പരാതി കുമാരന്റെ മകൻ കോടീശ്വരനായ കഥ: കെ ബാബുവിന്റെ വളർച്ചയും തളർച്ചയും

അങ്കമാലി മാര്‍ക്കറ്റ് റോഡിലുള്ള രണ്ടരസെന്റ് പുറമ്പോക്കില്‍ നിന്ന് കെ ബാബുവിന്റെ കുടുംബം തൃപ്പൂണിത്തുറയിലുള്ള ഇന്നത്തെ മണിമാളികയിലേക്ക് വളരുന്നത് ക്ഷണനേരത്തിലായിരുന്നു. മക്കളും ബന്ധുക്കളുമുള്‍പ്പെടെ ആര്‍ഭാട ജീവിതം നയിക്കുന്നതുകണ്ട് 'ഇവരെങ്ങനെ ഇത്ര പണമുണ്ടാക്കിയെന്ന' നാട്ടുകാര്‍ ഏറെക്കാലമായി ചോദിക്കുന്ന ചോദ്യത്തിനാണ് വിജിലന്‍സ് ഉത്തരം തേടുന്നത്.

പരാതി കുമാരന്റെ മകൻ കോടീശ്വരനായ കഥ: കെ ബാബുവിന്റെ വളർച്ചയും തളർച്ചയും

കെ ബാബുവിന്റെ മൂത്തമകൾ ആതിരയും രജീഷും തമ്മിലുളള വിവാഹവേദിയിലെത്തിയ സാക്ഷാൽ എ കെ ആൻറണി അന്തംവിട്ടു. കേരളത്തിലെ പ്രമുഖ അബ്കാരികളെല്ലാം വിവാഹത്തിനു ഹാജരുണ്ട്. 1991ൽ തൃപ്പൂണിത്തുറയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി കെ ബാബുവിനെ നിർദ്ദേശിച്ച ആദർശധീരൻ ഊറിച്ചിരിച്ചു. 'ഇവിടെ എല്ലാം അബ്കാരികളാണല്ലോ , അബ്കാരികളുമായിട്ടാണല്ലോ കെ ബാബുവിന് ബന്ധം,' എന്നൊരു കമന്റും പാസാക്കി. അങ്കമാലി മുനിസിപ്പൽ ചെയർമാനിൽ നിന്ന് എറണാകുളം ഡിസിസി സെക്രട്ടറിയായി വളർന്ന കെ ബാബു പിന്നീടെങ്ങനെ എ ഗ്രൂപ്പിന്റെ ജില്ലയിലെ ഖജനാവായി മാറി എന്ന ചോദ്യത്തിന്റെ ഉത്തരമായിരുന്നു ആൻറണിയുടെ ആ കമന്റ്.


1971ലാണ് ആന വളർത്തിയ വാനമ്പാടിയുടെ മകൻ റിലീസായത്. അബ്കാരി വളർത്തിയ ആന്റണി കോൺഗ്രസുകാരനായി ബാബു അറിയപ്പെട്ടു തുടങ്ങിയത് എൺപതുകളുടെ മധ്യത്തോടെയാണ്.  ഒരു പൊട്ടാത്ത ഗ്ലാസു മാത്രമായിരുന്നു ബാബുവിന്റെ മൂലധനമെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ അയവിറക്കുന്നു.  ജില്ലയിലെ ആൻറണി ഗ്രൂപ്പിന്റെ അമരക്കാരനായി ബാബു വളരെ വേഗം മാറി.

വെള്ളം ചേർത്തോ ചേർക്കാതെയോ മദ്യപിക്കുന്ന ആളല്ല ബാബു. എന്നാൽ അധികാരത്തിന്റെ ഏണിപ്പടികൾ ചവിട്ടിക്കയറാൻ അബ്കാരികളോളം നല്ല ചങ്ങാതിമാരില്ലെന്നും ബാബുവിന് നന്നായി അറിയാം. കാലടി ശങ്കരാചാര്യ കോളജിലെ കെഎസ് യു കാലത്തേ തിരിച്ചറിഞ്ഞ സനാതന സത്യമാണത്. കാശിനു കാശു വേണം. അതു കൈയിൽ വരാൻ നാട്ടിലെമ്പാടുമുളള അബ്കാരികളുടെ കടിഞ്ഞാൺ കൈയിലേന്തണം. അതായിരുന്നു ബാബുവിന്റെ തിയറി.

