ആക്ടിവിസ്റ്റായ അഭിഭാഷകൻ ന്യൂജെനറേഷൻ അമിക്കസ് ക്യൂരിയായി ഹൈക്കോടതി ജഡ്ജിയെ പരീക്ഷിച്ച കഥ

കോടതി സത്യസന്ധമായല്ല വിധി പറയുന്നത് എന്നു തെളിയിക്കാൻ പ്രതിയുടെ വക്കാലത്തു കൈപ്പറ്റി കോടതിയിലെത്തിയ ന്യൂ ജെനറേഷൻ അമിക്കസ് ക്യൂരിയെക്കുറിച്ചു കേട്ടിട്ടുണ്ടോ. പ്രതിക്കൂട്ടിൽ നിൽക്കുന്ന ആളിലൂടെ ജഡ്ജിയെ പരീക്ഷിക്കുന്ന ന്യൂ ജെൻ അമിക്കസ് ക്യൂരിയാകുന്നു സാക്ഷാൽ അഡ്വ. ഹരീഷ് വാസുദേവൻ.

ആക്ടിവിസ്റ്റായ അഭിഭാഷകൻ ന്യൂജെനറേഷൻ അമിക്കസ് ക്യൂരിയായി ഹൈക്കോടതി ജഡ്ജിയെ പരീക്ഷിച്ച കഥ

അഭിഭാഷകൻ ആക്ടിവിസ്റ്റു കൂടിയാകുമ്പോൾ പലതും സംഭവിക്കാം. 'ഇവിടം സ്വർഗമാണ്' എന്ന റോഷൻ ആൻഡ്രൂസ് ചിത്രം ഓർമ്മയില്ലേ.  അമിക്കസ് ക്യൂരിയുടെ വേഷത്തിൽ സകല തട്ടിപ്പുകൾക്കും കൂട്ടുനിന്ന ശേഷമാണ് ശ്രീനിവാസന്റെ പ്രബലൻ വക്കീലെന്ന കഥാപാത്രം തട്ടിപ്പുകാരെ പ്രതിക്കൂട്ടിൽ കയറ്റി നിർത്തിയത്. സത്യസന്ധമായ വിധിതീർപ്പിന് കോടതിയെ സഹായിക്കുന്ന ആൾ എന്നാണ് അമിക്കസ് ക്യൂരിയുടെ അർത്ഥം. കോടതി സത്യസന്ധമായല്ല വിധി പറയുന്നത് എന്നു തെളിയിക്കാൻ പ്രതിയുടെ വക്കാലത്തു കൈപ്പറ്റി കോടതിയിലെത്തിയ ന്യൂ ജെനറേഷൻ അമിക്കസ് ക്യൂരിയെക്കുറിച്ചു കേട്ടിട്ടുണ്ടോ. പ്രതിക്കൂട്ടിൽ നിൽക്കുന്ന ആളിലൂടെ ജഡ്ജിയെ പരീക്ഷിക്കുന്ന ന്യൂ ജെൻ അമിക്കസ് ക്യൂരിയാകുന്നു സാക്ഷാൽ അഡ്വ. ഹരീഷ് വാസുദേവൻ. കെണിഞ്ഞുപോയത് ഹൈക്കോടതിയിലെ ജസ്റ്റിസ് പി ഉബൈദും.


അഭിഭാഷക പ്രമാണിയാണ് ഹരീഷ് വാസുദേവൻ. ഫേസ് ബുക്കിൽ അനീതിയ്ക്കെതിരെ പൊരുതുന്ന കറ്റാസ്ട്രോഫിക് ഡോൺ... നെറികേടു കാണിക്കുന്നവരെ മുട്ടുകാലു കേറ്റാൻ മടിയില്ലാത്ത ക്ഷിപ്രകോപി.

