വിശ്വാസവും പ്രതിസന്ധിയും

സിസ്റ്റർ ജെസ്മി മുതൽ നമ്മൾ കേൾക്കുന്ന ഒറ്റപ്പെട്ട പല നിലവിളികളിൽ ഒന്നാണ് സിസ്റ്റർ മേരി സെബാസ്റ്റിയന്റേതും. നിലവിളിക്കാൻ ധൈര്യമില്ലാത്ത മറ്റെത്രയോ പേർ. കാലത്തിനനുസരിച്ചു മാറ്റം വരുത്താൻ തയാറാകാത്ത ഒരു പ്രസ്ഥാനവും ലോകാവസാനത്തോളം നിലനിൽക്കില്ല; നിലനില്ക്കാൻ പാടില്ല.

വിശ്വാസവും പ്രതിസന്ധിയും

ലീന മേഴ്‌സി

കുറച്ചു ദിവസങ്ങൾക്കു മുൻപാണ് ചില മാധ്യമങ്ങളിൽ സിസ്റ്റർ മേരി സെബാസ്റ്റ്യൻ ഒരു വാർത്തയായി മാറിയത്... സീറോ മലബാർ സഭയുടെ കീഴിലുള്ള പാലായിലെ ഒരു കോൺഗ്രിഗേഷനിൽ അംഗമായ സിസ്റ്റർ, അവർ പ്രവർത്തിച്ച മേഖലയിലുള്ള സഭയുടെ ചില നടപടികളെ ചോദ്യം ചെയ്തതതിനോട് അനുബന്ധമായി സഭ വിട്ടു പുറത്തിറങ്ങേണ്ടി വരികയും, തുടർന്ന് നഷ്ടപരിഹാരം ചോദിച്ച അവർ കള്ളക്കേസിൽ കുടുക്കപ്പെടുകയും നഷ്ടപരിഹാരം നിഷേധിക്കപ്പെടുകയും ചെയ്തു എന്നുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ആണ് ഈ വാർത്തകൾ കാണപ്പെട്ടത് . കാരണങ്ങൾ എന്തായാലും, സഭവിട്ടു പുറത്തുപോരാൻ തീരുമാനിക്കുന്ന ഒരു കന്യാസ്ത്രീയോടുള്ള സഭയുടെ നിലപാടുകൾ ഇതിനു മുന്നും വിമർശ്ശന വിധേയമായിട്ടുള്ളതിനാൽ സഭ ചില ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ടതുണ്ട് എന്നുതന്നെയാണ് ഞാൻ കരുതുന്നത്.


1. ഒരു പെൺകുട്ടി സന്യസ്ത വസ്ത്രം ധരിച്ചു കഴിഞ്ഞാൽ പിന്നെ വീട്ടുകാർക്ക് അവരുടെ മേൽ പ്രത്യേകിച്ച് ഉത്തരവാദിത്തം ഒന്നും ഇല്ല . അല്ലെങ്കിലും കുടുംബ സ്വത്തിന് ഇന്നും "പ്രവർത്തിയാൽ" പ്രത്യേക അവകാശം ഒന്നും ഇല്ലാത്ത ക്രിസ്ത്യാനി പെണ്ണുങ്ങൾ ഉടുപ്പൂരി വന്നാൽ തന്റെ പേരിൽ തന്റെ വീട്ടിലെ ഒരു വീതം തന്നെ കാത്തിരിക്കുന്നുണ്ടാകും എന്നു കരുതുന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെ എന്ന് വേണം പറയാൻ. സഭാവസ്ത്രം അണിഞ്ഞ കാലം മുതൽ സഭയുടെ ഏതെങ്കിലും ഒരു സ്ഥാപനത്തിൽ ജോലിയും തുടർന്ന് വരുമാനം മുഴുവൻ സഭയിലേക്കു കൊടുക്കുകയും ചെയ്യുന്നതിനാൽ സ്വന്തം പേരിൽ ഒരു സമ്പാദ്യവും ഇല്ലാതെയാണ് ഒരു കന്യാസ്ത്രീയുടെ ജീവിതം. ഈ സാഹചര്യത്തിൽ സഭവിട്ടു പുറത്തുവരാൻ ആഗ്രഹിക്കുന്ന ഒരു കന്യാസ്ത്രീ എങ്ങനെ ശിഷ്ടകാലം ജീവിക്കും? തെരുവോ അല്ലെങ്കിൽ അനാഥ മന്ദിരമോ ആണോ ഇവരെ കാത്തിരിക്കേണ്ടത് ?

