പുറത്തുവന്ന കെ ബാബുവിന്റെ അഴിമതി ചെറുത്; തെളിയാനിരിക്കുന്നത് വന്‍ അഴിമതിക്കഥകള്‍: പിഡബ്ല്യൂഡി അഴിമതിയുടെ സൂചനകള്‍ നല്‍കി ഗണേഷ്‌കുമാര്‍

വലിയ അഴിമതിയാണ് പിഡബ്ല്യൂഡിയില്‍ നടന്നിട്ടുള്ളതെന്നും വരും ദിവസങ്ങളില്‍ ഇത് പുറത്തുവരുമെന്നും കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു.

പുറത്തുവന്ന കെ ബാബുവിന്റെ അഴിമതി ചെറുത്; തെളിയാനിരിക്കുന്നത് വന്‍ അഴിമതിക്കഥകള്‍: പിഡബ്ല്യൂഡി അഴിമതിയുടെ സൂചനകള്‍ നല്‍കി ഗണേഷ്‌കുമാര്‍

സമദ് പുന്നല

പുറത്തുവന്ന മുന്‍ മന്ത്രി കെ ബാബുവിന്റെ അഴിമതി യുഡഎഫ് സര്‍ക്കാര്‍ നടത്തിയ അഴിമതികളില്‍ ഒരു ചെറിയ ഭാഗം മാത്രമാണെന്ന് കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എ. അഴിമതിയുടെ പേരിലാണ് കേരള കോണ്‍ഗ്രസ് ബി യു ഡി എഫ് വിട്ടത്. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് വന്‍ അഴിമതിയാണ് നടന്നിട്ടുള്ളത്. കെ ബാബുവിന്റെ വീട്ടില്‍ നടന്ന വിജിലന്‍സ് റെയ്ഡ് ഇതിനു തെളിവാണ്. എന്നാല്‍ അത് ഒരു ചെറിയ കാര്യം മാത്രമാണെന്നും ഇതിലും വലിയ അഴിമതിയാണ് പിഡബ്ല്യൂഡിയില്‍ നടന്നിട്ടുള്ളതെന്നും ഗണേഷ് സൂചിപ്പിച്ചു. വരും ദിവസങ്ങളില്‍ ഇത് പുറത്തുവരുമെന്നും കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞു.


കൊടിക്കുന്നില്‍ സുരേഷിനെതിരെയും കെബി ഗണേഷ്‌കുമാര്‍ ആഞ്ഞടിച്ചു. പഴയ കാര്യങ്ങള്‍ മറന്നു പോകുന്നയാളും നന്ദിയില്ലാത്തവനുമാണ് കൊടിക്കുന്നില്‍ എന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം പത്തനാപുരം കുന്നിക്കോട്ട് നടന്ന ഒരു യോഗത്തില്‍ ആര്‍. ബാലകൃഷ്ണ പിള്ളയെയും ഗണേഷ് കുമാറിനെയും അതിരൂക്ഷമായ ഭാഷയില്‍ കൊടിക്കുന്നില്‍ സുരേഷ് വിമര്‍ശിച്ചതിനെതിരെ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

യുഡിഎഫ് മന്ത്രി സഭയുടെ ഭാഗമായി ഇരുന്നുകൊണ്ട് തന്നെ തോല്‍പ്പിച്ചയാളാണ് ബാലകൃഷ്ണപിള്ളയെന്നും ഇതിനു പ്രതികാരമായാണ് ഐഷ പോറ്റിക്ക് വോട്ടു ചെയ്തു യുഡിഎഫുകാര്‍ പിള്ളയെ തോല്‍പ്പിച്ചെതെന്നും കൊടിക്കുന്നില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഗണേഷ്‌കുമാര്‍ രംഗത്തെത്തിയത്. ആര് പിണങ്ങിയപ്പോഴാണ് കൊടിക്കുന്നില്‍ തോറ്റതെന്ന് എല്ലാവര്‍ക്കുമറിയാം. ഒരിക്കല്‍ കൊടിക്കുന്നിനെ തോല്‍പ്പിച്ചിട്ടുണ്ടെങ്കിലും ഒരുപാട് പ്രാവിശ്യം ജയിപ്പിച്ചിട്ടുണ്ട്- ഗണേഷ്‌കുമാര്‍ പറഞ്ഞു.

വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കാണാമെന്നും ഗണേഷ് കുമാര്‍ കൊടിക്കുന്നിലിന് മുന്നറിയിപ്പ് നല്‍കി. മണ്ഡലത്തില്‍ എത്താതെ റിമോര്‍ട്ട് കണ്‍ഡ്രോള്‍ വഴി കൊടിക്കുന്നില്‍ സുരേഷ് കാര്യങ്ങള്‍ അറിയാതെ സംസാരിക്കുകയാണെന്നും ഗണേഷ്‌കുമാര്‍ കുറ്റപ്പെടുത്തി.