പ്രിയപ്പെട്ട പാകിസ്താനേ.. ഈ മനുഷ്യനെ സന്തോഷത്തോടെ ഏറ്റെടുക്കൂ...

ബീഹാറും കൂടി എടുക്കാമെങ്കിൽ കശ്മീർ തന്നേയ്ക്കാം" എന്ന മട്ടിൽ ഫേസ് ബുക്കിൽ പാകിസ്താനോട് ഡീൽ ഓർ നോ ഡീൽ കളിക്കാൻ മേൽപ്പറഞ്ഞ ആലഭാരങ്ങളുണ്ടായിരുന്ന ഒരു മനുഷ്യൻ ഇറങ്ങിത്തിരിക്കുമ്പോൾ ആർക്കും ന്യായമായ സംശയം തോന്നും... പിരി എവിടെയൊക്കെയോ ഇളകിത്തുടങ്ങിയിട്ടില്ലേ...

പ്രിയപ്പെട്ട പാകിസ്താനേ.. ഈ മനുഷ്യനെ സന്തോഷത്തോടെ ഏറ്റെടുക്കൂ...

സുപ്രിംകോടതി ജഡ്ജി, പ്രസ് കൌൺസിൽ ചെയർമാൻ. ദില്ലി ഹൈക്കോടതിയിലെയും മദ്രാസ് ഹൈക്കോടതിയിലെയും ചീഫ് ജസ്റ്റിസ്, അലഹബാദ് ഹൈക്കോടതിയിൽ ആക്ടിംഗ് ചീഫ് ജസ്റ്റിസ്. ജസ്റ്റിസ് മാർക്കണ്ഠേയ കട്ജു വഹിച്ചിരുന്ന പദവികളാണ്. അങ്ങനെയൊരാൾ ഒരൽപ്പം ഔട്ട്സ്പോക്കണായി സാമൂഹ്യവിഷയങ്ങളിൽ പ്രതികരിക്കുമ്പോൾ കൈയടി കിട്ടുന്നത് സ്വാഭാവികം.

[caption id="attachment_45451" align="alignleft" width="300"]ബീഹാറികളെ ആക്ഷേപിക്കുന്ന ജസ്റ്റിസ് കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ബീഹാറികളെ ആക്ഷേപിക്കുന്ന ജസ്റ്റിസ് കട്ജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്[/caption]


പക്ഷേ, "ബീഹാറും കൂടി എടുക്കാമെങ്കിൽ കശ്മീർ തന്നേയ്ക്കാം" എന്ന മട്ടിൽ ഫേസ് ബുക്കിൽ പാകിസ്താനോട് "ഡീൽ ഓർ നോ ഡീൽ" കളിക്കാൻ മേൽപ്പറഞ്ഞ ആലഭാരങ്ങളുണ്ടായിരുന്ന ഒരു മനുഷ്യൻ ഇറങ്ങിത്തിരിക്കുമ്പോൾ ആർക്കും ന്യായമായ സംശയം തോന്നും...

പിരി എവിടെയൊക്കെയോ ഇളകിത്തുടങ്ങിയിട്ടില്ലേ...

പറയുമ്പോൾ എല്ലാം പറയണം. ഈ സംശയത്തിന് ജസ്റ്റിസ് കട്ജു തന്നെ ഇക്കഴിഞ്ഞ ദിവസം മറുപടി പറഞ്ഞിട്ടുണ്ട് :
A Brahmin is a fool till 60, after which he becomes senile P.S. I am a Brahmin, and 70
.  പക്ഷേ, ബീഹാറികൾക്കെതിരെ ജസ്റ്റിസ് കട്ജു ചൊരിഞ്ഞ വംശവെറി ലഘൂകരിക്കാൻ ഇത്തരം ചെപ്പടി വിദ്യകൾക്കു കഴിയുമോ? സംശയമാണ്.

ഓദ്യോഗിക സിംഹാസനങ്ങൾ ചിലർക്കെങ്കിലും സാംസ്ക്കാരിക നായകപ്പട്ടത്തിലേയ്ക്കുളള ഡയറക്ട് റിക്രൂട്ടുമെന്റ് ഉപാധിയാണ്. ജഡ്ജിമാരാകുമ്പോൾ കമ്പോള വില പതിന്മടങ്ങുയരും. എന്തും പറയാം. ഓന്തുകളായി അവതരിച്ചാലും നാണിക്കാൻ വകുപ്പില്ല.

