നാട്ടുകാരുടെ പ്രതിഷേധം; മറവു ചെയ്ത മൃതദേഹം മാന്തിയെടുത്തു പൊതുശ്മശാനത്തിൽ സംസ്കരിച്ചു

പാണംതോട്ടത്തിൽ തങ്കച്ചൻ എന്ന സഭാ വിശ്വാസിയുടെ മൃതദേഹമാണ് കോഴിമല ആസ്ഥാനമായ ഇമ്മാനുവൽ ബേസ് മിനിസ്ട്രിയുടെ കാഞ്ചിയാർ പേഴുങ്കണ്ടത്തുള്ള സ്ഥലത്തു കഴിഞ്ഞ വെള്ളിയാഴ്ച്ച പെന്തകോസ്ത് ആചാരപ്രകാരം അടക്കിയത് .

നാട്ടുകാരുടെ പ്രതിഷേധം;  മറവു ചെയ്ത മൃതദേഹം മാന്തിയെടുത്തു പൊതുശ്മശാനത്തിൽ സംസ്കരിച്ചു

കാഞ്ചിയാർ : സെമിത്തേരിയ്ക്കുളള അനുവാദം നിഷേധിച്ച  സ്ഥലത്ത് സഭാ വിശ്വാസിയുടെ മൃതദേഹം മറവു ചെയ്തത് നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തിനൊടുവിൽ മാന്തിയെടുത്തു പഞ്ചായത്തു ശ്മശാനത്തിൽ സംസ്കരിച്ചു . പാണംതോട്ടത്തിൽ തങ്കച്ചൻ എന്ന സഭാ വിശ്വാസിയുടെ മൃതദേഹമാണ് കോഴിമല ആസ്ഥാനമായ ഇമ്മാനുവൽ ബേസ് മിനിസ്ട്രിയുടെ കാഞ്ചിയാർ പേഴുങ്കണ്ടത്തുള്ള സ്ഥലത്തു കഴിഞ്ഞ വെള്ളിയാഴ്ച്ച പെന്തകോസ്ത് ആചാരപ്രകാരം അടക്കിയത് .

പാസ്റ്റർ സേവിച്ചന്റെ പേരിലാണ് ഒന്നര വര്ഷം മുൻപ് ഒരേക്കർ സ്ഥലം ആരാധനാലയത്തിനും സെമിത്തേരിക്കുമായി പേഴങ്കണ്ടത്തെ ജനവാസമേഖലയിൽ ഒന്നര വര്ഷം മുൻപ് വാങ്ങിയത്. ജനവാസ കേന്ദ്രമായതിനാൽ സെമിത്തേരിക്കുള്ള അപേക്ഷ ഇടുക്കി ആർ. ഡി . ഓ നിരസിച്ചിരുന്നുവെന്നു കാഞ്ചിയാർ വില്ലജ് ഓഫീസർ സോജൻ പുന്നൂസ് നാരദ ന്യൂസിനോട് പറഞ്ഞു.


അത് കാര്യമാക്കാതെ പ്രദേശവാസി അല്ലാത്ത ആളുടെ മൃതദേഹം മതിയായ താഴ്ചയില്ലാത്ത  കുഴിയിൽ അടക്കിയെന്ന് ആരോപിച്ചാണ് ജനം സംഘടിച്ചത്. ഒരടി താഴ്ചയിൽ  പാറ നിറഞ്ഞ ഭൂമിയിലായിരുന്നു ശവമടക്ക്.   ഇതിനെതിരെ സിഎസ് ഡിഎസിന്റെ ന്റെ നേതൃത്വത്തിൽ നാട്ടുകാർ സംഘടിക്കുകയും  റോഡ് ഉപരോധം അടക്കം ശക്തമായ സമരം സംഘടിപ്പിക്കുകയായിരുന്നു .

കട്ടപ്പന ഡിവൈഎസ്പി  കെ ആർ രാജ്മോഹന്റെ നേതൃത്വത്തിൽ സി ഐ  വി എസ് അനിൽ കുമാർ , നെടുങ്കണ്ടം സി ഐ  റെജി എം കുന്നിപ്പറമ്പൻ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് ശനിയാഴ്ച   സ്ഥലത്തെത്തി സ്ഥിതിഗതികൾ ശാന്തമാക്കി.    RDO  യുടെ  ഉത്തരവിൻ  പ്രകാരം ശവം അന്നുതന്നെ മാന്തിയെടുത്തു കാഞ്ചിയാർ പഞ്ചായത്തു ശ്മശാനത്തിൽ സംസ്കരിച്ചു . ഇപ്പോഴും സ്ഥലത്തു പോലീസ് ക്യാമ്പ് ചെയ്യുന്നുണ്ട് .

