ചലച്ചിത്രമേളയും ഫിലിം സൊസൈറ്റികളും

കേരളത്തിലെ ചലച്ചിത്രമേഖലയിൽ, ആസ്വാദകർ, നിരൂപകർ, സംവിധായകർ, സാങ്കേതികവിദഗ്ദ്ധർ എന്നിവരെയൊക്കെ സൃഷ്ടിക്കുന്നതിൽ ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളുടെ പശ്ചാത്തലവും അന്തരീക്ഷവും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. നല്ല സിനിമയുടെ അമരക്കാരായ മുതിർന്ന നിരവധി സംവിധായകർ ഫിലിം സൊസൈറ്റികളുമായി ബന്ധമുള്ളവരായിരുന്നു. കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെക്കുറിച്ചുള്ള ലേഖനപരമ്പരയിലെ രണ്ടാമത്തെ ലേഖനം. വി കെ ജോസഫ് എഴുതുന്നു.

ചലച്ചിത്രമേളയും ഫിലിം സൊസൈറ്റികളും

വി കെ ജോസഫ്

ചലച്ചിത്ര അക്കാദമി രൂപീകരിക്കുന്നതിന്റെ പുറകിലും ഫിലിം സൊസൈറ്റി ഫെഡറേഷന്റെ പ്രവർത്തനങ്ങൾ ഉണ്ട്. ടി.കെ. രാമകൃഷ്ണൻ രണ്ടാം തവണ സാംസ്‌കാരിക വകുപ്പുമന്ത്രിയായിരുന്ന സമയത്ത് പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ജനറൽ സെക്രട്ടറി ആയിരുന്ന എസ് രമേശനായിരുന്നു ടി.കെ. യുടെ സെക്രട്ടറി. കേരളത്തിന് ഒരു പുതിയ സാംസ്‌കാരിക നയം രൂപീകരിക്കുന്ന പൊതു ചർച്ചയിലാണ് ഫിലിം സൊസൈറ്റി ഫെഡറേഷന്റെയും മറ്റുള്ളവരുടെയും നിർദ്ദേശമായി ചലച്ചിത്ര അക്കാദമി ആശയം രൂപം കൊണ്ടത്. ആ സർക്കാരാണ് എസ്. രമേശന്റെയും ടി.കെ.യുടെയും വ്യക്തിപരമായ ശ്രദ്ധയും താൽപര്യവുംകൊണ്ട് ചലച്ചിത്ര അക്കാദമി രൂപീകരിച്ചത്. ഇന്ത്യയിൽ ആദ്യമായി ഒരു ചലച്ചിത്ര അക്കാദമി ഉണ്ടാക്കുകയായിരുന്നു. ശിവരാമ കാരന്ത് കമ്മിറ്റി റിപ്പോർട്ടിലെ നിർദ്ദേശമായി എന്നേ കേന്ദ്ര സർക്കാർ ഫയലുകളിൽ ഉറങ്ങിക്കിടന്ന ഒന്നിനെയാണ് കേരളത്തിലെ ഇടതുപക്ഷ സർക്കാർ പ്രാവർത്തികമാക്കിയത്.


ചലച്ചിത്ര അക്കാദമിയുടെ കരട് രൂപരേഖ എഴുതി തയ്യാറാക്കിയത് ഈ ലേഖകനും ഷാജി എൻ കരുണും കൂടിയായിരുന്നു. ചലച്ചിത്ര അക്കാദമിയുടെ ആദ്യ കൗൺസിലിൽ ഫെഡറേഷന്റെ സെക്രട്ടറി ആയിരുന്ന എസ്. സുരേഷ്ബാബുവിനെ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. സാംസ്‌കാരിക രംഗത്തെ പല നടപടികളും ടി.കെ.യുടെ അനുവാദത്തോടെ എസ്. രമേശൻ സൂക്ഷ്മമായ പരിശോധനകളിലൂടെയും തീരുമാനങ്ങളിലൂടെയും നടപ്പിലാക്കി. ചന്ദ്രസേനൻ ഫെഡറേഷന്റെ സെക്രട്ടറിയായിരിക്കെ, കേരളത്തിന് സ്വതന്ത്രമായ ഒരു റീജിയൺ എന്ന ആവശ്യം ഞങ്ങൾ വീണ്ടും ഉയർത്തിക്കൊണ്ടു വന്നു. സതേൺ റീജിയന്റെ റീജിയണൽ സെക്രട്ടറി ആയി അന്ന് പ്രവർത്തിച്ചിരുന്നത് ടി. കല്യാണരാമനായിരുന്നു (അദ്ദേഹം കുറച്ചുനാൾ മുമ്പ് മരിച്ചു). I.I.T. എൻജിനീയറിംഗ് ബിരുദധാരിയായിരുന്ന കല്യാണരാമൻ തന്റെ ഉയർന്ന ശമ്പളമുള്ള ജോലി ഉപേക്ഷിച്ച് ഫെഡറേഷൻ പ്രവർത്തനങ്ങൾക്കുവേണ്ടി മദ്രാസിൽ കുറഞ്ഞ വേതനത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന മനുഷ്യനാണ്.