ജസ്റ്റിസ് കട്ജുവിനെ ദേശീയ മാധ്യമങ്ങൾ എന്നേ കൈയൊഴിഞ്ഞു. പക്ഷേ, കേരളത്തിലിപ്പോഴും താനൊരു ദിവ്യനായി തുടരുന്നുവെന്ന് അദ്ദേഹമെങ്ങനെയോ അറിഞ്ഞിട്ടുണ്ട്.

തുരുതുരാ പ്രവഹിക്കുന്ന ഫേസ് ബുക്ക് സ്റ്റാറ്റസുകൾ  നമ്മുടെ സംശയം ഇരട്ടിപ്പിക്കും. പിരി എന്നാണ് ഇളകിത്തുടങ്ങിയത്? ജഡ്ജിയുടെ കസേരിയിലിരിക്കുമ്പോഴേ ഇളക്കം തുടങ്ങിയെങ്കിൽ സംഗതി ഗുരുതരമല്ലേ.

പേടിപ്പിക്കുന്ന യുക്തികളിന്മേലാണ് ജസ്റ്റിസ് കട്ജുവിന്റെ ഫേസ് ബുക്ക് സ്റ്റാറ്റസുകൾ. ഈ യുക്തികൾ വിരിയുന്ന തലച്ചോറാണ് സുപ്രിംകോടതിയിലും ഹൈക്കോടതികളിലുമിരുന്ന് വിധികളെഴുതിയിരുന്നത്. ഉദാഹരണത്തിന്, മദർ തെരേസയെയും പ്രവീൺ തൊഗാഡിയയെയും സക്കീർ നായിക്കിനെയും സ്വാധി പ്രാചിയെയുമൊക്കെ ഒരേ നാണയത്തിന്റെ വിവിധ വശങ്ങളായി അവതരിപ്പിക്കുന്ന തലച്ചോറിൽ നിന്ന് നാമെന്തു നീതിബോധമാണ് പ്രതീക്ഷിക്കേണ്ടത്?

ജാതി സംവരണത്തിനെതിരെയും അദ്ദേഹം ആഞ്ഞടിച്ചിട്ടുണ്ട്. തൊണ്ണൂറു ശതമാനം മാർക്കു നേടുന്ന മേൽജാതിക്കാരനെ പുറത്തു നിർത്തി, നാൽപതു ശതമാനം മാർക്കു നേടുന്ന പിന്നാക്കക്കാരനു ജോലി കൊടുക്കുന്നതിനെക്കുറിച്ച് അദ്ദേഹം വിലപിച്ചിട്ടുണ്ട്. എത്രയും വേഗം ജാതി സംവരണം എടുത്തു കളയണമെന്നാണ് ജസ്റ്റിസിന്റെ സുചിന്തിതമായ അഭിപ്രായം. ഇക്കാര്യത്തിൽ ഇന്ത്യയുടെ ഭരണഘടനയൊക്കെ അദ്ദേഹത്തിനു പുല്ലാണ്.

മഹാത്മാഗാന്ധിയെ "ബ്രിട്ടീഷ് ഏജെന്റെ"ന്നും രവീന്ദ്രനാഥ ടാഗോറിനെ "ബ്രിട്ടന്റെ പിണിയാൾ" എന്നുമൊക്കെ വിശേഷിപ്പിച്ച ജസ്റ്റിസ് കട്ജുവിന്റെ സ്റ്റാറ്റസുകളും വിവാദമായിരുന്നു. ജസ്റ്റിസിനെതിരെ പാർലമെന്റ് പ്രമേയം പാസാക്കി. അതിനെതിരെ അദ്ദേഹം സുപ്രിംകോടതിയെത്തന്നെ സമീപിച്ചു. എല്ലാവരെയും വിമർശിക്കുന്ന ആൾക്ക് സ്വയം വിമർശനം നേരിടാനുളള പാകതയും വേണമെന്നു പറഞ്ഞു, മൂന്നംഗ സുപ്രിംകോടതി ബെഞ്ച്.