സാധാരണക്കാരിൽ സാധാരണക്കാരായിരുന്നു ബാബുവിന്റെ മാതാപിതാക്കൾ. ആവശ്യക്കാർക്ക് പരാതിയെഴുതിക്കൊടുത്തും ചായക്കട നടത്തിയുമൊക്കെയാണ് അവർ ജീവിതം കരുപ്പിടിപ്പിച്ചത്. കെ കെ കുമാരന്റെയും പൊന്നമ്മയുടെയും മകനായി ബാബു ജനിച്ചത് 1951 ജൂണ്‍ 2 നായിരുന്നു. കെ കെ കുമാരന് അങ്കമാലിയിലെ പോലീസ് സ്റ്റേഷനടുത്ത് ചക്കരകാപ്പി കടയുണ്ടായിരുന്നു. പൊലീസ് സ്റ്റേഷനിൽ കൊടുക്കാനുളള പരാതിയെഴുതുന്ന ജോലി കൂടി അദ്ദേഹം ഏറ്റെടുത്തിരുന്നു. അങ്ങനെ അദ്ദേഹത്തിന് പരാതി കുമാരന്‍ എന്ന പേരു കിട്ടി.

ദരിദ്രമായ ബാല്യമായിരിക്കാം, മോഹിച്ചതൊക്കെയും വെട്ടിപ്പിടിക്കാനുളള ചങ്കൂറ്റം കെ ബാബുവിന് നൽകിയത്. സൌമ്യനായി, എല്ലാവരോടും ചിരിച്ചും സ്നേഹത്തോടെ അടുത്തിടപഴകിയും ഗ്രൂപ്പുരാഷ്ട്രീയത്തിൽ കുതികാൽവെട്ടിന്റെ അങ്കച്ചുവടുകൾ പഴുതടച്ചു നീക്കിയും കോൺഗ്രസ് രാഷ്ട്രീയത്തിലെ അതികായനായി മാറിയപ്പോൾ കെ ബാബു കൈവെള്ളയിലൊതുക്കിയ സാമ്രാജ്യത്തിന്റെ വലിപ്പം കണ്ട് ജേക്കബ് തോമസ് ഐപിഎസ് മൂക്കത്തു വിരലു വച്ചു കാണണം.

വർഷാവർഷം പ്രഖ്യാപിക്കുന്ന മദ്യനയത്തിൽ അഴിമതിയുടെ ചാകരക്കൊയ്ത്തിന്റെ സാധ്യത, ജീവിതത്തിലുടനീളം അബ്കാരികളുമായി ഉറ്റചങ്ങാത്തം പുലർത്തിയ ബാബുവിന് മറ്റാരെക്കാളും നന്നായി മനസിലാകുമായിരുന്നു. അതുകൊണ്ട് ചരിത്രത്തിലാദ്യമായി എക്സൈസ് മന്ത്രി പ്രീ ബജറ്റ് ഡിസ്കഷൻ നടത്തി. ബാർ നികുതി കൂട്ടാൻ പോകുന്നുവെന്ന് ഉദ്യോഗസ്ഥരെക്കൊണ്ട് പറയിപ്പിച്ചു. അതു കുറച്ചുകൊടുക്കാൻ ഫീസു ചുമത്തി.

കെഎസ്‌യുവിലൂടെ രാഷ്ട്രീയത്തിലെത്തിയ കെ ബാബു 1977 ല്‍ കേരള യൂണിവേഴ്സിറ്റി യൂണിയന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം അലങ്കരിച്ചു. 1977 ല്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റായും പിന്നീടു യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റായും അവരോധിക്കപ്പെടുമ്പോള്‍ അസാധരണമായ ധൈര്യവും ചങ്കുറ്റവും മാത്രമായിരുന്നു കെ ബാബുവിന്റെ കൈമുതല്‍.

