പുതുശ്ശേരി രാമചന്ദ്രനോടൊപ്പം ഇത്തിരി നേരം

എം.എയ്ക്കു പഠിക്കുമ്പോഴാണ് കണ്ണശ്ശ കൃതികള്‍ പരിചയപ്പെടുന്നത്. എഴുത്തച്ഛനെ എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷേ അദ്ദേഹം കവിതാഭാഗത്ത് ബ്രാഹ്മണരെ നമിക്കുന്നത് എനിക്ക് ഇഷ്ടമായില്ല. കണ്ണശ്ശന്‍മാര്‍ അങ്ങനെ ചെയ്യുന്നില്ല. അവര്‍ ആരെയും കൂസാക്കുന്നുമില്ല. എഴുത്തച്ഛന്‍റെ കൃതികളില്‍ കണ്ണശ്ശന്മാരുടെ സാന്നിധ്യം നമ്മുക്ക് കാണാന്‍ കഴിയും. എഴുത്തച്ഛന്‍ തന്‍റെ കൃതിയില്‍ ഒരു രാമനാചാര്യനെ ഓര്‍ക്കുന്നുണ്ട്. അത് തീര്‍ച്ചയായും കണ്ണശ്ശന്മാരില്‍ ഒരാളായ രാമപ്പണിക്കര്‍ തന്നെയാകും. എനിക്ക് എന്നും ആദരം തോന്നുന്ന മലയാളത്തിലെ ആദ്യ ക്ലാസ്സിക് കവി കണ്ണശ്ശന്‍ രാമപ്പണിക്കരാണ്. പ്രമുഖ കവിയും ഭാഷപണ്ഡിതനുമായ പുതുശ്ശേരി രാമചന്ദ്രൻ സംസാരിക്കുന്നു.

പുതുശ്ശേരി രാമചന്ദ്രനോടൊപ്പം ഇത്തിരി നേരം

പുതുശ്ശേരി രാമചന്ദ്രൻ/ രാജലക്ഷ്മി ലളിതാംബിക

ബഹുമുഖ പ്രതിഭ എന്ന വാക്ക് ഏറ്റവും നന്നായി ഇണങ്ങുന്നത് പുതുശ്ശേരി സാറിനായിരിക്കും. അദ്ദേഹം ഭാഷയ്ക്ക് നൽകിയ അത്രയും സംഭാവനകൾ മറ്റൊരു കവിയും ഇന്നോളം നൽകിയിട്ടുണ്ടാവില്ല. അദ്ദേഹം ഭാഷയ്ക്ക് വേണ്ടി ചെയ്ത കാര്യങ്ങൾ ഒരാൾക്ക് ഒരു ജീവിതം കൊണ്ടു ചെയ്തു തീർക്കാൻ കഴിയുന്നതല്ല. ആരും ശ്രദ്ധ നൽകാതിരുന്ന കണ്ണശ്ശ കൃതികളുടെ മൂല്യം ഭാഷയ്ക്ക് പരിചയപ്പെടുത്തിയത് അദ്ദേഹമാണ്.

പ്രാചീന ശിലാലിഖിത പഠനങ്ങൾ നടത്തിയ ചരിത്രകാരൻ, റഷ്യൻ കവിതകൾ മലയാളത്തിന് പരിചയപ്പെടുത്തിയ വിവർത്തകൻ, മലയാളത്തിന്റെ ക്ലാസിക്ക് ഭാഷാ പദവിക്കായി പഠനസമാഹരണം നിർവ്വഹിച്ച സമിതിയുടെ അധ്യക്ഷന്‍, ആദ്യ ലോക മലയാള സമ്മേളനത്തിന്റെ ശിൽപ്പി, കേരളത്തിന്റെ സ്ഥലനാമ പഠനത്തിന് വെളിച്ചം നൽകി സ്ഥലനാമ സമിതിയുടെ (place, name, society) അമരക്കാരൻ എന്നിങ്ങനെ അദ്ദേഹം ഭാഷയ്ക്കും സാഹിത്യത്തിനും ചെയ്ത സംഭാവനകൾ അനവധിയാണ് അദ്ദേഹത്തിന്‍റെ മുന്നിലിരിക്കുന്നത് ഒരു സർവ്വവിജ്ഞാനകോശത്തിന് മുന്നിൽ ഇരിക്കുന്നതിന് തുല്യമാണ്.  ഓണക്കാലത്താണ് അദ്ദേഹത്തിനോടൊപ്പം അല്പനേരം ഇരുന്നത്.


