സാധുജന പരിപാലന യോഗവും പുലയർ മഹാസഭയും കൊമ്പുകോർത്തു; ചിത്രകൂടത്തിനു താഴുവീണു; അയ്യങ്കാളി സ്മാരകം അനാഥമായതിങ്ങനെ

സാധുജന പരിപാലന യോഗവും കേരള പുലയര്‍മഹാസഭയും തമ്മിൽ അയ്യങ്കാളിയുടെ സ്മൃതി മണ്ഡപത്തിന്റെ ഉടമസ്ഥതയെ ചൊല്ലിയുയർന്ന അധികാര തര്‍ക്കമാണ് ജന്മനാട്ടില്‍ത്തന്നെ അദ്ദേഹത്തിന്റെ ഓര്‍മ്മകളെ പടിയടച്ചത്.

സാധുജന പരിപാലന യോഗവും പുലയർ മഹാസഭയും കൊമ്പുകോർത്തു; ചിത്രകൂടത്തിനു താഴുവീണു; അയ്യങ്കാളി സ്മാരകം അനാഥമായതിങ്ങനെ

അയ്യങ്കാളി സ്ഥാപിച്ച സാധുജന പരിപാലന യോഗവും വർഷങ്ങൾക്കു ശേഷം രൂപീകൃതമായ കേരള പുലയർമഹാസഭയും തമ്മിൽ തർക്കമുണ്ടായാൽ എന്തുസംഭവിക്കും? അതാണ് വെങ്ങാനൂരിലെ അയ്യങ്കാളി സ്മാരകത്തിനു പറ്റിയത്. നാടൻ ഭാഷയിൽ പറഞ്ഞാൽ ആങ്ങള ചത്താലും വേണ്ടില്ല, നാത്തൂന്റെ കണ്ണീരു കാണണം എന്ന അവസ്ഥ!

സാധുജന പരിപാലന യോഗവും കേരള പുലയര്‍മഹാസഭയും തമ്മിൽ അയ്യങ്കാളിയുടെ സ്മൃതി മണ്ഡപത്തിന്റെ ഉടമസ്ഥതയെ ചൊല്ലിയുയർന്ന അധികാര തര്‍ക്കമാണ് ജന്മനാട്ടില്‍ത്തന്നെ അദ്ദേഹത്തിന്റെ ഓര്‍മ്മകളെ പടിയടച്ചത്.


നൂറ്റാണ്ടുകള്‍ക്കു മുമ്പ് ദളിതര്‍ക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട കാലത്ത് ദളിത് സമുദായത്തിന്റെ ഉന്നമനത്തിന് അയ്യന്‍കാളി സ്വന്തം സ്ഥലത്ത് ആരംഭിച്ച സ്‌കൂള്‍ കെപിഎംഎസ് വാങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. സ്‌കൂളിനൊപ്പം സ്മാരകത്തിന്റെയും അധികാരം കൈയാളാന്‍ അന്ന് കെപിഎംഎസ് നടത്തിയ ശ്രമങ്ങളെ സാധുജന പരിപാലന യോഗം പ്രവര്‍ത്തകര്‍ തടഞ്ഞതോടെ സംഘര്‍ഷം ഉടലെടുക്കുകയായിരുന്നു. തുടര്‍ന്ന് കോടതിയിലേക്ക് നീങ്ങിയ തര്‍ക്കങ്ങള്‍ക്കിടയില്‍ സംഘര്‍ഷം രൂക്ഷമായതോടെ കലക്ടറുടെ നേതൃത്വത്തില്‍ സ്മാരകം അടച്ചുപൂട്ടി സീല്‍വെച്ചു. ശിവഗരിയും പെരുന്നയും പോലെ സാമുദായിക സംഗമങ്ങള്‍ക്ക് വേദിയാകേണ്ട ഒരിടം അന്നുമുതല്‍ തകര്‍ച്ചയിലാഴുകയായിരുന്നു.

രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെ ദളിത് വിഭാഗങ്ങള്‍ തങ്ങളുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്നതിനും നൂറ്റാണ്ടുകള്‍ക്ക് മുമ്പേ, സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്നു വിശേഷിപ്പിച്ച കേരളത്തില്‍ സവര്‍ണ്ണ മേധാവിത്വത്തിനെതിരെ ദളിത് പ്രക്ഷോഭങ്ങള്‍ ഉയരുകയും ഫലം കാണുകയും ചെയ്തിരുന്നു. സമൂഹമധ്യത്തില്‍ ബഹിഷ്‌കരിക്കപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി അവര്‍ക്കവകാശപ്പെട്ടത് നേടിയെടുക്കാന്‍ യത്‌നിച്ച, വിവേചന വിരുദ്ധസമരവും കര്‍ഷകത്തൊഴിലാളി സമരവും വില്ലുവണ്ടി സമരവും മുന്നില്‍ നിന്ന് നയിച്ച അയ്യങ്കാളി ദേശീയ രംഗത്തെ ആദ്യ ദളിത് പോരാട്ട നേതാവാണ്. പക്ഷേ ഇക്കാര്യം ഇന്ന് അദ്ദേഹത്തിന്റെ സ്വസമുദായത്തിലുള്ളവര്‍തന്നെ അധികാരത്തിനുവേണ്ടി മറക്കുന്ന ദയനീയമായ കാഴ്ചയാണ് കേരളത്തില്‍ കാണാന്‍ കഴിയുന്നത്.

അയ്യങ്കാളി സ്മരകത്തിന്റെ ഇന്നത്തെ സ്ഥിതിയെപ്പറ്റി അന്വേഷിക്കാനെത്തിയ നാരദാ ന്യൂസ് പ്രതിനിധിയോട് സാധുജന പരിപാലന യോഗത്തിന്റെ ഇന്നത്തെ സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേന്ദ്രകുമാര്‍ പറഞ്ഞിങ്ങനെ:
1907ലാണ് അയ്യന്‍കാളി സാധുജന പരിപാലന യോഗം സ്ഥാപിച്ചത്. ഒരു പ്രത്യേക സമുദായത്തിനെ മാത്രം മുന്നില്‍ കാണാതെ സവര്‍ണ്ണതയ്ക്ക് മുന്നില്‍ അവശതയനുഭവിക്കുന്ന എല്ലാ പിന്നോക്ക വിഭാഗക്കാര്‍ക്കുമായിട്ടായിരുന്നു സാധുജന പരിപാലന യോഗം അദ്ദേഹം സ്ഥാപിച്ചത്. 1941 നാണ് അയ്യന്‍കാളി മരിച്ചത്. എന്നാല്‍ യോഗത്തിനായി 1948 ലാണ് പ്രസ്തുത സ്ഥലം വാങ്ങിയത്.

അയ്യന്‍കാളിയുടെ കാലശേഷം സാധുജന പരിപാലന യോഗം പ്രവര്‍ത്തനം നിലച്ചുവെന്നാണ് കേരളപുലയര്‍ മഹാസഭക്കാര്‍ പറഞ്ഞു പരത്തുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷം ഏഴ് വര്‍ഷത്തിനു ശേഷമാണ് സമിതിക്ക് സ്ഥലം വാങ്ങിയെന്നുള്ളത് ഈ വാദഗതിയെ ശക്തമായി തള്ളിക്കളയുന്നു. അയ്യന്‍കാളി ജീവിച്ചിരിക്കേ തന്നെ പ്രസ്തുത സ്ഥലം യോഗത്തിന് ഒറ്റിയായി ലഭിക്കുകയും മരണശേഷം അയ്യന്‍കാളിയെ അവിടെത്തന്നെ അടക്കുകയുമായിരുന്നു. തുടര്‍ന്നാണ് സ്ഥലം യോഗം സ്വന്തമാക്കിയത്- രാജേന്ദ്രകുമാര്‍ പറയുന്നു.

