ഫിലിം സൊസൈറ്റി പ്രസ്ഥാനം കേരളത്തിൽ

കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് അരനൂറ്റാണ്ട് പ്രായം കഴിഞ്ഞു. 1965 ജൂലൈ 21-ന് തിരുവനന്തപുരത്ത് ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ പ്രവർത്തനം ആരംഭിക്കുന്നതോടെയാണ് നല്ല സിനിമയുടെയും ലോകസിനിമയുടെയും ഒരു പുതിയ ലോകത്തിലേക്കുള്ള വാതിലുകൾ തുറക്കപ്പെട്ടത്. കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെക്കുറിച്ചുള്ള ലേഖനപരമ്പരയിലെ മൂന്നാമത്തെ ലേഖനം. വി കെ ജോസഫ് എഴുതുന്നു.

ഫിലിം സൊസൈറ്റി പ്രസ്ഥാനം കേരളത്തിൽ

വി കെ ജോസഫ് 

കേരളത്തിലെ ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിന് അരനൂറ്റാണ്ട് പ്രായം കഴിഞ്ഞു. 1965 ജൂലൈ 21-ന് തിരുവനന്തപുരത്ത് ചിത്രലേഖ ഫിലിം സൊസൈറ്റിയുടെ പ്രവർത്തനം ആരംഭിക്കുന്നതോടെയാണ് നല്ല സിനിമയുടെയും ലോകസിനിമയുടെയും ഒരു പുതിയ ലോകത്തിലേക്കുള്ള വാതിലുകൾ തുറക്കപ്പെട്ടത്. അടൂർ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിൽ കുളത്തൂർ ഭാസ്‌ക്കരൻ നായർ, കെ.പി. കുമാരൻ, ശ്രീവരാഹം ബാലകൃഷ്ണൻ തുടങ്ങിയവരുടെയൊക്കെ പങ്കാളിത്തത്തോടെ സൊസൈറ്റിയുടെ പ്രവർത്തനം പുരോഗമിച്ചു. ചിത്രലേഖ ആരംഭിച്ചതിന്റെ അടുത്ത വർഷം 1966 ൽ എറണാകുളത്ത് സാഹിത്യ കാരന്മാരുടെ അഖിലേന്ത്യാ സമ്മേളനം നടന്നു. എം. ഗോവിന്ദനും ഫാക്ട് (FACT) ചെയർമാൻ എം.കെ.കെ. നായരുമൊക്കെ അതിന്റെ മുൻനിരയിലുണ്ടായിരുന്നു. സാഹിത്യ സമ്മേളനങ്ങളുടെ ഭാഗമായി എറണാകുളത്ത് ചലച്ചിത്ര ക്ലാസിക്കുകളുടെ ഒരു മേളയും ആസൂത്രണം ചെയ്തു. എം. ഗോവിന്ദനാണ് ഈ ആശയങ്ങളുടെ പുറകിലുണ്ടായിരുന്നത്. ഈ ചലച്ചിത്ര മേളയുടെ സംഘാടന ചുമതല അടൂർ ഗോപാലകൃഷ്ണനെയാണ് ഏൽപ്പിച്ചത്.