2. ഈ കാലമത്രയും ഈ കന്യാസ്ത്രീ അധ്വാനിച്ച പണം മുഴുവൻ പങ്കു പറ്റിയ സഭയ്ക്ക്, സഭ വിട്ടുപോരുന്ന ഒരു കന്യാസ്ത്രീക്ക് നഷ്ടപരിഹാരം അല്ലെങ്കിൽ മുന്നോട്ടു ജീവിക്കാൻ ആവശ്യമുള്ള ഒരു തുക കൊടുക്കുക എന്ന ധാർമിക ഉത്തരവാദിത്വത്തിൽ നിന്ന് എങ്ങനെ ഒഴിഞ്ഞു മാറാൻ സാധിക്കും?

3 . നിങ്ങളിൽ ഇഷ്ടമുള്ളവർ സഭവിട്ടു പോകൂ, നിങ്ങൾക്ക് ഇത്ര രൂപ നഷ്ടപരിഹാരം തരും എന്ന് ഇന്നു സഭ പ്രഖ്യാപിച്ചാൽ ഒരു പക്ഷേ നാളെ ഏതാണ്ട് ശൂന്യമായിത്തീരും എന്ന അവസ്ഥയിലാണ് മിക്ക കന്യാസ്ത്രീ മഠങ്ങളും എന്നിരിക്കെ ഇടയ്ക്ക് ഒറ്റപ്പെട്ട ശബ്ദമുയർത്തുന്നവരെ അടിച്ചമർത്തുന്ന സഭയുടെ ഈ മനുഷ്യാവകാശലംഘനത്തിനെതിരെ പ്രതികരിക്കാൻ എന്നാണ് മത വിശ്വാസികൾ തയ്യാറാവുക ?

4. ക്രിസ്തുവിന്റെ സ്നേഹവും നന്മയും, അടിച്ചമർത്തപ്പെട്ടവരോടുള്ള ദയാവായ്പും കോടികൾ മുടക്കി പണിത പള്ളികളിലും ധ്യാന മന്ദിരങ്ങളിലും 10000 വാട്ട് മൈക്കിലൂടെ ഉച്ചത്തിൽ പ്രഘോഷിക്കുന്ന ഒരു മതസമൂഹം സ്വന്തം അസ്തിത്വത്തോട് കാണിക്കുന്ന ഈ അടിച്ചമർത്തൽ / ഒതുക്കി വെക്കൽ / പുറം തള്ളൽ, എത്ര നാൾ തുടരും ?

5. സാധാരണ ഡിവോഴ്സ് കേസുകളിൽ പോലും ചെലവിനു കൊടുക്കാൻ കോടതി ഉത്തരവിടുന്ന ഈ കാലത്തു സഭയുടെ മണവാട്ടികൾ എന്നപേരിൽ വാഴ്ത്തിപ്പാടി സഭയിലേക്ക് ആനയിക്കുന്ന ഈ സന്യസ്തർക്കു സഭ വിട്ടുപോരാൻ തോന്നിയാൽ ചെലവിനു കൊടുക്കുക എന്ന സാമാന്യ ബോധം ഇല്ലാത്ത ഒരു മണവാളനായി സഭയ്ക്ക് എങ്ങനെ തുടരാൻ കഴിയുന്നു ?

