ബിജെപി ദേശീയ സമ്മേളനം ചേർന്നത് ആകെ രണ്ടു മണിക്കൂർ; പ്രതിനിധി ചർച്ചക്കു നൽകിയത് അര മണിക്കൂർ!

കേരളത്തിലെ ബിജെപിയും ഏക എംഎൽഎ ആയ ഒ രാജഗോപാൽ പറഞ്ഞത് ഇതു മാത്രമാണ്. ''ദീൻ ദയാൽ ഉപാധ്യായ മുന്നോട്ടുവച്ചത് ഏകാത്മ മാനവദർശനമാണ്. എന്നാൽ പലരും മാനവ് ഭാവ് എന്നു പ്രയോഗിക്കുന്നുണ്ട്''. കടപ്പുറത്തു ചേർന്ന മഹാസമ്മേളനത്തിൽ മുഖ്യ പ്രാസംഗികരുടെ സമയം വരുന്നതിനു മുമ്പുള്ള ഇടവേള നികത്താൻ മാത്രമാണ് ഇതിനു പുറമെ ഒ.രാജഗോപാലെന്ന മോസ്റ്റ് സീനിയർ കേരള നേതാവിന് അവസരം കിട്ടിയിരുന്നത്.

ബിജെപി ദേശീയ സമ്മേളനം ചേർന്നത് ആകെ രണ്ടു മണിക്കൂർ; പ്രതിനിധി ചർച്ചക്കു നൽകിയത് അര മണിക്കൂർ!

കോഴിക്കോട്: മൂന്നു ദിവസത്തെ ബിജെപി ദേശീയ കൗൺസിൽ യോഗത്തിൽ രണ്ടായിരത്തോളം പ്രതിനിധികളുടെ അഭിപ്രായങ്ങൾ പ്രതിഫലിപ്പിക്കാൻ ആകെ നീക്കിവച്ചതു മുപ്പതു മിനിറ്റ്! കേരളത്തിൽ നിന്നു സംസാരിക്കാൻ അവസരം നൽകിയ ഏക പ്രതിനിധിയായ ഒ.രാജഗോപാലിന് ആകെ പറയാനായതു ഒരേയൊരു വാചകം!

ത്രിദിന ദേശീയ കൗൺസിൽ യോഗമായിരുന്നെങ്കിലും ദേശീയ കൗൺസിൽ യോഗം ചേർന്നതു സമ്മേളനത്തിന്റെ അവസാന ദിനമായ ഞായറാഴ്ചയാണ്. അതുതന്നെ രാവിലെ പത്തരക്കു തുടങ്ങി പന്ത്രണ്ടരക്കു തീരുകയും ചെയ്തു.


ഇതിൽത്തന്നെ പ്രധാനമായും നടന്നത് രണ്ടു പ്രമേയാവതരണങ്ങൾ. ഒന്ന്, ഉറി ഭീകരാക്രമണത്തെക്കുറിച്ചു പാർട്ടി പ്രസിഡണ്ട് അമിത് ഷായുടെത്. രണ്ട്, ഒരു വർഷത്തെ ദീൻ ദയാൽ ഉപാധ്യായ ജന്മശതാബ്ദി ആഘോഷത്തെക്കുറിച്ചു മുൻ പ്രസിഡണ്ട് നിതിൻ ഗഡ്കരിയുടെ പ്രമേയം.

പാക്കിസ്ഥാനിൽ ഊന്നിയാണു വരും നാളുകളിലെ ബിജെപി പ്രചാരണമെന്നു തെളിയിച്ച്, ഉറി പ്രമേയം രാഷ്ട്രീയ പ്രമേയത്തിൽ നിന്നു വേർപെടുത്തി പ്രത്യേക പ്രസ്താവനയായി അവതരിപ്പിക്കുകയായിരുന്നു അമിത്ഷാ. ദേശീയ ജനറൽ സെക്രട്ടറി തീക്കൊളുത്തി വച്ച പാക് വിരുദ്ധ പ്രസ്താവനക്കും, തുടർന്നു കടപ്പുറത്ത് പ്രധാനമന്തി നടത്തിയ വാക്കു ബോംബുകൾക്കും തുടർച്ചയായി ദേശീയ കൗൺസിൽ യോഗവും പാക്കിസ്ഥാനെതിരായ വെല്ലുവിളികൾകൊണ്ട് നിറയുമെന്നാണു പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

രണ്ടായിരത്തോളം വരുന്ന പ്രതിനിധികളുടെ ഭാഗത്തു നിന്നു സംസാരിക്കാൻ തെരഞ്ഞെടുക്കപ്പെട്ട മുപ്പതു പേരും ആ നിലക്കു തയ്യാറായിരുന്നെങ്കിലും ഉറി വിഷയത്തിൽ ചർച്ചയില്ലെന്ന് അമിത് ഷാ പ്രഖ്യാപിച്ചു. പ്രമേയത്തിനു കൈപൊക്കി അംഗീകാരം നൽകണമെന്നും ഷാ ആവശ്യപ്പെട്ടു.

