ഗുരു ഹിന്ദുവായിരുന്നത് മറ്റുള്ളവരുടെ കണ്ണില്‍ മാത്രം: പറയുന്നത് ഗുരു ശിഷ്യന്‍ സത്യവ്രത സ്വാമികള്‍

നാരായണ ഗുരുവിന്റെ സാന്നിധ്യത്തില്‍, അദ്ദേഹത്തിന്റെ പൂര്‍ണ്ണ നിര്‍ദേശങ്ങള്‍ ചെവിക്കൊണ്ടായിരുന്നു സര്‍വമത സമ്മേളനത്തില്‍ സത്യവ്രത സ്വാമികളുടെ സ്വാഗത പ്രസംഗം. ഗുരുവിന്റെയും താനടക്കമുള്ള നാരായണീയരുടെയും മതം എന്താണെന്നു സത്യവ്രത സ്വാമികള്‍ തന്റെ പ്രസംഗത്തില്‍ വിശദമാക്കുകയും ചെയ്തു.

ഗുരു ഹിന്ദുവായിരുന്നത് മറ്റുള്ളവരുടെ കണ്ണില്‍ മാത്രം: പറയുന്നത് ഗുരു ശിഷ്യന്‍ സത്യവ്രത സ്വാമികള്‍

നാരായണ ഗുരുവിനെ ഹിന്ദു സന്യാസിയെന്ന് വിശേഷിപ്പിക്കുമ്പോള്‍ ബിജെപി മറക്കുന്നത് ആലുവയിലെ സര്‍വമത സമ്മേളനത്തിന്റെ ചരിത്രം. സമ്മേളനത്തിന്റെ മുഖ്യ സംഘാടകനായിരുന്ന സത്യവ്രത സ്വാമികളുടെ സ്വാഗത പ്രസംഗം മാത്രം മതി, ബിജെപി ഇപ്പോള്‍ മുന്നോട്ടുവക്കുന്ന 'ഹിന്ദുവാദ'ത്തിന്റെ മുനയൊടിയാന്‍.

നാരായണഗുരുവിന്റെ 'ഹിന്ദുമത'മെന്തെന്ന് സത്യവ്രത സ്വാമികള്‍ വ്യക്തമാക്കുന്നത് ഇങ്ങനെ:

''ഗുരു ഒരു ഹിന്ദുവായി ജനിച്ചു. മറ്റുള്ളവരുടെ ദൃഷ്ടിയില്‍ ഒരു ഹിന്ദുവായി ജീവിക്കുന്നു.' അത്രമാത്രം. നാരായണ ഗുരുവിന്റെ ഉത്തമ ശിഷ്യന്റെ സാക്ഷ്യമാണിത്.


നാരായണ ഗുരുവിന്റെ സാന്നിധ്യത്തില്‍, അദ്ദേഹത്തിന്റെ പൂര്‍ണ്ണ നിര്‍ദേശങ്ങള്‍ ചെവിക്കൊണ്ടായിരുന്നു സര്‍വമത സമ്മേളനത്തില്‍ സത്യവ്രത സ്വാമികളുടെ സ്വാഗത പ്രസംഗം. ഗുരുവിന്റെയും താനടക്കമുള്ള നാരായണീയരുടെയും മതം എന്താണെന്നു സത്യവ്രത സ്വാമികള്‍ തന്റെ പ്രസംഗത്തില്‍ വിശദമാക്കുകയും ചെയ്തു.

'ഒരൊറ്റ മത'മെന്നാല്‍ ഹിന്ദു മതമാണോ?


'ഒരൊറ്റ മതം' എന്ന നാരായണഗുരുവിന്റെ ആശയത്തില്‍ നിന്നായിരുന്നു സര്‍വമത സമ്മേളനത്തിന്റെ തുടക്കം. 1922 മുതല്‍ ഗുരു ഈ ആശയം ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനെക്കുറിച്ചുതന്നെ ആലോചിച്ചു കൊണ്ടിരുന്നു. അങ്ങനെയാണ് ഗുരുവിന് സര്‍വമത സമ്മേളനമെന്ന ആശയം തെളിഞ്ഞത്. സമ്മേളനത്തിന് അവസരമൊത്തത് 1924-ല്‍. ജാതി-മത സങ്കല്‍പങ്ങള്‍ക്കതീതമായി ഗുരു കണ്ടിരുന്ന ആലുവ അദ്വൈതാശ്രമം സമ്മേളന വേദിയായും പ്രഖ്യാപിച്ചു.