6. കോടിക്കണക്കിനു രൂപ ആസ്തിയുള്ള സഭയുടെ സമ്പാദ്യത്തിൽ ഇവരുടെ ഓരോരുത്തരുടെയും വിയർപ്പുമണികൾ ഉള്ളതു കണ്ടില്ലെന്നു നടിക്കുന്നതു വഞ്ചനയല്ലേ? സ്വാർത്ഥത ആല്ലേ? കാലാകാലത്തോളം ഒരു പ്രതിഫലവും വാങ്ങാതെ നിങ്ങൾക്കായി ദാസ്യപ്പണി ചെയ്യുന്ന നിങ്ങളുടെ ഭൃത്യൻ ഒരിക്കൽ 'പറ്റില്ല, എനിക്ക് പോണം' എന്നു പറയുമ്പോൾ അഞ്ചു പൈസ കൊടുക്കാതെ കഴുത്തിനു പിടിച്ചു പുറത്താക്കുന്നതും ഇതും തമ്മിൽ എന്തു വ്യത്യാസം?

[caption id="attachment_40292" align="alignnone" width="640"]ലേഖിക: ലീന മേഴ്സി ലേഖിക: ലീന മേഴ്സി[/caption]

സിസ്റ്റർ ജെസ്മി മുതൽ നമ്മൾ കേൾക്കുന്ന ഒറ്റപ്പെട്ട പല നിലവിളികളിൽ ഒന്നാണ് സിസ്റ്റർ മേരി സെബാസ്റ്റിയന്റേതും. നിലവിളിക്കാൻ ധൈര്യമില്ലാത്ത മറ്റെത്രയോ പേർ. കാലത്തിനനുസരിച്ചു മാറ്റം വരുത്താൻ തയാറാകാത്ത ഒരു പ്രസ്ഥാനവും ലോകാവസാനത്തോളം നിലനിൽക്കില്ല; നിലനില്ക്കാൻ പാടില്ല. ലൈംഗിക പീഡനങ്ങൾ അടക്കമുള്ള നിരവധി പ്രശ്നങ്ങളാൽ ആവർത്തിച്ചു പ്രതിക്കൂട്ടിൽ അകപ്പെട്ടിട്ടിട്ടും ഒരു മതപ്രസ്ഥാനം ഒരു മാറ്റവും ഇല്ലാതെ ഇന്നും നിലനിൽക്കുന്നു എങ്കിൽ അത് അതിനെ വിശ്വസിക്കുന്ന വിശ്വാസി സമൂഹം അന്ധരായതു കൊണ്ടു മാത്രം ആണ് ...കോഴ വാങ്ങിയ മന്ത്രിയെയും പീഡന കേസിലെ പ്രമുഖനെയും വിമർശിക്കാൻ മടികൂടാതെ നാക്കു പൊന്തിക്കുന്ന ഒരു വിശ്വാസി സമൂഹം സ്വന്തം മതത്തിൽ ഉണ്ടാകുന്ന പീഡനങ്ങളും പുറത്താക്കലുകളും അടക്കമുള്ള നിരവധി അനീതികൾ സ്വന്തം വീട്ടിലെ എന്നപോലെ മൂടിവെക്കാൻ എന്തിനു ഉത്സാഹിക്കുന്നു? എന്തു കൊണ്ട് പ്രതികരിക്കാൻ തയ്യാറാകുന്നില്ല?

ഹേ വിശ്വാസികളെ, സഭാ നേതാക്കളേ, അന്ധമായ വിശ്വാസത്തിന്റെ മറവിൽ നടക്കുന്ന ഈ അനീതികൾ കണ്ടില്ലെന്നു നടിച്ചും അടിച്ചമർത്തിയുമാണോ നിങ്ങൾ പാപത്തെ കുറിച്ചും കരുണയെ കുറിച്ചും പ്രഭാഷണങ്ങൾ നടത്തേണ്ടതു? സ്വർഗരാജ്യത്തിന്റെ വാതിലുകൾ നിങ്ങൾക്കായി തുറക്കുന്നതും കാത്തിരിക്കേണ്ടത്...

Read More >>