[caption id="attachment_44194" align="alignleft" width="300"]vk joseph
വി കെ ജോസഫ്[/caption]

സിനിമയെക്കുറിച്ചുള്ള വലിയ സങ്കൽപ്പങ്ങളുണ്ടായിരുന്ന ആൾ. ഇടതുപക്ഷാശയങ്ങൾക്കൊപ്പം നിലകൊണ്ട സാംസ്‌ക്കാരിക പ്രവർത്തകൻ. കേരളത്തിന്റെ ആവശ്യം അംഗീകരിക്കണമെന്ന് അദ്ദേഹം ശക്തമായി ആവശ്യപ്പെട്ടെങ്കിലും മറ്റ് മൂന്നു റീജിയണുകളും അതിനെ എതിർത്തുകൊണ്ടിരുന്നു. പക്ഷേ മധുരയിൽ നടന്ന ഒരു സെൻട്രൽ കൗൺസിൽ യോഗത്തിൽ കേരള റീജിയൺ രൂപീകരണത്തിനുവേണ്ടിയുള്ള പ്രമേയവും സതേൺ റീജിയൺ തീരുമാനവും വീണ്ടും ഞങ്ങൾ അവതരിപ്പിച്ചു. എന്തോ ചില പ്രത്യേക കാരണങ്ങളാൽ ചില റീജിയണിൽ നിന്ന് പലർക്കും യോഗത്തിൽ സംബന്ധിക്കാനാവാതിരുന്നതുകൊണ്ട് വോട്ടിംഗിൽ ഞങ്ങൾക്ക് നിർണായക മേൽക്കൈ ലഭിക്കുമായിരുന്നു. അവർ നിർദ്ദേശിച്ച പുതിയ ഭാരവാഹികളെ എതിരില്ലാതെ തെരഞ്ഞെടുക്കണമെങ്കിൽ അവർക്ക് ഞങ്ങളുടെ പ്രമേയത്തെ അംഗികരിക്കണമായിരുന്നു. കേരള റീജിയൺ എന്ന തീരുമാനം ഏകകണ്ഠമായി അംഗീകരിക്കുന്നില്ലെങ്കിൽ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിന് ഞങ്ങൾ ബദൽ പേരുകൾ നിർദ്ദേശിക്കുമെന്നും കേന്ദ്രസമിതി ഓഫീസ് തന്നെ കൽക്കത്തയിൽ നിന്ന് മദ്രാസിലേക്ക് മാറ്റുന്ന വിധത്തിലുള്ള തീരുമാനം നടപ്പിലാക്കുന്ന വിധത്തിൽ വോട്ടിങ്ങ് ആവശ്യപ്പെടും എന്ന ഭീഷണിക്ക് അവർ വഴങ്ങി. ഒരു സംസ്ഥാനത്തിന് മാത്രമായി ഒരു റീജിയൺ അനുവദനീയമല്ല എന്ന അവരുടെ വാദം തൽക്കാലം സ്വീകരിച്ചുകൊണ്ട് SouthWest Region എന്ന് പേര് മാറ്റിക്കൊണ്ട് കേരളവും ലക്ഷദ്വീപും ഉൾക്കൊള്ളുന്ന ഒരു റീജിയണുണ്ടാക്കാനുള്ള തീരുമാനമുണ്ടായി. പക്ഷേ പിന്നീട് അതവർ നടപ്പിലാക്കിയില്ല.

ഒന്നാം ഭാഗം: ഇന്ത്യൻ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് ഒരാമുഖം

ഫെഡറേഷന്റെ പ്രസിഡണ്ടായിരുന്ന അനിൽ ചാറ്റർജി (ഋത്വിക് ഘട്ടക്കിന്റെയും സത്യജിത്‌റായിയുടെയും സിനിമകളിലെ നടനും ഇടതുപക്ഷ സാസ്‌ക്കാരിക പ്രവർത്തകനും) അന്തരിച്ച ഇടവേളയിൽ സതേൺ റീജിയൺ വൈസ് പ്രസിഡണ്ടായിരുന്ന സായികുമാരി ദേശീയ പ്രസിഡണ്ടിന്റെ ചുമതലയേറ്റു. ആ സമയത്ത് അവർ തന്റെ പ്രത്യേക അധികാരം ഉപയോഗിച്ചുകൊണ്ട് മധുര യോഗതീരുമാന പ്രകാരമുള്ള South-West Region രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവിറക്കി. പക്ഷേ പിന്നീട് വന്ന കമ്മിറ്റി ഇത് ഭരണഘടനാനുസൃതമല്ലെന്നുള്ള കാരണത്താൽ നടപ്പിലാക്കിയില്ല. അങ്ങിനെ കുറേ വർഷത്തോളം കേരളം ഒരു കമ്മിറ്റികളിലും പങ്കെടുക്കാതിരിക്കുകയും സ്വതന്ത്രമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയും ചെയ്തു. കേന്ദ്രസമിതിയുമായുള്ള ബന്ധം വിച്ഛേദിച്ചതുപോലെയായി. കേരളത്തിലെ ഫിലിം സൊസൈറ്റികൾ പുതിയ ഫെഡറേഷനുണ്ടാക്കുകയും ഇന്റർ നാഷണൽ ഫെഡറേഷനിൽ അഫിലിയേഷന് ശ്രമിക്കുകയും ചെയ്യുമെന്ന് അവർ ഭയപ്പെട്ടു.