അങ്കമാലി മാര്‍ക്കറ്റ് റോഡിലുള്ള രണ്ടരസെന്റ് പുറമ്പോക്കില്‍ നിന്ന് കെ ബാബുവിന്റെ കുടുംബം തൃപ്പൂണിത്തുറയിലുള്ള ഇന്നത്തെ മണിമാളികയിലേക്ക് വളരുന്നത് ക്ഷണനേരത്തിലായിരുന്നു. മക്കളും ബന്ധുക്കളുമുള്‍പ്പെടെ ആര്‍ഭാട ജീവിതം നയിക്കുന്നതുകണ്ട് 'ഇവരെങ്ങനെ ഇത്ര പണമുണ്ടാക്കിയെന്ന' നാട്ടുകാര്‍ ഏറെക്കാലമായി ചോദിക്കുന്ന ചോദ്യത്തിനാണ് വിജിലന്‍സ് ഉത്തരം തേടുന്നത്.

കെ ബാബു എന്ന രാഷ്ട്രീയ ചാണക്യന്റെ ഉദയവും അസ്തമയവും ആരെയും അത്ഭുതപ്പെടുന്നതായിരുന്നു. വളരെ ദരിദ്രപരമായ ചുറ്റുപാടുകളില്‍ നിന്ന് ഉയര്‍ന്നു വന്ന കേരള രാഷ്ട്രീയത്തില്‍ വ്യക്തമായ സാന്നിദ്ധ്യവും ആധിപത്യവും ഉറപ്പിക്കാന്‍ കെ ബാബുവിനായി. ബാബുവില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്നെ പറയുന്നതും എ ഗ്രൂപ്പ് ശക്തമായി കോട്ട തീര്‍ത്ത് ബാബുവിനെ സംരക്ഷിക്കുന്നതും നാം എല്ലാവരും കണ്ടതാണ്. കളങ്കിതര്‍ മാറി നില്‍ക്കണമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെയും വിഎം സുധീരന്റെയും വാക്കുകളേക്കാള്‍ മൂര്‍ച്ചയുണ്ടായിരുന്നു ബാബു മത്സരിക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ വാക്കുകള്‍ക്ക്. ബാബുവും അടൂര്‍ പ്രകാശും മാറി നില്‍ക്കുന്നതാകും നല്ലതെന്ന് ചെന്നിത്തല വരെ മാറി ചിന്തിച്ചിട്ടും ബാബുവിനെ തെരഞ്ഞെടുപ്പില്‍ മാറ്റി നിര്‍ത്താന്‍ പാര്‍ട്ടിക്കോ നേതാക്കള്‍ക്കോ കഴിഞ്ഞില്ല. ഒടുവില്‍ എം സ്വരാജിനോട് വന്‍ മാര്‍ജിനില്‍ തോറ്റ് പാര്‍ട്ടിക്കും കേരള രാഷ്ട്രീയത്തിനും അനഭിമതനായി ബാബു മാറ്റി നിര്‍ത്തപ്പെട്ടു.

ഇനി ഒരു അങ്കത്തിന് ബാബുവിന് ബാല്യമുണ്ടാകില്ല. ഉമ്മന്‍ചാണ്ടി മുഖ്യമന്തി, പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനങ്ങളില്‍ നിന്ന് ഒതുങ്ങി കേവലം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായി മാത്രം ചുരുങ്ങിയത് ബാബുവിന് ക്ഷീണമായി. ബാബുവിനെ ചേര്‍ത്തുനിര്‍ത്താന്‍ ഇനി ഉമ്മന്‍ചാണ്ടിയുടെ കൈകള്‍ക്ക് ശക്തിയുണ്ടാകില്ല.