എറണാകുളത്തു മാത്രമല്ല ഒമ്പത് ജില്ലകളിലും ഇതിന്റെ തുടർച്ചയായി ചലച്ചിത്രമേളകൾ സംഘടിപ്പിച്ചു. സത്യജിത് റായി, ഋത്വിക് ഘട്ടക് എന്നിവരുടെ സിനിമകൾ കൂടാതെ റഷ്യൻ, പോളിഷ്, ഫ്രഞ്ച്, ഹങ്കേറിയൻ, ചെക്കോസ്ലാവോക്യൻ സിനിമകളും അടങ്ങുന്ന പതിനഞ്ചോ, പതിനാറോ സിനിമകൾ ഈ മേളകളിൽ പ്രദർശിപ്പിക്കപ്പെട്ടതോടെ കലാസാഹിത്യ സാംസ്‌കാരിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കും നല്ല വായനക്കാർക്കും ഒക്കെ സിനിമയുടെ പുതിയ അനുഭവങ്ങളിലേയ്ക്ക് സഞ്ചരിക്കാനുള്ള അവസരമുണ്ടായി. ഈ മേളകൾ തീർച്ചയായും കേരളത്തിലെ ഫിലിംസൊസൈറ്റികളുടെ രൂപീകരണത്തിന് ഊർജ്ജമേകി. അടൂർ ഗോപാലകൃഷ്ണനെപ്പോലെയുള്ള ഒരാൾ കൂടുതൽ സമയം ചിലവഴിച്ചുകൊണ്ട് നിർദ്ദേശങ്ങളും സഹായങ്ങളുമായി ഒപ്പം നിൽക്കുകയും ചെയ്തു. കേരളത്തിലെ വായനശാലാ പ്രസ്ഥാനം ലൈബ്രറികൾ സ്ഥാപിച്ചുകൊണ്ട് ലോക സാഹിത്യത്തിലേക്കും എഴുത്തിലേക്കുമുള്ള വാതിലുകൾ തുറന്ന് അക്ഷരസാക്ഷരതയും സാഹിത്യസാക്ഷരതയും വിപുലവും പുരോഗമനപരവും ആക്കിത്തീർത്തതുപോലെ ഫിലിം സൊസൈറ്റി പ്രസ്ഥാനം കാഴ്ചയുടെ പുതിയ സൗന്ദര്യശാസ്ത്ര നിർമ്മിതികളെയും ഘടനാരീതികളെയും പരിചയപ്പെടുത്തിക്കൊണ്ട് ദൃശ്യസാക്ഷരതയുടെ പുതിയ ബോധത്തെ വികസിപ്പിക്കുന്നതിൽ പങ്ക് വഹിച്ചു.

ഒരു ചെറു ന്യൂനപക്ഷമായിരുന്നു ഇവരെങ്കിലും അവരുടെ സ്വാധീനം പുതിയ സിനിമകളിലൂടെയും എഴുത്തുകളിലൂടെയും ചലച്ചിത്രാസ്വാദന ക്യാമ്പുകളിലൂടെയും പതുക്കെയാണെങ്കിലും വ്യാപിച്ചുകൊണ്ടിരുന്നു. അടൂർ ഗോപാലകൃഷ്ണൻ, അരവിന്ദൻ, കെ.പി. കുമാരൻ, ടി.വി. ചന്ദ്രൻ, പവിത്രൻ, ലെനിൻ രാജേന്ദ്രൻ എന്നിവരൊക്കെ ഈ ധാരയിൽ നിന്ന് ആദ്യമുയർന്നുവന്നവരാണ്. അന്നുവരെ കണ്ട കാഴ്ചകളുടെ വരണ്ട അനുഭവങ്ങളെ മറികടക്കുന്ന തരത്തിൽ ചലച്ചിത്രകലയുടെ സൗന്ദര്യശാസ്ത്ര വികാസങ്ങളുടെ വ്യത്യസ്തധാരകളെ അടുത്തറിയാനും സിനിമ, യഥാർത്ഥത്തിൽ കാഴ്ചയുടെയും കേൾവിയുടെയും പുതിയ കലാരൂപമായി മാറിത്തീർന്നതെങ്ങിനെയെന്നും മലയാളി പ്രേക്ഷകർ അറിഞ്ഞുതുടങ്ങിയത് അപ്പോഴാണ്. ലോകമെങ്ങുമുള്ള നല്ല സിനിമകൾ, ഫിലിം ആർക്കൈവ്‌സ് ശേഖരങ്ങളിൽനിന്നും വിദേശരാജ്യ എംബസികളിൽനിന്നും ഫിലിം സൊസൈറ്റികളുടെ പ്രദർശനങ്ങളിലേക്ക് വന്നുതുടങ്ങി.

adoor-gopalakrishnan16 എംഎം പ്രിന്റുകളും 16 എംഎം പ്രൊജക്ടറുകളുമായി ഫിലിം സൊസൈറ്റികൾ, തങ്ങളുടെ സാഹസിക യാത്രകൾ നടത്തിക്കൊണ്ട് പുതിയ സംവേദനത്തിന്റെ മണ്ഡലങ്ങളെ തള്ളിത്തുറന്ന് ഒരു സാംസ്‌കാരിക സാന്നിധ്യമായി. ബാറ്റിൽഷിപ്പ് പൊട്ടംകിനും, ബൈസിക്കിൾ തീവ്‌സും തുടങ്ങി നവജർമ്മൻ സിനിമയും ഫ്രഞ്ച് ന്യൂവേവുമൊക്കെ മലയാളി പ്രേക്ഷകരുടെ ദൃശ്യസാക്ഷരതയ്ക്ക് കൂട്ടായി. സാഹിത്യത്തിലേയും നാടകത്തിലേയും ചിത്രകലയിലേയും പുതിയ മാറ്റങ്ങൾക്കും പരീക്ഷണങ്ങൾക്കും ഒപ്പം സിനിമയും അതിന്റെ വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ചുകൊണ്ടിരുന്നതിന്റെ അനുഭവങ്ങൾ കേരളത്തിന്റെ സാംസ്‌കാരികമണ്ഡലത്തിലും സാധ്യമാക്കിയത് ഫിലിം സൊസൈറ്റികളിലൂടെ വന്ന സിനിമകളായിരുന്നു.

