ചാര്‍ളിയില്‍ തുടങ്ങി കൃഷ്ണന്‍ വഴി ഗോവിന്ദ ചാമി വരെ; എല്ലാം ഒരാള്‍ തന്നെ

ചാര്‍ളി, കൃഷ്ണന്‍, രാജ, രമേഷ് തുടങ്ങി ഗോവിന്ദ ചാമിവരെയായി ഇയാള്‍ ജീവിച്ചത് കൊള്ളയും കൊലപാതകവുമൊക്കെ ചെയ്താണ്.

ചാര്‍ളിയില്‍ തുടങ്ങി കൃഷ്ണന്‍ വഴി ഗോവിന്ദ ചാമി വരെ; എല്ലാം ഒരാള്‍ തന്നെ

ചാര്‍ളിയില്‍ തുടങ്ങി കൃഷ്ണന്‍ വഴി ഗോവിന്ദ ചാമിവരെ... പണത്തിനുവേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്തവന്‍. അതാണ്‌ വിവിധ സ്ഥലങ്ങളില്‍ വിവിധ പേരുകളില്‍ അറിയപ്പെടുന്ന ഗോവിന്ദ ചാമിയുടെ ഒറ്റവരി ചരിത്രം. ചാര്‍ളി, കൃഷ്ണന്‍, രാജ, രമേഷ് തുടങ്ങി ഗോവിന്ദ ചാമിവരെയായി ഇയാള്‍ ജീവിച്ചത് കൊള്ളയും കൊലപാതകവുമൊക്കെ ചെയ്താണ്.

സൗമ്യ വധക്കേസിലൂടെ ചാമി കേരളത്തില്‍ വെറുക്കപ്പെട്ടവനാകും മുന്‍പേ തന്നെ ഇയാള്‍ തമിഴ് നാട്ടില്‍ കുപ്രസിദ്ധി നേടിയിരുന്നു. സേലം, പഴനി, ഈറോഡ്, കടലൂര്‍, തിരുവള്ളൂര്‍, താമ്പരം എന്നിവിടങ്ങളിലെ കോടതികളില്‍നിന്നെല്ലാം ശിക്ഷ ലഭിച്ചിട്ടുള്ള ചാമി പണത്തിനു വേണ്ടി എന്തും ചെയ്യാന്‍ തയ്യാറാകും.


മുന്‍പ് തീവണ്ടിയില്‍ യാത്രക്കാരിയെ ഉപദ്രവിച്ച് പണം കവര്‍ച്ച ചെയ്ത കേസില്‍ സേലം കോടതിയില്‍ വിചാരണ നടക്കുമ്പോള്‍ ജാമ്യത്തിലിറങ്ങി ഒളിവില്‍പോയ ഗോവിന്ദ ചാമിയെ പിന്നീട് പോലീസ് പിടിക്കുന്നത്  തീവണ്ടിയില്‍ വച്ചു സൗമ്യ എന്ന പെണ്‍കുട്ടിയെ ക്രൂരമായി ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയെന്ന കുറ്റത്തിനാണ്. ഈ കാലയളവില്‍ ഇത്തരം അതിക്രമങ്ങളെ ചെറുക്കാന്‍ ട്രെയിനില്‍ എന്ത് സുരക്ഷാ നടപടികള്‍ സ്വീകരിച്ചുവെന്ന ചോദ്യം ഇവിടെ പ്രസക്തമാണ്.  


തമിഴ്നാട് കടലൂര്‍ ജില്ലയില്‍ വിരുതാചലം, സമത്വപുരം, ഐവതക്കുടി സ്വദേശിയാണ് പ്രതി ഗോവിന്ദച്ചാമി. കരസേനയില്‍നിന്ന് വിരമിച്ചയാളുടെ മകനാണ്. അമ്മയും അച്ഛനും ഇപ്പോള്‍ ജീവിച്ചിരുപ്പില്ല. ഗോവിന്ദച്ചാമിയുടെ ഏകബന്ധുവായി പോലീസ് രേഖകളിലുള്ളത് സഹോദരന്‍ സുബ്രഹ്മണിയാണ്. ഇയാള്‍ സേലം ജയിലില്‍ ശിക്ഷ അനുഭവിച്ചുവരികയാണ്.

ഗോവിന്ദച്ചാമിയില്‍നിന്ന് ശേഖരിച്ച വിലാസപ്രകാരമാണ് പോലീസ് ആദ്യം തമിഴ്നാട്ടില്‍ പരിശോധനയ്ക്കു ചെന്നത്. എന്നാല്‍, വിലാസം വ്യാജമായിരുന്നു. പിന്നീട് ഗോവിന്ദച്ചാമിയുടെ രേഖാചിത്രം കാണിച്ച് സേലം പോലീസ് വഴി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ കേരള പോലീസിന് ലഭിച്ചത്.

സേലം, ഈറോഡ് റെയില്‍വേ സ്റ്റേഷനുകളിലെ സ്ഥിരം മോഷ്ടാവായി പോലീസ് ഗോവിന്ദച്ചാമിയെ അടയാളപ്പെടുത്തിയതോടെയാണ് ചാമി എറണാകുളം, ഷൊറണൂര്‍ ഭാഗങ്ങളിലേയ്ക്ക് വന്നതെന്ന് പോലീസ് പറയുന്നു.