ഈ സമയങ്ങളിലൊക്കെ കേരളത്തിൽ നിരന്തരമായ പ്രവർത്തനങ്ങളുടെ കൂട്ടായ്മകൊണ്ട് കൂടുതൽ സൊസൈറ്റികൾ രൂപം കൊണ്ടു. പ്രാദേശിക ചലച്ചിത്രമേളകൾ ഉയർന്നുവന്നു. കേരള ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ 2005 ൽ ഡോക്യുമെന്ററികൾക്കും ഹൃസ്വചിത്രങ്ങൾക്കും വേണ്ടിയുള്ള SIGNS മത്സരമേള ആരംഭിച്ചു. ഫിലിം ഡിവിഷൻ രണ്ടുവർഷത്തിലൊരിക്കൽ നടത്തുന്ന ഒരു മേള മാത്രമായിരുന്നു ഇന്ത്യയിലതുവരെ ഉണ്ടായിരുന്നത്. തിരുവനന്തപുരത്ത് ആരംഭിച്ച ഈ മേളയിൽ ഇന്ത്യയുടെ എല്ലാ ഭാഗത്തുനിന്നും ചലച്ചിത്രകാരന്മാർ തങ്ങളുടെ സിനിമകളുമായി സ്വന്തം ചിലവിൽ വന്ന് പങ്കെടുത്തു. ഡോക്യുമെന്ററി സംവിധായകർക്കും ഹൃസ്വചിത്ര സംവിധായകർക്കും കൂടിച്ചേരാനും ആശയങ്ങൾ പങ്കുവെക്കാനും ഉള്ള വേദിയായി ഇത് മാറി. ജോൺ എബ്രഹാം അവാർഡിനു വേണ്ടിയുള്ള ഈ മത്സര മേളയിൽ പങ്കെടുത്ത് അവാർഡുകൾ വാങ്ങിയവരിൽ പലരും ഇന്ന് ഇന്ത്യയിലും വിദേശത്തും അംഗീകരിക്കപ്പെടുന്ന പ്രശസ്ത ചലച്ചിത്രകാരന്മാരാണ്.

SiGNS-FESTIVALഈ ഫെസ്റ്റിവലിന്റെ സ്വാധീനത്തിലും മാതൃകയിലും സർക്കാർ തന്നെ നേരിട്ട് ഡോക്യുമെന്ററി-ഹൃസ്വചിത്രമേള എല്ലാ വർഷവും സംഘടിപ്പിക്കണമെന്ന നിർദ്ദേശങ്ങൾ സ്വീകരിച്ചുകൊണ്ടാണ് എം.എ. ബേബി സാംസ്‌ക്കാരിക വകുപ്പ് മന്ത്രിയായിരിക്കുമ്പോൾ IFFK പോലെ IDSFFK (International Documentary and Short Film Festival of Kerala) ആരംഭിക്കാൻ നയപരമായി തീരുമാനിച്ചത്. കെ. ആർ. മോഹനൻ ചെയർമാനും, ലേഖകൻ വൈസ് ചെയർമാനും ആയിരിക്കുമ്പോൾ ആണ് ചലച്ചിത്ര അക്കാദമി IDSFFK ആരംഭിക്കുന്നത്. എങ്കിലും SIGNS മേള ഒരു സ്വതന്ത്ര സമാന്തര മേളയായി തുടരുകയും ഇപ്പോൾ അതിന്റെ പത്താമത്തെ എഡിഷനിലേക്ക് എത്തുകയും ചെയ്തു. കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങളിലായി SIGNS തിരുവനന്തപുരത്തിന് പുറത്താണ് നടക്കുന്നത്. കഴിഞ്ഞ വർഷം മുതൽ കൊച്ചിൻ ബിനാലെ ഗ്രൂപ്പുമായി സഹകരിച്ചാണ് മേള നടക്കുന്നത്. ഈ മേളയിൽ ചിത്രങ്ങളുമായി പങ്കെടുത്തവരിൽ ചിലരാണ് നല്ല മലയാള സിനിമയ്ക്കുള്ള കേരള സംസ്ഥാന അവാർഡുകൾ കരസ്ഥമാക്കിയ സുദേവനും ഷെറിയും. ഈ മേളയുടെ സംഘാടനത്തിൽ പ്രധാന പങ്ക് വഹിച്ചിരുന്ന ഫിലിം സൊസൈറ്റി ഫെഡറേഷന്റെ പ്രവർത്തകനും ഭാരവാഹിയുമായിരുന്ന കെ.ആർ. മനോജ് പിൽക്കാലത്ത് സംസ്ഥാന ദേശീയ അവാർഡുകൾ നേടിയ ഡോക്യുമെന്ററിയും ഹൃസ്വചിത്രവും കന്യാടാക്കീസ് എന്ന ഫീച്ചർ സിനിമയും സംവിധാനം ചെയ്തു.

[caption id="attachment_44209" align="alignright" width="300"]മധു ജനാർദ്ദനൻ
മധു ജനാർദ്ദനൻ[/caption]