എന്നാൽ  ദളിത് ക്രിസ്ത്യാനിയായതുകൊണ്ടാണ് തങ്കച്ചന്റെ മൃതദേഹത്തെ അപമാനിച്ചുവെന്ന് ആരോപിച്ചുകൊണ്ട് മറുപക്ഷം രംഗത്തു വന്നിട്ടുണ്ട്. അടക്കപ്പെട്ട ഒരു മൃതശരീരം പുറത്തെടുക്കുന്നതിനാവശ്യമായ നിയമപരമായ നടപടിക്രമങ്ങൾ തങ്കച്ചന്റെ കേസ്സിൽ പാലിക്കപ്പെടാതെ പോയത് എന്തുകൊണ്ടാണെന്നും അടക്കിയ കുഴിക്ക് എട്ടടിയോളം താഴ്ചയുണ്ടെന്ന് സഭ പറയുമ്പോൾ ആഴം കുറവാണെങ്കിൽ ആഴം കൂട്ടിമറവുചെയ്യുന്നതിനു പകരം ബോഡിയെടുത്ത് വിദൂരതയിൽ കൊണ്ടുപോയത് എന്തിനെന്നും അവർ ചോദിക്കുന്നു.

തങ്കച്ചനെ അടക്കിയതിന്റെ ഏതാനും അടി മാറി ഇടുക്കി രൂപതയിൽപെട്ട പേഴുംങ്കണ്ടം സെൻറ് ജോസഫ്  കത്തോലിക്കാ പള്ളിയുടെ സെമിത്തേരിയിൽ ദളിതരല്ലാത്ത വിശ്വാസികളെ അടക്കുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഈ സെമിത്തേരിക്ക് ലൈസൻസ് ഉണ്ടോയെന്നും ചോദ്യമുയരുന്നു.   ഈ ശ്മശാനത്തിൽ സംസ്ക്കരിക്കുന്ന മൃതശരീരങ്ങളുടെ അവശിഷ്ടങ്ങൾ  താഴ്‌വാരങ്ങളിലെ കുടിവെള്ള സ്രോതസ്സുകളിൽ എത്തുന്നുണ്ടോയെന്ന് ആരും പരിശോധിക്കുന്നില്ല. അത്തരം പരാതികൾ പരിസരവാസികൾക്കില്ല.  കത്തോലിക്കാ പള്ളികളുടെ കല്ലറകളുടെ ആഴവും ഇത്രയൊക്കെ ഉളളൂവെന്നും അവിടെ ആർക്കും പരാതിയില്ലെന്നും ഇവർക്ക് ആക്ഷേപമുണ്ട്.

ജനവാസ കേന്ദ്രമായതുകൊണ്ടാണ് സെമിത്തേരിയ്ക്ക് അനുമതി നിഷേധിച്ചത് എന്ന വാദവും ചോദ്യം ചെയ്യപ്പെടുന്നു.  കട്ടപ്പന സി.എസ്സ്. ഐ പള്ളിയുടെ സെമിത്തേരി ടൗണിനു നടുവിലും സെന്റ് ജോർജ്ജ് കത്തോലിക്കാപള്ളിയുടെ സെമിത്തേരി ജനവാസകേന്ദ്രത്തിനിടയിലുമാണ്. കേരളത്തിലുനീളം  പ്രമുഖമായ ക്രിസ്തീയ സഭകളുടെ സെമിത്തേരികൾക്ക്  ഭൂരിഭാഗവുംആവശ്യമായ അംഗീകാരങ്ങൾ ഇല്ലാത്തവയാണ്. അവയെല്ലാം  ജനവാസകേന്ദ്രത്തിന് നടുവിലോ സമീവത്തോ ആണ്. പക്ഷേ, ഭരണകൂടം ഇവയുടെ മേൽ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും ഇവർ ആരോപിക്കുന്നു.

Read More >>