അയ്യന്‍കാളിയുടെ മരണശേഷം തിരുവിതാംകൂര്‍ രാജാവ് ഇടപെട്ട് പണം അനുവദിച്ച് അയ്യന്‍കാളിയുടെ മകളുടെ ഭര്‍ത്താവായ കേശവ ശാസ്ത്രികളെ കൊണ്ട് അദ്ദേഹത്തിന് ഒരു സ്മാരകം പണിയിച്ചു. ചിത്രകൂടമെന്നായിരുന്നു ആ സ്മാരകത്തിന്റെ പേര്. എന്നാല്‍ വര്‍ഷാവര്‍ഷം അയ്യന്‍കാളിയുടെ ജന്മദിനവും ചരമദിനവും ആചരിക്കല്‍ മാത്രമായിരുന്നു ചിത്രകൂടത്തില്‍ നടന്നു വന്നത്. സമുദായക്കാര്‍ക്ക് മറ്റൊന്നിനോടും ഒരു താല്‍പര്യമില്ലായിരുന്നു!

വിദ്യാഭ്യാസമുള്ള ഒരു തലമുറയുടെ വരവോടെ സ്മാരകം പുനരുജ്ജീവിപ്പിക്കാന്‍ അയ്യന്‍കാളിയുടെ കൊച്ചുമകന്‍ ശശിധരന്റെ നേതൃത്വത്തില്‍ ഒരു സംഘം ആള്‍ക്കാര്‍ ഇറങ്ങിത്തിരിക്കുകയും അവര്‍ അതില്‍ ലക്ഷ്യം കാണുകയും ചെയ്തു. അങ്ങനെ 1995 ല്‍ സാധുജന പരിപാലന സംഘം വീണ്ടും രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ഇതിനിടയില്‍ കേരള പുലയര്‍ മഹാസഭ എന്ന സംഘടന രൂപം കൊള്ളുകയും സമുദായ അംങ്ങള്‍ക്കിടയില്‍ അതിന്റെ സ്വാധീനം വളരുകയും ചെയ്തു. അയ്യന്‍കാളിയുടെ സ്വകാര്യ സ്വത്തായിരുന്ന അയ്യന്‍കാളി മെമ്മോറിയല്‍ സ്‌കൂള്‍ പല തലമുറകള്‍ കഴിഞ്ഞ് ഒടുവില്‍ കെപിഎംഎസിന്റെ കൈയിലെത്തുകയായിരുന്നു.

[caption id="attachment_39974" align="alignleft" width="300"]IMG_9941 കെപിഎംസ് പ്രവര്‍ത്തകര്‍ തകര്‍ത്ത സാധുജന പരിപാലന യോഗത്തിന്റെ ഓഫീസ്‌[/caption]

വില നല്‍കി സ്വന്തമാക്കിയ സ്‌കൂളിന്റെ ഭൂമിയോട് ചേര്‍ന്നുള്ള അയ്യന്‍കാളി സ്മാരകവും അതുള്‍പ്പെടുന്ന ഭൂമിയും തങ്ങളുടെതാണെന്ന് കെപിഎംഎസ് അവകാശമുന്നയിക്കുകയും, അത് തങ്ങള്‍ വിട്ടു തരില്ലെന്ന് സാധുജന പരിപാലന യോഗം പ്രതിരോധിക്കുകയും ചെയ്തതോടെ വെങ്ങാനൂര്‍ എന്ന ഗ്രാമം ഒരു സംഘര്‍ഷ ഭൂമിയായി മാറി. തുടര്‍ന്ന് സ്മാരകം തങ്ങളുടെ വകയാണെന്നും വിട്ടുകിട്ടണമെന്നും കാട്ടി കെപിഎംഎസിന്റെ ഒന്നാം നമ്പര്‍ ശാഖ (വെങ്ങാനൂര്‍) നെയ്യാറ്റിന്‍കര കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. സാധുജന പരിപാലന യോഗം ചിത്രകൂടം സ്മാരകം പുതുക്കി പണിയുന്നതിന് സ്‌റ്റേ അനുവദിക്കണമെന്നും അവര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തെളിവുകള്‍ പരിശോധിച്ച് യഥാര്‍ത്ഥ്യം ബോധ്യപ്പെട്ട കോടതി സ്‌റ്റേ ആവശ്യം തള്ളുകയായിരുന്നു.