തൊണ്ണൂറുകളിലെ ചരിത്രത്തിലേക്ക് തിരിഞ്ഞു നോക്കുമ്പോൾ ചന്ദ്രസേനനു ശേഷം ഫെഡറേഷൻ സെക്രട്ടറിമാരായ മധുസൂദനൻ, ചെറിയാൻ ജോസഫ്, ബി.എം. സുരേഷ്, എസ്. സുരേഷ് ബാബു തുടങ്ങിയവരെ ഓർക്കേണ്ടതുണ്ട്. പിന്നീട് കെ.ജി. മോഹൻ കുമാർ, മധു ജനാർദ്ദനൻ, കെ.എസ്. പ്രസന്നകുമാർ, കെ. പ്രഭാകരൻ, റെജി എം. ദാമോദരൻ തുടങ്ങി പലരും പല തരത്തിലുള്ള ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു. എല്ലാവരും ഇപ്പോഴും ഈ പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു. എല്ലായ്‌പ്പോഴും കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള പലരും ഈ കൂട്ടായ്മയുടെ ഭാഗമായി പ്രവർത്തിച്ചു. ഇക്കാലയളവിലൊക്കെ ചലച്ചിത്ര പഠനക്യാമ്പുകളും ചെറിയ മേളകളും പലയിടങ്ങളിലും ഉയർന്നുവന്നു. ഫെഡറേഷൻ കോതമംഗലത്തെ സുമംഗല ഫിലിം സൊസൈറ്റിയുമായി ചേർന്ന് നടത്തിയ ചലച്ചിത്രാസ്വാദന ക്യാമ്പിൽ പങ്കെടുത്ത ചിലർ പിന്നീടു ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പോയി പഠിക്കുകയും മികച്ച സിനിമാട്ടോഗ്രാഫർമാരും എഡിറ്റർമാരും ആയി പ്രവർത്തിക്കുകയും ചെയ്യുന്നുണ്ട്. എഡിറ്ററായ ബി. അജിത് കുമാർ, മധു നീലകണ്ഠൻ (സിനിമാട്ടോഗ്രാഫർ), കെ.എം. കമൽ (സിനിമാട്ടോഗ്രാഫറും സംവിധായകനും) എന്നിവരൊക്കെ അങ്ങിനെ ഫിലിം സൊസൈറ്റികളുടെ സ്വാധീനത്തിൽ നിന്നാണ് ചലച്ചിത്ര രംഗത്തേക്ക് പ്രവേശിച്ചതെന്ന് പറയാം. കേരളത്തിന്റെ പ്രത്യേക റീജിയണൽ പദവിക്കുവേണ്ടിയുള്ള പോരാട്ടം തുടർന്നുകൊണ്ടിരുന്നു. ഒടുവിൽ കേരള സബ്‌റീജിയൺ എന്ന രീതിയിൽ ഒരു തീരുമാനമായി. പക്ഷേ പൂർണ പങ്കാളിത്തത്തോടെ അഞ്ചാമത്തെ റീജിയണായി അംഗീകരിക്കണമെന്ന ആവശ്യം ഇനിയും നേടാനായിട്ടില്ല. അതിനുവേണ്ടിയുള്ള ഭരണഘടന ഭേദഗതിയുടെ നടപടിക്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

ഒന്നാം ഭാഗം: ഇന്ത്യൻ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് ഒരാമുഖം

കേരളത്തിൽ 118 സൊസൈറ്റികൾ ഫെഡറേഷനിൽ അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ചിലതൊക്കെ ഇടയ്ക്ക് പ്രവർത്തനരഹിതമാകുന്നുണ്ടെങ്കിലും എഴുപത്തിഅഞ്ചിലധികം സൊസൈറ്റികൾ സജീവമാണ്. പുതിയ ഫിലിം സൊസൈറ്റികൾ പലയിടങ്ങളിലും രൂപം കൊടുക്കാനുള്ള ശ്രമങ്ങൾ ഫെഡറേഷൻ ചെയ്തുകൊണ്ടിരിക്കുന്നു. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ധനകാര്യമന്ത്രിയായിരുന്ന ഡോ. തോമസ് ഐസക്, പ്രസ്ഥാനത്തെ സഹായിക്കുന്നതിനും വളർത്തുന്നതിനുമായി വലിയ പിന്തുണയുമായി രംഗത്തു വന്നു. അദ്ദേഹം 50 ലക്ഷം രൂപ ഫിലിം സൊസൈറ്റി ഫെഡറേഷന് ഗ്രാന്റ് നൽകാൻ ബഡ്ജറ്റിൽ വക കൊള്ളിച്ച് ഉത്തരവിറക്കി. ആ ഗ്രാന്റ് സൊസൈറ്റികളുടെ പ്രവർത്തനങ്ങളെ കാര്യമായി സഹായിച്ചു. ചെറുതും വലുതുമായ നിരവധി ചലച്ചിത്ര മേളകളും ക്യാമ്പുകളും സംഘടിപ്പിക്കപ്പെട്ടു. പുതിയ സൊസൈറ്റികൾ രൂപം കൊണ്ടു. പിന്നീട് വന്ന യു.ഡി.എഫ്. സർക്കാർ ഗ്രാന്റ് നൽകാതിരിക്കുകയും സമ്മർദ്ദങ്ങളുടെയും നിവേദനങ്ങളുടെയും ഫലമായി ചെറിയ തുകകൾ മാത്രം ചിലവർഷങ്ങളിൽ നൽകുകയും ചെയ്തു. എങ്കിലും പരിമിതമായി ലഭിച്ച ഗ്രാന്റ് തുക സൊസൈറ്റികൾക്ക് ഗ്രാന്റായും, മേളകൾക്കും ക്യാമ്പുകൾക്കും പ്രൊജക്ടറുകൾ വാങ്ങുന്നതിനും പ്രത്യേക ഗ്രാന്റായും നൽകി വന്നു. ആ സർക്കാരിലെ സിനിമ മന്ത്രിയായിരുന്ന ഗണേഷ്‌കുമാറും ചലച്ചിത്ര അക്കാദമിയും ഫെഡറേഷനോടും സൊസൈറ്റികളോടും ശത്രുതാപരമായ നിലപാടുകൾ സ്വീകരിച്ചു. അതുവരെയുള്ള എല്ലാ മേളകളിലും നിർണായകമായ പ്രവർത്തനങ്ങളിൽ ഫെഡറേഷൻ സഹായിച്ചിരുന്നു. അടൂർ ഗോപാലകൃഷ്ണൻ അക്കാദമി ചെയർമാനായിരുന്ന ഘട്ടത്തിൽ ഫെസ്റ്റിവലിൽ ഡെലിഗേറ്റ് പാസ് നൽകുന്നതിനുള്ള ചുമതല ഫെഡറേഷനെയാണ് ഏൽപ്പിച്ചിരുന്നത്. ഫെഡറേഷന്റെ ഭാരവാഹികളും പ്രവർത്തകരും ഒക്കെ ദിവസങ്ങളോളം യാതൊരു പ്രതിഫലവുമില്ലാതെയാണ് ജോലി ചെയ്തിരുന്നത്. മേള തങ്ങളുടേതാണെന്ന ബോധത്തിൽ നിന്നുള്ള പങ്കാളിത്തമായിരുന്നു അത്. ചില ശുദ്ധാത്മാക്കൾ ധരിച്ചിരിക്കുന്നതുപോലെ ആരും ശമ്പളം പറ്റിക്കൊണ്ടല്ല ഇതൊക്കെ ചെയ്തിരുന്നത്. ഗണേഷ്‌കുമാർ വന്നതോടെ ഈ ബന്ധം അവസാനിച്ചു. മാത്രമല്ല കലാഭവനിൽ നിന്ന് ഫെഡറേഷന്റെ ഓഫീസ് കുടിയൊഴിപ്പിക്കപ്പെടുകയും ചെയ്തു.