പത്തുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ ജയിലിലായ പൊന്നാനിയിലെ ഒരു നരാധമനെ തൊണ്ണൂറാം നാൾ കേരളാ ഹൈക്കോടതി ജാമ്യത്തിൽ വിട്ടാൽ അങ്ങനെയൊരാൾക്ക് ക്ഷമിക്കാൻ കഴിയുമോ? പ്രത്യേകിച്ച്, അനീതിയ്ക്കെതിരെ ആഞ്ഞടിക്കുന്ന കൊടുങ്കാറ്റായി കേരളത്തിൽ പിച്ച വെച്ചു വളർന്ന ഹരീഷിനെപ്പോലൊരാൾക്ക്. ജസ്റ്റിസ് പി ഉബൈദല്ല, മാർക്കണ്ടേയ കട്ജുവാണെങ്കിലും പൊറുക്കാനാവില്ല.

ചുറ്റും അനീതിയുടെ പെരുമഴ തിമിർത്തു പെയ്യുമ്പോൾ, ആത്മരോഷത്തിന്റെ തീക്കനലുകൾ ഒട്ടും നനയാതെ നിക്ഷേപിക്കാനാണ് ഹരീഷിനു ഫേസ്ബുക്ക്. ജസ്റ്റിസ് പി ഉബൈദിനെതിരെയും സ്വാഭാവികമായും ഫേസ് ബുക്കു തന്നെയായിരുന്നു പ്രതികരണായുധം. അവിടെ അദ്ദേഹം  ഇങ്ങനെ കുറിച്ചു.
പത്തുവയസുളള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ഒരാളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഉബൈദിന്റെ കോടതിയിൽ വന്നു (നോട്ട് ദിസ് പ്രയോഗം - ഉബൈദിന്റെ കോടതി. ഹരീഷ് വാസുദേവനെന്ന അഭിഭാഷകൻ ജഡ്ജിയെ പരസ്യമായി സംബോധന ചെയ്യുന്നത് ഇങ്ങനെയാണ്. ആക്ടിവിസ്റ്റായ അഭിഭാഷകനല്ലേ എന്തുമാകാം). ഗവ. അഭിഭാഷകൻ മിണ്ടിയില്ല. കോടതി ജാമ്യം അനുവദിച്ചു. ഇര അറിഞ്ഞിട്ടില്ല. ഇതുവരെ.

ഇത്തരം മൌനങ്ങളുടെ അനീതികൾ പെരുമഴയായി പെയ്യുകയാണ് കോടതികളിൽ. കാണിയായി ഒരു മാധ്യമപ്രവർത്തകൻ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞങ്ങൾ ആശിച്ചു പോകുന്ന നിമിഷങ്ങൾ.

harish-vasudevan-face-bookഇതു വായിച്ചാൽ ആരുടെയും ഉളളിൽ ധാർമ്മികരോഷം തിളയ്ക്കും. ഹൈക്കോടതിയ്ക്കും ജസ്റ്റിസ് പി ഉബൈദിനുമെതിരെ പ്രതിഷേധം ആളിക്കത്തും. ഹൈക്കോടതിയ്ക്കു തീവെച്ചാലോ എന്നുപോലും ചിന്തിച്ചുപോകും, ചില ശുദ്ധമനസ്കർ.

ജഡ്ജ്മെന്റിൽ  പ്രതിയ്ക്കു വേണ്ടി വക്കാലത്തെടുത്തവരുടെ പേരു വായിച്ച് സഹ അഭിഭാഷകരുടെ കണ്ണു തളളി. പരാതിക്കാരനു വേണ്ടി ഹാജരായവരുടെ പേരിൽ നാലാമത്തെയാൾ അഡ്വ. വി. ഹരീഷ്. കോടതിയിലെ പ്രബലൻ വക്കീൽ അമിക്കസ് ക്യൂരിയാകുമ്പോ പേരു മാറും. അതുപോലെ ഫേസ് ബുക്കിലെ ഹരീഷ് വാസുദേവൻ ശ്രീദേവി ഹൈക്കോടതിയിലെത്തുമ്പോൾ അഡ്വ. വി. ഹരീഷാകും.