കേരളത്തിന്റെ വിദ്യാഭ്യാസ, ഗവേഷണ രംഗത്ത് വലിയ സംഭാവനകൾ നൽകിയ മാഷിന്റെ വിദ്യാഭ്യാസ കാലം അറിയാൻ താത്പര്യമുണ്ട്. എവിടെയൊക്കെയായിരുന്നു വിദ്യാഭ്യാസം. വിദ്യാഭ്യാസ കാലത്തെക്കുറിച്ച് ഒന്ന് പറയാമോ?

വള്ളിക്കുന്നം എസ് എൻ ഡി പി സംസ്കൃത സ്ക്കളിൽ നിന്നും 1946-ൽ ശാസ്ത്രീയ പരീക്ഷ ജയിച്ചു, ഇംഗ്ലീഷ് ഹൈസ്കൂൾ ഇ എസ്.എൻ.സി (1946-49) കൊല്ലം എൻ.എൻ കോളേജിൽ നിന്ന് ഇന്റർമീഡിയേറ്റ് 1949-51 തിരുവതാംകൂർ യൂണിവേഴ്സിറ്റിയിൽ നിന്നു മലയാളം ഓണേഴ്സ്  തിരുവിതാംകൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് തന്നെ 1956-ൽ ഒന്നാം റാങ്കോടെ മലയാളം എം.എ 1970 ൽ കേരള സർവ്വകലാശാലയിൽ നിന്നും ഭാഷാശാസ്ത്രത്തിൽ പി.എച്ച്.ഡി (കണ്ണശ്ശ ഭാഷ). ഇന്നത്തെ രീതിയിലെ പഠനസമ്പ്രദായങ്ങൾ തുടങ്ങുന്നതിന് മുമ്പുള്ള കാലമാണ്, അതൊക്കെ. വളരെ വിശദമായി പറയേണ്ട കാര്യമാണ്, ആ കാലത്തെക്കുറിച്ചുള്ള വിദ്യാഭ്യാസരീതികൾ. അതിനുവേണ്ടി മാത്രമായി ഒരു പുസ്തകമൊക്കെ എഴുതേണ്ടിവരും.

സ്വാതന്ത്ര്യം കിട്ടുന്നതിന് മുമ്പായിരുന്നല്ലോ സ്കൂൾ വിദ്യാഭ്യാസവും മറ്റും. പഠനകാലത്ത് തന്നെ രാഷ്ട്രീയപ്രവേശനവും ഉണ്ടായല്ലോ?  രാഷ്ട്രീയത്തിലേക്കുള്ള പ്രവേശനം എങ്ങനെയായിരുന്നു?

1942 ഓഗസ്റ്റ് 9 ന് ക്വിറ്റിന്ത്യാ സമരത്തിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് 1946-48 കാലങ്ങളിൽ തിരുവതാംകൂർ വിദ്യാർത്ഥി കോൺഗ്രസ് ആക്ഷൻ കമ്മറ്റി അംഗവും മാവേലിക്കര താലൂക്ക് പ്രസിഡന്റുമായിരുന്നു. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തതിന് 1947 ജൂൺ 1 മുതൽ സെപ്റ്റംബർ വരെ സ്കൂളിൽ നിന്നും പുറത്താക്കി.എന്നാൽ 1947 ഓഗസ്റ്റ് 14 അർദ്ധരാത്രി അതേ സ്ക്കൂളിൽ ഞങ്ങൾ പതാകയുയർത്തി.