iffk open forumIFFI (International Film Festival of India) 1988 ൽ തിരുവനന്തപുരത്ത് വന്നപ്പോൾ ഫെഡറേഷന്റെ നേതൃത്വത്തിൽ ആരംഭിച്ചതായിരുന്നു ഓപ്പൺ ഫോറം. അതിനുശേഷം ഫെസ്റ്റിവലിലെ ഏറ്റവും സംവാദാത്മകമായ ജനാധിപത്യ ഇടമായി അത് വികസിച്ചു. ഇന്ത്യയിലെ എല്ലാ ഫെസ്റ്റിവലുകളിലും ഓപ്പൺ ഫോറം പ്രധാനപ്പെട്ട ഒന്നായി മാറി. അത് കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന്റെ മൗലിക സംഭാവനയാണ്. പി. ഗോവിന്ദപിള്ളയും അടൂർ ഗോപാലകൃഷ്ണനുമാണ് അതിന് സൗകര്യമൊരുക്കിയത്. മേളയിലെത്തുന്ന ചലച്ചിത്രകാരന്മാരും മറ്റു പ്രമുഖരുമായുള്ള സംവാദ വേദിയായിരുന്നു അത്. ഫെസ്റ്റിവലുകളുടെ നടത്തിപ്പിനെക്കുറിച്ചു സിനിമയുടെ ഗുണ നിലവാരത്തെപ്പറ്റിയുമൊക്കെയുള്ള വിമർശനങ്ങളുടെയും വിലയിരുത്തലുകളുടെയും വേദികൂടി ആയി അത് മാറി. ഗണേഷ്‌കുമാർ മന്ത്രിയായപ്പോൾ ഓപ്പൺ ഫോറം വിമർശനങ്ങളുന്നയിക്കുന്ന വേദിയാകുന്നു എന്ന് പറഞ്ഞ് അത് അവസാനിപ്പിച്ചു. ഫെഡറേഷനാണ് ഓപ്പൺ ഫോറം നടത്തിക്കൊണ്ടിരുന്നത്. മേളയുടെ അധികാരികൾ ഓപ്പൺ ഫോറത്തെ പുറത്താക്കിയെങ്കിലും ഫെഡറേഷൻ സമാന്തരമായി തിയേറ്ററിന് പുറത്ത് ഓപ്പൺ ഫോറം നടത്തിക്കൊണ്ടിരുന്നു. പിന്നീട് പ്രിയദർശനുപകരം രാജീവ്‌നാഥ് ചെയർമാനായപ്പോൽ ഓപ്പൺ ഫോറം പുനരാരംഭിക്കുകയും ചെയ്തു. കെ. ആർ. മോഹനൻ ചലച്ചിത്ര അക്കാദമി ചെയർമാനായിരുന്ന കാലത്ത് അധ്യാപകർക്കുവേണ്ടിയും കുട്ടികൾക്കുവേണ്ടിയും പ്രത്യേക വിഷയങ്ങൾ ഉൾപ്പെടുത്തി ചലച്ചിത്രാസ്വാദന പഠന ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. ആ ക്യാമ്പുകളുടെ സംഘാടനത്തിലും വിഷയ നിർണയത്തിലും ഫാക്കൽറ്റികളെ കണ്ടുപിടിക്കുന്നതിലും ഒക്കെ നിർണായക പങ്കാളിത്തം ഫിലിം സൊസൈറ്റി ഫെഡറേഷനാണ് വഹിച്ചിരുന്നത്.

കേരളത്തിലെ നിരൂപകരെല്ലാംതന്നെ ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവരാണ്. അവരുടെ അക്കാദമിക സംഭാവനകളെയും മികവിനെയും ഉപയോഗിച്ചുകൊണ്ടുകൂടിയാണ് ക്യാമ്പുകൾ സംഘടിപ്പിക്കപ്പെട്ടത്. കൂടാതെ നല്ല സിനിമകൾക്കൊപ്പം നിലകൊണ്ട എഡിറ്റർമാർ, സിനിമാട്ടോഗ്രാഫർമാർ, ചലച്ചിത്രകാരന്മാർ എന്നിവരുടെയൊക്കെ സഹകരണവും അധ്യാപന പരിചയവും ഉപയോഗിച്ചുകൊണ്ട് ചലച്ചിത്രത്തിന്റെ സാങ്കേതികതയും രാഷ്ട്രീയവും സാംസ്‌ക്കാരവും ചരിത്രവും ഒക്കെ ഈ ക്യാമ്പുകളിൽ സംവാദാത്മകമായ രീതിയിൽ പഠിപ്പിക്കപ്പെട്ടു. അതിന്റെ ഫലമായും കൂടിയാണ് സ്‌കൂളുകളിൽ നിന്ന് കുട്ടികളും അധ്യാപകരും ഡോക്യുമെന്ററികളും ഹൃസ്വചിത്രങ്ങളുമായി കഴിഞ്ഞ കാലങ്ങളിൽ വന്നത്.

