സിനിമാതാരം ദിലീപിന്റെ സുരക്ഷിത ഭവന പദ്ധതിയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

ഇളമ്പല്‍ കാവില്‍ പുത്തന്‍വീട്ടില്‍ പ്രസന്നയുടെ പക്കല്‍നിന്നും സുരക്ഷിത ഭവന്‍ പദ്ധതിക്കെന്ന പേരില്‍ രാജീവ് പണം വാങ്ങിയിരുന്നു. സംശയം തോന്നിയ പ്രസന്നയുടെ മകള്‍ ഇതുമായി ബന്ധപ്പെട്ട് വന്ന പരസ്യത്തിലെ നമ്പരില്‍ ദിലീപിന്റെ ഭവനപദ്ധതിയുടെ കോ -ഓര്‍ഡിനേറ്ററുമായി ബന്ധപ്പെട്ടപ്പോഴാണ് പണപ്പിരിവ് തട്ടിപ്പാണെന്ന് വ്യക്തമായത്.

സിനിമാതാരം ദിലീപിന്റെ സുരക്ഷിത ഭവന പദ്ധതിയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയ പ്രതി പിടിയില്‍

സമദ് പുന്നല


സിനിമാതാരം ദിലീപിന്റെ ഭവന പദ്ധതിയുടെ പേരില്‍ സംസ്ഥാനത്ത് തട്ടിപ്പ് നടത്തിയ ആള്‍ പിടിയില്‍. കൊല്ലം ആര്യങ്കാവ് അയ്യന്‍കോവില്‍ ഹരിജന്‍ കോളനി ബ്ലോക്ക് നമ്പര്‍-55 പാറയ്ക്കല്‍വീട്ടില്‍ രാജീവ്(49) ആണ് കുന്നിക്കോട് പോലീസിന്റെ പിടിയിലായത്.

ദിലീപിന്റെ ജീവകാരുണ്യ പ്രവര്‍ത്തനമായ സുരക്ഷിത ഭവന്‍ പദ്ധതിയില്‍ വീട് നിര്‍മ്മിക്കുന്നതിന് രജിസ്ട്രേഷന്‍ നടത്താനെന്ന വ്യജേന സംസ്ഥാനത്തെ നിരവധി സാധുക്കളില്‍ നിന്നും രാജീവ് ലക്ഷങ്ങള്‍ തട്ടിയെടുത്തിരുന്നു. പദ്ധതിയുടെ പരസ്യം ശ്രദ്ധയില്‍പ്പെട്ട ഇയാള്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ നിരവധി പേരില്‍ നിന്നും രജിസ്ട്രേഷന്‍ നടപടികള്‍ക്കെന്ന വ്യാജേന ഒരോ കുടുംബങ്ങളില്‍ നിന്നും അഞ്ഞൂറ്, ആയിരം രൂപ വീതം കബളിപ്പിച്ച് വാങ്ങുകയായിരുന്നു. കുടുംബശ്രീ അടക്കമുള്ള സ്ത്രീ കൂട്ടായ്മകളും, നിര്‍ദ്ധനരുമാണ് ഇയാളുടെ തട്ടിപ്പിനിരയായത്.

ഇളമ്പല്‍ കാവില്‍ പുത്തന്‍വീട്ടില്‍ പ്രസന്നയുടെ പക്കല്‍നിന്നും സുരക്ഷിത ഭവന്‍ പദ്ധതിക്കെന്ന പേരില്‍ രാജീവ് പണം വാങ്ങിയിരുന്നു. സംശയം തോന്നിയ പ്രസന്നയുടെ മകള്‍ ഇതുമായി ബന്ധപ്പെട്ട് വന്ന പരസ്യത്തിലെ നമ്പരില്‍ ദിലീപിന്റെ ഭവനപദ്ധതിയുടെ കോ -ഓര്‍ഡിനേറ്ററുമായി ബന്ധപ്പെട്ടപ്പോഴാണ് പണപ്പിരിവ് തട്ടിപ്പാണെന്ന് വ്യക്തമായത്. തുടര്‍ന്ന് തട്ടിപ്പിനിരയായ വീട്ടമ്മ പോലീസിനെ സമീപിക്കുകയായിരുന്നു.

ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട് നടന്‍ ദിലീപ് കൊട്ടാരക്കര റൂറല്‍ എസ്പിക്ക് ഇമെയില്‍ വഴിയും പരാതി അയച്ചിരുന്നു. പത്തനാപുരം എംഎല്‍എ ഗണേഷ്‌കുമാറും പോലീസുമായി ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് കുന്നിക്കോട് പോലീസ് നടത്തിയ അന്വേഷണത്തില്‍ കുളത്തൂപ്പുഴയില്‍ നിന്നാണ് തട്ടിപ്പ് നടത്തിയ രാജീവിനെ അറസ്റ്റ് ചെയ്തത്. നാട്ടുകാരുടെ സഹായത്തോടെ ഭവനനിര്‍മ്മാണ പദ്ധതിക്ക് രജിസ്ട്രേഷന്‍ നടത്താന്‍ പണം നല്‍കാമെന്ന പേരില്‍ ഇയാളെ കുളത്തൂപ്പുഴയില്‍ വിളിച്ച് വരുത്തിയാണ് അറസ്റ്റ് ചെയ്തത്.

പണം പിരിച്ചവരുടെ വിവരങ്ങള്‍ എഴുതിയ ഡയറി ഇയാളില്‍ നിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്. തിരുവനന്തപുരം ജില്ലയിലെ കടയ്ക്കാവൂര്‍, തൊപ്പിച്ചന്ത, ആറ്റിങ്ങല്‍, നഗരൂര്‍ ഭാഗങ്ങളിലെ ഭവനരഹിതരായ പട്ടികജാതി വിഭാഗക്കാരാണ് ഇയാളുടെ തട്ടിപ്പിന് കൂടുതല്‍ ഇരയായതെന്ന് പോലീസ് പറഞ്ഞു. തട്ടിപ്പിന് പിന്നില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്.

നടന്‍ ദിലീപുമായോ അദ്ദേഹത്തിന്റെ ഭവനപദ്ധതിയുമായോ ബന്ധമില്ലാത്ത ആളാണ് പിടിയിലായ രാജീവെന്ന് കുന്നിക്കോട് എസ്.ഐ. ഐ.ഫിറോസ് പറഞ്ഞു.