നിലമ്പൂരിലെ വെടിവെപ്പിന്റെ 'ഉൾപ്പാർട്ടി' കഥകൾ; മാവോയിസ്റ്റുകൾ ശക്തമാക്കുന്നതു നാടുകാണി ദളം

നിലമ്പൂരിലെ മാവോയിസ്റ്റ് വെടിവെപ്പിനു പിന്നില്‍ കേരളത്തിലെ മൂന്നു മാവോയിസ്റ്റ് ദളങ്ങളില്‍ പ്രധാനപ്പെട്ട നാട്ടുകാണി ദളം ശക്തമാക്കാനുള്ള ശ്രമമാണ്. സേനയെ പ്രതിരോധിക്കാന്‍ ദണ്ഡകാരണ്യ മാതൃകയില്‍ 'മനുഷ്യമതില്‍' ആണ് ലക്ഷ്യം

നിലമ്പൂരിലെ വെടിവെപ്പിന്റെ

കോഴിക്കോട്: നിലമ്പൂരിലെ കരുളായിയില്‍ കഴിഞ്ഞദിവസം പൊലീസിനു നേരെ വെടിയുതിര്‍ത്തതു സിപിഐ മാവോയിസ്റ്റ് വിഭാഗത്തിലെ നാടുകാണി ദളമാണെന്നു കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം സ്ഥിരീകരിച്ചു. നിലമ്പൂര്‍ മേഖലയില്‍ സജീവമായ നാടുകാണി ദളം കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് റിക്രൂട്ട്മെന്റ് നടക്കുന്നതായും ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറഞ്ഞു.

നെടുങ്കയത്ത് നിന്നു അഞ്ചു കിലോമീറ്ററോളം ഉള്‍വനത്തിലുള്ള മുണ്ടക്കടവു കോളനി കേന്ദ്രീകരിച്ചാണു മാവോയിസ്റ്റുകള്‍ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. തിങ്കളാഴ്ച വൈകീട്ട് ഏഴോടെ സ്ത്രീയുള്‍പ്പെടെയുള്ള സംഘം കോളനിയിലെത്തി ആദിവാസികള്‍ക്ക് ക്ലാസെടുക്കുമെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പൊലീസിന് നേരെ മാവോയിസ്റ്റുകള്‍ വെടിവെച്ചു രക്ഷപ്പെട്ടതായാണ് പൊലീസ് വിശദീകരണം.


വയനാട് സ്വദേശി സോമനും സംഘവുമാണു പൊലീസിന് വെടിയുതിര്‍ത്തെന്നാണ് വിവരം.

കേരളത്തിലെ മാവോയിസ്റ്റ് ദളങ്ങള്‍

കേരളത്തില്‍ സിപിഐ (മാവോയിസ്റ്റ്) പാര്‍ട്ടി പ്രധാനമായും മൂന്നു ദളങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്. നിലമ്പൂര്‍, ഗൂഡല്ലൂര്‍ വനമേഖലയോടു ചേര്‍ന്നു നാടുകാണി ദളവും വയനാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലാതിര്‍ത്തി പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് കബനിദളവും അട്ടപ്പാടി, പാലക്കാട്, കോയമ്പത്തൂര്‍, നീലഗിരി  അതിര്‍ത്തിയില്‍ ഭവാനിദളവും പ്രവര്‍ത്തിക്കുന്നു. ദളങ്ങളിലുള്ളവര്‍ അങ്ങോട്ടും ഇങ്ങോട്ടും സഹകരിച്ചാണു പ്രവര്‍ത്തിക്കുന്നത്.

വയനാട് സ്വദേശി സോമന്‍ മൂന്നു മാസം മുമ്പു വരെ ഭവാനി ദളത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. എന്നാലിപ്പോള്‍ നാടുകാണി ദളത്തിന്റെ ചുമതലയിലാണെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നു.

ദളത്തിലുള്ളവർ പല ഗ്രൂപ്പുകളായി പിരിഞ്ഞാണു പ്രവര്‍ത്തനം. ഓരോ ഗ്രൂപ്പിലും ഒറ്റസംഖ്യയില്‍ വരുന്നവരാണ് ഉണ്ടാകുക. ഭൂരിപക്ഷ തീരുമാനമനുസരിച്ചാണ് ഓപ്പറേഷന്‍ നടത്തുക.

വയനാട് കേന്ദ്രീകരിച്ച് സജീവമായി പ്രവര്‍ത്തിച്ചിരുന്ന കബനി ദളം ഇപ്പോള്‍ ഏറെക്കുറെ നിശബ്ദമാണ്. പോസ്റ്റര്‍ പതിക്കലിനപ്പുറം ഓപ്പറേഷന്‍ കുറവാണെന്നും രഹസ്യാന്വേഷണവിഭാഗം ചൂണ്ടിക്കാട്ടുന്നു. കുറ്റമറ്റ ഒരു 'ബോള്‍ഷെവിക് സംവിധാനം' സൃഷ്ടിക്കാനാണ് സിപിഐ മാവോയിസ്റ്റിന്റെ തീരുമാനം.