ഇടതിന്റെ ഉറച്ച കോട്ടയായി തൃപ്പുണിത്തുറയില്‍ 1991 ല്‍ കന്നിഅങ്കത്തിന് ഇറങ്ങാന്‍ ബാബുവിനെ തുണച്ചത് ഏകെ ആന്റണിയുമായുളള സൗഹൃദ ബന്ധമായിരുന്നു. 1991ൽ തൃപ്പൂണിത്തുറയിലെ എംഎല്‍എ വി. വിശ്വനാഥന്‍ എന്ന അതികായന് പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മൂലം സീറ്റ് നിഷേധിച്ചതും എംഎം ലോറന്‍സ് തൃപ്പുണിത്തുറയില്‍ പോരാട്ടത്തിന് ഇറങ്ങിയതും പൊരുതി നോക്കാമെന്ന് ധൈര്യമാണ് ബാബുവിന് നല്‍കിയത്. തെരഞ്ഞെടുപ്പിന് 48 മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ രാജീവ് ഗാന്ധിയുടെ അതിദാരുണമായ വധം കെ ബാബുവിന് അനുകൂല തരംഗം ഉണ്ടാക്കി കൊടുത്തു. തെരഞ്ഞെടുപ്പിന് മൂന്ന് ആഴ്ചകളോളം ആയുസ് നീട്ടി കിട്ടി. ഈ സമയം കെ ബാബുവിന് ധാരാളമായിരുന്നു. തൃപ്പുണിത്തുറയില ചുവന്ന മണ്ണ് എംഎം ലോറസിനെ കൈവിട്ടു. 4946 വോട്ടിന് വിജയിച്ച് ബാബു തൃപ്പുണിത്തുറയുടെ ഹൃദയത്തിലേയ്ക്ക് നടന്നു കയറി. 1996 ലും ബാബുവിനെ പിടിച്ചു കെട്ടാന്‍ ഇടതു മുന്നണിക്ക് സാധിച്ചില്ല.

k-babu-1ജനകീയനായിരുന്നു ബാബു. ബാബു നടന്നെത്താത്ത ഒരു പ്രദേശവും തൃപ്പുണിത്തുറയില്‍ ഉണ്ടായിരുന്നില്ല. എല്ലാ കല്യാണ വീടുകളിലും മരണ വീടുകളിലും അടിയന്തരത്തിനും ബാബുവെത്തി. രാഷ്ട്രീയ നിരീക്ഷകരുടെ വാക്കുകളില്‍ എല്ലാ പ്രദേശങ്ങളിലും വിളിക്കാതെ എത്തുന്ന ഒരു എംഎല്‍എ എറണാകുളത്തിനും പുതുമയുള്ളതായിരുന്നു.

1996ല്‍ ഗോപി കോട്ടമുറിക്കലിന് ബാബുവിനെതിരെ പച്ചതൊടാനായില്ല. പരാജയം 14,773 വോട്ടുകള്‍ക്കായിരുന്നു. 1996ലെ ഇടതു തരംഗത്തിനിടയിലും ബാബു അജയ്യനായി പിടിച്ചു നിന്നു. കോണ്‍ഗ്രസിനെ കെവിടാതെ ഇടതുപടയോട്ടത്തില്‍ പിടിച്ചു നിന്ന എറണാകുളത്തില്‍ പത്തരമാറ്റ് വിജയം കൊയ്ത നേതാവും കെ ബാബുവായിരുന്നു. 2001 ല്‍ ജനസമ്മതനായ ഒരു നേതാവിനെ അവതരിപ്പിക്കാന്‍ പോലും സിപിഐമ്മിന് കഴിഞ്ഞില്ല. 24, 296 വോട്ടിനായിരുന്ന സിഐടിയു നേതാവ് കെ ചന്ദ്രന്‍ പിള്ള ബാബുവിന് മുന്നില്‍ വീണത്. 2006 ല്‍ പാര്‍ട്ടി അവതരിപ്പിച്ച കെഎന്‍ രവീന്ദ്രനാഥ് ബാബുവിന് ഭീഷണിയുര്‍ത്താന്‍ കെല്‍പ്പുളള നേതാവായിരുന്നുവെങ്കിലും ബാബുവിന്റെ സ്വീകര്യതയ്ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ല. 7342 വോട്ടുകള്‍ക്കാണ് കെ. എൻ. രവീന്ദ്രനാഥ് പരാജയപ്പെട്ടത്.

