ഹരീഷ് വാസുദേവനെതിരെ നാരദാ ന്യൂസ് അങ്ങനെ ചെയ്യരുതായിരുന്നു!

പുതിയ സംരംഭം എന്ന നിലയില്‍ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവവും കേരളത്തില്‍ സമീപകാലത്തുനടന്ന ഒട്ടേറെ പരിസ്ഥിതി സമരങ്ങളുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചയാളുമായ ഹരീഷ് വാസുദേവനെ ക്കുറിച്ചുള്ള വന്ന ആര്‍ട്ടിക്കിളിലെ ഭാഷ ആശ്ചര്യവും നിരാശയുമാണ് സമ്മാനിച്ചത്.

ഹരീഷ് വാസുദേവനെതിരെ നാരദാ ന്യൂസ് അങ്ങനെ ചെയ്യരുതായിരുന്നു!

ഫെയ്സൽ കൊണ്ടോട്ടി

ഓണ്‍ലൈന്‍ മലയാളി കൂട്ടായ്മകളുടെ വാരാന്ത്യചര്‍ച്ചകളിലും ഫേസ്ബുക്ക് വാളുകളിലും ഈയിടെയായി ഇടം പിടിച്ച ഒന്നാണ് നാരദന്യൂസ്. റിയലബിളായ ഒരു മലയാളം ഓണ്‍ലൈന്‍ പോര്‍ട്ടലിനു വേണ്ടിയുള്ള കാത്തിരിപ്പ്‌ അവസാനിച്ചു എന്ന് തോന്നിക്കും വിധമാണ് നാരദ ന്യൂസ് ആഗതമായത്. വളരെ ചുരുങ്ങിയ കാലം കൊണ്ട് നാരദക്ക് ലഭിച്ച സ്വീകാര്യത ഇക്കാര്യം അടിവരയിടുന്നുണ്ട്.

പുതിയ സംരംഭം എന്ന നിലയില്‍ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ സജീവവും കേരളത്തില്‍ സമീപകാലത്തുനടന്ന ഒട്ടേറെ പരിസ്ഥിതി സമരങ്ങളുടെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചയാളുമായ ഹരീഷ് വാസുദേവനെ ക്കുറിച്ച് വന്ന ആര്‍ട്ടിക്കിളിലെ ഭാഷ ആശ്ചര്യവും നിരാശയുമാണ് സമ്മാനിച്ചത്. തെഹല്‍ക സ്റ്റിംഗ് ഓപെറേഷന്‍ കാലം മുതലേ ശ്രീ. മാത്യു സാമുവലിനെ പ്രതീക്ഷയോടെ ഫോളോ ചെയ്തിരുന്ന ഒരാള്‍ എന്ന നിലയില്‍ , ഈ വിഷയത്തില്‍ നാരദ ന്യൂസിന് സംഭവിച്ച ശ്രദ്ധക്കുറവു ചുരുങ്ങിയ വാക്കുകളില്‍ അക്കമിട്ടു നിരത്താന്‍ ആഗ്രഹിക്കുന്നു.


1. ഉത്തരവാദിത്വപ്പെട്ട ഒരു പത്രത്തിലെ റിപ്പോര്‍ട്ടിംഗ് വസ്തു നിഷ്ടമായിരിക്കണം, വ്യക്തി നിഷ്ടമായിരിക്കരുത്. സര്‍ക്കാസം ഉദ്ദേശിച്ചു പോലും അത് വ്യക്തിഹത്യ ലെവലിലേക്ക് താഴ്ന്നാല്‍ അത് ആ വ്യക്തിക്ക് പ്രോഫഷണലായും വ്യക്തിപരമായും ഉണ്ടാക്കുന്ന നഷ്ടം പിന്നീട് ഒരു ക്ഷമാപണത്തിനു പോലും തിരിച്ചു കൊടുക്കാന്‍ കഴിയില്ല

