ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ അവതരിപ്പിച്ചവര്‍ തന്നെ ഹര്‍ത്താല്‍ നടത്തിയതിന്റെ പേരില്‍ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച അന്നത്തെ ആഭ്യന്തരമന്ത്രിയാണ് ഇന്നത്തെ ഹര്‍ത്താലിന് നേതൃത്വം നല്‍കിയതെന്ന് കാട്ടി പൊതുപ്രവര്‍ത്തകനായ പി കെ രാജു സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മീഷന്‍ കേസെടുത്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സംസ്ഥാന പോലീസ് മേധാവി, ചീഫ് സെക്രട്ടറി എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്.

ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ അവതരിപ്പിച്ചവര്‍ തന്നെ ഹര്‍ത്താല്‍ നടത്തിയതിന്റെ പേരില്‍ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്

ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച ശേഷം ഹര്‍ത്താല്‍ നടത്തിയതിന്റെ പേരില്‍ സംസ്ഥാന സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. യാതൊരു മുന്നറിയിപ്പുമില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് രോഗികളെയും നിസഹായരായ ജനങ്ങളെയും ബുദ്ധിമുട്ടിപ്പിച്ചതിനെതിരെയാണ് സംസ്ഥാന മുനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്ത് നോട്ടീസ് അയച്ചത്.

ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ച അന്നത്തെ ആഭ്യന്തരമന്ത്രിയാണ് ഇന്നത്തെ ഹര്‍ത്താലിന് നേതൃത്വം നല്‍കിയതെന്ന് കാട്ടി പൊതുപ്രവര്‍ത്തകനായ പി കെ രാജു സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമ്മീഷന്‍ കേസെടുത്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സംസ്ഥാന പോലീസ് മേധാവി, ചീഫ് സെക്രട്ടറി എന്നിവര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഹര്‍ത്താല്‍ കാരണം ജനങ്ങള്‍ അനുഭവിച്ച ബുദ്ധിമുട്ടുകളേയും അവ നേരിടാന്‍ സര്‍ക്കാര്‍ സ്വീകരിച്ച സംവിധാനങ്ങളേയും കുറിച്ച് സംസ്ഥാന ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയും ഒരു മാസത്തിനകം വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സന്‍ പി മോഹനദാസ് ആവശ്യപ്പെട്ടു.


മാധ്യമങ്ങള്‍ മുഖേന മൂന്ന് ദിവസം മുമ്പ് പൊതു അറിയിപ്പ് നല്‍കാതെ രാഷ്ട്രീയ പാര്‍ട്ടികള്‍ ഹര്‍ത്താല്‍ നടത്താന്‍ പാടില്ലെന്ന് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രമേശ് ചെന്നിത്തല അവതരിപ്പിച്ച ബില്ലില്‍ പറയുന്നുണ്ട്. ഹര്‍ത്താലിഴന്റ പേരില്‍ ബാധിക്കപ്പെടുന്ന ജനങ്ങളുടെ ജീവനും സ്വത്തിനുമുള്ള നഷ്ടപരിഹാരം എന്ന നിലയില്‍ ഒരു തുക മുന്‍കൂര്‍ നിക്ഷേപിക്കണമെന്നും ബലം പ്രയോഗിച്ച് ഹര്‍ത്താല്‍ നടത്താന്‍ പാടില്ലെന്നും പ്രസ്തുത ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

എന്നാല്‍ ഇതെല്ലാം കാറ്റില്‍പ്പറത്തി ഇന്ന് നടന്ന ഹര്‍ത്താലില്‍ ബസ് തടഞ്ഞു നിര്‍ത്തി രോഗികളെ ഇറക്കി വിടുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ നടന്നതായി കമ്മീഷന് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നു. പരീക്ഷകള്‍ തടസ്സപ്പെടുത്തുകയും എടിഎമ്മുകള്‍ ബലമായി അടപ്പിക്കുകയും ചെയ്തു. വിദേശത്ത് ജോലിക്കുപോകുന്നവരെപ്പോലും വഴിയില്‍ തടഞ്ഞുനിര്‍ത്തി. അത്യാവശ്യ കാര്യങ്ങള്‍ പോലും നടത്താനാകാതെ ജനങ്ങള്‍ വലഞ്ഞു- പരാതിയില്‍ പറയുന്നു.

അവതരിപ്പിച്ച ബില്‍ അനുസരിച്ച് അനുവദനീയമായ രീതിയിലല്ലാതെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കോ സംഘടനയ്‌ക്കോ ഹര്‍ത്താല്‍ നടത്തആ പാടില്ലെന്നും പൊതു സ്ഥാപനങ്ങളുടെയും വിദ്യാലയങ്ങളുടെയും പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്. നിയമത്തിലെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി ഹര്‍ത്താല്‍ പ്രഖ്യാപിച്ചാല്‍ ആറുമാസം തടവോ 10,000 രൂപവരെ പിഴയോ രണ്ടും കൂടിയോ ചുമത്തി ശിക്ഷിക്കപ്പെടുന്നതാണെന്നും വ്യക്തമാക്കുന്നുണ്ട്. ഹര്‍ത്താല്‍ വഴി പീഡനം അനുഭവിക്കുന്ന ഒരാളെ സഹായിക്കാന്‍ പോലീസ് തയ്യാറാകാതിരുന്നാല്‍ പ്രസ്തുത ഉദ്യോഗസ്ഥന് 10,000 രൂപവരെ പിഴ ചുമത്താമെന്നും ബില്ലില്‍ വ്യക്തമാക്കുന്നുണ്ട്.