്ടറേറ്റ് ഡിഗ്രി ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു രാജ്യസഭാംഗം കൂടിയായ മേരികോം.

ഇന്ത്യന്‍ കായിക ലോകത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് എന്‍ഇഎച്ച്‌യു ഹോണററി ഡോക്ടറേറ്റ് നല്‍കി മേരി കോമിനെ ആദരിച്ചത്. മേരി കോമിനോടൊപ്പം 85 വയസ്സുകാരിയായ ആദ്യ യുപിഎസ്‌സി ചെയര്‍ പേര്‍സണ്‍ റോസ് മിലനും സര്‍വ്വകലാശാല ഡോക്ടറേറ്റ് നല്‍കി ആദരിച്ചു.


ബോക്‌സിംഗ് ഫെഡറേഷന്റെ വിവേചനത്തിനെതിരെയും മേരികോം സംസാരിച്ചു. യോഗ്യത നേടാന്‍ തനിക്ക് രണ്ട് തവണ മാത്രമായിരുന്നു അവസരം ലഭിച്ചത്. എന്നാല്‍ പുരുഷ വിഭാഗം ബോക്സര്‍ന്മാര്‍ക്ക് അഞ്ചും ആറും അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. എന്നിട്ടും പലര്‍ക്കും യോഗ്യത നേടാന്‍ കഴിയുന്നില്ല. ബോക്സിംഗ് ഫെഡറേഷന്റെ തിരഞ്ഞെടുപ്പോടെ നിലവിലുള്ള അവസ്ഥയ്ക്ക് മാറ്റമുണ്ടാകുമെന്നാണ് കരുതുന്നതെന്നും മേരി കോം പറഞ്ഞു.

തനിക്ക് ലഭിക്കുന്ന ആദരവും ബഹുമാനവും കഠിനപ്രയത്‌നത്തിലൂടെ ലഭിച്ചതാണെന്ന് മേരികോം പറഞ്ഞു. അധ്വാനിക്കാനുള്ള മനസ്സും ക്ഷമയും അര്‍പ്പണ മനോഭാവവുമുണ്ടെങ്കില്‍ ചരിത്രം രചിക്കാന്‍ കഴിയുമെന്നും മേരി കോം പറഞ്ഞു.