ജനക്കൂട്ടങ്ങളുടെ നേതാവല്ലാത്ത സിഎം ദിനേശ്‌മണിയെ 2011 ല്‍ ഇറക്കി ബാബുവിന് തടയിടാന്‍ എല്‍ഡിഎഫ് ശ്രമം നടത്തിയെങ്കിലും പരാജയം കനത്തതായി 15,887 വോട്ടിന്റെ വ്യത്യാസം. 2011 മേയ് 23-ന് രണ്ടാം ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ എക്‌സൈസ്, തുറമുഖം, ഫിഷറീസ് തുടങ്ങിയ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി അധികാരമേറ്റു.

ബാര്‍ കോഴ വിവാദത്തില്‍ ബാബുവിനെതിരെ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് 2016 ജനുവരി 23-ന് മന്ത്രി സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. എന്നാല്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് പിന്നീട് സംസ്ഥാന ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്റ്റേ ചെയ്തതിനെ തുടര്‍ന്ന് ഇദ്ദേഹം രാജി പിന്‍വലിച്ചു. 2016 ല്‍ എം സ്വരാജിലൂടെ മണ്ഡലത്തില്‍ എല്‍ഡിഎഫ് പടയോട്ടം നടത്തുമ്പോള്‍ കെ ബാബു എന്ന രാഷ്ട്രീയ ചാണക്യനും ഏറെക്കുറെ കേരള രാഷ്ട്രീയത്തില്‍ അപ്രസക്തനായി കഴിഞ്ഞിരുന്നു.

2011 ലെ തിരഞ്ഞെടുപ്പില്‍ സി എം ദിനേശ്‌മണിയെ 15,778 വോട്ടിന് കെ ബാബു പരാജയപ്പെടുത്തിയപ്പോള്‍ അന്ന് ബിജെപി സ്ഥാനാര്‍ഥിയായിരുന്ന അഡ്വ. സാബു വര്‍ഗീസിന് 4938 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. എന്നാല്‍ ഇത്തവണ ബാബു തൃപ്പൂണിത്തുറയില്‍ 4476 വോട്ടിന് പരാജയപ്പെട്ടപ്പോള്‍ ബിജെപി സ്ഥാനാര്‍ത്ഥി പ്രഫ. തുറവൂര്‍ വിശ്വംഭരന് ലഭിച്ചത് 29,834 വോട്ടുകളാണ്. കെ ബാബുവിന് 58,230 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം സ്വരാജിന് ലഭിച്ചത് 62,697 വോട്ടുകളാണ്.

തൃപ്പൂണിത്തുറയില്‍ യുഡിഎഫ് വിജയിക്കുമെന്നും ബിജെപി രണ്ടാംസ്ഥാനത്തിനായി മല്‍സരിക്കുകയാണെന്നും ബാബു പറഞ്ഞിരുന്നു.എന്നാല്‍ ഫലപ്രഖ്യാപനം വന്നതോടെ ബിജെപിയുടെ ശക്തമായ സാന്നിധ്യം തൃപ്പൂണിത്തുറയില്‍ ബാബുവിന് തന്നെ വിനയായി. മോദി പ്രചാരണത്തിനെത്തിയ ചുരുക്കം മണ്ഡലങ്ങളില്‍ ഒന്നായിരുന്നു തൃപ്പുണിത്തുറ. മുസ്ലിം, ക്രിസ്ത്യന്‍ വോട്ടുകള്‍ വിഘടിച്ചതും അഴിമതിക്കാരനെന്ന പ്രചാരണം കോണ്‍ഗ്രസുകാര്‍ തന്നെ നടത്തിയതും ബാബുവിന് തിരിച്ചടിയായി.