തുടര്‍ന്ന് സ്മാരകത്തിന്റെ പണി പൂര്‍ത്തിയാകുകയും അന്നത്തെ മുഖ്യമന്ത്രി ഇകെ നായനാര്‍ അത് ഉത്ഘാടനം നിര്‍വ്വഹിക്കുകയും ചെയ്തു. സാധുജന പരിപാലന യോഗത്തിന്റെ സംസ്ഥാന കമ്മിറ്റി ഓഫീസും സ്മാരകത്തിനൊപ്പം ഉണ്ടായിരുന്നു. ദൂരദേശങ്ങളില്‍ നിന്നുപോലും സ്മാരകം കാണാനും അയ്യന്‍കാളിയെ വണങ്ങാനും ജനങ്ങള്‍ എത്തുന്ന ഒരു സമയം കൂടിയായിരുന്നു അത്. ഈ കാലയളവില്‍ ഒത്തിരി വിവാഹങ്ങളും സ്മാരകത്തിന്റെ സാന്നിദ്ധ്യത്തില്‍ നടത്തിയിട്ടുണ്ട്.

എന്നാല്‍ ഈ സാഹചര്യങ്ങള്‍ അധികാലം നീണ്ടു നിന്നില്ല. സാധുജന പരിപാലന യോഗവും കെപിഎംഎസും തമ്മിലുള്ള അധികാരത്തര്‍ക്കം വീണ്ടും രൂക്ഷമാകുകയും സാമുദായത്തിനപ്പുറം അത് വളരുകയും ചെയ്തു. 2009 ല്‍ പുന്നല ശ്രീകുമാര്‍ കെപിഎംഎസിന്റെ ജനറല്‍ സെക്രട്ടറി ആയിരിക്കുന്ന സമയത്ത് വെങ്ങാനൂരില്‍ സ്മാരകത്തിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുണ്ടായ തര്‍ക്കം അക്രമങ്ങളില്‍ കലാശിക്കുകയായിരുന്നു.

അക്രമങ്ങളില്‍ സംസ്ഥാനത്തിന്റെ പൈതൃകസ്വത്താകേണ്ട സ്മാരകം ഭാഗികമായും അതിനോടനുബന്ധിച്ചുള്ള മറ്റ് സ്മരകങ്ങള്‍ പൂര്‍ണ്ണമായും കെപിഎംഎസുകാര്‍ നശിപ്പിച്ചതായാണ് യോഗത്തിന്റെ ആരോപണം. സാധുജന പരിപാലന യോഗത്തിന്റെ അധീനതയിലുണ്ടായിരുന്ന ഓഫീസ് കെട്ടിടങ്ങള്‍ കെപിഎംഎസുകാര്‍ കൈയേറി അവരുടെ കൊടിയും ബോര്‍ഡും സ്ഥാപിക്കുകയും ഓഫീസില്‍ അന്നുണ്ടായിരുന്ന രേഖകള്‍ കെപിഎംഎസ് പ്രവര്‍ത്തകര്‍ റോഡില്‍ വലിച്ചെറിഞ്ഞ് അഗ്നിക്കരയാക്കുകയും ചെയ്തതായി രാജേന്ദ്രകുമാർ ആരോപിക്കുന്നു. അവയിൽ പലതും ചരിത്രരേഖകളായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ വാദം. സാധുജന പരിപാലന യോഗം സംസ്ഥാന സെക്രട്ടറിയായിരുന്ന തന്നെ കെപിഎംഎസ് പ്രവര്‍ത്തകര്‍ അന്ന് അതിക്രൂരമായാണ് മര്‍ദ്ദിച്ചത്. എണ്ണത്തില്‍ കുറവുള്ള യോഗപ്രവര്‍ത്തകരെ അയ്യങ്കാളി സ്മാരകത്തിന് മുന്നില്‍വച്ചാണ് കെപിഎംഎസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചൊതുക്കി സ്മാരകം കൈക്കലാക്കിയതെന്നും അദ്ദേഹം പറയുന്നു.

