ഗൂഗിളിനു പ്രായപൂര്‍ത്തിയായി...

ഗൂഗിളിനു ഓരോ വര്‍ഷവും ഓരോ പിറന്നാള്‍ ദിവസം...

ഗൂഗിളിനു പ്രായപൂര്‍ത്തിയായി...

ലോകത്തെ നമ്മുടെ വിരൽ തുമ്പിലേക്കു ചുരുക്കിയ ഗൂഗിളിന് ഇന്നു ഔദ്യോഗികമായി 18 വയസ്സ് തികയുന്നു. ഇൻറർനെറ്റ് വെബ് അധിഷ്ടിത സേവനങ്ങളിലൂടെ നമ്മുടെ ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി കഴിഞ്ഞ ഗൂഗിള്‍, അമേരിക്കൻ കമ്പനിയാണ്. ഇന്ത്യക്കാരനായ  സുന്ദർ പിച്ചൈയാണു ഗൂഗിളിന്റെ ഇപ്പോഴത്തെ മേധാവി.

ലോകത്തിലെ ഏറ്റവും വിശാലമായ ഇന്റർനെറ്റ് തിരച്ചിൽ സംവിധാ‍നമായ ഗൂഗിൾ ലോകത്തെ വിവിധ കോണുകളില്‍ നിന്നും അറിവുകൾ ശേഖരിച്ച് സാർവ്വ ദേശീയമായി എത്തിക്കാന്‍ തുടങ്ങിയിട്ട് ഇന്നു 18 വര്‍ഷം തികയുകയാണ്.


2004 ല്‍ സെപ്റ്റംബര്‍ 7നും അതിനു മുന്‍പത്തെ വര്‍ഷങ്ങളില്‍ സെപ്റ്റംബര്‍ 8നുമാണ് ഗൂഗിള്‍ പിറന്നാള്‍ ആഘോഷിച്ചത്. 2006ല്‍  സെപ്റ്റംബര്‍ 26നാണ് ഗൂഗിള്‍ അവരുടെ പിറന്നാള്‍ ആഘോഷിച്ചിരുന്നത്. എന്നാല്‍ 2007 മുതല്‍ അതു സെപ്റ്റംബര്‍ 27ലേക്ക് മാറി. 2002 മുതല്‍ പ്രത്യേക ഡൂഡില്‍ പുറത്തിറക്കിയാണു ഗൂഗിള്‍ പിറന്നാളിന്റെ വരവറിയിക്കുന്നത്.

സ്റ്റാൻ‌ഫോർഡ് സർവ്വകലാശാലയിലെ പിഎച്ച്ഡി വിദ്യാർത്ഥികളായിരുന്ന ലാറി പേജ്,  സെർജി ബ്രിൻ എന്നിവരുടെ ഗവേഷണ വിഷയമെന്ന നിലയ്ക്കാണ് ഗൂഗിൾ രൂപകല്‍പ്പന ചെയ്യപ്പെടുന്നത്. ഒരാൾ തിരയുന്ന പദം എത്ര തവണ പേജിലുണ്ട് എന്നു നോക്കുകയെന്നതിനപ്പുറം  വെബ്‌സൈറ്റുകളുടെ സ്വഭാവത്തിനനുസരിച്ച് തിരയൽ ക്രമീകരിക്കാമോ എന്ന പരീക്ഷണമാണ് ഇവര്‍ നടത്തിയത്.  പരീക്ഷണങ്ങൾ ഫലപ്രാപ്തിയിലെത്തിയതോടെ 1997 സെപ്റ്റംബർ 15ന്
ഗൂഗിൾ
എന്ന ഡൊമെയിൻ നാമം രജിസ്റ്റർ ചെയ്യപ്പെട്ടു.

അപ്രതീക്ഷിതമായ ഒരു അക്ഷരപ്പിശകിൽ നിന്നും പിറവിയെടുത്തതാണ് 'ഗൂഗിൾ' എന്ന പേര്. ഒന്നിനു ശേഷം നൂറു പൂജ്യങ്ങൾ വരുന്ന സംഖ്യയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഗൂഗൾ (googol) എന്ന പദം സെർച്ച് എൻ‌ജിന്റെ പേരാക്കാനായിരുന്നു സ്ഥാപകരുടെ ലക്ഷ്യം. ഗണിത ശാസ്ത്രജ്ഞരുടെ ഇടയിൽ പ്രചരിച്ചിരുന്ന ഈ പദം തന്നെ തങ്ങളുടെ സെർച്ച് എൻ‌ജിനു പേരായി നൽകാം എന്നായിരുന്നു ലാറി പേജിന്‍റെയും സെർജി ബ്രിൻന്‍റെയും ചിന്ത.  എണ്ണിയാലൊടുങ്ങാത്ത വിവരങ്ങൾ നല്‍കുന്ന സര്‍ച്ച് എഞ്ചിന്‍ എന്ന ആശയമാണ് അവര്‍ കരുതി വച്ചത്.  എന്നാൽ അവർ അതെഴുതി വന്നപ്പോള്‍ അക്ഷരപ്പിശകു സംഭവിച്ചു. അങ്ങനെ ഗൂഗളിനു പകരം ഗൂഗിൾ രൂപമെടുത്തു.

ഈ അക്ഷരപ്പിശക് മറ്റാര്‍ക്കും സംഭവിക്കാതിരിക്കാന്‍ ഗൂഗിൾ എന്ന് ടൈപ് ചെയ്യുമ്പോൾ വന്നുപോയേക്കാവുന്ന അക്ഷരപ്പിശകുകളുടെ ഫലങ്ങളെല്ലാം ഡൊമെയ്ൻ പദങ്ങളായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അതായതു gogle.com, googel.com എന്നിങ്ങനെ തെറ്റായി ടൈപ് ചെയ്താലും ചെന്നെത്തുന്നത് ഗൂഗിളിൽ തന്നെയായിരിക്കും.

ഡൊമൈന്‍ രജിസ്റ്റര്‍ ചെയ്ത് ഒരു വർഷത്തിനകം കാലിഫോർണിയയിൽ  സുഹൃത്തിന്റെ ഗാരേജിൽ ലാറിയും സെർജിയും  കമ്പനിയുടെ പ്രവർത്തനമാരംഭിച്ചു. 1999 സെപ്റ്റംബർ 21 വരെ ഗൂഗിൾ സെർച്ച് ബീറ്റാ വെർഷനിലായിരുന്നു പ്രവർത്തിച്ചത്. ഇന്റർനെറ്റ് ഉപഭോക്താക്കളുടെ ഇടയിൽ ഗൂഗിൾ പെട്ടെന്നു പ്രശസ്തമായി. 2000-ൽ സെർച്ച് കീ വേർഡിനനുസരിച്ച് ഗൂഗിളിൽ പരസ്യങ്ങൾ നൽകാൻ തുടങ്ങി. ഗൂഗിളിന്റെ വരുമാനവും ഇതോടെ കുതിച്ചുയർന്നു.

2015 ഓഗസ്റ്റ് 10 -ന് ഗൂഗിൾ പല കമ്പനികളായി വിഭജിച്ചു. അങ്ങനെ ആൽഫബെറ്റ് എന്നു  പേരിട്ട പുതിയ കമ്പനിയിലെ ഉപകമ്പനിയായി ഗൂഗിൾ.

Story by
Read More >>