സന്ന്യാസിനീസഭയുടെ കാരുണ്യ ഗ്രാമത്തിൽ അണ്ടർഗ്രൗണ്ടു പാറപൊട്ടിക്കൽ ; തകർന്നത് കാഴ്ചയില്ലാത്ത മകനൊപ്പം ജീവിക്കുന്ന ഏലിയാമ്മയുടെ വീട്; പരാതിയോട് ഒരു കരുണയുമില്ലാതെ കന്യാസ്ത്രീകൾ

സ്‌ഫോടനത്തിൽ വീടു തകർന്നതോടെ അവർ നീതി തേടി കോൺവെന്റിലെത്തി. കന്യാസ്ത്രീകൾ ഏലിയാമ്മയുടെ വീട്ടിലെത്തി സ്ഥിതിഗതികൾ പരിശോധിച്ചെങ്കിലും കനിവിന്റെയോ കാരുണ്യത്തിന്റെയോ കണികപോലും പുറത്തുവന്നില്ല. ഒക്കെ പണ്ടേ പൊട്ടിയതാണെന്നായിരുന്നു തിരുവസ്ത്രധാരികളുടെ നിലപാട്.

സന്ന്യാസിനീസഭയുടെ കാരുണ്യ ഗ്രാമത്തിൽ അണ്ടർഗ്രൗണ്ടു പാറപൊട്ടിക്കൽ ; തകർന്നത് കാഴ്ചയില്ലാത്ത മകനൊപ്പം ജീവിക്കുന്ന ഏലിയാമ്മയുടെ വീട്; പരാതിയോട് ഒരു കരുണയുമില്ലാതെ കന്യാസ്ത്രീകൾ

കണ്ണൂർ ആലക്കോട് ചുണ്ടക്കുന്നു സ്വദേശിനി ലാലി എന്ന ഏലിയാമ്മയുടേത് അസാധാരണമായ ഒരു പരാതിയാണ്. അവരുടെ വീടിനു തൊട്ടടുത്തു ബാംഗ്ലൂർ ആസ്ഥാനമായ ഒരു സന്ന്യാസിനീസഭ അനാഥർക്കും പാവപ്പെട്ടവർക്കുമായി നിർമ്മിക്കുന്ന 'കാരുണ്യഗ്രാമ'ത്തിന്റെ കെട്ടിടം പണി പുരോഗമിക്കുന്നു.  ഏലിയാമ്മയുടെ വീടിന്റെ രണ്ടു വശത്തുമുളള പുരയിടം ആഴത്തിൽ കുഴിച്ചാണു നിർമാണം. വീടിന്റെ നിരപ്പിൽ നിന്ന് ഏതാണ്ട് പതിനഞ്ചടി താഴ്ചയിൽ പുരയിടം കുഴിച്ചു കഴിഞ്ഞ ആഗസ്ത് അവസാന വാരത്തിൽ കാരുണ്യഗ്രാമം പാറ പൊട്ടിച്ചു. കനത്ത സ്ഫോടനത്തിൽ ഏലിയാമ്മയുടെ വീടിന്റെ അസ്ഥിവാരം തകർന്നു. തറയും കോൺക്രീറ്റും വിണ്ടുകീറി. അടിത്തറയിൽ നിന്നു വീട് ഇളകി മാറി.


അനാഥർക്കും അശരണർക്കും വേണ്ടി അത്യാഡംബര സൗകര്യങ്ങളുളള കാരുണ്യഗ്രാമം ഏതാണ്ട് ഇരുപതു കോടിയോളം മുടക്കി നിർമ്മിക്കുന്ന സന്ന്യാസിനീ മഠത്തിന് പക്ഷേ, ഏലിയാമ്മയുടെ പരാതിയോട് യാതൊരു കാരുണ്യവുമില്ല. ഒമ്പതു വർഷം മുമ്പു അവരുടെ ഭർത്താവു മരിച്ചു. ഏക മകൻ സെബാസ്റ്റ്യന് കാഴ്ചശക്തിയില്ല. അവന്റെ കാര്യങ്ങളും നോക്കി സ്വസ്ഥമായി ജീവിച്ചു വരുമ്പോഴാണു ബംഗളൂരു ആസ്ഥാനമായ മോൺ ഫോർട്ട് കോൺഗ്രിഗേഷൻ സന്ന്യാസിനി സഭ കാരുണ്യഗ്രാമം പണിയാൻ അയൽപറമ്പിലെത്തിയത്. അതോടെ ഏലിയാമ്മയുടെയും മകന്റെയും ജീവിതം ദുരിതത്തിലായി.