വഴിമാറിനടന്ന പുതിയ സിനിമകളുടെ പരീക്ഷണങ്ങളും ലോകസിനിമകളെ പരിചയപ്പെടുത്തിക്കൊണ്ട് എഴുതപ്പെട്ട പഠനങ്ങളും ഒക്കെ എഴുപതുകളെയും എൺപതുകളെയും സജീവമാക്കി. നൂറോളം ഫിലിം സൊസൈറ്റികൾ ഈ കാലയളവിൽ പല ഭാഗങ്ങളിലായി പ്രവർത്തിച്ചിരുന്നു. എൺപതുകളുടെ അവസാനം ആകുമ്പോഴേക്കും ഫിലിം സൊസൈറ്റികളുടെ പ്രവർത്തനം പലയിടങ്ങളിലും പലകാരണങ്ങൾകൊണ്ടും മന്ദീഭവിച്ചു. സൊസൈറ്റികളുടെ എണ്ണം 20-നു താഴെയായി. അതിനുശേഷം നടന്ന വ്യത്യസ്തവും ജനാധിപത്യപരവുമായ പ്രവർത്തനങ്ങളിലൂടെ, നിരവധി ക്യാമ്പുകളും സെമിനാറുകളും ചലച്ചിത്രോത്സവങ്ങളും ഒക്കെ നടത്തുകയും പുതിയ സൊസൈറ്റികൾ രൂപീകരിക്കപ്പെടുകയും പഴയതിൽ ചിലത് വീണ്ടും പ്രവർത്തനമാരംഭിക്കുകയും ചെയ്തു. സൊസൈറ്റികളുടെ എണ്ണം ക്രമാനുഗതമായി കൂടിവന്നു. പഴയകാലത്തിൽനിന്ന് വ്യത്യസ്തമായി ഡിജിറ്റൽ സാങ്കേതികതയുടെ വളർച്ചയോടെ, എല്ലാ നല്ല സിനിമകളുടെയും ഡിവിഡികൾ സൊസൈറ്റികൾക്ക് ലഭ്യമാവാനുള്ള സൗകര്യങ്ങളുണ്ടായി. എൽസിഡി പ്രൊജക്ടറുകളും വ്യാപകമായി. ഇതും ഗുണകരമായി. ഫിലിം സൊസൈറ്റി ഫെഡറേഷന്റെ നിവേദനങ്ങളുടെയും ഇടപെടലുകളുടെയും ഒക്കെ ഫലമായാണ് പിന്നീട് ചലച്ചിത്ര അക്കാദമി രൂപീകരിക്കപ്പെടുന്നതും, അതിന്റെ നേതൃത്വത്തിൽ ഇന്നത്തെ രീതിയിലുള്ള വിപുലമായ കഎഎഗ ആരംഭിക്കുന്നതും. ഇക്കാര്യങ്ങളിലൊക്കെ കേരളത്തിലെ ഫിലിം സൊസൈറ്റികളുടെ സംഭാവന വളരെ വലുതാണ്. എല്ലാ പ്രതികൂല അവസ്ഥകളെയും നേരിട്ടുകൊണ്ട് തന്നെ നൂറിലധികം ഫിലിം സൊസൈറ്റികൾ കേരളത്തിൽ സജീവമായി. പക്ഷേ മാധ്യമങ്ങളുടെ വാർത്താരീതികളുടെ പ്രത്യേകതകൊണ്ടും താൽപ്പര്യങ്ങൾകൊണ്ടും ഈ പ്രവർത്തനങ്ങൾക്ക് വേണ്ടത്ര പ്രചാരം ലഭിക്കാതെ പോകുന്നുണ്ട്.