സുപ്രിം കോടതി ജഡ്ജിയും പ്രസ് കൌൺസിൽ ചെയർമാനുമായിരുന്ന ഒരാൾ ഒരു പാർടിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നിർദ്ദേശിക്കുമ്പോൾ എല്ലാവരും കാതുകൂർപ്പിക്കും.  ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയ്ക്കൊരു മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ നിർദ്ദേശിച്ചു, ജസ്റ്റിസ് കട്ജു. ആം ആദ്മി പാർടിയുടെ മുൻ കൺവീനറായിരുന്ന ഷാസിയ ഇൽമിയെ. അവർ കിരൺ ബേദിയെക്കാൾ ബഹുസുന്ദരിയാണ് എന്നതായിരുന്നു ജസ്റ്റിസ് കണ്ട കാരണം.

തൊണ്ണൂറു ശതമാനം ഇന്ത്യാക്കാരും വിഡ്ഢികളാണെന്ന് തുറന്നടിച്ചിട്ടുണ്ട് അദ്ദേഹം. എൺപതു ശതമാനം ഹിന്ദുക്കളും എൺപതു ശതമാനം മുസ്ലിങ്ങളും വർഗീയ വാദികളാണെന്നും. ശതമാനക്കണക്കിന്റെ ആധികാരികതയൊന്നും ചോദിക്കരുത്. ചിലർക്ക് ചില നേരങ്ങളിൽ ഇങ്ങനെ ചില തോന്നലുകളുണ്ടാകും. അതാണ് ശരിയും സത്യവുമെന്ന് നാം വിശ്വസിക്കണം.

ഇന്ത്യാക്കാർ വിഡ്ഢികളാണ് എന്ന തന്റെ പ്രസ്താവന തെളിയിക്കാൻ ഹിന്ദുവിലെഴുതിയ ലേഖനത്തിൽ അദ്ദേഹം ഒരു സംഭവം ഉദ്ധരിച്ചു. അതു വായിച്ചപ്പോൾ യഥാർത്ഥ വിഡ്ഢി ആരാണെന്നായി അടുത്ത സംശയം. അധ്യാപകരുടെ നിലവാരത്തകർച്ചയാണ് ജസ്റ്റിസ് കട്ജു ചൂണ്ടിക്കാട്ടിയത്.

അലഹബാദ് കോടതിയിൽ, ഉത്തർ പ്രദേശ് സർവകലാശാലയിലെ ഒരു ഗണിതാധ്യാപകന്റെ സർവീസ് കേസ് ജസ്റ്റിസിന്റെ ബഞ്ചിലെത്തി. അധ്യാപകന്റെ നിലവാരമളക്കാൻ, ഒന്നിനെ പൂജ്യം കൊണ്ടു ഹരിച്ചാൽ എത്ര കിട്ടുമെന്ന ചോദ്യമെറിഞ്ഞു ജസ്റ്റിസ്. അനന്തം എന്ന് അധ്യാപകന്റെ മറുപടി. അതു തെറ്റാണെന്ന് ജസ്റ്റിസ് കട്ജു.

ഗണിതത്തിൽ പൂജ്യം കൊണ്ടുളള ഹരണം അനുവദനീയമല്ല. അതുകൊണ്ട് ഉത്തരം അനന്തം (infinity) എന്നല്ല, അനിശ്ചിതം (indeterminable) എന്നാണത്രേ പറയേണ്ടത്. ഇന്റർമീഡിയേറ്റിനു ക്ലാസുകളിൽപ്പോലും പഠിപ്പിക്കാൻ യോഗ്യനല്ല ഈ അധ്യാപകൻ എന്നായിരുന്നു ജസ്റ്റിസിന്റെ വിധി തീർപ്പ്.  ദി ഹിന്ദുവിന്റെ വായനക്കാർ ജസ്റ്റിസിനെ കൊന്നു കൊലവിളിച്ചു.

സുപ്രിംകോടതി ജഡ്ജിയായിരിക്കെ ജസ്റ്റിസ് മറ്റൊരു പുലിവാലു പിടിച്ചിരുന്നു. താടി വെയ്ക്കാൻ അനുമതി നിഷേധിച്ച അധികാരികൾക്കെതിരെ മധ്യപ്രദേശിലെ ഒരു ഹൈസ്ക്കൂൾ വിദ്യാർത്ഥി കോടതിയെ സമീപിച്ചു. കേസ് ജസ്റ്റിസ് കട്ജുവിന്റെ ബെഞ്ചിലെത്തി. താലിബാനിസം രാജ്യത്ത് അനുവദിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി അദ്ദേഹം കേസ് തളളി. ഈ പരാമർശത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധമുയർന്നപ്പോൾ വിധി പിൻവലിച്ച് തടിതപ്പി, ആരാധ്യനായ ജസ്റ്റിസ് കട്ജു.