അതായത്, സംഭവം ഇങ്ങനെയാണ്. കടയിൽ സാധനം വാങ്ങാനെത്തിയ  പത്തുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പൊന്നാനിക്കാരൻ അഹമ്മദു മകൻ ഷംസുദ്ദീനെ ജാമ്യത്തിലിറക്കിയത് അഡ്വ. വി. ഹരീഷും ചേർന്ന്. എന്നിട്ട് ജാമ്യം കൊടുത്ത ജഡ്ജിയ്ക്കെതിരെ  ഫേസ് ബുക്കിൽ തെറിവിളിക്കുന്നതും അതേ വക്കീൽ.

adv-v-harish

ജഡ്ജിയ്ക്കെതിരെ ധാർമ്മികരോഷം മുഴക്കി പ്രതിഭാഗം അഭിഭാഷകൻറെ ഫേസ് ബുക്ക് പോസ്റ്റിലെ ആദ്യ വാചകം മനസിരുത്തി വായിക്കണം. "പത്തുവയസുളള പെൺകുട്ടിയെ
ലൈംഗികമായി പീഡിപ്പിച്ച
ഒരാളുടെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഉബൈദിന്റെ കോടതിയിൽ വന്നു" എന്നാണ് ഹരീഷെഴുതിയത്.  പത്തു വയസുകാരിയെ പ്രതി ലൈംഗികമായി പീഡിപ്പിച്ചുവെന്ന്, സംശയം തരിമ്പുപോലും അവശേഷിപ്പിക്കാതെ പ്രതിഭാഷം അഭിഭാഷകൻ വെളിപ്പെടുത്തുകയാണിവിടെ.

വക്കീലിനോടും ഡോക്ടറോടും കള്ളം പറയരുതെന്നാണ് വെപ്പ്. നടന്നത് വളളിപുള്ളി വ്യത്യാസമില്ലാതെ പ്രതി തന്റെ അഭിഭാഷകരോട് പറഞ്ഞു കാണും. അതൊക്കെ പുറത്തു പറയുന്നത് എത്തിക്സിനു ചേർന്നതല്ലെന്ന് ആക്ടിവിസ്റ്റല്ലാത്ത അഭിഭാഷകർ പറയും. പക്ഷേ, ഹരീഷ് അങ്ങനെയല്ല. സത്യം വദ. ധർമ്മം ചര. അതാണ് ലൈൻ. ഷംസുദ്ദീനെതിരെയുളള ഏറ്റവും വലിയ തെളിവാണ് പ്രതിഭാഗം അഭിഭാഷകന്റെ ഈ സത്യവാങ്മൂലം.

ഇക്കാര്യം ഫേസ് ബുക്കിലെഴുതുന്നതിനു പകരം കോടതിയെ നേരിട്ടു ബോധ്യപ്പെടുത്തിയെങ്കിലോ? നീതിന്യായ ചരിത്രത്തിലെ ഏറ്റവും ഉജ്വലമായ മുഹൂർത്തമാകുമായിരുന്നു അത്.  പ്രതിയുടെ കുമ്പസാരരഹസ്യമറിയുന്നത് അയാളുടെ വക്കീലിനു മാത്രമാണ്. കുറ്റം ചെയ്തോ ഇല്ലയോ എന്നും ചെയ്തെങ്കിൽ ഏതു സാഹചര്യത്തിലായിരുന്നുവെന്നും എന്തായിരുന്നു ഉദ്ദേശമെന്നുമൊക്കെ വളളി പുള്ളി വിസർഗം വിടാതെ കേൾക്കാൻ ഭാഗ്യമുളള ഒരേയൊരാൾ പ്രതിയുടെ അഭിഭാഷകൻ മാത്രമാണ്. പ്രോസിക്യൂഷൻ ആരോപിക്കുന്ന കുറ്റം പ്രതി ചെയ്തിട്ടുണ്ടെന്ന് പ്രതിഭാഗം അഭിഭാഷകൻ തന്നെ കോടതിയ്ക്കു മുമ്പാകെ വിളിച്ചു പറഞ്ഞാൽ, നീതി നിർവഹണത്തിന് അതിലപ്പുറം എളുപ്പവഴിയില്ല.

