ഫാത്തിമ സോഫിയ വധക്കേസ്: കോടതയിലെത്തിയ നാരദ ന്യൂസ് റിപ്പോര്‍ട്ടര്‍ക്ക് നേരെ അക്രമണം

ചിത്രമെടുക്കാന്‍ ശ്രമിച്ച നാരദ ന്യൂസ് സബ് എഡിറ്റര്‍ സുകേഷ് ഇമാമിനെ വൈദികർക്കൊപ്പം കോടതിയിലെത്തിയവർ തള്ളി വീഴ്ത്തി ആക്രമിക്കുകയും, ക്യാമറ തട്ടി പറിക്കാന്‍ ശ്രമിക്കുകയും ചെയ്തു. കോടതി പരിസരത്ത് പത്രക്കാര്‍ക്ക് പ്രവേശനമില്ലെന്നും പരിസരം വിട്ടുപോയില്ലെങ്കില്‍ കൊച്ചിയില്‍ നടന്നത് സംഭവിക്കുമെന്നും ബിഷപ്പിന്റെ അഭിഭാഷകനും ഭീഷണിപ്പെടുത്തി.

ഫാത്തിമ സോഫിയ വധക്കേസ്: കോടതയിലെത്തിയ നാരദ ന്യൂസ് റിപ്പോര്‍ട്ടര്‍ക്ക് നേരെ അക്രമണം

പാലക്കാട്: ഫാത്തിമ സോഫിയ വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കോയമ്പത്തൂര്‍ രൂപതയിലെ ബിഷപ്പും മറ്റും വൈദികരും കോടതിയില്‍ ഹാജരാകുന്നതിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച നാരദ ന്യൂസ് റിപ്പോര്‍ട്ടര്‍ക്ക് നേരെ ഗുണ്ടാ സംഘത്തിന്റെ അക്രമണം. ബുധനാഴ്ച്ച ഉച്ചക്ക് ശേഷം മൂന്നരയോടെ പാലക്കാട് ഫസ്റ്റ് ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 3 വളപ്പിലായിരുന്നു സംഭവം.

കോളേജ് വിദ്യാര്‍ത്ഥിനിയായ ഫാത്തിമ സോഫിയ കൊല്ലപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കോയമ്പത്തൂര്‍ രൂപത ബിഷപ്പ് ഡോ. തോമസ് അക്വിനോര്‍, കോയമ്പത്തൂര്‍ കോട്ടൂര്‍ ക്രൈസ്റ്റ് കിംഗ് ചര്‍ച്ചിലെ ഫാദര്‍ മെല്‍ക്യൂര്‍, ലോറന്‍സ്, വാളയാര്‍ ചന്ദ്രാപുരം ചര്‍ച്ചിലെ മദലെ മുത്തു, മുന്‍ പുരോഹിതന്‍ കുളന്തരാജ് എന്നിവരാണ് ഇന്നലെ കോടതിയിലെത്തിയത്. ഇവരുടെ ചിത്രമെടുക്കാന്‍ ശ്രമിച്ചപ്പോഴായിരുന്നു ആക്രമണം. ഇത് കോടതിയില്‍ അല്‍പ്പനേരം സംഘര്‍ഷാവസ്ഥക്ക് കാരണമായി.