quarry-1സ്‌ഫോടനത്തിൽ വീടു തകർന്നതോടെ അവർ നീതി തേടി കോൺവെന്റിലെത്തി. കന്യാസ്ത്രീകൾ ഏലിയാമ്മയുടെ വീട്ടിലെത്തി സ്ഥിതിഗതികൾ പരിശോധിച്ചെങ്കിലും കനിവിന്റെയോ കാരുണ്യത്തിന്റെയോ കണികപോലും പുറത്തുവന്നില്ല. ഒക്കെ പണ്ടേ പൊട്ടിയതാണെന്നായിരുന്നു തിരുവസ്ത്രധാരികളുടെ നിലപാട്.

"തൊട്ടടുത്ത വീടായിട്ടും അവർ ഞങ്ങളോട് സ്ഫോടനം നടത്തുന്ന വിവരം പറഞ്ഞില്ല. കനത്ത സ്ഫോടനമാണ് നടന്നത്. ഞാനും മകനും വീടിന് അകത്തായിരുന്നു. സ്ഫോടനം നടന്നപ്പോൾ വീട് മുഴുവൻ വാൻ ശബ്ദത്തോടൊപ്പം കുലുങ്ങി. കരഞ്ഞു കൊണ്ട് ഞങ്ങൾ പുറത്തേക്ക് ഓടി" - ഏലിയാമ്മ നാരദാ ന്യൂസിനോട് പറഞ്ഞു.

പാറ പൊട്ടിക്കാനോ ഇത്തരത്തിൽ കെട്ടിടനിർമ്മാണത്തിനോ ഔദ്യോഗികമായി യാതൊരു അനുമതിയും സഭ തേടിയിരുന്നില്ല. പതിനഞ്ച് അടിയോളം ആഴത്തിൽ പുരയിടം കുഴിച്ചു പാറ പൊട്ടിക്കുമ്പോൾ പരിസരത്തെ വീടുകളുടെ അടിസ്ഥാനം തകരും. അതൊരു യാഥാർത്ഥ്യമാണ്. ചുറ്റുവട്ടത്തു വീടുകളുണ്ടെങ്കിൽ ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഒരു കാരണവശാലും അനുമതി നൽകുകയുമില്ല.

QUARRY-2

പരാതിയുമായി ഏലിയാമ്മ പോലീസിനെ സമീപിച്ചിട്ടും അവിടെയും കാരുണ്യമില്ല. നടപടിയെടുക്കാമെന്നൊക്കെ വാക്കു കൊടുത്തെങ്കിലും നിർമാണ സ്ഥലം സന്ദർശിച്ചു മടങ്ങിയതോടെ പോലീസ് കാലു മാറി. കാര്യങ്ങൾ രമ്യമായി പരിഹരിക്കണമെന്ന് ഏലിയാമ്മയ്ക്കു നിർദ്ദേശം നൽകിയിരിക്കുകയാണ് പോലീസ്.

ഇങ്ങനെയൊരു പരാതി ലഭിച്ചാൽ എല്ലാ നിർമ്മാണ പ്രവർത്തനവും നിർത്തി വെയ്ക്കാൻ ഉത്തരവിടുകയാണ് ആദ്യം ചെയ്യുക. എന്നാൽ സന്ന്യാസിനീ മഠം പരാതിക്കു ശേഷവും നിർമ്മാണവുമായി മുന്നോട്ടു പോയി. പാറപൊട്ടിച്ച സ്ഥലത്തു കോൺക്രീറ്റ് പില്ലറുകൾ സ്ഥാപിച്ചു തറയുണ്ടാക്കി. ചുമരു കെട്ടി. ഒന്നാം നിലയുടെ കോൺക്രീറ്റും പൂർത്തിയായി. ഇനിയിപ്പോൾ ഒരു പരിശോധന നടന്നാൽ പോലും പാറ പൊട്ടിച്ചതുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിക്കില്ല എന്ന ധൈര്യത്തിലാണ് സന്ന്യാസിനീ സഭ.

മുട്ടുവിൻ, തുറക്കപ്പെടും എന്നാണ് ദൈവനീതി. കളക്ടറുടെടും മനുഷ്യാവകാശ കമ്മീഷന്റെയും വനിതാ കമ്മീഷന്റെയുമൊക്കെ വാതിലുകളിൽ നീതി തേടി മുട്ടുകയാണ് ഏലിയാമ്മ.

Read More >>