അഭയാര്‍ത്ഥികളെ കാല്‍വെച്ച് വീഴ്ത്തിയ സംഭവം; മാധ്യമപ്രവര്‍ത്തക കുറ്റക്കാരിയാണെന്ന് ഹംഗേറിയന്‍ സര്‍ക്കാര്‍

പോലീസില്‍ നിന്ന് രക്ഷപ്പെട്ടോടുകയായിരുന്ന മധ്യവയസ്കനെ പെട്ര കാല്‍ വെച്ച് വീഴ്ത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നു.

അഭയാര്‍ത്ഥികളെ കാല്‍വെച്ച് വീഴ്ത്തിയ സംഭവം; മാധ്യമപ്രവര്‍ത്തക കുറ്റക്കാരിയാണെന്ന് ഹംഗേറിയന്‍ സര്‍ക്കാര്‍

ഹംഗറി: കഴിഞ്ഞ വര്‍ഷം ഹംഗറിയില്‍ പോലീസുകാരില്‍ നിന്ന് രക്ഷപ്പെട്ട് ഓടുന്നതിനിടെ അഭയാര്‍ത്ഥികളായ അച്ഛനേയും മകനേയും കാല്‍വെച്ച് വീഴ്ത്തി മര്‍ദ്ദിച്ച സംഭവത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ക്യാമറാ വുമണ്‍ കുറ്റക്കാരിയെന്ന് സര്‍ക്കാര്‍ കോടതിയില്‍.

ഹംഗറിയിലെ പ്രാദേശിക ടെലിവിഷന്‍ ചാനലായ എന്‍1 ടിവിയുടെ വനിതാ വീഡിയോഗ്രാഫറായ പെട്ര ലാസ്‌ലോ കുറ്റം ചെയ്തതായി സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. പോലീസില്‍ നിന്ന് ഓടി രക്ഷപ്പെട്ട അച്ഛനേയും കുട്ടിയേയും പെട്ര ലാസ്‌ലോ വലതു കാല്‍ വെച്ച് തള്ളി വീഴ്ത്തിയതായാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.


അതേസമയം, ഏറെ വിവാദമായ സംഭവത്തില്‍ വംശീയമായ കാരണങ്ങള്‍ ഇല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വിശദീകരിച്ചു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ആഗോള തലത്തില്‍ ചര്‍ച്ചയായ സംഭവം നടന്നത്. ഹംഗറിയിലെ ഒരു സംഘം അഭയാര്‍ത്ഥികള്‍ പോലീസില്‍ നിന്ന് രക്ഷപ്പെട്ടോടുന്നത് ചിത്രീകരിക്കുന്നതിനിടയിലാണ് പെട്ര ലാസ്‌ലോയുടെ അഭയാര്‍ത്ഥി വിരുദ്ധ മനോഭാവം പുറത്തു വന്നത്. പോലീസില്‍ നിന്ന്  രക്ഷപ്പെട്ടോടുകയായിരുന്ന മധ്യവയസ്കനെ പെട്ര കാല്‍ വെച്ച് വീഴ്ത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നു. പെട്ര ലാസ്‌ലോയുടെ പ്രവര്‍ത്തി മറ്റൊരു ജേണലിസ്റ്റ് ദൃശ്യങ്ങള്‍ പകര്‍ത്തി ട്വിറ്ററില്‍ അപ്‌ലോഡ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

സംഭവം വിവാദമായതോടെ പെട്രോ ലാസ്‌ലോയെ ചാനല്‍ അധികൃതര്‍ പുറത്താക്കിയിരുന്നു. പ്രവര്‍ത്തിയില്‍ പിന്നീട് പെട്ര ക്ഷമാപണം നടത്തുകയും ചെയ്തു. താന്‍ വംശീയ വിരോധിയല്ലെന്നും പെട്ടെന്നുണ്ടായ വികാരത്തില്‍ ചെയ്ത് പോയതാണെന്നുമായിരുന്നു പെട്രയുടെ വിശദീകരണം.

ആഭ്യന്തര യുദ്ധങ്ങളും കലാപങ്ങളും മൂലം അഭയാര്‍ത്ഥകളാകുന്നവരോട് മാധ്യമപ്രവര്‍ത്തകരടക്കമുള്ളവരുടെ മനോഭാവമാണ് പെട്ര ലാസ്‌ലോയുടെ ചെയ്തിയിലൂടെ വ്യക്തമായതെന്നായിരുന്നു അന്ന് ഉയര്‍ന്നത്.

Read More >>