ചിത്രമെടുക്കാന്‍ ശ്രമിച്ച നാരദ ന്യൂസ് സബ് എഡിറ്റര്‍ സുകേഷ് ഇമാമിനെ വൈദികരുടെ കൂടെയുള്ളവര്‍ തള്ളി വീഴ്ത്തി ആക്രമിക്കുകയും, ക്യാമറ തട്ടി പറിക്കാന്‍ ശ്രമിക്കുകയും ചെയ്തു. സ്ഥലം വിടണമെന്നും ഭീഷണിപ്പെടുത്തി. ബിഷപ്പും വൈദികരും കോടതി പരിസരത്ത് മാധ്യമ പ്രവര്‍ത്തകര്‍ ചിത്രമെടുക്കുന്നത് തടയുന്നതിന് വേണ്ടി ഒരു ഗുണ്ടാ സംഘത്തെ  കൊണ്ടു വന്നിരുന്നു. പല കാറുകളിലായി കോടതി പരിസരത്ത് തമ്പടിച്ചിരുന്ന ഇവര്‍ ബിഷപ്പ് കോടതി ഹാളിലേക്ക് വരുന്ന സമയത്ത് മാധ്യമ പ്രവര്‍ത്തകരെ തടയാനായി കോടതി വളപ്പില്‍ വലയം ചെയ്താണ് നിന്നിരുന്നത്.

കോടതി പരിസരത്ത് പത്രക്കാര്‍ക്ക് പ്രവേശനമില്ലെന്നും പരിസരം വിട്ടുപോയില്ലെങ്കില്‍ കൊച്ചിയില്‍ നടന്നത് സംഭവിക്കുമെന്നും ബിഷപ്പിന്റെ അഭിഭാഷകനും ഭീഷണിപ്പെടുത്തി.  കോയമ്പത്തൂരില്‍ ബിഷപ്പിന്റെ സുരക്ഷക്ക് കൊണ്ടു വന്നവരുടെ കൂടെ ഇവരും ചേര്‍ന്നതോടെ സംഘര്‍ഷം ഒഴിവാക്കാനായി മാധ്യമ പ്രവര്‍ത്തകര്‍ പിന്തിരിയുകയായിരുന്നു.

വാളയാര്‍ ചന്ദ്രപ്പുരത്തുള്ള പള്ളിയില്‍ കോയമ്പത്തൂര്‍ സ്വദേശിനിയിയായ കോളേജ് വിദ്യാര്‍ത്ഥിനി ഫാത്തിമ സോഫിയ (17) 2013 ജൂലൈ 23 ന് കൊല്ലപ്പെട്ടിരുന്നു. ആദ്യം ആത്മഹത്യയാക്കി പൊലീസ് എഴുതിത്തള്ളിയ കേസ് പിന്നീട് കൊലപാതകമാണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ആ സമയത്ത് ചന്ദ്രാപ്പുരം പള്ളിയില്‍ വൈദികനായിരുന്ന ആരോഗ്യരാജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അയാള്‍ ഇപ്പോള്‍ ഉപാധികളോടെയുള്ള ജാമ്യത്തിലാണ്.

സോഫിയയുടെ കുടുംബവുമായി ബന്ധമുണ്ടായിരുന്ന ഫാദര്‍ ആരോഗ്യരാജ് എന്ന വൈദികന്‍ വീട്ടില്‍ ആരുമില്ലാത്ത നേരത്ത് വന്ന് പെണ്‍കുട്ടിയെ ചന്ദ്രപുരത്തുള്ള പള്ളിമേടയില്‍ കൂട്ടികൊണ്ടു പോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിക്കുകയും എതിര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ കഴുത്തു ഞെരിച്ചു കൊന്നുവെന്നുമാണ് കേസ്.

സംഭവം അറിഞ്ഞിട്ടും  മറച്ചു വെക്കുകയും ആരോഗ്യരാജിനെ സംരക്ഷിക്കാൻ ശ്രമിക്കുകയും ചെയ്ത കോയമ്പത്തൂര്‍ ബിഷപ്പ് ഉള്‍പ്പടെയുള്ള അഞ്ച് വൈദികരേയും പിന്നീട് അറസ്റ്റ് ചെയ്തിരുന്നു. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് ഇവരെ കോടതിയില്‍ ഹാജരാക്കുമെന്നാണ് പൊലീസ് അറിയിച്ചിരുന്നുവെങ്കിലും ഉച്ചക്ക് മൂന്നരയോടെ മാത്രമാണ് ഇവരെ ഹാജരാക്കിയത്.

Read More >>