2. ഹരീഷ് ഉള്‍പ്പെടുന്ന ഒരു വക്കീല്‍ സംഘത്തിനു നിയമപരമായി ഏതൊരു ജാമ്യാപേക്ഷ കേസും ഏറ്റെടുക്കാവുന്നതാണ്‌. അതില്‍ എന്തെങ്കിലും തെറ്റ് ഉണ്ടെന്നു ആര്‍ക്കും പറയാന്‍ കഴിയില്ലല്ലോ. എന്നാല്‍ അത് മറച്ചു വെച്ച് എന്ന് തോന്നുന്ന രീതിയില്‍ ഹരീഷ് ഒരു ഫേസ് ബുക്ക് പോസ്റ്റ്‌ ഇട്ടു എന്നാ ഒരു കാര്യം മാത്രമാണ് വിഷയം എന്നതിനാല്‍ അപൂര്‍ണ്ണവും അവ്യക്തവുമായ ആ പോസ്റ്റ്‌ യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചതും അതിനുള്ള സാഹചര്യവും എന്തായിരുന്നുവെന്നും ഹരീഷിനോട് തിരക്കി അദ്ദേഹത്തിനു പറയാനുള്ളത് കൂടി ചേര്‍ത്ത ശേഷമായിരുന്നു നാരദയുടെ റിപ്പോര്‍ട്ടെങ്കില്‍ അത് ഏറ്റവും മാതൃകാപരമായ പത്രപ്രവര്‍ത്തനമാകുമായിരുന്നു.

3. ഒരു പത്രത്തില്‍ ലേഖനം എഴുതുന്ന പോലെ ഒന്നല്ല ഫേസ്ബുക്ക് പോസ്റ്റുകള്‍. വസ്തുനിഷ്ടമല്ല, മറിച്ചു വ്യക്തിനിഷ്ടമാണ് അവ. പോസ്റ്റുടമയുടെ കണ്ണിലൂടെ ഏകമാനമായി വന്നു, പല പ്രതികരണങ്ങളിലൂടെ കൈമറിഞ്ഞു പല ആങ്കിളുകള്‍ ലഭിച്ചാണ് അത് ബഹു “മാന”ങ്ങള്‍ ഉള്ളതായി മാറുന്നത്. സ്വല്പം വൈകാരികത കലര്‍ന്ന അന്നേരത്തെ അനുഭവങ്ങളെ ആസ്പദമാക്കിയുള്ള, ചുരുങ്ങിയ വാക്കുകളില്‍ ഒതുങ്ങുന്ന സ്പൊണ്ടേനിയസായ പ്രതികരണങ്ങള്‍. തനിക്കുണ്ടായ ഒരു അനുഭവത്തെ ഒരു സന്ദേശം നല്‍കാന്‍ ഉദ്ദേശിച്ചു വിശദീകരിക്കാന്‍ ശ്രമിക്കുന്നു. അപൂര്‍ണ്ണമായ അത്തരം പോസ്റ്റുകള്‍ക്ക്‌ കീഴില്‍ വരുന്ന കമെന്റുകളിലൂടെയും റിപ്ലൈകളിലൂടെയും വിശദീകരണങ്ങളിലൂടെയുമാണ് അത് അല്പമെങ്കിലും പൂര്‍ണ്ണത കൈവരിക്കുന്നത്. ഇതാണ് സോഷ്യല്‍ മീഡിയയുടെ സൌന്ദര്യവും ഒരു പക്ഷേ പരിമിതിയും. കുളത്തില്‍ നിന്ന് എടുത്ത് കഴിഞ്ഞാല്‍ മത്സ്യം ചത്തു പോകുന്ന പോലെ ഒരു ഫേസ്ബുക്ക് പോസ്റ്റിനെയോ കമെന്റിനെയോ വാളില്‍ നിന്ന് അടര്‍ത്തി എടുത്തു പത്രത്തില്‍ കൊടുത്താല്‍ അതിന്റെ ആത്മാവ് തന്നെയും ഇല്ലാതാകുന്നു.