കമ്മ്യൂണിസ്റ്റുകാരനായത് എങ്ങനെയായിരുന്നു.

1947 സെപ്റ്റംബറിൽ വിദ്യാർത്ഥി കോൺഗ്രസിൽ നിന്നും രാജിവച്ചു. വിദ്യാർത്ഥി ഫെഡറേഷനിലും കമ്മ്യൂണിസ്റ്റ് പാർട്ടിയിലും അംഗമായി ചേർന്നു. 1960 ഡിസംബറിൽ എസ്.എൻ കോളേജിലെ സമരത്തിൽ മുൻപന്തിയിൽ നിന്നു. ജയിലിൽ മർദ്ദനം, തടവ് ശിക്ഷ എന്നിവ ലഭിച്ചു. 1953-54-ൽ ശൂരനാട്ട് സംഭവത്തിന് ശേഷം നിരോധിക്കപ്പെട്ട കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വള്ളിക്കുന്നം ശൂരനാട് സെക്രട്ടറിയായി യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാർത്ഥി ഫെഡറേഷന് നേതൃത്വം നൽകി.

കോണ്‍ഗ്രസ്‌ വിട്ടതെന്തു കൊണ്ട്?

പട്ടം താണുപിള്ളയുടെ നേതൃത്വത്തില്‍ ആദ്യത്തെ മന്ത്രിസഭാ വന്നു. തിരുവതാംകൂറില്‍ അവര്‍ സ്വാതന്ത്ര്യ സമരക്കരെ മോചിപ്പിച്ച കൂട്ടത്തില്‍ പുന്നപ്ര തടവുകാരെ വിട്ടില്ല. അത് കൂടാതെ അന്ന് വി.ജെ.ടിയില്‍ നടന്ന പ്രസംഗത്തില്‍ പട്ടം അവരെക്കുറിച്ച് വളരെ മോശമായി സംസാരിച്ചു. അതു പിറ്റേന്ന് പത്രത്തില്‍ കണ്ടു ഞങ്ങള്‍ കൂട്ടമായി രാജി വയ്ക്കുകയായിരുന്നു.

ആവുന്നത്ര ഉച്ചത്തില്‍ എന്ന കവിതയിലെ പോലീസുകാരന്‍ ഒരുപാട് ചർച്ച ആയതാണല്ലോ. അതിന്റെ ചരിത്രം, രാഷ്ട്രീയ പ്രാധാന്യം എന്താണ്?

കോളേജില്‍ നിന്നും നാല് പേരെ പിരിച്ചു വിട്ട സംഭവം ഉണ്ടായി. അതിനെതിരെ സത്യാഗ്രഹ സമരം നടന്നു. അന്ന് ഒ. മാധവനെ അറസ്റ്റ് ചെയ്തു. ഒരു പോലീസുകാരന്‍ മാധവനെ ഉയര്‍ന്ന കട്ടിലില്‍ നിന്നും താഴെയിട്ടു, അദ്ദേഹത്തിന് ബോധാമില്ലതെയായി. അപ്പോള്‍ മാധവന്‍ മരിച്ചു എന്ന വാര്‍ത്തയാണ് പരന്നത്. സമരത്തിന്റെ പതിനൊന്നാം ദിവസം ഞാന്‍ പ്രസംഗിക്കാന്‍ തുടങ്ങുന്ന സമയം ഒരുപറ്റം പോലീസുകാര്‍ ഓടി വന്നു അറസ്റ്റ് ചെയ്തിട്ട് ഇടിവണ്ടിയിലേക്ക് വലിച്ചെറിഞ്ഞു. ബക്കര്‍ എന്നൊരു ആജാനബാഹുവായ ആലപ്പുഴക്കാരന്‍ പോലീസ് എന്നെ ഇടിച്ചു തുടങ്ങി. കുറച്ചു കഴിഞ്ഞു ലാത്തി കൊണ്ടുള്ള ആക്രമണവും തുടങ്ങി. പിന്നെയെനിക്ക് ബോധമില്ല. കോടതി എന്നെ 5 ദിവസത്തേക്ക് ശിക്ഷിച്ചു. അഞ്ചു ദിവസവും നിരാഹാരം. അഞ്ചാമത്തെ ദിവസം ഞാന്‍ ഇറങ്ങി വരുമ്പോള്‍ നടക്കാനൊന്നും തീരെ വയ്യായിരുന്നു. സമരമൊക്കെ തീര്‍ന്ന ശേഷമാണ് ആ പോലീസുകാരനെ കുറിച്ചു" ആവുന്നത്ര ഉച്ചത്തില്‍" എന്ന കവിതയില്‍ ഞാന്‍ എഴുതിയത്.

