സൗമ്യ വധക്കേസ്: സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്നു കോടിയേരി

ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബലാത്സംഗ കുറ്റം അംഗീകരിച്ച കോടതി എന്തുകൊണ്ട് കൊലപാതകം അംഗീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാകും സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കുക.

സൗമ്യ വധക്കേസ്: സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്നു കോടിയേരി

തിരുവനന്തപുരം: സൗമ്യ വധക്കേസ് പ്രതി ഗോവിന്ദ ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയതിനു തൊട്ടു പിന്നാലെ ഡിവിഷന്‍ ബെഞ്ചിന്റെ വിധിക്ക് എതിരെ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കണമെന്ന നിര്‍ദ്ദേശവുമായി സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗതെത്തി. ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബലാത്സംഗ കുറ്റം അംഗീകരിച്ച കോടതി എന്തുകൊണ്ട് കൊലപാതകം അംഗീകരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാകും സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കുക.


ഗോവിന്ദച്ചാമിക്ക് ഏഴ് വര്‍ഷം തടവ് ശിക്ഷയാണ് സുപ്രീംകോടതി വിധിച്ചിരിക്കുന്നത്. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. ശാസ്ത്രീയമായ തെളിവുകള്‍ മാത്രം പരിഗണിക്കാനാവില്ലെന്ന് നിരീക്ഷിച്ച കോടതി സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് വധശിക്ഷ റദ്ദാക്കിയത്.

ബലാത്സംഗത്തിന് മാത്രമാണ് കോടതി ശിക്ഷിച്ചത്. കൊലപാതകം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു. സാഹചര്യതെളിവുകള്‍ മാത്രമായിരുന്നു പ്രോസിക്യൂഷന്റെ അടിസ്ഥാനമെന്നും സൗമ്യയെ തള്ളിയിട്ടത് ഗോവിന്ദചാമിയാണെന്ന് പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞില്ലെന്നുമായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.