പക്ഷേ, കറ്റാസ്ട്രോഫിക് ഡോണായ ആക്ടിവിസ്റ്റിന്റെ വഴി അതല്ല. പ്രതി കുറ്റം ചെയ്തിട്ടില്ലെന്ന് കോടതിയിൽ ഘോരഘോരം വാദിക്കും. തന്റെ വാദം വിശ്വസിച്ചു വിധി പറയുന്ന ജഡ്ജി കിഴങ്ങനാണെന്ന അർത്ഥത്തിൽ പുറത്തിറങ്ങി അപ്പോത്തന്നെ ഫേസ് ബുക്കിൽ പോസ്റ്റിടും. "പറ്റിച്ചേ പറ്റിച്ചേ... ജഡ്ജിയെ പറ്റിച്ചേ" എന്ന ലൈൻ. ഇതൊന്നും കാണാൻ ഒരു മാധ്യമപ്രവർത്തകൻ പോലും കോടതിയിൽ ഇല്ലാതിരുന്നത് കഷ്ടമായിപ്പോയി.

കാര്യങ്ങIMG_9474ളൊന്നും നേരെ ചൊവ്വേ മനസിലാക്കാത്ത മറ്റു വക്കീലന്മാർ വാട്സാപ്പു ഗ്രൂപ്പിലൊക്കെ അഡ്വ. വി. ഹരീഷിനെ പൂരത്തെറി വിളിക്കുന്നുണ്ട്. ഒരടി മുന്നോട്ട്, രണ്ടടി പിന്നോട്ട് എന്ന സിദ്ധാന്തമനുസരിച്ച് വക്കീൽ തന്റെ ഫേസ് ബുക്ക് പോസ്റ്റ് പിൻവലിച്ചിട്ടുമുണ്ട്. തന്റെ വക്കാലത്തിന്മേൽ അനുകൂല വിധി പറഞ്ഞ ജഡ്ജിയ്ക്കെതിരെ അഭിഭാഷകൻ പരസ്യമായി പ്രതികരിക്കുന്ന സംഭവം കേരള ഹൈക്കോടതിയുടെ ചരിത്രത്തിൽ ഒരു പുതിയ അധ്യായം തന്നെയാണ്.

ഇനിയേതെങ്കിലും കേസിലെ പ്രതി, വക്കാലത്തുമായി ഈ വക്കീലിനെ സമീപിക്കുമോ എന്നാണ് കണ്ടറിയേണ്ടത്. പാട്ടപ്പിരിവു നടത്തി പരിസ്ഥിതിക്കേസു മാത്രം വാദിക്കേണ്ട അവസ്ഥയിലായിപ്പോകുമോ നമ്മുടെ ഫിയർലെസ് ടൈക്കൂൺ..? അതിനിട വന്നാൽ പ്രതിയുടെ കള്ളയൊപ്പിട്ടു വക്കാലത്തു നൽകി നോക്കാം. എന്നിട്ട്, കള്ളയൊപ്പിട്ട വക്കാലത്തു കൈപ്പറ്റിയ രജിസ്ട്രാർക്കെതിരെ ഫേസ് ബുക്കിൽ ആഞ്ഞടിക്കാം...

പൂട്ടറുക്കുന്ന കൊച്ചുണ്ണിയ്ക്ക് ഓടിളക്കാൻ  കൈ വിറയ്ക്കില്ല, യുവർ ഓണർ...