പഴമക്കാര്‍ പറയുന്നു 'ഭക്ഷണം കഴിക്കുന്നതും ഒരു കലയാണ്'

പഴമക്കാർ പാലിച്ച ഭക്ഷണ രീതിയിൽ നിന്നും നമ്മൾ മനസ്സിലാക്കേണ്ടുന്ന ചില രഹസ്യങ്ങളുണ്ട്. ഭക്ഷണവും ആരോഗ്യവും സംബന്ധിച്ച വ്യക്തമായ ധാരണ നമ്മുടെ മുൻ തലമുറയ്ക്കുണ്ടായിരുന്നു.

പഴമക്കാര്‍ പറയുന്നു

ഭക്ഷണം കഴിക്കുന്നത് ഒരു കലയാണെന്ന് നാം പറയാറുണ്ട്. കലാപരമായ ഈ രീതി ആരോഗ്യത്തിനുതകും വിധം എങ്ങനെയായിരിക്കണം എന്ന് പഴമക്കാർ നമ്മുക്ക് കാണിച്ചു തന്നിട്ടുണ്ട്.

ഭക്ഷണം എപ്പോൾ കഴിക്കണം, എങ്ങനെ കഴിക്കണം തുടങ്ങിയ അവരുടെ പല കാര്യങ്ങൾക്കും പുതു തലമുറയ്ക്കും മാതൃകയാക്കാവുന്ന ശൈലിയാണ്. പക്ഷെ തിരക്കുപിടിച്ച ഇന്നത്തെ ജീവിതത്തിൽ അത് സാധ്യമാവുക എങ്ങനെ എന്നുള്ളത് മറ്റൊരു കാര്യം.

പഴമക്കാർ പാലിച്ച ഭക്ഷണ രീതിയിൽ നിന്നും നമ്മൾ മനസ്സിലാക്കേണ്ടുന്ന ചില രഹസ്യങ്ങളുണ്ട്. ഭക്ഷണവും ആരോഗ്യവും സംബന്ധിച്ച വ്യക്തമായ ധാരണ നമ്മുടെ മുൻ തലമുറയ്ക്കുണ്ടാ

യിരുന്നു.


ഭക്ഷണം കഴിക്കുവാനും സമയം വേണം

പ്രാതലും, ഊണും, അത്താഴവും എന്നു വേണ്ട ലഘുഭക്ഷണവും പാനീയങ്ങളും വളരെ ഭക്ഷിക്കാൻ അവർ കൃത്യമായ സമയം പാലിച്ചു പോന്നു. ശരീരത്തിന്റെ ബയോളോജിക്കൽ ടൈംടേബിൾ നിലനിർത്താൻ മാത്രമല്ല, ജീവിതത്തിൽ ചിട്ട വളർത്താനും ഈ ശീലം അവരെ സഹായിച്ചു പോന്നു. തിരക്കുകൾക്കിടയിൽ മാറ്റി വയ്ക്കാവുന്ന ഒന്നായിരുന്നില്ല ഭക്ഷണം.

കാലത്ത് ഏഴരയോടെയും, ഉച്ചയ്ക്ക് പന്ത്രണ്ടിന് മുമ്പായി ഉച്ചഭക്ഷണവും സന്ധ്യക്ക് ഏഴു മണിയോടെ അത്താഴവും കഴിഞ്ഞിരുന്നു. ഇതിനാൽ തന്നെ ശരീരം ഒരിക്കലും ഊർജ്ജത്തിനായി രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കേണ്ടതായി വന്നിരുന്നില്ല. പതിവായി ഭക്ഷണം കഴിക്കേണ്ടുന്ന സമയമാകുമ്പോൾ വിശപ്പുണ്ടാകുകയും ചെയ്യും. ഇത് ദഹനരസങ്ങളെ പുറപ്പെടുവിക്കാൻ ശരീരത്തിനുള്ള സൂചന കൂടിയാണ്.

തറയിൽ ഇരുന്ന് ഭക്ഷണം കഴിച്ചാല്‍ പലതുണ്ട് ഗുണം 


ഇതിനു പിന്നിലും ഒരു കാരണമുണ്ട്. നിലത്തിരുന്ന് ഭക്ഷണം കഴിച്ചാൽ കൂടുതൽ കഴിക്കാൻ സാധിക്കുകയില്ല. മാത്രമല്ല ഇങ്ങനെ നിലത്ത് ചമ്രം പടഞ്ഞിരുന്നു ഭക്ഷണം കഴിക്കുമ്പോൾ അൽപ്പം കുനിഞ്ഞിരിക്കേണ്ടതായി വരും. ഇത് ഭക്ഷണം കൃത്യമായി അന്നനാളം വഴി ആമാശയത്തിലെത്തിക്കുന്നു.

