ചികിത്സാ പിഴവു മൂലം മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി

ഷംന തസ്‌നീമിന്റെ മരണത്തിൽ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു.

ചികിത്സാ പിഴവു മൂലം മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് ആരോഗ്യമന്ത്രി

കൊച്ചി: എറണാകുളം ഗവ. മെഡിക്കല്‍ കോളെജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനി ഷംന തസ്‌നീമിന്റെ മരണത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. മെഡിക്കല്‍ എജ്യൂക്കേഷന്‍ ജോയിന്റ് ഡയറകടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിനു ശേഷം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പരിശോധിച്ചതിനു ശേഷം ഹെല്‍ത്ത് സെക്രട്ടറി വേണ്ട നടപടികള്‍ എടുക്കുമെന്നും മന്ത്രി നാരദാ ന്യൂസിനോട് പ്രതികരിച്ചു.


ഹെല്‍ത്ത് സെക്രട്ടറി ഒപ്പു വെച്ച ശേഷം മാത്രമേ അന്വേഷണത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ കഴിയുകയുളളു.  മാതൃകാപരമായ നടപടി തന്നെ കൈകൊളളുമെന്നും  കെകെ ശൈലജ പ്രതികരിച്ചു. ഷംന തസ്‌നീമിന്റെ മരണത്തിൽ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു.

കഴിഞ്ഞ ജൂലൈ 18 നാണ്  എറണാകുളം ഗവ. മെഡിക്കല്‍ കോളെജിലെ എംബിബിഎസ് വിദ്യാര്‍ത്ഥിനി ഷംന തസ്‌നീം ആശുപത്രിയില്‍ വച്ച് മരണത്തിന് കീഴടങ്ങിയത്. മെഡിക്കല്‍ കോളേജ് അധികൃതരുടെ അനാസ്ഥയാണ് ഷംനയുടെ ജീവനെടുത്തതെന്നും അതു കൊണ്ട് തന്നെയാണ് അന്വേഷണം കൃത്യമായി നടക്കാത്തതെന്നും ഷംനയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. വകുപ്പു തല അന്വേഷണം കഴിഞ്ഞുവെങ്കിലും റിപ്പോര്‍ട്ട് പുറത്തു വിടാത്തത് ബാഹ്യസമ്മര്‍ദ്ദങ്ങള്‍ മൂലമാണെന്നായിരുന്നു പിതാവ് അബൂട്ടിയുടെ ആരോപണം.  ഷംന മരിച്ചു രണ്ടു മാസം കഴിഞ്ഞിട്ടും അന്വേഷണം കാര്യക്ഷമമായല്ല നടക്കുന്നതെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

Read More >>