[caption id="attachment_43719" align="aligncenter" width="650"]പുതുശ്ശേരി രാമചന്ദ്രൻ, മകൾ ഗീത പുതുശ്ശേരി എന്നിവരോടൊപ്പം രാജലലക്ഷ്മി പുതുശ്ശേരി രാമചന്ദ്രൻ, മകൾ ഗീത പുതുശ്ശേരി എന്നിവരോടൊപ്പം രാജലലക്ഷ്മി[/caption]

കവി ഭാഷാചരിത്രകാരന്‍, സ്വാതന്ത്യ്രസമര സേനാനി ,അധ്യാപകന്‍ എന്നീ നിലകളില്‍ അല്ലാതെ മറ്റേതെല്ലാം മേഖലകളില്‍ അങ്ങ് സേവനം അനുഷ്ടിച്ചിട്ടുണ്ട്?

16 കൊല്ലം കേരളാ സര്‍വ്വകലാശാലയില്‍ സെനറ്റ് അംഗമായിരുന്നു. നാല് വർഷം സിൻഡിക്കേറ്റ് അംഗം, ബോര്‍ഡ് ഓഫ് സ്റ്റഡീസ്, ഓറിയന്‍റൽ ഫാക്കല്‍റ്റി, അക്കാദമിക്ക് കൗണ്‍സില്‍ അംഗം, ബോര്‍ഡ് ഓഫ് സ്റ്റഡീസ് ചെയര്‍മാന്‍, ഓറിയന്‍റൽ ഫാക്കല്‍റ്റിയുടെ ഡീന്‍, കേരള സര്‍ക്കാരിന്റെ സാംസ്കാരിക വകുപ്പിന്‍റെ ഉപദേശകസമിതിയംഗം, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം, ഡയറക്ടര്‍ ബോര്‍ഡ് അംഗം, അഖിലേന്ത്യാ ദ്രാവിഡ ഭാഷാശാസ്ത്ര സമ്മേളനത്തിന്റെ സംഘാടക സെക്രട്ടറി, ലോകമലയാള സമ്മേളനത്തിന്‍റെ ജനറല്‍സെക്രട്ടറി, എകെപിസിറ്റിയുടെ ആദ്യകാല ഭാരവാഹി, കേരള യുണിവേഴ്സിറ്റി ടീച്ചേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ്‌, യുണിവേഴ്സിറ്റി ടീച്ചേഴ്സ് ഫെഡറേഷന്‍ സ്ഥാപക പ്രസിഡന്റ്‌ എന്നിങ്ങനെ വിവിധ പദവികളിൽ ഇരുന്നിട്ടുണ്ട്.

ഭാഷാ സമ്മേളനങ്ങള്‍ക്കായി സഞ്ചരിച്ച വിദേശയാത്രാനുഭവങ്ങള്‍ ഒന്നു ഓര്‍ത്തെടുക്കാമോ ?