ശക്തിപ്പെടുന്നതു നാടുകാണി ദളം

കബനി, ഭവാനി ദളങ്ങളേക്കാള്‍ സിപിഐ മാവോയിസ്റ്റ് പാര്‍ട്ടി കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിപ്പോള്‍ നിലമ്പൂരിലെ നാടുകാണി ദളത്തിലാണ്. കാരണം ഏറ്റവും പിന്നോക്ക വിഭാഗങ്ങളായ ആദിവാസികള്‍ കുടുതലുള്ള പ്രദേശത്താണീ ദളത്തിന്റെ പ്രവർത്തനം. പ്രാക്തന ഗോത്രവര്‍ഗങ്ങളായ ചോലനായ്ക്ക, കാട്ടുനായ്ക്ക വിഭാഗങ്ങള്‍ക്കിടയിൽ ജീവിച്ചുകൊണ്ടുതന്നെയാണിവരുടെ പ്രവര്‍ത്തനം.

തങ്ങള്‍ ശക്തരാണെന്ന് തെളിയിക്കുന്നതിനാണു കഴിഞ്ഞദിവസം സിപിഐ മാവോയിസ്റ്റ് പന്ത്രണ്ടാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നിലമ്പൂര്‍ വനങ്ങളില്‍  കൊടി കെട്ടുന്ന ചിത്രം പുറത്തുവിട്ടത്.

തുടക്കത്തില്‍ കബനി ദളവും ഭവാനി ദളവുമാണു സജീവമായിരുന്നത്. വയനാട്, കോഴിക്കോട്, കണ്ണൂര്‍ മലയോരമേഖകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കബനി ദളം ആദിവാസികളെ ചൂഷണം ചെയ്യുന്ന അനധികൃത ക്വാറികള്‍, റിസോര്‍ട്ടുകള്‍, വനംവകുപ്പ്-കെടിഡിസി സ്ഥാപനങ്ങള്‍ ആക്രമിച്ചുകൊണ്ടാണ് സജീവമായത്. സംഘടനയുടെ പ്രസിദ്ധീകരണമായ 'കാട്ടുതീ'യും നിരവധി ലഘുലേഖകളും വ്യാപകമായി വിതരണം ചെയ്യുകയുമുണ്ടായി. എന്നാല്‍ വയനാട്ടില്‍ ആദിവാസി വിഭാഗങ്ങള്‍ക്കിടയിലായാലും ഇതര വിഭാഗങ്ങള്‍ക്കിടയിലായാലും കാര്യമായ പിന്തുണ ലഭിച്ചില്ലെന്ന വിലയിരുത്തലാണ് സംഘടനയുടേത്.

അട്ടപ്പാടിയിലുള്ള ഭവാനി ദളത്തിന്റെ പ്രവര്‍ത്തനവും ഇപ്പോള്‍ ഏറെക്കുറെ പഴയപോലെ സജീവമല്ല. പാലക്കാടുള്ള മക്‌ഡൊണാള്‍ഡ് ഫ്രൈഡ് ചിക്കന്‍ സെന്ററിന് നേരെയും നിരവധി വനം വകുപ്പ് ഓഫീസുകള്‍ക്ക് നേരെയും ഭവാനി ദളം ആക്രമണം നടത്തിയിരുന്നു. പൊലീസിനു നേരെ വെടിവെപ്പുണ്ടായതായും വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ പ്രവര്‍ത്തനത്തിനു സൗകര്യപ്രദമായതു നിലമ്പൂര്‍ വനാന്തരങ്ങളാണെന്ന വിലയിരുത്തലാണു സംഘടനയുടേത്.

സിപിഐ മാവോയിസ്റ്റിന്റെ പ്രവര്‍ത്തനം

സിപിഐ എംഎല്‍പീപ്പിള്‍ വാറും പീപ്പിള്‍ വാര്‍ ഗ്രൂപ്പും ലയിച്ചാണു സിപിഐ മാവോയിസ്റ്റ് 2004ല്‍ രൂപം കൊള്ളുന്നത്. എന്നാല്‍ ഒരു വ്യാഴവട്ടക്കാലത്തെ പ്രവര്‍ത്തനം പരിശോധിക്കുമ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ക്കപ്പുറം കാര്യമായ സ്വാധീനമുണ്ടാക്കാന്‍ എവിടെയും കഴിഞ്ഞിട്ടില്ല. അടിയന്തിരാവസ്ഥയ്ക്ക് ശേഷം കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ഉത്തരേന്ത്യന്‍ മാതൃകയില്‍ പ്രവര്‍ത്തിക്കാന്‍ നക്‌സല്‍ സംഘടനകള്‍ക്കായില്ലെന്നതാണ് വസ്തുത.