ഒന്നാം ഭാഗം: ഇന്ത്യൻ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് ഒരാമുഖം

ഫിലിം സൊസൈറ്റികളുടെ സാന്നിധ്യവും നല്ല സിനിമയെക്കുറിച്ചുള്ള സങ്കൽപ്പങ്ങളും കൊണ്ട് കേരളത്തിന്റെ കലാസാംസ്‌ക്കാരിക രംഗത്തെ നിരവധി ആളുകൾ പ്രസ്ഥാനത്തോട് സഹകരിക്കുന്നുണ്ട്. കേരളത്തിലെ അക്കാദമിക പഠന വിഷയങ്ങളിൽ ചലച്ചിത്രം ഒരു വിഷയമായി സ്വീകരിച്ചു തുടങ്ങിയിട്ടുള്ളത് ഈ പ്രവർത്തനങ്ങളുടെ ആശയപരമായ സാന്നിദ്ധ്യം കൊണ്ടാണ്. സ്‌കൂളുകളിലും കോളേജുകളിലും സിനിമയും തിരക്കഥയുമൊക്കെ പഠന വിഷയമായിക്കൊണ്ടിരിക്കുന്നത് ഈ ചെറുഗ്രൂപ്പുകൾ നടത്തുന്ന അക്കാദമിക ഇടപെടലുകളും സംവാദങ്ങളും കൊണ്ടാണ്. പല കോളേജുകളിലും യൂണിവേഴ്‌സിറ്റികളിലും ക്യാമ്പുകളും ചലച്ചിത്ര സെമിനാറുകളും ഒക്കെ നടക്കുമ്പോൾ അവർക്കുവേണ്ട അക്കാദമിക പിന്തുണയും ഫാൽക്കറ്റികളുടെ സഹകരണവും സാന്നിധ്യവും ഉറപ്പാക്കുന്നത് ഫിലിംസൊസൈറ്റിയിൽ നിന്നുയർന്നു വന്നവരാണ്. മലയാള സർവ്വകലാശാല, ചലച്ചിത്ര പഠനത്തിന്റെ ബിരുദാനന്തര കോഴ്‌സ് ആരംഭിച്ചപ്പോൾ അതിന്റെ സിലബസ് നിർണയത്തിനായുള്ള അക്കാദമിക കൗൺസിലിൽ പ്രവർത്തിച്ചവരിൽ ഏറിയ പങ്കും ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളുമായി ബന്ധമുള്ളവരായിരുന്നു. ഫെഡറേഷൻ തന്നെ മുൻകയ്യെടുത്ത് ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ചലച്ചിത്ര പഠന ക്യാമ്പുകളുടെ ആവശ്യങ്ങൾക്കുതകുന്ന ഒരു വിപുലമായ സിലബസും പഠന മോഡ്യൂളും തയ്യാറാക്കുന്നതിന് വേണ്ടി ഒരു ഫാൽക്കൽറ്റി ശില്പശാല നടത്തിയിരുന്നു. നിരൂപകരും അധ്യാപകരും ചലച്ചത്ര സാങ്കേതിക വിദഗ്ധരും അടങ്ങുന്ന 25 ൽ അധികം ആളുകൾ പങ്കെടുത്ത ശില്പശാലയിൽ വിപുലമായ പഠന വിഷയങ്ങളും അതിനുവേണ്ട സമഗ്രമായ മോഡ്യൂളുകളും രൂപപ്പെടുത്താൻ തീരുമാനിക്കുകയും അതിന്റെ പ്രാഥമിക ചർച്ചകൾ നടത്തുകയും ചെയ്തു. ഇപ്പോൾ നിലവിലുള്ള പഠന വിഷയങ്ങളെ വിപുലപ്പെടുത്തുന്നതിനും മോഡ്യൂളുകൾ തയ്യാറാക്കുന്നതിനും ഓരോ ചെറുഗ്രൂപ്പുകളെയും വ്യക്തികളെയും ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. 28 വിഷയങ്ങളോളം ഉള്ള ഒരു റിസോഴ്‌സ് ഡാറ്റ ബാങ്കും ഫാക്കൽറ്റികളും രൂപപ്പെടുത്തികൊണ്ട് കേരളത്തിലെ സ്‌കൂൾ കോളേജ് തലത്തിലുള്ള ചലച്ചിത്ര പഠനങ്ങളെ കൂടുതൽ മികവുറ്റതാക്കാൻ സഹായിക്കുക എന്നതുകൂടി ഇതിന്റെ ലക്ഷ്യമാണ്. ഇനിയും അതിന്റെ തുടർ പ്രവർത്തനങ്ങൾ നടത്തേണ്ടതുണ്ട്.

