എടിഎം വിവരങ്ങള്‍ ചോര്‍ത്താന്‍ ഹൈടെക് യന്ത്രം: റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് വിവരങ്ങള്‍ ചോര്‍ത്തി കവര്‍ച്ച; അഞ്ചംഗ സംഘം പിടിയില്‍

എ ടി എം കാര്‍ഡു വഴി പണം പിന്‍വലിക്കാന്‍ നല്‍കുന്ന കസ്റ്റമേഴ്‌സ് കാണാതെ ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ കാര്‍ഡിലെ രേഖകള്‍ ചോര്‍ത്തുകയും പുതിയ കാര്‍ഡിലേയ്ക്കു പകര്‍ത്തുകയുമാണ് ഇവരുടെ രീതി. കോയമ്പത്തൂരിലെത്തിയ ശേഷം ഈ കാർഡുപയോഗിച്ച് അവിടുത്തെ എടിഎം വഴിയാണു പണം പിന്‍വലിക്കുക.

എടിഎം വിവരങ്ങള്‍ ചോര്‍ത്താന്‍ ഹൈടെക് യന്ത്രം: റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ച് വിവരങ്ങള്‍ ചോര്‍ത്തി കവര്‍ച്ച; അഞ്ചംഗ സംഘം പിടിയില്‍

മുവാറ്റുപുഴ : സ്വയം വികസിപ്പിച്ചെടുത്ത ഹൈടെക് യന്ത്രമുപയോഗിച്ച് എടിഎം കാര്‍ഡുണ്ടാക്കി വന്‍ തട്ടിപ്പു നടത്തിയ സംഘത്തെ മുവാറ്റുപുഴ പൊലീസ് പിടികൂടി. വന്‍കിട റിസോര്‍ട്ടുകളില്‍ റിസപ്ഷനിസ്റ്റായും മറ്റു ചെറു ജോലികള്‍ ചെയ്തും വിവരങ്ങള്‍ ശേഖരിച്ചതിനു ശേഷമാണ് ഇവര്‍ തട്ടിപ്പു നടത്തുക. ഓണ്‍ലൈന്‍ ബാങ്കിംഗ് വഴിയും ലക്ഷങ്ങള്‍ തട്ടിയെടുത്ത അഞ്ചംഗ സംഘമാണ് കുടുങ്ങിയത്.

ചാലക്കുടി കരുപ്പായി വീട്ടില്‍ ജിന്റോ ജോയി,ആലപ്പുഴ സ്വദേശികളായ സിറാജ് മന്‍സിലില്‍ അഗദ്, സഹോദരന്‍ അസീം,ചുതിക്കാട്ട് വീട്ടില്‍ ഷാരൂഖ്,കൊച്ചി,പളളത്തുരുത്തി കടയപറമ്പില്‍ വീട്ടില്‍ മനു ജോളി എന്നിവരെയാണ് മൂവാറ്റുപുഴ സി.ഐ ജയകുമാര്‍ എസ്.ഐ അനൂപ് .എ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റു ചെയ്തത്. നിരവധി എടിഎം കാര്‍ഡുകളും രണ്ടു സ്വൈപ്പിംഗ് മെഷീനും കാര്‍ഡു റീഡറുകളും ഇവരില്‍ നിന്നും പിടികൂടിയിട്ടുണ്ട്. ഇന്നോവ കാറും പിടികൂടിയിട്ടുണ്ട്.


തട്ടിപ്പില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു പരിശോധിച്ചു വരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. മൂവാറ്റുപുഴ സ്വദേശി രാജഗോപാലിന്റെ പരാതിയിലാണ് അറസ്റ്റ്. ഇയാളുടെ ഒന്നര ലക്ഷം രൂപയോളം സംഘം തട്ടിയെടുത്തിരുന്നു. കഴിഞ്ഞ മാസം 28 നു തന്റെ അക്കൗണ്ടില്‍ നിന്നു പണം നഷ്ടപ്പെട്ടതായി രാജഗോപാലിനു സന്ദേശം ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പത്തു തവണയായി ഒന്നര ലക്ഷം രൂപയോളം പിന്‍വലിച്ചതായി കണ്ടെത്തുകയായിരുന്നു.

രാജഗോപാലിന്റെ പരാതിയില്‍ പൊലീസ് നടത്തിയ പഴുതടച്ച അന്വേഷണമാണു പ്രതികളെ കുടുക്കിയത്. സമാനമായ രീതിയില്‍ പ്രതികള്‍ നടത്തിയ തട്ടിപ്പും ഇവരെ കുറിച്ചുളള സൂചന നല്‍കാന്‍ പൊലീസിനെ സഹായിച്ചു. പത്തനാപുരത്തു നിന്ന് 50000 രൂപയും കുറുപ്പും പടിയില്‍ നിന്ന് ഒന്നര ലക്ഷവും ഇവര്‍ തട്ടിയെടുത്തായി പൊലീസിന് സൂചന ലഭിക്കുകയായിരുന്നു. പണം നഷ്ടപ്പെട്ടവരില്‍ ഒരാള്‍ കോടനാടും മറ്റൊരാള്‍ ചെറായി റിസോര്‍ട്ടിലും തങ്ങിയിരുന്നതായി ബോധ്യപ്പെട്ടതോടെ അന്വേഷണം റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചായി. ഐ ജി എസ്.ശ്രീജിത്തിന്റെ നിരീക്ഷണത്തിലായിരുന്നു അന്വേഷണം. ജില്ലാ പൊലീസ് മേധാവി പി.എന്‍ ഉണ്ണിരാജയും അന്വേഷണത്തിനു നേതൃത്വം നല്‍കി. വന്‍കിട റിസോര്‍ട്ടുകളില്‍ ജോലിക്കെന്ന രീതിയില്‍ കടന്നു കൂടുകയും ഇരകളെ വലയില്‍ വീഴുത്തുകയുമാണ് ഇവരുടെ രീതി.

നൈജീയക്കാരനില്‍ നിന്നാണു പണം തട്ടാനുള്ള എടിഎം ഓപ്പറേഷനുകള്‍ മുഖ്യപ്രതി ജിന്റോ ജോയി പഠിച്ചതെന്ന് മൂവാറ്റുപുഴ ഡി വൈ എസ് പി കെ.ബിജുമോന്‍ പറഞ്ഞു.  എ ടി എം കാര്‍ഡു വഴി പണം പിന്‍വലിക്കാന്‍ നല്‍കുന്ന കസ്റ്റമേഴ്‌സ് കാണാതെ ആധുനിക യന്ത്രങ്ങളുടെ സഹായത്തോടെ കാര്‍ഡിലെ രേഖകള്‍ ചോര്‍ത്തുകയും പുതിയ കാര്‍ഡിലേയ്ക്കു പകര്‍ത്തുകയുമാണ് ഇവരുടെ രീതി. കോയമ്പത്തൂരിലെത്തിയ ശേഷം ഈ കാർഡുപയോഗിച്ച് അവിടുത്തെ എടിഎം വഴിയാണ് പണം പിന്‍വലിക്കുക. ഇതിനായി പെണ്‍ സുഹൃത്തുക്കളെ ഉപയോഗിക്കുന്നതായും  പോലീസിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.

ഇവരുടെ കൂട്ടാളിയും നിരവധി തട്ടിപ്പുകേസുകളില്‍ പ്രതിയുമായ കോഴിക്കോട് സ്വദേശി സില്‍ജി പൊലീസ് എത്തുന്നതിന് മുമ്പ് രക്ഷപ്പെട്ടു. പ്രണയം നടിച്ച് പണം തട്ടിപ്പു നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് സില്‍ജി.