ഉറി പ്രത്യേക പ്രസ്താവനയാക്കുകയും അതിൽ ചർച്ചയില്ലെന്നു തീരുമാനിക്കുകയും ചെയ്തതോടെ, ശുഷ്കമായിത്തീർന്ന രാഷ്ട്രീയപ്രമേയത്തിൽ പ്രതിനിധികൾക്കു പ്രത്യേകിച്ച് സംസാരിക്കാനൊന്നുമില്ലാതായി. ബാക്കി വന്ന ദീൻ ദയാൽ ഉപാധ്യായ ജന്മശതാബ്ദി പ്രമേയത്തെക്കുറിച്ച് അഭിപ്രായം പറഞ്ഞു ദേശീയ സമ്മേളനത്തിലെ ചർച്ചാവകാശം വിനിയോഗിക്കാൻ പ്രതിനിധികൾ നിർബന്ധിതരായി. അതിനു ലഭിച്ചതോ മുപ്പതു പ്രതിനിധികൾക്കും കൂടി മുപ്പതു മിനിട്ടും!

മറ്റു കാര്യങ്ങളിലേക്കു കടക്കാൻ ശ്രമിച്ചവരെ അമിത് ഷാ വിലക്കിയതോടെ, ദില്ലിയിൽ തയ്യാറാക്കി വന്ന പ്രഖ്യാപനങ്ങൾക്കു കൈ പൊക്കുകയല്ലാതെ ഒരഭിപ്രായപ്രകടനവും നടത്താൻ അവസരം ലഭിക്കാതെ ബിജെപിയിലെ സമുന്നത നേതാക്കൾ വെറും കാണികളായി.

കേരളത്തിൽ നിന്നു പാർട്ടിയുടെ ആദ്യ നിയമസഭാംഗമായി വിജയിച്ച ശേഷമുള്ള ആദ്യ ദേശീയ സമ്മേളനമായിട്ടും ഒ.രാജഗോപാലിന് ആകെ പറയാനായ വാചകം ഇതാണ്:

'ദീൻ ദയാൽ ഉപാധ്യായ മുന്നോട്ടുവച്ചത് ഏകാത്മ മാനവദർശനമാണ്. എന്നാൽ പലരും മാനവ് ഭാവ് എന്നു പ്രയോഗിക്കുന്നുണ്ട്.'

കടപ്പുറത്തു ചേർന്ന മഹാസമ്മേളനത്തിൽ മുഖ്യ പ്രാസംഗികരുടെ സമയം വരുന്നതിനു മുമ്പുള്ള ഇടവേള നികത്താൻ മാത്രമാണ് ഇതിനു പുറമെ ഒ.രാജഗോപാലെന്ന മോസ്റ്റ് സീനിയർ കേരള നേതാവിന് അവസരം കിട്ടിയിരുന്നത്. കേരളത്തിലെ മറ്റു നേതാക്കൾക്കോ പ്രതിനിധികൾക്കോ ആകട്ടെ, അങ്ങനെയെന്തെങ്കിലുമൊന്ന് സംസാരിച്ചെന്നു വരുത്താൻ പോലും വഴിയുണ്ടായില്ല.

ഒടുവിൽ, ദേശീയ രാഷ്ട്രീയത്തിലെ ബിജെപിയുടെ നിർണ്ണായക നയരൂപീകരണങ്ങൾ ചർച്ചയിലൂടെ ഉണ്ടാകുമെന്നു കരുതപ്പെട്ട ത്രിദിന മഹാസമ്മേളനം രണ്ടേ രണ്ടു പേരുടെ മാത്രം ഇടപെടലിൽ ഒതുങ്ങി - പ്രധാനമന്തി മോദിയുടെയും, പാർട്ടി അധ്യക്ഷനും മോദിയുടെ തന്നെ സ്വരവുമായ പാർട്ടി പ്രസിഡണ്ട് അമിത് ഷായുടെയും.

Read More >>