ആലുവ ശിവരാത്രിക്കും പിറ്റേന്നുമായിട്ടായിരുന്നു സമ്മേളനം. സത്യവ്രത സ്വാമികളെ മുഖ്യ സംഘാടകനായി നിര്‍ദേശിച്ചതും ഗുരു. സഹോദരന്‍ അയ്യപ്പനും സിവി കുഞ്ഞുരാമനും ടികെ മാധവനും കൂടെ സംഘാടകര്‍.

സമ്മേളന മുദ്രാവാക്യവും ഗുരു നിര്‍ദേശിച്ചു:

'വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനും'.

ഗുരുവിന്റെ ഇരിപ്പിടം വേദിയില്‍ ഓരത്ത്

തിരുവിതാംകൂറിലും മദ്രാസിലും ഹൈക്കോടതികളില്‍ ന്യായാധിപനായിരുന്ന ടി സദാശിവ അയ്യരായിരുന്നു ചര്‍ച്ചാ സമ്മേളനത്തില്‍ അധ്യക്ഷന്‍. ആര്യസമാജത്തെ പണ്ഡിറ്റ് ഋഷി റാമും ബ്രഹ്മ സമാജത്തെ സ്വാമി ശിവപ്രസാദും ഇസ്ലാം മതത്തെ മുഹമ്മദ് മൗലവിയും ക്രിസ്തുമതത്തെ കെകെ കുരുവിളയും പ്രതിനിധീകരിച്ചു. സിലോണില്‍ നിന്നൊരു ഭിക്ഷു ബുദ്ധമതത്തെ പ്രതിനിധാനം ചെയ്തു.

ഇവരെല്ലാം അധ്യക്ഷന്റെ ഇരുവശങ്ങളിലായി ഇരുന്നപ്പോള്‍ ഗുരു ഇരുന്നത് വേദിയുടെ വലതുഭാഗത്ത്, ഒരു അരികില്‍!

ഗുരു 'തയ്യാറാക്കിയ' സ്വാഗത ഭാഷണം

ആദ്യം സത്യവ്രത സ്വാമികളുടെ സ്വാഗത പ്രഭാഷണം. ഗുരു വ്യക്തിപരമായി നിര്‍ദേശിച്ചതനുസരിച്ച് തയ്യാറാക്കിയതായിരുന്നു സ്വാഗത പ്രസംഗം.

ഗുരുവില്‍ നിന്ന് അനുഗ്രഹം തേടി അധ്യക്ഷന്‍ നടപടികള്‍ തുടങ്ങി. ഓരോരുത്തരും അവരവരുടെ മതദര്‍ശനങ്ങള്‍ വെളിവാക്കി.

ഒടുവില്‍ ഗുരുവിന്റെ സന്ദേശഭാഷണം

അതില്‍ ഇങ്ങനെ പറഞ്ഞു: ''ഈ മഹാസമ്മേളനത്തില്‍ നടത്തപ്പെട്ട പ്രഭാഷണങ്ങള്‍ വെളിപ്പെടുത്തുന്നത് ഇതാണ് - എല്ലാ മതങ്ങളുടെയും ആത്യന്തിക ലക്ഷ്യം ഒന്നാണെന്നും, വിവിധ മതാനുയായികള്‍ തമ്മില്‍ത്തമ്മില്‍ തര്‍ക്കം വേണ്ടതില്ലെന്നും. അതിനാല്‍, ശിവഗിരിയില്‍ നാം സ്ഥാപിക്കാനുദ്ദേശിക്കുന്ന മത മഹാ പാഠശാലയില്‍ എല്ലാ മതങ്ങളുടെയും തത്വങ്ങള്‍ പഠിപ്പിക്കാന്‍ ഏര്‍പ്പാടു ചെയ്യും. സ്ഥാപനം ആരംഭിക്കാനും നടത്തിപ്പിനും വേണ്ടിവരുമെന്നു പ്രതീക്ഷിക്കുന്ന അഞ്ചു ലക്ഷം രൂപ പൊതുജനങ്ങളില്‍നിന്നു സമാഹരിക്കും. എല്ലാവരില്‍നിന്നും ഇതിന് എല്ലാ സഹായങ്ങളും പ്രതീക്ഷിക്കുന്നു'.

പറയുന്നത് സത്യവ്രതനല്ല, ഗുരു തന്നെ

ഗുരുവിന്റെ സന്ദേശ പ്രഭാഷണം വായിച്ചതും സത്യവ്രത സ്വാമികള്‍! സമ്മേളനത്തിന് തുടക്കം കുറിച്ച് സംസാരിച്ച അതേയാള്‍. ഗുരു നടത്തിയ ഉപസംഹാര പ്രസംഗം സത്യവ്രത സ്വാമികളുടെ ആമുഖ ഭാഷണത്തിന്റെ അനുബന്ധം മാത്രമായിരുന്നത്രേ!