Govindan_Mകേരളം മദ്രാസ് ആസ്ഥാനമായുള്ള സതേൺ റീജിയണൽ കൗൺസിലിന്റെ ഭാഗമായിരുന്നു. കേരളത്തിലെ പ്രവർത്തനങ്ങളൊക്കെ നിയന്ത്രിക്കപ്പെട്ടിരുന്നത് മദ്രാസിൽ നിന്നായിരുന്നു. കേരളത്തിലെ ഫിലിം സൊസൈറ്റികളുടെ പ്രതിനിധിയായി സാധാരണ ഒരു റീജിയണൽ കൗൺസിൽ അംഗമാണുണ്ടാവുക. കേരളത്തിന്റെ സവിശേഷമായ സാസംസ്‌ക്കാരിക-രാഷ്ട്രീയ സാഹചര്യങ്ങൾ പരിഗണിച്ചുള്ള സ്വാതന്ത്ര പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടുപോകുന്നതിനുള്ള സാഹചര്യങ്ങൾ കുറഞ്ഞു വന്നപ്പോൾ കേരളത്തിന് സ്വതന്ത്രമായ ഒരു പ്രവർത്തന മേഖല രൂപീകരിക്കേണ്ടതുണ്ടെന്ന് കുളത്തൂർ ഭാസ്‌കരൻ നായെരപ്പോലുള്ള ആളുകൾ എഴുപതുകളിൽതന്നെ ആവശ്യപ്പെട്ടുകൊണ്ടിരുന്നു. മദ്രാസിലെ റീജിയണൽ നേതൃത്വവും കൽക്കത്തയിലെ കേന്ദ്ര നേതൃത്വവും ഈ ആവശ്യങ്ങളെ അവഗണിച്ചുകൊണ്ടിരിക്കെ ഭാസ്‌കരൻ നായർ ഫെഡറേഷൻ നേതൃത്വത്തിനെതിരായി കോടതിയിൽ കേസ് ഫയൽ ചെയ്യുകയും ചെയ്തിരുന്നു. എങ്കിലും സംഘടനയുടെ ഭരണഘടനയിലും നിയമാവലിയിലും കുടുങ്ങി എല്ലാ ആവശ്യങ്ങളും നിരാകരിക്കപ്പെട്ടുകൊണ്ടിരുന്നു. ഒരു ഫിലിം സൊസൈറ്റി രജിസ്റ്റർ ചെയ്തു പ്രവർത്തിച്ചു തുടങ്ങിയിട്ട് എത്രയോ വർഷങ്ങൾ പുറകേ നടന്നാലായിരുന്നു അതിന് ഫെഡറേഷനിൽ അഫിലിയേഷൻ ലഭിച്ചിരുന്നത്. ഫെഡറേഷനിൽ അഫിലിയേറ്റ് ചെയ്യപ്പെട്ടവർക്കുമാത്രമായിരുന്നു എംബസികളിൽ നിന്ന് ലഭ്യമാവുന്ന ചലച്ചിത്രങ്ങളുടെ പാക്കേജുകൾ സർക്കുലേറ്റ് ചെയ്യപ്പെട്ടിരുന്നത്.