പയ്യന്നൂരിൽ പ്രവർത്തിക്കുന്ന ഓപ്പൺ ഫ്രെയിം ഫിലിം സൊസൈറ്റി പ്രവർത്തകരും എംസോൺ ഗ്രൂപ്പും ഒറ്റയ്ക്കും കൂട്ടായും നിരവധി വിദേശ സിനിമകൾ മലയാളത്തിൽ സബ് ടൈറ്റിൽ ചെയ്തുകൊണ്ട് പ്രദർശനം നടത്തുന്നുണ്ട്. ലോക സിനിമയെ കുറേക്കൂടി ജനകീയമാക്കുന്നതിനും കൂടുതൽ ആളുകളിലേക്കെത്തിക്കുന്നതിനും ഇതേറെ സഹായിക്കും. ഫെഡറേഷൻ മലയാളം സബ് ടൈറ്റിലിങ്ങിന്റെ ഒരു ശില്പശാലയും സംഘടിപ്പിക്കുകയുണ്ടായി. ഫെഡറേഷന്റെ സഹായത്തോടെ ഇടപെടലോടെയും കൂടിയാണ് സ്ത്രീപഠനകേന്ദ്രത്തിന്റെയും ഫീമെയിൽ ഫിലിം സൊസൈറ്റിയുടെയും നേതൃത്വത്തിൽ ഫീമെയിൽ ഫിലിംഫെസ്റ്റിവൽ തിരുവനന്തപുരത്ത് മൂന്ന് വർഷം തുടർച്ചയായി നടക്കുന്നത്. ഇങ്ങിനെയുള്ള അക്കാദമിക പ്രവർത്തനങ്ങൾ വളരെ നിശബ്ദമായി നടക്കുന്നവയാണ്. അതിന് മാധ്യമ പ്രചാരണങ്ങളോ ഗ്ലാമറോ ഇല്ലാത്തതുകൊണ്ട് പലരും അറിയുന്നില്ല എന്ന് മാത്രം. ഫിലിം സൊസൈറ്റികൾ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ചോദിക്കുന്നവരുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകാനാവില്ല. കാരണം അത് നിശബ്ദവും സാവധാനം ഫലങ്ങളുണ്ടാക്കുന്നവയുമായ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അത് താരപ്പൊലിമയില്ലാത്ത ഒരു സാംസ്‌ക്കാരിക പ്രവർത്തനമാണ്.

ഒന്നാം ഭാഗം: ഇന്ത്യൻ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് ഒരാമുഖം

കേരളത്തിലെ ചലച്ചിത്രമേഖലയിൽ, ആസ്വാദകർ, നിരൂപകർ, സംവിധായകർ, സാങ്കേതികവിദഗ്ദ്ധർ എന്നിവരെയൊക്കെ സൃഷ്ടിക്കുന്നതിൽ ഫിലിം സൊസൈറ്റി പ്രവർത്തനങ്ങളുടെ പശ്ചാത്തലവും അന്തരീക്ഷവും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. നല്ല സിനിമയുടെ അമരക്കാരായ മുതിർന്ന നിരവധി സംവിധായകർ ഫിലിം സൊസൈറ്റികളുമായി ബന്ധമുള്ളവരായിരുന്നു. ഇപ്പോഴും അവരാ ബന്ധം ഏതെങ്കിലും തരത്തിൽ തുടരുന്നുമുണ്ട്. ഏറ്റവും പുതിയ തലമുറയിലെ സംവിധായകരിൽ പലരും ഫിലിംസൊസൈറ്റികളുടെ പ്രദർശനങ്ങളിൽനിന്നും പ്രവർത്തനങ്ങളിൽനിന്നും ഉയർന്നുവന്നവരാണ്. കേരളത്തിലെ ചലച്ചിത്രനിരൂപകരെല്ലാം തന്നെ ഫിലിം സൊസൈറ്റികളുടെ ഉൽപ്പന്നമാണെന്ന് പറയാം. ക്യാമറ, എഡിറ്റിംഗ്, ശബ്ദലേഖനം എന്നീ മേഖലകളിലുള്ള പലരും ഫിലിം സൊസൈറ്റികളുടെ പ്രദർശനങ്ങളിൽനിന്നും ആസ്വാദന പഠനക്യാമ്പുകളിൽനിന്നും പ്രചോദനമുൾക്കൊണ്ട്, ഫിലിം ഇൻസ്റ്റിറ്റ്യൂട്ടുകളിൽ പഠിച്ച് പുറത്തിറങ്ങിയവരാണ്. ഫെഡറേഷന്റെ നേതൃത്വത്തിൽ നടക്കുന്ന സൈൻസ് (ടകഏചട) ഡോക്യുമെന്ററി-ഷോർട്ട് ഫിലിം ഫെസ്റ്റിവലുകളിലെയും ഫിലിം സൊസൈറ്റികൾ പല ഭാഗത്ത് നടത്തുന്ന ചെറിയ ചലച്ചിത്രമേളകളിലെയും സാന്നിധ്യംകൊണ്ടും പങ്കാളിത്തംകൊണ്ടും പിന്നീട് മികച്ച ചലച്ചിത്രങ്ങളുമായി പ്രത്യക്ഷപ്പെടാനുള്ള അവസരമുണ്ടാകുകയും ചെയ്ത നിരവധിപേരുണ്ട്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സൊസൈറ്റികൾ സംഘടിപ്പിക്കുന്ന ചെറുതും വലുതുമായ ചലച്ചിത്രമേളകൾ ചലച്ചിത്രത്തിന്റെ പുതിയ ഭാവുകത്വത്തെ പതുക്കെയാണെങ്കിലും ഗുണകരമായി സ്വാധീനിക്കുന്നുണ്ട്. പ്രാദേശികമായി നടക്കുന്ന പല പ്രവർത്തനങ്ങളും മാധ്യമങ്ങളിൽ തമസ്‌കരിക്കപ്പെടുകയോ, വെറും പ്രാദേശിക വാർത്തകളായി ചുരുങ്ങുകയോ ചെയ്യുമ്പോൾ, മറ്റ് സ്ഥലങ്ങളിലുള്ളവർക്ക് ഫിലിം സൊസൈറ്റികളുടെ പ്രവർത്തനങ്ങളെക്കുറിച്ച് യഥാർത്ഥ ചിത്രം ലഭിക്കാതെ പോകുകയും ചെയ്യുന്നുണ്ട്. അപ്പോൾ അവർ ധരിക്കുന്നത് ഫിലിം സൊസൈറ്റികൾ മരിച്ചുപോയി എന്നും പ്രവർത്തനങ്ങൾ തീരെ നടക്കുന്നില്ല എന്നുമാണ്. യഥാർത്ഥത്തിൽ പല ഭാഗങ്ങളിലും ഡോക്യുമെന്ററി അടക്കം ചെറിയ മേളകളും ചർച്ചകളും സെമിനാറുകളും ഒക്കെ നടക്കുന്നത് ആരുമറിയാതെ പോവുകയാണ്. നിലവിലുള്ള ഫിലിം സൊസൈറ്റികളുടെ പ്രവർത്തനങ്ങളെ സഹായിക്കുന്നതിനും, പ്രാദേശികമേളകൾ സംഘടിപ്പിക്കുന്നതിനും, പ്രസ്ഥാനം വിപുലപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്കുവേണ്ടി പുതിയ ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാരിന്റെ ധനകാര്യമന്ത്രി ഡോ. ടി എം തോമസ് ഐസക് 50 ലക്ഷം രൂപ വീണ്ടും ഗ്രാന്റനുവദിച്ചത് കേരളത്തിലെ ഫിലിംസൊസൈറ്റികൾ വലിയ ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്.