ആ നിലക്ക് നാരായണീയരുടെ മതത്തെപ്പറ്റി ഗുരുവിന് പറയാനുള്ളതെല്ലാം സത്യവ്രത സ്വാമികളുടെ പ്രസംഗത്തില്‍ സംഗ്രഹിപ്പിക്കപ്പെട്ടിട്ടുണ്ടെന്ന് കരുതാം. എന്തൊക്കെയാണതിന്റെ ചുരുക്കം?

ഹിന്ദുമതം: ഗുരു പറഞ്ഞതും ബിജെപി കേട്ടതും


നാരായണ ഗുരുവിനെ സ്വന്തമാക്കാനുള്ള ബിജെപിയുടെ നീക്കങ്ങള്‍ മുന്നില്‍ക്കണ്ടിട്ടെന്ന പോലെയാണ് സത്യവ്രത സ്വാമികള്‍ ഗുരുവിനു പറയാനുള്ളത് വ്യക്തമാക്കുന്നത്. അവ ചുരുക്കത്തില്‍ ഇങ്ങനെയാണ്:

1. ഗുരു ഒരു ഹിന്ദുവായി ജനിച്ചു, മറ്റുള്ളവരുടെ ദൃഷ്ട്യാ ഒരു ഹിന്ദുവായി ജീവിക്കുന്നു. എങ്കിലും അഹിന്ദു മതസിദ്ധാന്തങ്ങളെയും ഗ്രഹിക്കാവുന്നിടത്തോളം ഗ്രഹിച്ചു. സകല മതങ്ങളുടെയും പരമോദ്ദേശ്യം ഒന്നുതന്നെയെന്നും ഏതു മനുഷ്യനെയും ലോകത്തിന് ഉപകാരമുള്ള ഉത്തമ പൗരനാക്കിത്തീര്‍ക്കാന്‍ ഏതു മതത്തിനും ശക്തിയുണ്ടെന്നു അറിഞ്ഞ് സ്വശിഷ്യന്മാരോടും സ്വഭക്തന്മാരോടും അത് ഉപദേശിച്ചു വരികയാണ്.
(ഈ ഉപദേശം ചെവിക്കൊള്ളുന്ന നാരായണീയരില്‍ പെടുമോ ബിജെപിയുടെ സൈദ്ധാന്തികരെങ്കിലും? 'ഗുരു ഉയര്‍ത്തിയ ചിന്തകള്‍ക്ക് സ്വീകാര്യത വര്‍ധിക്കുന്നതുകണ്ട് അദ്ദേഹത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നവരെ'ന്ന ബിജെപി ഫെയ്‌സ്ബുക് പോസ്റ്റിലെ ആക്ഷേപം ബിജെപിക്കും ബാധകമാവുന്നതായി തോന്നുന്നില്ല?)

2. അധ്യാത്മകാര്യമാവേണ്ട മതത്തെ സമുദായകാര്യമാക്കുന്നവര്‍ മതങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കുന്നവരാണ്.
(ഇന്നത്തെ സാഹചര്യത്തില്‍ പറഞ്ഞാല്‍, മതത്തെ രാഷ്ട്രീയ കാര്യമാക്കുന്നവര്‍ എന്നര്‍ത്ഥം. ബിജെപിക്ക് നന്നായി ചേരും!)

3. മഹാത്മാക്കള്‍ കണ്ടുപിടിച്ച അധ്യാത്മതത്വങ്ങളെയും മോക്ഷമാര്‍ഗ്ഗങ്ങളെയും, കൊണ്ടുനടക്കുന്ന ബുദ്ധിമാന്മാര്‍ അവയെ ആദായകരങ്ങളായ വാണിജ്യ സാധനങ്ങളാക്കുന്നു.
(ഇന്ന് ഈ ബുദ്ധിമാന്മാരെ ബിജെപി അടക്കമുള്ള മത രാഷ്ട്രീയക്കാരെന്നു വിളിച്ചുകൂടേ?)