[caption id="attachment_39976" align="alignright" width="300"]IMG_0004
കാടുപിടിച്ച് കിടക്കുന്ന ശുചിമുറിയും വെള്ളത്തൊട്ടിയും[/caption]

സ്മാരകമിരിക്കുന്ന വസ്തു ഒരു തര്‍ക്കഭൂമിയായി വരുത്തിതീര്‍ക്കുകയെന്ന കെപിഎംസുകാരുടെ ലക്ഷ്യം ആ സംഭവത്തോടെ നിറവേറുകയായിരുന്നു. ഈ സംഭവത്തോടെ സര്‍ക്കാരിന് വെങ്ങാനൂരിലെ പ്രശ്‌നങ്ങളില്‍ ഇടപെടേണ്ടിവന്നു. സ്മരകം കലക്ടര്‍ പൂട്ടി സീല്‍ചെയ്തു റിസീവര്‍ ഭരണത്തിന്‍ കീഴിലാക്കി. അങ്ങനെ രാജ്യം കണ്ട ഏറ്റവും വലിയ ദളിത് സാമൂഹിക പരിഷ്‌കര്‍ത്താവിന്റെ സ്മാരകം ഇന്ന് വര്‍ഷത്തില്‍ രണ്ടുപ്രാവശ്യം പ്രത്യേക ഉത്തരവ് വാങ്ങി തുറക്കുന്ന ഒരിടമായി മാത്രം മാറിക്കഴിഞ്ഞു. അതിനുകാരണം സ്വന്തം സമുദായ അംഗങ്ങളാണെന്നുള്ള വസ്തുതയാണ് ഏറ്റവും വിചിത്രം.

എന്നാല്‍ ഈ പ്രശ്‌നങ്ങള്‍ക്ക് കാരണമായ കെപിഎംഎസ് സംഘടന അതിനു ശേഷം നാലായി പിളര്‍ന്നുവെന്നുള്ളതാണ് രസകരമായ വസ്തുത. ഇന്ന് വെങ്ങാനൂരില്‍ സ്ഥിതി ചെയ്യുന്ന ഒന്നാം നമ്പര്‍ ശാഖ ഒരു വിഭാഗത്തിന്റേതും അയ്യന്‍കാളി മെമ്മോറിയല്‍ സ്‌കൂളിന്റെ ഉടമസ്ഥാവകാശം മറ്റൊരു വിഭാഗത്തിന്റേതും ആണ്. അയ്യന്‍കാളി സ്മാരകം കെപിഎംഎസിന്റെ സ്വന്തമാകണമെന്ന് വാശിപിടിക്കുകയും അതിനായി കരുക്കള്‍ നീക്കുകയും ചെയ്ത 2009 ലെ ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാര്‍ ഇന്ന് ഇവയിൽ ഒരു വിഭാഗത്തിന്റെ രക്ഷാധികാരി മാത്രമാണ്.

നെയ്യാറ്റിന്‍കര കോടതിയില്‍ നടക്കുന്ന കേസില്‍ വിധിയുണ്ടായി സ്മാരകം എത്രയും വേഗം പൊതുജനങ്ങള്‍ക്ക് പ്രാപ്യമാകുമെന്ന വിശ്വാസത്തിലാണ് സാധുജന പരിപാലന യോഗം പ്രവര്‍ത്തകര്‍. ആ ഒരു ദിവസത്തിനു വേണ്ടിയാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി രാജേന്ദ്രകുമാര്‍ ഉള്‍പ്പെടെയുള്ളവരുടെ കാത്തിരിപ്പും.

(ചിത്രങ്ങൾ: അനീഷ് / നാരദാ ന്യൂസ്)

Read More >>