നോര്‍വേയെ തകര്‍ത്ത് ന്യൂയറുടെ ജര്‍മ്മനിക്കു തകര്‍പ്പന്‍ ജയം

യോഗ്യതാ റൗണ്ടിലെ മറ്റു മത്സരങ്ങളില്‍ ചെക്ക് റിപ്പബ്ലിക്കും നോര്‍ത്തേണ്‍ അയര്‍ലണ്ടും തമ്മിലുള്ള മത്സരം ഗോള്‍ രഹിത സമനിലയിലും റൊമാനിയയും മോണ്ടെനെഗ്രോയും തമ്മിലുള്ള മത്സരം 1 - 1 എന്ന സ്‌കോറില്‍ സമനിലയിലും കലാശിച്ചു

നോര്‍വേയെ തകര്‍ത്ത് ന്യൂയറുടെ ജര്‍മ്മനിക്കു തകര്‍പ്പന്‍ ജയം

ഒസ്ലോ: ബയേണ്‍ മ്യൂണിച്ച് താരം തോമസ് മുള്ളറുടെ ഇരട്ട ഗോളിന്റെയും ജോഷ്വ കിമ്മിച്ചിന്റെ ആദ്യ അന്താരാഷ്ട്ര ഗോളിന്റെയും പിന്‍ബലത്തില്‍ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തിനിറങ്ങിയ ജര്‍മ്മനിക്കു നോര്‍വെക്കെതിരെ എതിരില്ലാത്ത മൂന്നു ഗോളുകളുടെ തകര്‍പ്പന്‍ ജയം. ബാസ്റ്റിന്‍ ഷൈ്വന്‍സ്റ്റീഗറുടെ വിരമിക്കലിനു ശേഷം ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ഗോള്‍ കീപ്പര്‍ മാന്വല്‍ ന്യൂയറുടെ ആദ്യവിജയം കൂടിയാണിത്. രണ്ടു വര്‍ഷം മുന്‍പു ബ്രസീലില്‍ ഉയര്‍ത്തിയ ലോകകപ്പു വീണ്ടും തങ്ങള്‍ക്കു നേടാനാകുമെന്ന ആത്മവിശ്വാസത്തോടെയാണു നോര്‍വെയ്ക്കെതിരെ ജോക്വിം ലോയുടെ കുട്ടികള്‍ കളത്തില്‍ നിറഞ്ഞത്.


കളി തുടങ്ങിയ ശേഷം 15-ആം മിനിറ്റില്‍ തന്നെ മുള്ളര്‍ ജര്‍മ്മനിയെ മുന്നിലെത്തിച്ചു. നോര്‍വേ പെനാല്‍റ്റി ബോക്സിലേക്കു ഓസില്‍ നല്‍കിയ അപകടം നിറഞ്ഞ പാസ് ക്ലിയര്‍ ചെയ്യുന്നതില്‍ ഡിഫന്‍ഡര്‍മാര്‍ പരാജയപ്പെട്ടു. ഈ അവസരം മുതലെടുത്താണ് ഗോളി ജാര്‍സ്റ്റൈനെ കബളിപ്പിച്ചു മുള്ളര്‍ പന്ത് വലയ്ക്കുള്ളിലാക്കിയത്.
ആദ്യപകുതിയില്‍ കളി അവസാനിക്കാനിരിക്കെ 45-ആം  മിനിറ്റില്‍ ജോഷ്വ കിമ്മിച്ചിന്റെ വക അടുത്ത ഗോളും പിറന്നു. ഓസില്‍ മുള്ളര്‍ക്ക് നല്‍കിയ പന്ത് 21-ആം നമ്പര്‍ ജഴ്സിയില്‍ കളിക്കുന്ന 21 വയസുകാരന്‍ ജോഷ്വായ്ക്ക് നല്‍കിയപ്പോള്‍ അത് മറ്റൊരു ഗോളായി മാറി. ഈ സമയം പോസ്റ്റിന്റെ ഒരു മൂലയ്ക്ക് കാഴ്ച്ചക്കാരനായി നില്‍ക്കാനേ നോര്‍വീജിയന്‍ ഗോളിക്ക് കഴിഞ്ഞുള്ളൂ.

ഇടവേളയ്ക്ക് ശേഷം കളി പുനരാരംഭിച്ചപ്പോള്‍ നോര്‍വേയ്ക്ക് പന്ത് തൊടാന്‍ കൊടുക്കാതെയാണ് ജര്‍മനി 60-ആം മിനിറ്റില്‍ മുള്ളറിലൂടെ അടുത്ത ഗോള്‍ നേടിയത്. ഏകദേശം 50 ഓളം പാസുകള്‍ കൈമാറിയ ശേഷം സമി ഖെദീര, തോമസ് മുള്ളര്‍ക്ക് കൈമാറിയ പാസ് ഒരു ചര്യ പോലെ വലയ്ക്കുള്ളിലാക്കുകയായിരുന്നു. പിന്നീടും ഒട്ടേറെ ഗോള്‍ അവസരങ്ങള്‍ ജര്‍മനിക്ക് അനുകൂലമായി പിറന്നെങ്കിലും നോര്‍വേ സര്‍വശക്തിയുമെടുത്ത് പ്രതിരോധിച്ചു. എന്നാല്‍ ആതിഥേയര്‍ കൂടിയായ നോര്‍വേക്ക് ഒരു തവണ മാത്രമാണ് ജര്‍മന്‍ ഗോള്‍മുഖത്തേക്ക് പന്ത് പായിക്കാന്‍ കഴിഞ്ഞത്. 4 - 5 - 1 എന്ന ലൈനപ്പിലായിരുന്നു ഇരുടീമുകളും കളത്തിലിറങ്ങിയത്.
യൂറോപ്യന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ മറ്റു മത്സരങ്ങളില്‍ ചെക്ക് റിപ്പബ്ലിക്കും നോര്‍ത്തേണ്‍ അയര്‍ലണ്ടും തമ്മിലുള്ള മത്സരം ഗോള്‍ രഹിത സമനിലയിലും റൊമാനിയയും മോണ്ടെനെഗ്രോയും തമ്മിലുള്ള മത്സരം 1 - 1 എന്ന സ്‌കോറില്‍ സമനിലയിലും കലാശിച്ചു. മാള്‍ട്ടയെ സ്‌കോട്ട്ലന്‍ഡ് ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്തു.

Read More >>