ആദ്യം യാത്ര പോയത് റഷ്യയിലേക്കാണ്, 1979ല്‍. ലെനിന്‍ ഗ്രാഡ് യുണിവേഴ്സിറ്റിയിലും മോസ്കോയിലെ ഓറിയന്റൽ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂറ്റിളും കുറെ നാല്‍ ഇന്‍ഡോളജി പഠിപ്പിച്ചു. പിന്നെത്തെ വിദേശ യാത്ര 1983 യില്‍ അമേരിക്കയില്‍ ആയിരുന്നു. അവിടെ നടത്തിയ ലോകമലയാള സമ്മേളനത്തില്‍ പങ്കെടുത്തവര്‍ അമേരിക്കയില്‍ മലയാളികളുടെ ഒരു വിപുലമായ സംഘടനയുണ്ടാക്കി FOKANA. പിന്നീട് പലതവണ അമേരിക്കയില്‍ പോയിട്ടുണ്ട്. ജര്‍മനി, ഫ്രാന്‍സ്, ഇംഗ്ലണ്ട്, നെതര്‍ലന്‍ഡ്‌സ്‌, ഗള്‍ഫ്‌ രാജ്യങ്ങള്‍ തുടങ്ങിയവയും സന്ദര്‍ശിച്ചിട്ടുണ്ട്.

നോം ചോംസ്കിയുമായുള്ള ബന്ധം?

ചോംസ്കിയുടെ സിന്റാക്റ്റക്സ് സ്പെക്ട്രം എന്ന പുസ്തകം സമ്മര്‍ സ്കൂളില്‍ പഠിച്ചതാണ്. അവിടെ നിന്നും ലിംഗ്വിസ്ടിക്സില്‍ ഡിപ്ലോമയെടുത്തത് കൊണ്ടാണ് എന്നെ ഗവേഷണത്തിനു വിളിച്ചത്. ഞാന്‍ അവിടെയെത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ പ്രസിദ്ധീകരണങ്ങള്‍ ഒക്കെയായി പോസ്റ്റ്‌ വന്നു. അങ്ങനെയാണ് ബന്ധം. അദ്ദേഹം കേരളത്തില്‍ വന്നപ്പോള്‍ എന്നോട് തമിഴിന്‍റെ പഴക്കത്തെക്കുറിച്ചു ഒക്കെ ചോദിച്ചു. ഞാന്‍ പറഞ്ഞതെല്ലാം അദ്ദേഹം എഴുതിയെടുത്തു. പിന്നീട് അതൊരു വ്യക്തിബന്ധമായി മാറി.

കണ്ണശ്ശ രാമായണഭാഷ ഗവേഷണവിഷയമാക്കാന്‍ കാരണം?


എം.എയ്ക്കു പഠിക്കുമ്പോഴാണ് കണ്ണശ്ശ കൃതികള്‍ പരിചയപ്പെടുന്നത്. എഴുത്തച്ഛനെ എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷേ അദ്ദേഹം കവിതാഭാഗത്ത് ബ്രാഹ്മണരെ നമിക്കുന്നത് എനിക്ക് ഇഷ്ടമായില്ല. കണ്ണശ്ശന്‍മാര്‍ അങ്ങനെ ചെയ്യുന്നില്ല. അവര്‍ ആരെയും കൂസാക്കുന്നുമില്ല. എഴുത്തച്ഛന്‍റെ കൃതികളില്‍ കണ്ണശ്ശന്മാരുടെ സാന്നിധ്യം നമ്മുക്ക് കാണാന്‍ കഴിയും. എഴുത്തച്ഛന്‍ തന്‍റെ കൃതിയില്‍ ഒരു രാമനാചാര്യനെ ഓര്‍ക്കുന്നുണ്ട്. അത് തീര്‍ച്ചയായും കണ്ണശ്ശന്മാരില്‍ ഒരാളായ രാമപ്പണിക്കര്‍ തന്നെയാകും. എനിക്ക് എന്നും ആദരം തോന്നുന്ന മലയാളത്തിലെ ആദ്യ ക്ലാസ്സിക് കവി കണ്ണശ്ശന്‍ രാമപ്പണിക്കരാണ്.

സര്‍, സാറിലെ കവിയെയാണോ, വൈയാകരനെയാണോ ഏറെ ഇഷ്ടപ്പെടുന്നത്?