മുഖ്യമന്ത്രിയുടെ വിശ്വസ്തനെന്ന നിലയില്‍ മന്ത്രിസഭയില്‍ ബാബുവിന്റെ പ്രാധാന്യം ഏറെ വലുതായിരുന്നു. ബാര്‍ കോഴക്കേസില്‍ തന്റെ വിശ്വസ്തനെ സംരക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി ഏറെ പണിപ്പെടുകയും ചെയ്തിരുന്നു. രാഷ്ട്രീയത്തില്‍ അപ്രസക്തനാകുന്ന കാലഘട്ടത്തില്‍ തന്നെയാണ് ബാബുവിനെ തേടി കഷ്ടകാലവും എത്തുന്നത്. കഴിഞ്ഞ ദിവസമാണ് ബാബുവിനേയും മറ്റു രണ്ട് പേരെയും പ്രതികളാക്കി അനധികൃത സ്വത്ത് സമ്പാദനത്തിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചത്. എക്‌സൈസ് മന്ത്രിയായിരിക്കെ ബാബു നടത്തിയ ഇടപാടുകളും സ്വത്തുവിവരങ്ങളും വിജിലന്‍സ് പരിശോധിച്ചിരുന്നു. കെ ബാബു മന്ത്രിയായതിനു മുമ്പും ശേഷവും സ്വത്തിലുണ്ടായ വര്‍ദ്ധനയും വിജിലന്‍സ് പരിശോധിച്ചതായാണ് വിവരം. ബാബുവിന്റെ ബന്ധുക്കള്‍ അടുത്തിടെ വാങ്ങിയ വസ്തുക്കളുടെ രേഖകളും, പണത്തിന്റെ ഉറവിടവും അന്വേഷണത്തിന്റെ പരിധിയിലുണ്ട്. പത്ത് സംഘങ്ങളായായിരുന്നു വിജിലന്‍സിന്റെ റെയ്ഡ്.

ബാബുറാം, മോഹനന്‍ എന്നിവരുടെ സ്വത്തുവകകളിലും വന്‍ വര്‍ധനയുണ്ടായെന്നാണ് വിജിലന്‍സിന് പ്രാഥമികമായി ലഭിച്ചിരിക്കുന്ന സൂചന. ബാബുവിന്റെ മകളുടെ ഭര്‍തൃപിതാവ് 45 ലക്ഷം രൂപയുടെ ബെന്‍സ് കാര്‍ വാങ്ങിയിരുന്നെന്നും ബാര്‍കോഴ ആരോപണം ഉയര്‍ന്നപ്പോള്‍ കാര്‍ വിറ്റെന്നും കോടതിയില്‍ വിജിലന്‍സ് സമര്‍പ്പിച്ച എഫ്ഐആറില്‍ പറയുന്നു. റിയല്‍ എസ്റ്റേറ്റ് മാഫിയയുമായും ബേക്കറി ശൃഖലയുമായും ബാബുവിന് ബന്ധമുണ്ടെന്നതിനും വിവരം ലഭിച്ചതായി സൂചനയുണ്ട്.

കേരളത്തില്‍ പലയിടത്തും ബിനാമി പേരുകളില്‍ ഫ്‌ളാറ്റുകള്‍ വാങ്ങിയതിനെ പറ്റിയും വിജിലന്‍സ് അന്വേഷിക്കുന്നു. മക്കളുടെ വീടുകള്‍ക്കായി മുടക്കിയ പണത്തിന്റെ സ്രോതസ്സും അന്വേഷണ പരിധിയില്‍ വരും. കെ ബാബുവിന്റെ മകളുടെ ഭര്‍ത്താവും കുടുംബക്കാരെല്ലാം മിഡില്‍ ക്ലാസുകാരായ ആള്‍ക്കാരാണ്. ഇത്രയും സ്വത്തുകള്‍ അവര്‍ക്കുണ്ടായത് അടുത്തകാലത്താണെന്നും ബിജു രമേശ് പ്രതികരിച്ചിരുന്നു. പത്തു വര്‍ഷം കൊണ്ടാണ് ഇതു കയറി വന്നത്. കഴിഞ്ഞ നാലു വര്‍ഷം കൊണ്ടുണ്ടായ വളര്‍ച്ച അത്ഭുതാവഹമാണ്. പോളക്കുളം കൃഷ്ണദാസാണ് ബാബുവിന്റെ ജീവിതം സ്‌പോണ്‍സര്‍ ചെയ്തതെന്നായിരുന്നു ബിജു രമേശിന്റെ പ്രധാന ആരോപണം.

