ഇടുക്കി ചാരിറ്റി ഗ്രൂപ്പ് സമാഹരിച്ച സഹായം കൈമാറി

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഇടുക്കി മരിയാപുരത്തു താമസിക്കുന്ന തെങ്ങനാംമോളേല്‍ ബിജു കുരുവിളയുടെ മകള്‍ മൂന്നുവയസുള്ള ആഷയുടെ ചികിത്സക്കുവേണ്ടിയും, ട്രെയിന്‍ അപകടത്തില്‍ കൈയും കാലും നഷ്ട്ടപ്പെട്ട അദ്ധ്യാപകന്‍ ,കൂട്ടാര്‍ പുതുമന വീട്ടില്‍ അനുരാജിനു വീടുപണിക്കു സഹായിക്കുന്നതിനുവേണ്ടിയും സമാഹരിച്ച 1435 പൗണ്ട് രണ്ടുപേര്‍ക്കും തുല്യമായി ഇന്നലെ (ചൊവ്വഴ്ച്ച) കൈമാറി.

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് സമാഹരിച്ച സഹായം കൈമാറി

ടോം ജോസ് തടിയംപാട്
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് ഇടുക്കി മരിയാപുരത്തു താമസിക്കുന്ന തെങ്ങനാംമോളേല്‍ ബിജു കുരുവിളയുടെ മകള്‍ മൂന്നുവയസുള്ള ആഷയുടെ ചികിത്സക്കുവേണ്ടിയും, ട്രെയിന്‍ അപകടത്തില്‍ കൈയും കാലും നഷ്ട്ടപ്പെട്ട അദ്ധ്യാപകന്‍ ,കൂട്ടാര്‍ പുതുമന വീട്ടില്‍ അനുരാജിനു വീടുപണിക്കു സഹായിക്കുന്നതിനുവേണ്ടിയും സമാഹരിച്ച  1435 പൗണ്ട്   രണ്ടുപേര്‍ക്കും   തുല്യമായി   ഇന്നലെ (ചൊവ്വഴ്ച്ച)  കൈമാറി.

തടിയംപാട്  മര്‍ച്ചന്റ് അസോസിയേഷന്‍  ഹാളില്‍  നടന്ന   ലളിതമായ  ചടങ്ങില്‍ വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡണ്ട്  ആന്‍സി തോമസ്  അനുരാജിനും പഞ്ചായത്ത്  മെമ്പര്‍  ബാബു,  ബിജുവിനും  717  പൗണ്ട് വീതമുള്ള  ചെക്കാണ്  കൈമാറിയത് . ചടങ്ങില്‍  എ പി ഉസ്മാന്‍ ,പാറത്തോ ആന്റണി , ജോസ് കുഴികണ്ടം, രാജു സേവൃര്‍, ഒനച്ചന്‍ കുത്തനാപിള്ളില്‍  സന്തോഷ് ശൌര്യമാക്കള്‍ എന്നിവര്‍  പങ്കെടുത്തു. മനുഷ്യാവകാശ പ്രവര്‍ത്തകന്‍  രാജു സേവ്യറായിരുന്നു ചടങ്ങ്  സംഘടിപ്പിച്ചത്.


ഞങ്ങളുടെ എളിയ പ്രവര്‍ത്തനത്തെ പ്രചരണം കൊണ്ടും പ്രവര്‍ത്തനം കൊണ്ടും സഹായിച്ച എല്ലവര്‍ക്കും നന്ദി പറയുന്നു. ഇതില്‍ എടുത്തു പറയേണ്ടത് ,ജെയിസണ്‍ തോമസ് ,ഡിജോ ജോണ്‍ ,വില്‍സണ്‍ ഫിലിപ്പ്,ബോസ്  തോമസ് , ജിജി ഷാജി ,ആന്റോ ജോസ് ,അശ്വിന്‍ ആന്റണി ,ഷിജു ചാക്കോ ,ജോസ് മാത്യു ,തമ്പി ജോസ്,ബിനു വര്‍ക്കി,. ലിദിഷ് രാജ് തോമസ് എന്നിവര്‍ക്കാണ്.

ഞങള്‍ സുനാമിക്ക് ഫണ്ട് പിരിച്ചു മുഖൃമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ കൊടുത്തുകൊണ്ടാണ്  ചാരിറ്റി പ്രവര്‍ത്തനം ആരംഭിച്ചത്. ഞങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന പത്താമത്തെ ചാരിറ്റിയാണിത്. ജീവിതത്തില്‍ അനുഭവിച്ച ബുദ്ധിമുട്ടുകള്‍ മനസിലുള്ളത്‌കൊണ്ടാണ്  ഞങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍  ഏറ്റെടുത്തു മുന്‍പോട്ടുകൊണ്ടുപോകുന്നത് .അതിനു നിങ്ങളുടെ സഹായം നാളുകളിലും ഞങ്ങള്‍ അഭ്യര്‍ഥിക്കുന്നു.