4. പുരോഹിതാധികാരവും രാജാധികാരവും ലയിച്ചിരിക്കുന്നത് ആപല്‍ക്കരമെന്നു മനസ്സിലാക്കി ആധുനിക പരിഷ്‌കൃത ജനസമുദായങ്ങളെല്ലാം ആ രണ്ടധികാരങ്ങളെയും വേര്‍പെടുത്തി. മതവിഷയമായ കാര്യങ്ങളില്‍ ഗവണ്‍മെന്റുകള്‍ നിഷ്പക്ഷനില അനുവര്‍ത്തിക്കണമെന്നത് നവീന രാജ്യമീമാംസയിലെ നിഷ്‌കര്‍ഷയേറിയ സിദ്ധാന്തമായി. മത സമരങ്ങള്‍ മൂലമുള്ള അനര്‍ത്ഥങ്ങളില്‍ നിന്ന് മനുഷ്യജാതിക്ക് അങ്ങനെ മോചനം ലഭിച്ചു.
(ഗുരുവും സത്യവ്രത സ്വാമികളും വിശ്വാസം പുലര്‍ത്തുന്ന 'സെക്കുലറിസം' എന്ന ഈ ആശയത്തില്‍ ബിജെപി വിശ്വസിക്കുന്നുണ്ടോ? 'ഹിന്ദു രാഷ്ട്ര'മാണ് ഗുരുവും ഇപ്പറഞ്ഞതിലൂടെ ആഗ്രഹിക്കുന്നതെന്ന് ബിജെപി എപ്പോഴെങ്കിലും പറയുമോ?)

5. ഇപ്പോഴത്തെ മത മത്സരരീതി അസുഖകരമായ മറ്റൊരു വഴിക്കായി തീര്‍ന്നിട്ടുണ്ട്. മതപരിവര്‍ത്തന സംരംഭം കൊണ്ടുള്ള അസുഖം ഇന്ത്യയില്‍ ഹിന്ദുക്കള്‍ മാത്രം അനുഭവിച്ചിരുന്നത് മതാഭിമാനികളായ ചില ഹൈന്ദവ നേതാക്കളുടെ ഉത്സാഹത്താല്‍ ഇപ്പോള്‍ അഹിന്ദുക്കളും അനുഭവിച്ചു തുടങ്ങിയിരിക്കുന്നു. തത്വജ്ഞാനത്തിന് ഇത്ര അഭിവൃദ്ധിയുണ്ടായിട്ടും എല്ലാ മതക്കാര്‍ക്കും മതപരിവര്‍ത്തനത്തിനു തുനിയുന്നതിന്റെ യഥാര്‍ത്ഥ കാരണം രസാവഹമാണ്.
(ആദിവാസികളെപ്പോലും ഹിന്ദുക്കളാക്കുന്ന ഘര്‍ വാപസിയും ഗുരു ഇപ്പറഞ്ഞത് കേട്ടിട്ടാണെന്നു വരുമോ! മതാഭിമാനികളായ നേതാക്കളെന്നു ഗുരു വിശേഷിപ്പിക്കുന്നതിലെ പരിഹാസം ബിജെപിക്ക് മനസ്സിലാവില്ലെന്നുണ്ടോ?)

6. ജ്ഞാനോപദേശം ചെയ്കയെന്നുള്ളിടത്തോളം കൊണ്ട് മതപണ്ഡിതരുടെ ജോലി അവസാനിച്ചിരുന്നെങ്കില്‍ മത നിമിത്തമായുള്ള ഭിന്നിപ്പുകള്‍ ഇന്നു ജനസമുദായത്തില്‍ ഇത്രമാത്രം അസ്വാസ്ഥ്യ കാരണമാകില്ലായിരുന്നു.
(ബാബാ രാംദേവും സാധ്വി റിതംബരയും മുതലുള്ളവര്‍ ചെയ്യുന്നതൊക്കെയും ജ്ഞാനോപദേശമാണെന്നു ഗുരു വചനങ്ങളില്‍ നിന്നു ബിജെപിക്ക് വ്യാഖ്യാനിക്കേണ്ടി വരുമോ!)

7. ഹിന്ദുവിന്റെ ജ്ഞാനവും ബുദ്ധന്റെ കരുണയും മുഹമ്മദിന്റെ സാഹോദര്യവും ചേര്‍ന്നെങ്കിലല്ലാതെ ലോകശാന്തിക്ക് ഉപയുക്തമായ മനുഷ്യജാതിയുടെ മതം പൂര്‍ണ്ണമാവില്ലെന്നാണ് ശ്രീനാരായണ പരമഹംസന്‍ സിദ്ധാന്തിക്കുന്നത്.
(മനുഷ്യ ജാതിയുടെ മതം ഏതെങ്കിലുമൊരു മതമല്ലെന്ന് ഇതിലേറെ വ്യക്തമായി പറയാനുണ്ടോ? ഇങ്ങനെ പറയുന്നൊരാള്‍ ഹിന്ദു സന്യാസിയെന്നു വിശേഷിപ്പിക്കപ്പെടാന്‍ ഏതെങ്കിലും സമയത്ത് ആഗ്രഹിച്ചു കാണുമോ?)

(കടപ്പാട്: മൗനപ്പൂന്തേൻ / എഡി. ശ്യാം ബാലകൃഷ്ണൻ / ഏകലോക സർവകലാശാല പ്രസാധനം)

Read More >>