അത് രണ്ടും രണ്ടല്ല, കവി ഭാഷയുടെ അനന്തസാധ്യതകള്‍ അറിഞ്ഞിരിക്കണം. അങ്ങനെ അറിയാന്‍ ശ്രമിക്കുന്നവന്‍ തീര്‍ച്ചയായും വൈയാകരണന്‍ ആകും. നമ്മൾ വ്യാകരണത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മിലെ കവി വിമർശരൂപം കൈക്കൊള്ളുന്നത് കാണുന്നത് രസകരമാണ്. അതുപോലെ തന്നെ കവിത എഴുതുമ്പോഴും ഇത് അനുഭവിക്കാം.

സാറിന് ഇഷ്ടപ്പെട്ട മറ്റു കവികള്‍?

സംസ്കൃതത്തില്‍ ഏറ്റവും ഇഷ്ടം വ്യാസനും, വാത്മീകിയും, കാളിദാസനുമാണ്. ഇംഗ്ലീഷില്‍ ഷേക്ക്‌സ്പിയറും മില്‍ട്ടണുമാണ്. മലയാള കവികളില്‍ കണ്ണശ്ശനോടാണ് എന്നും ഏറെ പ്രിയം. പിന്നെ ജി. വൈലോപ്പിള്ളി, ഇടശ്ശേരി, കുഞ്ഞിരാമന്‍, ബാലാമണിയമ്മ, ചങ്ങമ്പുഴ തുടങ്ങിയവരെയും ഇഷ്ടമാണ്. വലിയ മാനങ്ങളുള്ള കവിതകളോടുള്ള ഇഷ്ടമാണ് ഇവരെ ചേർത്ത് നിർത്താൻ പ്രേരിപ്പിക്കുന്നത്. ബാക്കിയുള്ളവർ വലിയ മാനങ്ങളുള്ള കവിതകളല്ല എഴുതുന്നത് എന്നല്ല ഉദ്ദേശിച്ചത്. എന്റെ കാവ്യാഭിരുചികളെ കൂടുതലും തൃപ്തിപ്പെടുത്തിയിട്ടുള്ളത് ഇവരാണ്.

കവിതാരചനയ്ക്ക് പ്രത്യേക സമയമുണ്ടോ?

ഇല്ല, ടൈംടേബിള്‍ വച്ചു എഴുതാറില്ല. കവിത വരുമ്പോള്‍ എഴുതും. പ്രധാനപണി വായനയാണ്. ഇപ്പോഴും പഠിക്കുകയാണ്. വിശേഷാല്‍ പ്രതികള്‍ക്ക് വേണ്ടി കവിത ചോദിച്ചാല്‍ കവിത എഴുതിയത് ഇരിപ്പുണ്ടെങ്കില്‍ അയച്ചു കൊടുക്കും. അതിനു വേണ്ടി കുത്തിയിരുന്നു എഴുതിയിട്ടില്ല.

അദ്ധ്യാപകനായ സര്‍ സ്വന്തം അദ്ധ്യാപകരെ ഓര്‍ക്കുന്നത് എങ്ങനെയാണ്?

അദ്ധ്യാപകര്‍ എന്നാല്‍ അച്ഛനും മക്കളും പോലെയായിരുന്നു. ഞാന്‍ കണ്ടതില്‍ ഏറ്റവും മഹാനായ അദ്ധ്യാപകന്‍ എന്‍.കൃഷ്ണപിള്ള സര്‍ ആയിരുന്നു. പിന്നെ സംസ്കൃത സ്കൂളിലെ പോറ്റി സര്‍, ഇളംകുളം സാറാണ് ഗവേഷണത്തിലേക്ക് നയിച്ചത്. ഗുപ്തന്‍നായര്‍ സാറാണ് മലയാളം പഠിപ്പിക്കാന്‍ പ്രേരിപ്പിച്ചത്. ഇനിയും നിരവധി പേരുണ്ട്. ഭൂരിപക്ഷംപേരെയും ഓർക്കാറുണ്ട്. ഭാഷാപഠനം മികച്ചതാക്കാനും കവിതയെഴുത്തിൽ കൂടുതൽ ശ്രദ്ധിക്കാനും പ്രേരിപ്പിച്ചത് അധ്യാപകർ തന്നെയാണ്.