കൂടാതെ ഇരുന്നേഴുന്നേൽക്കുന്നത് നല്ലൊരു വ്യായാമം കൂടിയാണ്.

ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കാൻ പാടില്ല

മറ്റേതു കർമ്മം പോലെയും ഭക്ഷണം കഴിക്കുന്നത് അതിൽ പൂർണ്ണമായും ശ്രദ്ധയർപ്പിച്ചാകണം. കണ്ണ് കൊണ്ടു കാണുകയും, മണം ആസ്വദിച്ചും, നാവിൽ രുചിയറിഞ്ഞും വേണം ഭക്ഷണം കഴിക്കാൻ. അടുത്ത ഉരുളയിൽ എന്തെല്ലാം ചേർത്തെടുക്കണം എന്ന് അപ്പോൾ മാത്രമാണ് തീരുമാനിക്കപ്പെടേണ്ടത്. മുന്നിലുള്ളത് വാരിവലിച്ചു തിന്നു തീർക്കുകയാകരുത് ലക്ഷ്യം.

സംസാരിക്കുമ്പോഴോ ടെലിവിഷനിൽ നോക്കി ഭക്ഷണം കഴിക്കുമ്പോഴോ അവയ്ക്കനുസൃതമായി ശരീരവും പ്രതികരിക്കും. അതിനൊപ്പം ആഹാരം കഴിക്കുന്നത്‌ ആരോഗ്യത്തിന് ദോഷകരമാണ്

പാത്രത്തിന് പകരം  വാഴയില മതി 

തറയിലിരുന്നു ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ മിക്കവാറും വാഴയിലയിൽ വിളമ്പിയ ആഹാരം തന്നെയായിരിക്കും പണ്ടുള്ളവർ കഴിച്ചിരുന്നത്. പൊതിച്ചോറ് തയ്യാറാക്കുന്നത്   അങ്ങനെ മാത്രമായിരുന്നു. ഇങ്ങനെ കഴിക്കുന്നതില്‍ ഏറെ പ്രയോജനങ്ങളുണ്ട്. ചൂട് ചോറ് വാഴയിലയിലേക്കിടുമ്പോൾ ഇല വാടുന്നു. ഇത് ആസ്വാദ്യകരമായ ഒരു ഗന്ധം ഉണ്ടാക്കുന്നു. ഈ ഗന്ധം വിശപ്പുണ്ടാക്കും. അതിനാൽ തന്നെ ദഹനവും സുഗമമാകും. കൂടാതെ ഭക്ഷണം ആസ്വദിച്ചു കഴിക്കാനുള്ള പ്രവണതയും.

വാഴയിലയിൽ വിളമ്പുന്ന സദ്യയ്ക്കും ചിട്ടയുണ്ട്. ഉപ്പ്, പുളി, എരിവ്, മധുരം എന്നിവയായിരിക്കും ആദ്യം വിളമ്പുക. മറ്റു വിഭവങ്ങൾ വിളമ്പി വരുമ്പോഴേക്കും ഇവ തൊട്ടുകൂട്ടിയിരിക്കും. ഇതും ശരീരത്തിനുള്ള ഒരു സൂചനയാണ്. കഴിക്കാൻ പോകുന്ന ഭക്ഷണത്തിന്റെ തരവും അവ സ്വീകരിക്കുവാനുള്ള ഒരു സൂചനയുമാണത്. ഒടുവിൽ രസവും പച്ച മോരും കൈക്കുമ്പിളിൽ വാങ്ങി കുടിച്ചു കഴിയുമ്പോൾ സദ്യ പൂർണ്ണമായി.

ആരോഗ്യ പൂർണ്ണമായ ദീർഘായുസ്സിന് ഈ ഭക്ഷണരീതി വളരെ സഹായിച്ചിട്ടുണ്ട് എന്നുള്ളതില്‍ സംശയമില്ല. ഭക്ഷണം കഴിക്കുന്ന രീതി മുതല്‍ തന്നെ ശ്രദ്ധിച്ചാല്‍ അമിതവണ്ണവും അനാരോഗ്യവും നല്ലൊരു പരിധി വരെ തടഞ്ഞുനിര്‍ത്താം എന്ന് ഇവരുടെ ജീവിതം തന്നെ മാതൃക കാട്ടുന്നു.

Story by