K._R._Mohanan2012 മുതൽ 4 വർഷക്കാലം കേരള സബ്‌റീജിയന്റെ വൈസ് പ്രസിഡണ്ടായി പ്രവർത്തിച്ചത് പ്രശസ്ത ചലച്ചിത്രകാരനും ചലച്ചിത്ര അക്കാദമിയുടെ മുൻ ചെയർമാനും ആയ കെ.ആർ. മോഹനനാണ്. കെ.ജി. മോഹൻകുമാറും, കെ. പ്രഭാകരനും ഒക്കെ സബ്‌റീജിയൺ സെക്രട്ടറിമാരായി പ്രവർത്തിച്ചിട്ടുണ്ട്. ഭരണ ഘടനയുടെ വലിഞ്ഞുമുറുകലുകളില്ലാതെ, വളരെ ജനാധിപത്യപരമായ രീതിയിലാണ് ഈ പ്രസ്ഥാനത്തിന്റെ റീജിയണൽ കൗൺസിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. ഭരണഘടനാനുസൃതമായി തെരഞ്ഞെടുക്കപ്പെടുന്ന അംഗങ്ങളെ കൂടാതെ കേരളത്തിന്റെ എല്ലാ ഭാഗത്തുമുള്ള ഫിലിം സൊസൈറ്റികളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനുവേണ്ടി കൂടുതൽ അംഗങ്ങളെ പ്രത്യേക ക്ഷണിതാക്കളായി നോമിനേറ്റ് ചെയ്തുകൊണ്ട് എല്ലാ കൗൺസിൽ യോഗങ്ങളിലും അവരുടെ സാന്നിധ്യവും നിർദ്ദേശങ്ങളും ഉറപ്പു വരുത്തി പങ്കാളികളാകുന്ന രീതിയാണ് ഈ സംഘടന സ്വീകരിച്ചിട്ടുള്ളത്.

ഒന്നാം ഭാഗം: ഇന്ത്യൻ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് ഒരാമുഖം

2016 ജൂലൈ 17 ന് തിരുവനന്തപുരത്ത് നടന്ന സൊസൈറ്റികളുടെ ദ്വൈവാർഷിക പൊതുയോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഒരു പോസ്റ്റിൽ രണ്ട് ടേമിൽ കൂടുതൽ ഒരാൾ തുടരരുത് എന്ന നിയമമുള്ളതുകൊണ്ട് കെ.ആർ. മോഹനൻ വൈസ് പ്രസിഡണ്ട് ചുമതല ഒഴിയുകയും കേരളത്തിലെ ഏറ്റവും മുതിർന്ന ഫിലിം സൊസൈറ്റി പ്രവർത്തകനും സാംസ്‌ക്കാരിക പ്രവർത്തകനും ആയ ചെലവൂർ വേണു ആ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

മുൻകാലങ്ങളിൽ ഫെഡറേഷൻ പ്രസിദ്ധീകരിച്ചിരുന്ന ദൃശ്യനാളം എല്ലാ മാസവും പ്രസിദ്ധീകരിക്കണമെന്നും കഴിയുന്നത്ര സ്ഥലങ്ങളിൽ പുതിയ സൊസൈറ്റികളുണ്ടാക്കാൻ ശ്രമിക്കണമെന്നും പുതിയ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. കോളേജുകളിൽ കാമ്പസ് ഫിലിം സൊസൈറ്റികൾ രൂപീകരിച്ചുകൊണ്ട് യുവാക്കളെ നല്ല ചലച്ചിത്ര സംസ്‌ക്കാരത്തിലേക്ക് നയിക്കണമെന്നും തീരുമാനമുണ്ടായി. അതിന്റെ പ്രവർത്തന പദ്ധതികൾ ആലോചിച്ചു വരുന്നു.