സിനിമയുടെ ലഭ്യത വലിയ പ്രശ്‌നമായിരുന്നു. ഫിലിം ആർക്കൈവ്‌സിലെ സിനിമകളെ ആശ്രയിച്ചാണ് പലരും നിലനിന്നിരുന്നത്. ഈ സാഹചര്യങ്ങൾ ഫിലിംസൊസൈറ്റികളുടെ വ്യാപനത്തിന് വിഘാതമായിത്തീർന്നു എന്നു വേണം കരുതാൻ. കേരളത്തിന്റെ നിരന്തരമായ ആവശ്യങ്ങൾക്കും സമ്മർദ്ദങ്ങൾക്കും വഴങ്ങിക്കൊണ്ട് 1986 ൽ ഇന്ത്യയിൽ ആദ്യമായി കേരളത്തിനുവേണ്ടി ഫെഡറേഷന്റെ ഒരു സ്റ്റേറ്റ് ലെവൽ ഓഫീസ് രൂപീകരിക്കപ്പെട്ടു. തിരുവനന്തപുരത്തുള്ള ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ നോമിനികളെ മാത്രം ഉൾക്കൊള്ളിച്ചുകൊണ്ട് രാജശേഖരൻപിള്ള സെക്രട്ടറിയായി രണ്ട് ടേം ആ കമ്മിറ്റി പ്രവർത്തിച്ചു. ആ ഘട്ടത്തിലൊന്നും KSLOയ്ക്ക് ഒരു ഓഫീസ് പോലും ഇല്ലായിരുന്നു. 1990 ൽ കേരളത്തിലെ മറ്റു സൊസൈറ്റികളുടെ പിന്തുണയോടെ കേരളത്തിലെ കൗൺസിൽ ജനാധിപത്യപരമായി, വിപുലീകരിക്കപ്പെട്ട പ്രാതിനിധ്യ സ്വഭാവത്തോടെ രൂപീകരിക്കപ്പെട്ടു. ബാങ്ക് ജീവനക്കാരുടെ സംഘടനയായ ബീമിന്റെ സെക്രട്ടറി ഡി. ചന്ദ്രസേനൻ സെക്രട്ടറിയും സംഘചിത്രയുടെ പ്രതിനിധി ആയി ചന്ദ്രശേഖരൻ പിള്ള ട്രഷറർ ആയും ചുമതലയേറ്റു. ഈ ലേഖകൻ വിക്രം സാരാഭായി സ്‌പേസ് സെന്ററിലെ സ്പാർക്ക് ഫിലിം സൊസൈറ്റിയിൽ നിന്ന് കേരളത്തെ പ്രതിനിധീകരിക്കുന്ന റീജിയണൽ കൗൺസിൽ അംഗമായി സതേൺ റീജിയണൽ കൗൺസിലിലേയ്ക്കും തെരഞ്ഞെടുക്കപ്പെട്ടു. സതേൺ റീജിയണൽ കൗൺസിലിന്റെ കീഴിൽ തന്നെയായിരുന്നു ഗടഘഛ പ്രവർത്തിച്ചിരുന്നത്.

പരിമിതമായ സ്വാതന്ത്യമുപയോഗിച്ചുകൊണ്ട് ഈ പുതിയ ടീം വ്യത്യസ്തമായ പുതിയ പ്രവർത്തന പദ്ധതികൾ ആസൂത്രണം ചെയ്തു. ഫെഡറേഷന്റെ 30-ആം വാർഷികം ആഘോഷിച്ചുകൊണ്ട് ചലച്ചിത്രമേളകളും ചലച്ചിത്രാസ്വാദന ക്യാമ്പുകളും സംഘടിപ്പിക്കുകയും പ്രവർത്തനരഹിതമായി കിടന്നിരുന്ന ചില സൊസൈറ്റികളെ പുനർജീവിപ്പിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും ചെയ്തതിന്റെ ഫലമായി കാര്യമായ ഫലങ്ങളുണ്ടായി തുടങ്ങി. സാംസ്‌കാരിക വകുപ്പു മന്ത്രിയായിരുന്ന ടി.കെ. രാമകൃഷ്ണൻ, ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനായിരുന്ന പി. ഗോവിന്ദപിള്ള തുടങ്ങിയവരുമായൊക്കെ ചർച്ച ചെയ്ത് ചില അനുകൂല തീരുമാനങ്ങൾ സ്വീകരിക്കുകയുണ്ടായി. സാംസ്‌ക്കാരിക വകുപ്പു മന്ത്രിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന, ടഎക നേതാവ് മത്തായി ചാക്കോ പ്രത്യേക താൽപര്യമെടുത്ത് സാംസ്‌ക്കാരിക വകുപ്പിൽ അവശേഷിച്ച പണത്തിൽ നിന്ന് സാമ്പത്തിക വർഷാവസാനം 5000/- രൂപ ഗ്രാന്റായി നൽകി. ഈ ഗ്രാന്റായിരുന്നു ഒരു തുടക്കം. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തെ ഒരു സാംസ്‌ക്കാരിക പ്രസ്ഥാനമായി അംഗീകരിപ്പിക്കുന്നതിന്റെ തുടക്കമായിരുന്നുവത്. പിന്നീടു പി. ഗോവിന്ദപിള്ളയുടെ താൽപ്പര്യപ്രകാരം കലാഭവനിൽ ഫെഡറേഷന് ഓഫീസ് പ്രവർത്തനത്തിനായി വളരെ ചെറുതാണെങ്കിലും ഒരു സ്ഥലം അനുവദിക്കപ്പെട്ടു. അങ്ങിനെയാണ് എഎടക ക്ക് ഒരു സ്ഥിരം ഓഫീസ് സംവിധാനമുണ്ടായത്. ഓഫീസിന്റെ നടത്തിപ്പിനും മറ്റു പ്രവർത്തനങ്ങൾക്കും മറ്റു വരുമാന മാർഗ്ഗങ്ങൾ തീരെ കുറവായിരുന്നുവെന്ന് പറയാം. പലരും സ്വന്തം പോക്കറ്റിൽ നിന്നും ചില സൊസൈറ്റികൾ സംഭാവന നൽകിയും ചില പരസ്യങ്ങൾ വഴിയും ഒക്കെ സമാഹരിച്ചെടുക്കുന്ന പണംകൊണ്ടാണ് അക്കാലം കടന്നുപോയത്.