എന്തുകൊണ്ടാണ് സര്‍ സിനിമാഗാന രചനയിലേക്ക് തിരിയാത്തത്?

എനിക്ക് അതിനു കഴിയില്ലെന്ന് തോന്നി. കാരണം, വികാരം മറ്റുള്ളവര്‍ പറയുന്നതിനനുസരിച്ചു ആവിഷ്ക്കരിക്കാനും അവര്‍ക്ക് ആവശ്യമുള്ള ഭാഷയില്‍ എഴുതാനും എനിക്ക് കഴിയില്ല. അത് കൊണ്ട് ഉള്ളില്‍ നിന്നും കവിത എഴുതാനുള്ള പ്രേരണയുണ്ടാകാതെ ഞാന്‍ ഒരു വരി പോലും എഴുതിയിട്ടില്ല.

അവാര്‍ഡുകളെ പറ്റി എന്താണ് അഭിപ്രായം?

അവാര്‍ഡുകളെ പറ്റി മേനി പറയാന്‍ ഒന്നുമില്ല. സ്നേഹസമ്പന്നമായ മനസ്സാണ് പലപ്പോഴും അവാര്‍ഡുകള്‍ക്ക് പിന്നില്‍ ഉണ്ടായിരുന്നത്. അതിനാല്‍ വാങ്ങിയ 20ലേറെ സാഹിത്യ അവാര്‍ഡുകളെ ഇകഴ്ത്തി പറയാറില്ല.

ഇന്നത്തെ കവികളെക്കുറിച്ച് എന്താണ് അഭിപ്രായം?

ഇന്ന് കവിതയുണ്ടോ? ഗദ്യരൂപത്തില്‍ എല്ലാവര്‍ക്കും എഴുതാവുന്ന ഒന്നായി അത് മാറിയിരിക്കുന്നു. കവിതയെന്നാല്‍ വിതയാണ്. അതില്‍ വിത്ത്‌ വേണം, സഹസ്രദലങ്ങളായി വികസിച്ചു വരുന്ന ആശയങ്ങള്‍ വേണം. പുതുതലമുറയില്‍ നല്ല എഴുത്തുകാരുമുണ്ട്. അവരാണ് പ്രത്യാശയ്ക്കു വകതരുന്നത്. വലിയ തോതിലുള്ള ആലോചനകളാണ് പുതിയ തലമുറയിലെ എഴുത്തുകാർ നടത്തുന്നത്. അതൊക്കെ നല്ല കാര്യങ്ങളാണ്.

90ന്‍റെ നിറവിലെത്തിയ ഈ പണ്ഡിതശ്രേഷ്ഠനെ കേട്ടുക്കൊണ്ടിരുന്നപ്പോള്‍ തോന്നിയത് ഇദ്ദേഹത്തോട് ചോദ്യങ്ങള്‍ ചോദിക്കാൻ പോലും പ്രത്യേക പാണ്ഡിത്യം ആവശ്യമുണ്ടെന്ന് ബോധ്യമായി. അത്രയും പാണ്ഡിത്യം എനിക്ക് ഇല്ലാത്തത് കൊണ്ട് തന്നെ കൂടുതല്‍ ചോദിക്കാന്‍ കഴിഞ്ഞില്ല, കാരണം അദ്ദേഹത്തിന്‍റെ അറിവും ഭാഷയ്ക്ക് അദ്ദേഹം നല്‍കിയ സംഭാവനകളും സേവനങ്ങളും കടല്‍ പോലെയാണ്. അത് എവിടെയാണ് അവസാനിക്കുകയെന്ന് അറിയാത്തത് കൊണ്ട് ഞാന്‍ ചോദ്യങ്ങള്‍ മതിയാക്കി. 

Read More >>