ഒരു ഉദാഹരണത്തിന് ജൂനിയര്‍ ഡോക്ടര്‍മാരുടെ മൊബൈല്‍ അഡിക്ഷ്ന്‍ മൂലമുള്ള ശ്രദ്ധക്കുറവ് സ്റ്റാറ്റിറ്റിക്സ് എടുത്തു കൊണ്ടല്ല മറിച്ചു ഒരു സ്വന്തം പനിക്കാല അനുഭവത്തിലൂടെയായിരിക്കും ഒരാള്‍ എഴുതുക. മറ്റുള്ളവരുടെ സമാനമായ അനുഭവങ്ങളും ഡോക്ടര്‍മാരുടെ തിരുത്തുകളും കൂട്ടിച്ചേര്‍ക്കലുകളും കൂടെയാകുമ്പോള്‍ അതിനൊരു ചെറിയ പഠനസ്വഭാവം കൈ വരുന്നു.. ഈ ഒരു ഭൂമികയില്‍ നിന്ന് വേണം ഹരീഷിന്റെ പോസ്റ്റിനെ വിലയിരുത്താന്‍. തന്റെ പ്രൊഫഷണല്‍ ജീവിതത്തിനിടയില്‍ കണ്ട ഒരു സംഭവം അദ്ദേഹം തന്റെ വാളില്‍ ഇടുന്നു.

4. ഹരീഷ് ആ പോസ്റ്റിലൂടെ എന്തു ഹൈലൈറ്റ് ചെയ്യാന്‍ ഉദ്ദേശിച്ചു എന്നത് പ്രധാനമാണ് . മാധ്യമ പ്രവര്‍ത്തകര്‍ക്കു കോടതിയിലുള്ള വിലക്ക് മൂലം പല അനീതികളും റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നു എന്നതാണ് അതില്‍ വിഷയീഭവിച്ചത്. അക്കാര്യം എന്തുകൊണ്ടോ നാരദ ന്യൂസ് ശ്രദ്ധിച്ചു കണ്ടില്ല എന്നത് ഖേദകരമാണ്.

അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുള്ള സംഘര്‍ഷം നില നില്‍ക്കുമ്പോഴും, ഒരു അഭിഭാഷകന്‍ തന്നെ കോടതികളില്‍ അനീതി ഉണ്ടാകാതിരിക്കാനും ഉണ്ടാകുന്നുവെങ്കില്‍ റിപ്പോര്‍ട്ട്‌ ചെയ്യാനും മാധ്യമ പ്രവര്‍ത്തകര്‍ ആവശ്യമാണ്‌ എന്ന് ബോധ്യപ്പെടുത്തി തരികയാണ് ആ പോസ്റ്റിന്റെ പ്രധാന പൊരുള്‍ . "ഉബൈദിന്റെ കോടതി" എന്നതും കേസ് ഏതെന്നു പറഞ്ഞതും ഒരു പ്രമുഖ എന്ന് ഒക്കെയുള്ള ക്ലീഷേകള്‍ ഒഴിവാക്കി കൃത്യത ലഭിക്കാന്‍ വേണ്ടിയാകാം. അവിടെയും ജഡ്ജിയെ കുറ്റപ്പെടുത്തി എന്ന് പറയാന്‍ കഴിയില്ല. സര്‍ക്കാര്‍ പ്രോസിക്യൂട്ടര്‍ സ്വന്തം ജോലി കൃത്യമായി ചെയ്യുന്നില്ല എന്നത് റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമ പ്രവര്‍ത്തകര്‍ വേണമെന്ന് പറയുന്നു എന്ന് മാത്രം . ഇതെല്ലാം അപക്വമെന്നും ഹരീഷ് അല്പം കൂടി പ്രൊഫഷണല്‍ ആകണമെന്നും വേണമെങ്കില്‍ വാദിക്കാം. അത് കണക്കിലെടുക്കുമ്പോള്‍ തന്നെ ഇങ്ങിനെ തന്നെയാണ് സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ എന്ന് ഇതില്‍ സജീവമായവര്‍ക്ക് അറിയാം. മിക്കതും വിവിധ അനുഭവങ്ങളുടെ അനാലിസിസ് മാത്രമാണ്.