vk josephകേരളത്തിന് സ്വന്തമായി ഒരു ചലച്ചിത്ര മേള എന്ന ആശയം ഞങ്ങൾ പലവേദികളിലും ഉന്നയിച്ചുകൊണ്ടിരുന്നു. വിശ്വനാഥമേനോൻ ധനകാര്യമന്ത്രിയായിരുന്ന നായനാർ സർക്കാരിന്റെ അവസാന വർഷം പലരും അറിയാത്ത ഒരു തീരുമാനമുണ്ടായി. അനിയേട്ടൻ എന്ന് ഞങ്ങൾ വിളിക്കുന്ന ഇ. എം. ശ്രീധരൻ (ഇ.എം.എസിന്റെ മകൻ) ആയിരുന്നു അന്ന് ധനകാര്യമന്ത്രിയുടെ സെക്രട്ടറി . അദ്ദേഹത്തിന് സിനിമയിലും സാംസ്‌ക്കാരിക വിഷയങ്ങളിലും ഒക്കെ ശ്രദ്ധയും താൽപ്പര്യവുമുണ്ടായിരുന്നു. പലപ്പോഴും അദ്ദേഹവുമായി ഇക്കാര്യങ്ങൾ ഞാൻ സംസാരിക്കാറുമുണ്ടായിരുന്നു. ബഡ്ജറ്റ് തയ്യാറാക്കിക്കൊണ്ടിരിക്കുന്ന ഒരു ദിവസം വൈകുന്നേരം അദ്ദേഹത്തിന്റെ മുറിയിലിരുന്ന് സംസാരിക്കുമ്പോൾ ഞാൻ ചലച്ചിത്രമേളയെക്കുറിച്ച് പറഞ്ഞു. 1966 ൽ എറണാകുളത്തും കേരളത്തിലെ ഒമ്പതു ജില്ലകളിലും സാഹിത്യ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ ചലച്ചിത്രമേളകൾ കേരളത്തിലെ ചലച്ചിത്ര രംഗത്തിനും ഫിലിം സൊസൈറ്റികളുടെ രൂപീകരണത്തിനും സഹായകമായ കാര്യം ഞാൻ സൂചിപ്പിച്ചു. അപ്പോൾ അദ്ദേഹം പറഞ്ഞു: “നമുക്ക് മൂന്നാംലോക രാജ്യങ്ങളുടെ സിനിമകൾക്ക് പ്രാധാന്യം കൊടുക്കുന്ന ഒരു മേളയാണ് വേണ്ടത്. ഏഷ്യൻ ലാറ്റിനമേരിക്കൻ ആഫ്രിക്കൻ സിനിമകളുടെ ഫെസ്റ്റിവൽ. 10 ലക്ഷം രൂപ അടുത്ത വർഷത്തെ ബഡ്ജറ്റിൽ വകയിരുത്താം”. പിന്നീടു നടന്ന തെരഞ്ഞെടുപ്പിൽ സർക്കാർ മാറുകയും പുതിയ സർക്കാർ വരികയും ചെയ്തു. സാംസ്‌ക്കാരിക വകുപ്പു സെക്രട്ടറിയായിരുന്ന കെ. ജയകുമാർ കഅട ആണ് ഈ ഹെഡിലെ തുകയുടെ കാര്യം മനസ്സിലാക്കി ചലച്ചിത്രമേള ഗടഎഉഇയെക്കൊണ്ട് ആദ്യം സംഘടിപ്പിച്ചത്. പിന്നീട് ആ മേള തുടരുകയും ഇന്നത്തെ വിപുലമായ രീതിയിൽ വളരുകയും ചെയ്തു. പക്ഷേ ഇ.എം. ശ്രീധരൻ എടുത്ത നിർണായക തീരുമാനമായിരുന്നു എല്ലാത്തിന്റെയും അടിത്തറ എന്നുള്ളത് ആരുമറിയാതെ പോകുകയും ചെയ്തു.