ആദിവാസി-ദളിത് വിഭാഗങ്ങള്‍ക്കിടയിലാണു പ്രവര്‍ത്തനമെങ്കിലും ഉദേശിച്ചപോലുള്ള വളര്‍ച്ച സംഘടനയ്ക്കു കേരളത്തിലെവിടെയും ലഭിച്ചില്ലെന്നാണ് ഉൾപ്പാർട്ടി വിലയിരുത്തൽ. ഭരണകൂടത്തെ അട്ടിമറിച്ച് അധികാരം പിടിച്ചെടുക്കുകയെന്ന മാവോ സിദ്ധാന്തമാണ് സിപിഐ മാവോയിസ്റ്റ് പാര്‍ട്ടിയും അവലംബിച്ചിരിക്കുന്നത്.

രാജ്യത്തെ 76 ജില്ലകളില്‍ മാവോയിസ്റ്റ്‌ നക്‌സല്‍ സംഘടനകളുടെ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്നാണ് കേന്ദ്ര ഇന്റലിജന്‍സിന്റെ കണ്ടെത്തല്‍. ബംഗാള്‍ കൂടാതെ ആന്ധ്ര, ഒഡീഷ, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ സിപിഐ മാവോയിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനം ശക്തമാണ്. വനവിഭവങ്ങളാല്‍ സമ്പന്നവും ധാതുസമ്പുഷ്ടവുമായ പ്രദേശങ്ങളിലാണ് ഇവരുടെ ഒളിത്താവളങ്ങള്‍. കേരളം, ആസാം, അരുണാചല്‍, ഡല്‍ഹി, ഗുജറാത്ത്, പഞ്ചാബ്, മധ്യപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക, ത്രിപുര, ഉത്തരാഖണ്ഡ്, യുപി എന്നിവിടങ്ങളിലും മാവോയിസ്റ്റ് സംഘടനകളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിൽ ചിലയിടങ്ങളില്‍ മാവോയിസ്റ്റുകളുടെ സ്വയംഭരണമേഖലതന്നെയുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗം പറയുന്നു.

വയനാട്ടിലെ ചാപ്പ, അപ്പപ്പാറ, നിലമ്പൂരിലെ മുണ്ടുകടവ്, കരുളായി, അട്ടപ്പാടിയിലെ ചില ഊരുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനം സജ്ജമാക്കുകയും  സേനയ്ക്കിങ്ങോട്ട് കടന്നുവരാനാവാത്ത രീതിയില്‍ ഉത്തരേന്ത്യന്‍ മാതൃകയില്‍ പ്രതിരോധ മതില്‍ തീര്‍ക്കുകയുമാണ് ലക്ഷ്യം.

സേനയുടെ പ്രതിസന്ധി

2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഓരോ സംസ്ഥാനങ്ങളും പ്രത്യേക ദൗത്യസേന രൂപീകരിക്കണമെന്ന കേന്ദ്രനിര്‍ദേശത്തെത്തുടര്‍ന് ന് രൂപംകൊണ്ടതാണ് തണ്ടര്‍ബോള്‍ട്ട്.

കേരള പൊലീസിന്റെ പ്രത്യേക വിംഗ് പോലെ പ്രവര്‍ത്തിക്കുന്ന തണ്ടര്‍ബോള്‍ട്ടിന്റെ പ്രവര്‍ത്തനം ഒരു രീതിയിലും കാര്യക്ഷമമല്ല. കേന്ദ്രത്തിന് കീഴില്‍ വരുന്ന ആന്റി നക്‌സല്‍ സ്‌ക്വാഡിനെയും ആന്റി ടെററിസ്റ്റ് സ്‌ക്വാഡിനെയുമൊക്കെ വച്ചുനോക്കുമ്പോള്‍ കേരള പൊലീസോളമേ തണ്ടര്‍ബോള്‍ട്ടും വരികയുള്ളു.

തണ്ടള്‍ബോള്‍ട്ടിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നു കാണിച്ച് കേന്ദ്ര-സംസ്ഥാന ഇന്റലിജന്‍സ് പലതവണ സര്‍ക്കാറിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഓഡിറ്റിംഗ് പോലും ഇല്ലാതെ ഫണ്ട് ചിലവഴിച്ചാണ് ഇത്തരം സേനകളെ തീറ്റിപ്പോറ്റുന്നത്. ഇല്ലാത്ത മാവോയിസ്റ്റ് കഥകളും പുറത്തുവിട്ടു കേന്ദ്രഫണ്ടു തട്ടുകയെന്ന തന്ത്രവും പതിവുപോലെ നടക്കുന്നുമുണ്ട്.

Read More >>