ഹരിയാന: ആയുധം കൈവശം വെക്കാനുള്ള ലൈസന്‍സ് ആവശ്യപ്പെട്ട് ഗോരക്ഷാ പ്രവര്‍ത്തകര്‍

ആയുധം കൈവശമുള്ള പശുക്കടത്തുകാരില്‍ നിന്നും ഭീഷണിയുണ്ടെന്നും ഇവരെ നേരിടാന്‍ ആയുധം വേണമെന്നുമാണ് ഗോ രക്ഷാ പ്രവര്‍ത്തകരുടെ ന്യായം.

ഹരിയാന: ആയുധം കൈവശം വെക്കാനുള്ള ലൈസന്‍സ് ആവശ്യപ്പെട്ട് ഗോരക്ഷാ പ്രവര്‍ത്തകര്‍

ഗുര്‍ഗോണ്‍: ആയുധം കൈവശം വെക്കാനുള്ള ലൈസന്‍സ് ആവശ്യപ്പെട്ട് ഹരിയാനയിലെ ഗോ രക്ഷാ പ്രവര്‍ത്തകര്‍. സുരക്ഷാ കാരണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഗോ രക്ഷാ പ്രവര്‍ത്തകര്‍ ലൈസന്‍സിന് ആവശ്യപ്പെട്ടിരിക്കുന്നത്.

ആയുധം കൈവശമുള്ള പശുക്കടത്തുകാരില്‍ നിന്നും ഭീഷണിയുണ്ടെന്നും ഇവരെ നേരിടാന്‍ ആയുധം വേണമെന്നുമാണ് ഗോ രക്ഷാ പ്രവര്‍ത്തകരുടെ ന്യായം.

രാത്രികാലങ്ങളില്‍ പശുവുമായി പോകുന്നവരെ തടയുമ്പോള്‍ ആയുധവുമായി തങ്ങളെ ആക്രമിക്കുന്നുവെന്നും നിരവധി തവണ വെടിയുണ്ടകളെ നേരിട്ടെന്നുമാണ് ഗോ സംരക്ഷകര്‍ പറയുന്നത്.

ഹരിയാനയില്‍ പശുവിനെ കടത്തുന്നവര്‍ ആയുധധാരികളാണെന്നും അതിനാല്‍ ആയുധം കൈവശം വെക്കാനുള്ള ലൈസന്‍സ് വേണമെന്നും ഹരിയാനയിലെ ഗോ രക്ഷക് ഗ്രൂപ്പ് നേതാവ് ധര്‍മേന്ദ്ര യാദവ് പറഞ്ഞു. പോലീസ് സംരക്ഷണവും ആവശ്യപ്പെട്ടതായി ധര്‍മേന്ദ്ര യാദവ് അറിയിച്ചു.

ഒരു വര്‍ഷം മുമ്പാണ് യാദവ് ലൈസന്‍സിനായി അപേക്ഷിച്ചത്. ഇതുവരെ ലഭിക്കാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ കണ്ട് സഹായമഭ്യര്‍ത്ഥിക്കാനാണ് നേതാവിന്റെ തീരുമാനം.