ഇടുക്കി , നെടുങ്കണ്ടത് പത്താം ക്ലാസില്‍ പഠിക്കുന്ന കാലത്ത് തിരുവനന്തപുരത്തേക്കുള്ള ട്രെയിന്‍ യാത്രയിലാണ് അനുരാജ് എന്ന ചെറുപ്പക്കാരന്റെ ജീവിതംതന്നെ തകര്‍ത്തത്. അപകടത്തില്‍  അനുരാജിനു നഷ്ട്ടമായത് ഒരുകൈയും ഒരു കാലുമായിരുന്നു. മറ്റൊരു കൈ പകുതി ചലനമറ്റും പോയി . എല്ലാം നഷ്ട്ടപെട്ടു പോയ അവസ്ഥയില്‍ എല്ലാ പ്രതിസന്ധികളെയും നേരിട്ട് പഠനം തുടര്‍ന്നു. ബിഎ പാസ്സായി ,പിന്നിട് കോട്ടയം മംഗളം കോളേജില്‍ നിന്നു ബി എഡും കരസ്ഥമാക്കി അതിനു ശേഷം കേരളത്തില്‍ ജോലി അന്വോഷിച്ചു മടുത്തു അവസാനം മദ്ധ്യപ്രദേശില്‍ ഒരു ഹൈ സ്‌കൂളില്‍ അധ്യാപകനായി ജോലി ലഭിച്ചു ,ഇതിനിടയില്‍ വിവാഹം കഴിച്ചു രണ്ടു കുട്ടികളും ജനിച്ചു.

മദ്ധ്യപ്രദേശിലെ ചൂട് കുട്ടികളെയും ഭാര്യയെയും രോഗികളാക്കി .അവിടെ തുടരാന്‍ കഴിയാത്ത സാഹചരൃത്തില്‍ ജീവന്‍ രക്ഷിക്കാന്‍ ജോലി ഉപേക്ഷിച്ചു നാട്ടിലേക്കു തിരിച്ചുപോന്നു .ഇടുക്കിയിലെ കൂട്ടാറില്‍ എത്തി ഒരു വാടകവീട്ടില്‍ താമസമാക്കി. ഉപജീവനത്തിന് ഭാര്യ അടുത്ത വീട്ടില്‍ കൂലിവേലക്ക് പോകുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഭാര്യ രോഗിയായി ഒരു ശസ്ത്രക്രിയ കഴിഞ്ഞു വീട്ടില്‍ വിശ്രമിക്കുന്നു .ഈ സാഹചരൃത്തില്‍ കുട്ടികളെ സംരക്ഷിക്കാനും വാടക കൊടുക്കുന്നതിനും വേണ്ടി കട്ടപ്പന ബസ് സ്റ്റാന്‍ഡില്‍ ലോട്ടറി വില്‍ക്കുകയാണ് അനുരാജ് എന്ന ഈ വിദൃാസമ്പന്നനായ ഈ ആധ്യാപകന്‍ .പകുതി പട്ടിണിയില്‍ ജീവിക്കുമ്പോഴും ഇദേഹത്തിന്റെ ഏറ്റവും വലിയ ആഗ്രഹം കയറി കിടക്കാന്‍ ഒരു കൂര എന്നതാണ് .

അനുരാജ്ിന്റെ സഹപാഠി യുകെയിലെ റെഡിങ്ങില്‍ താമസിക്കുന്ന ചാക്കോ ജോര്‍ജാണ് സഹായഭ്യര്‍ത്ഥനയുമായി ഇടുക്കി ചാരിറ്റി ഗ്രൂപ്പിനെ സമീപിച്ചത്. ഇതോടെ ഞങ്ങള്‍ അനുരാജുമായി ബന്ധപ്പെട്ട് ചാരിറ്റി നടത്താന്‍ തീരുമാനിക്കുകയായിരുന്നു.  ഇതോടൊപ്പം ഇടുക്കി മരിയാപുരത്തു താമസിക്കുന്ന തെങ്ങനാംമോളേല്‍ ബിജു കുരുവിളയുടെ മകള്‍ മൂന്നുവയസുള്ള ആഷയുടെ ചികിത്സ കൊണ്ട് വലയുന്ന ബിജുവിനെ സഹായിക്കാനും ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു .

വളരെ നീണ്ട കാലത്തേ പ്രാര്‍ത്ഥനക്ക് ശേഷമാണ് ബിജു ജിഷ ദമ്പതികള്‍ക്ക് ഒരു കുഞ്ഞു ജനിച്ചത്. ജനിച്ചപ്പോള്‍ മുതല്‍ കുറുനാക്ക് എന്നു പറയുന്ന വൈകല്യം കൊണ്ട് ഭക്ഷണം കഴിക്കാന്‍ കഴിയുന്നില്ലായിരുന്നു. കാലുകള്‍ രണ്ടും വളഞ്ഞിരിക്കുന്നത് കൊണ്ട് നടക്കാനും കഴിയുന്നില്ല. ഒരു ഓട്ടോ റിക്ഷ കൊണ്ട് ഉപജീവനം കഴിഞ്ഞിരുന്ന ആ കുടുബം കുഞ്ഞിന്റെ ചികിത്സചിലവുകൊണ്ട് നട്ടംതിരിയുകയായിരുന്നു. ഞങ്ങളോട് സഹകരിച്ച എല്ലവര്‍ക്കും  ഹൃദയത്തിന്റെ ഭാഷയില്‍ ഒരിക്കല്‍ കൂടി നന്ദിയുടെ പൂച്ചെണ്ടുകള്‍  അര്‍പ്പിക്കുന്നവെന്ന്  കണ്‍വീനര്‍ സാബു ഫിലിപ്പ്  പറഞ്ഞു.