ബാര്‍ അസോസിയേഷന്റെ നിര്‍ദ്ദേശങ്ങളാണ് സര്‍ക്കാരിന്റെ മദ്യനയമായി പുറത്തുവന്നതെന്നും ബിജു രമേശ് പറയുന്നു. 18 ബാറുകളുടെ വിഷയം തന്നെ വന്നത് പോളക്കുളം കൃഷ്ണദാസ് മൂലമാണ്. ഒരു ബാറില്‍ നിന്ന് മറ്റൊരു ബാറിലേക്ക് രണ്ട് കിലോമീറ്റര്‍ ദൂരപരിധി നിശ്ചയിക്കുന്നിടത്താണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. പോളക്കുളം കൃഷ്ണദാസിനുവേണ്ടി മാത്രമാണ് ഈ നയം കൊണ്ടു വന്നത്. കൃഷ്ണദാസിന്റെ ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്ക് അടുത്ത് പുതുതായി ചില ത്രീ സ്റ്റാര്‍, ഫോര്‍ സ്റ്റാര്‍ ഹോട്ടലുകള്‍ വരുന്നതു കണ്ട് ബാബു കൊണ്ടുവന്നതായിരുന്നു ഈ നയം.

മന്ത്രി ബാബുവായിരുന്നെങ്കിലും വകുപ്പ് യഥാര്‍ത്ഥത്തില്‍ ഭരിച്ചിരുന്നത് കൃഷ്ണദാസാണ്. സ്വന്തം ബിസിനസ് താല്‍പര്യാര്‍ത്ഥം മാത്രമാണ് ബാബുവും കൃഷ്ണദാസും എക്സൈസ് പോളിസിയും നിയമങ്ങളും കൊണ്ടുവരുന്നത്. അമ്പലത്തില്‍ നിന്നോ പള്ളിയില്‍ നിന്നോ സ്‌കൂളില്‍ നിന്നോ ഇത്ര ദൂരം എന്നു പറയുന്നത് പോലെയല്ലോ ഒരു ബാറില്‍ നിന്ന് മറ്റൊരു ബാറിലേക്കുള്ള ദൂരം ഇത്ര വേണമെന്ന് പറയുന്നത്. അബ്‌കാരികളുടെ പണം കൊണ്ടാണ് ബാബു തടിച്ചതെന്നും ബിജു രമേശ് പറയുന്നു.

വിജിലന്‍സ് പക്ഷപരമായി പെരുമാറുന്നു, രാഷ്ട്രീയ വിരോധം തീര്‍ക്കുന്നുവെന്നൊക്കെ പേരിനു പറയാമെങ്കിലും ഒത്തിരി നിഗൂഢതകളാണ് കെ ബാബു ഒളിപ്പിക്കുന്നത്. അലാവുദീന്റെയും അത്ഭുത വിളക്കിന്റെയും കഥ പോലെ ഇരുട്ടി വെളുക്കുമ്പോഴേക്കും സ്വപ്‌ന സൗധങ്ങളിലേയ്ക്കായിരുന്നു കെ ബാബുവിന്റെ യാത്ര. അഴിമതിയാരോപണങ്ങളും സാമ്പത്തിക ആരോപണങ്ങളും പ്രതിക്കൂട്ടില്‍ നിര്‍ത്തുമ്പോള്‍ ബാബുവിന് ഇനിയൊരു രാഷ്ട്രീയ ഭാവിയുണ്ടാകുമെന്ന് കടുത്ത കോണ്‍ഗ്രസ് അനുഭവികള്‍ പോലും വിശ്വസിക്കുന്നുണ്ടാകില്ല. മഞ്ഞു പാളികള്‍ പോലെ മൂടി നില്‍ക്കുന്ന നിഗൂഡതകള്‍ക്ക് വരും ദിവസങ്ങളില്‍ ജേക്കബ് തോമസ് ഐപിഎസിന് ഉത്തരം നല്‍കാന്‍ സാധിക്കുമെന്നാണ് രാഷ്ട്രീയ കേരളം പ്രതീക്ഷിക്കുന്നത്.

Read More >>