താൻ വോട്ടു ചെയ്യാൻ പോകില്ലെന്ന് കഴിഞ്ഞ പാർലമെന്റു തിരഞ്ഞെടുപ്പുകാലത്ത് നടത്തിയ പ്രസ്താവനയും വിവാദമായിരുന്നു. ജാട്ടുകളുടെയും മുസ്ലിങ്ങളുടെയും യാദവന്മാരുടെയും ഹരിജനങ്ങളുടെയും പേരിലേയ്ക്കാണ് വോട്ടു പോകുന്നതും ജനാധിപത്യം ഇതൊന്നുമല്ലെന്നുമായിരുന്നു ഹെഡ് ലൈൻ ടുഡേയോട് ജസ്റ്റിസ് കട്ജു പറഞ്ഞത്.

സ്ത്രീകളിൽ നിന്ന് അകന്നു നിൽക്കാൻ ആഹ്വാനം ചെയ്തിട്ടുണ്ട്, ജസ്റ്റിസ്. ഇക്കൊല്ലം ആദ്യം ബ്ലോഗിലെഴുതിയ ലേഖനത്തിലായിരുന്നു ആഹ്വാനം. ഹെലൻ ഇല്ലായിരുന്നുവെങ്കിൽ ട്രോജൻ യുദ്ധം ഉണ്ടാകുമായിരുന്നില്ല, ലേഡി മാക്ബെത്ത് ഇല്ലായിരുന്നുവെങ്കിൽ മാക്ബെത്ത് കൊലയാളി ആകുമായിരുന്നില്ല, മോണിക്കാ ലെവിൻസ്കി കാരണമാണ് ക്ലിന്റണ് പ്രസിഡന്റ് പദം നഷ്ടപ്പെട്ടത്.. എന്നിങ്ങനെ പോയി ജസ്റ്റിസിന്റെ വാദങ്ങൾ.

"യുവതിയുടെ ശരീരം അഗ്നിയാണ്, ഈയാംപാറ്റകളെപ്പോലെ അതിലേയ്ക്ക് പതിച്ച് വെന്തുരുകരുത്" എന്നും അദ്ദേഹം പുരുഷന്മാരോട് ആഹ്വാനം ചെയ്തു.

ഇതേ മനുഷ്യനാണ് ഒരിക്കൽ കത്രീനാ കൈഫിനെ ഇന്ത്യൻ പ്രസിഡന്റാക്കണമെന്ന് വാദിച്ചത്. അക്കാര്യം ഓർമ്മയുളളവർ മൂക്കത്തു വിരലു വെച്ചതിൽ അത്ഭുതമുണ്ടോ? രാഷ്ട്രീയക്കാർ ചന്ദ്രനെപ്പിടിച്ചു തരാം എന്നൊക്കെ പറയുമെങ്കിലും ഒന്നും ചെയ്യുകയില്ല എന്നും ആസ്ഥിതിയ്ക്ക് നല്ല മുഖശ്രീയെങ്കിലുമുളള ഒരാൾക്ക് എന്തുകൊണ്ട് വോട്ടു ചെയ്തുകൂടാ എന്നുമാണ് അന്ന് ജസ്റ്റിസ് ചോദിച്ചത്.

"ജസ്റ്റിസ് കട്ജുവിനെ കൈപ്പറ്റാമെങ്കിൽ കശ്മീർ തരാം" എന്ന് നമുക്ക് പാകിസ്താനോടു പറഞ്ഞു നോക്കാം. ചിലപ്പോൾ ആ ഒരൊറ്റക്കാരണം കൊണ്ട് കശ്മീരിന്മേലുളള എല്ലാ അവകാശവാദവും പാകിസ്താൻ ഉപേക്ഷിക്കാൻ സാധ്യതയുണ്ട്...

ചിത്രത്തിനു കടപ്പാട് - ഇന്ത്യൻ എക്സ്പ്രസ്