കർണാടകയിൽ നിന്നും കണ്ണൂരിലെ കരിങ്കൽ ക്വാറികളിലേയ്ക്ക് അനധികൃതമായി സ്ഫോടക വസ്തുക്കൾ എത്തുന്നു

കഴിഞ്ഞ ദിവസം രാത്രി കാറിൽ കടത്തുകയായിരുന്ന വൻസ്‌ഫോടക വസ്തു ശേഖരം പെരിങ്ങോം പോലീസ് പിടികൂടിയിരുന്നു

കർണാടകയിൽ  നിന്നും കണ്ണൂരിലെ കരിങ്കൽ ക്വാറികളിലേയ്ക്ക് അനധികൃതമായി സ്ഫോടക വസ്തുക്കൾ എത്തുന്നു

കണ്ണൂർ: ആഭ്യന്തര സുരക്ഷക്കു ഭീഷണിയായി ജില്ലയുടെ മലയോര മേഖലയിലെ കരിങ്കൽ ക്വാറികളിലേക്കു കർണാടകയിൽ നിന്നും വൻതോതിൽ സ്ഫോടക വസ്തുക്കൾ എത്തുന്നു. കർണാടകത്തിലെ ഹസൻ ഉൾപ്പെടെയുള്ള ഇടങ്ങളിലെ അംഗീകൃത പടക്ക നിർമാണ കേന്ദ്രങ്ങളിൽ നിന്നും വാങ്ങുന്ന തീവ്രത കൂടിയ സ്‌ഫോടക വസ്തുക്കളാണ് ജില്ലയിലെ ക്വാറികളിലേക്ക് എത്തുന്നത്. അതിർത്തി ചെക്പോസ്റ്റുകളിലെ പരിശോധനകൾ മറികടന്നു കൊണ്ടാണ് സ്‌ഫോടക വസ്തുക്കൾ സംസ്ഥാനത്ത് എത്തുന്നത്.


കഴിഞ്ഞ ദിവസം രാത്രി കാറിൽ കടത്തുകയായിരുന്ന വൻസ്‌ഫോടക വസ്തു ശേഖരം പെരിങ്ങോം പോലീസ് പിടികൂടിയിരുന്നു. ഇതേ തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ആഭ്യന്തര സുരക്ഷയെത്തന്നെ ബാധിക്കുന്ന സ്ഫോടകവസ്തു കടത്തിനെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചത്. ക്വാറികളിൽ ഇത്തരം സ്ഫോടക വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കാറില്ല. പലപ്പോഴും ക്വാറികളിലെ ടെന്റുകളിൽ പ്ലാസ്റ്റിക് കവറുകളിലാണു സ്‌ഫോടക വസ്തുക്കൾ സൂക്ഷിക്കുന്നത്. ഇത്തരം ഇടങ്ങളിൽ നിന്ന് മാവോയിസ്റ്റുകൾ ഉൾപ്പെടെയുള്ള ദേശവിരുദ്ധ ശക്തികൾക്ക് ഇത്തരം വസ്തുക്കൾ എളുപ്പത്തിൽ കൈക്കലാക്കാൻ കഴിയും. സ്ഫോടകവസ്തു കടത്തുന്ന സംഘങ്ങൾക്ക് ഇത്തരം ഗ്രൂപ്പുകളുമായി ബന്ധമുണ്ടോ എന്നത് സംബന്ധിച്ചും പൊലീസിന് യാതൊരു അറിവുമില്ല.
ജില്ലയുടെ മലയോരത്തു മാവോയിസ്റ് സാന്നിധ്യം ഉണ്ടെന്നു നിരവധി തവണ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട് ചെയ്തിരുന്നു. നേരത്തെ മലയോരത്തെ കരിങ്കൽ ക്വാറി മാവോയിസ്റ്റുകൾ ആക്രമിച്ച് അടിച്ചു തകർക്കുകയും തീയിട്ടു നശിപ്പിക്കുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
കഴിഞ്ഞദിവസം പെരിങ്ങോം പോലീസ് കണ്ടെത്തിയത് അത്യുഗ്രശേഷിയുള്ള ഡിറ്റണേറ്ററുകൾ ആയിരുന്നു. ചെറിയൊരു വാഹനാപകടം ഉണ്ടായാൽ പോലും വൻ സ്ഫോടനം ഉണ്ടാകുന്ന തരത്തിൽ അശ്രദ്ധമായിട്ടാണ് സ്ഫോടകവസ്തുക്കൾ കാറിൽ കൊണ്ടുവന്നിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കാറിൽ ഉണ്ടായിരുന്ന ഭീമനടി സ്വദേശി മുസ്തഫയെ പോലീസ് അറസ്റ്റു ചെയ്തിട്ടുണ്ട്. വിശദമായ തുടരന്വേഷണം ഉണ്ടാകുമെന്നാണ് പോലീസിൽ നിന്നും ലഭിക്കുന്ന സൂചന.

Story by
Read More >>