5. ഫേസ് ബുക്കിലേക്ക് വരുമ്പോള്‍ പ്രൊഫഷണല്‍ എന്ന സ്വത്വം വെടിഞ്ഞു സോഷ്യല്‍ മീഡിയ ആക്റ്റിവിസ്റ്റ് എന്ന സ്വത്വത്തിലേക്ക് മാറേണ്ടതുണ്ട്. ഇതൊരു വിഷമ സ്ഥിതിയാണ്.. ! അറേബ്യയില്‍ ഇരുന്നു ഇവിടെത്തെ നല്ലതും ചീത്തയുമായ കാര്യങ്ങള്‍ എഴുതാന്‍ അതെ സമയം താന്‍ ജോലി ചെയ്യുന്ന സ്ഥലമാണ് സംഭവ കേന്ദ്രം എന്ന് മറച്ചു വെക്കുകയും ചെയ്യേണ്ടി വരാറുണ്ട്. സര്‍ക്കാര്‍ ഓഫീസില്‍ ഇരിക്കുന്നവരും അങ്ങിനെ തന്നെ. അതിനാല്‍ തന്നെ പോസ്റ്റ് ഇടുന്ന ആളുകളെ ചൂഴ്ന്നു നോക്കാതെ വിഷയത്തിന്റെ കാമ്പ് നോക്കി ആ സെന്‍സില്‍ എടുക്കാന്‍ ഫേസ് ബുക്ക് സമൂഹം പഠിച്ചു കഴിഞ്ഞിട്ടുണ്ട്. പത്രക്കാരും ആ നിലക്ക് കൂടി ഫേസ്‌ബുക്ക്‌ ലോകത്തെ കാണുന്നത് ഉചിതമാകും .

സോഷ്യല്‍ മീഡിയയില്‍ ആകടീവായ ഒരാളും നാളെ തന്റെ വാളില്‍ ഇടുന്ന പോസ്റ്റുകള്‍ക്ക് പുറത്തു വേറെ മാനം നല്‍കപ്പെട്ടു ക്രൂശിക്കപ്പെടാതിരിക്കാന്‍ വേണ്ടി കൂടിയാണ് ഇത്രയും വിശദമായി എഴുതുന്നത്‌. ജൈവ- പരിസ്ഥിതി കാര്യങ്ങളില്‍ ആത്മാര്‍ഥമായി ഇടപെടുന്ന അപൂര്‍വ്വം പേരെ നമ്മുടെ സാമൂഹ്യ മണ്ഡലങ്ങളില്‍ ഉള്ളൂ .. നിരവധി പേരെ പരിസ്ഥിതി അവബോധത്തിലേക്ക്‌ തിരികെ കൊണ്ട് വന്നതില്‍ ഹരീഷിനെ പ്പോലുള്ളവര്‍ക്ക് അനല്പമായ പങ്കുണ്ട് എന്നത് മറച്ചു വെക്കാന്‍ കഴിയില്ല. അതെല്ലാം ഒരു ദിവസം കൊണ്ട് മറക്കാനും കഴിയില്ല. അത്തരം കാര്യത്തില്‍ അഴിമതി അദ്ദേഹം കാണിച്ചിട്ടുണ്ടെങ്കില്‍ റിപ്പോര്‍ട്ടുകള്‍ മാധ്യമങ്ങളിലൂടെ പുറത്ത് വരട്ടെ..! അല്ലാത്തിടത്തോളം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ നാല് വരി ഫേസ്ബുക്കില്‍ എഴുതി എന്നതിന്റെ പേരില്‍ ക്രൂശിക്കുന്നതു നീതിയല്ല .

ആവശ്യമെങ്കില്‍ ഹരീഷിന്റെ വിശദീകരണം കൂടെ വന്നു രണ്ടു ഭാഗവും കേട്ടു ആളുകള്‍ തീരുമാനിക്കട്ടെ . ..! എന്തേലും അവധാനതക്കുറവു ഇക്കാര്യത്തില്‍ നാരദ ന്യൂസിന്റെ മലയാളം വിഭാഗത്തിന്റെ അടുത്ത് നിന്ന് സംഭവിച്ചിട്ടുണ്ടെങ്കില്‍, വളരെ പ്രതീക്ഷയോടെ വന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ എന്ന നിലയില്‍, തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.