നടനകലയിലെ മാനസിക രോഗികള്‍; 'സ്വയം പ്രദര്‍ശകര്‍'ക്ക് ഒരാമുഖം

നടന്‍ ഒരു കൂട്ടം കുട്ടികള്‍ നടന്നുപോകുമ്പോൾ തന്റെ വാഹനത്തില്‍ ഇരുന്നു സ്വയം എക്സ്പോസ് ചെയ്തു അറസ്റ്റിലായിരിക്കുന്നു. തെളിയിക്കപ്പെടും വരെ എല്ലാവരും നിരപരാധികളാണെന്ന സംശയത്തിന്റെ ആനുകൂല്യം നമുക്ക് അദ്ദേഹത്തിന് കൊടുക്കാം. എന്നിരുന്നാലും നമ്മുടെ സമൂഹത്തില്‍ നില നില്‍ക്കുന്ന എക്‌സിബിഷനിസം എന്ന ലൈംഗിക വൈകൃതത്തിലേക്കു വിരല്‍ ചൂണ്ടുക തന്നെയാണ് ഈ സംഭവവും .

നടനകലയിലെ മാനസിക രോഗികള്‍;

ലീന മേഴ്സി

തൃശൂരിലെ ഹോസ്റ്റലില്‍ താമസിച്ചു  പഠിക്കുന്ന കാലം. ഹോസ്റ്റല്‍ ഒരു പ്രമുഖ കോളേജിന്റെ എതിര്‍വശത്തായിരുന്നു. വൈകുന്നേരമായാൽ ആണ്‍കുട്ടികള്‍ മാത്രമാവും ആ  സൈഡിലെ ക്യാമ്പസിലുണ്ടാവുക. അപ്പോഴാണ് ഈ പ്രമുഖ നാടകം അരങ്ങേറുക. ഞങ്ങള്‍ പറവക്കാരന്‍  എന്ന്  ഓമന പേരിട്ടു വിളിച്ച ഈ പുരുഷന്‍ കൃത്യം ഞങ്ങളുടെ ഹോസ്റ്റലിന്റെ ജനാലകളില്‍  നിന്ന് നോക്കിയാല്‍ വ്യക്തമായി കാണാവുന്ന  ഒരു സ്‌പോട് തെരഞ്ഞെടുത്തു ലുങ്കി അഴിച്ചു ഒരു പറവയെ പോലെ വീശും. അടിവസ്ത്രങ്ങളൊന്നുമില്ലാതെയാണ് അദ്ദേഹം  ഈ മഹനീയ കര്‍മം നടത്തുക എന്നതിനാൽ  കാഴ്ച്ചകളെല്ലാം പകല്‍ പോലെ വ്യക്തം... പറവ പോലെ ലുങ്കി ചിറകു  വീശിക്കഴിഞ്ഞാല്‍ പിന്നെ അദ്ദേഹം കാര്യ  പരിപാടിയിലേക്ക് കടക്കും... ഈ  പറവക്കാരനായിരുന്നു  ഞാന്‍ കണ്ട ആദ്യ എക്‌സിബിഷനിസ്‌റ്റ്.


വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന ശ്രീജിത്ത് രവിയാണ് ഇപ്പോൾ ഇക്കാര്യം വീണ്ടും ഓര്‍മിപ്പിച്ചത്. നടന്‍   15 വയസുള്ള ഒരു  കൂട്ടം  പെൺകുട്ടികള്‍ നടന്നുപോകുമ്പോൾ തന്റെ വാഹനത്തില്‍ ഇരുന്നു സ്വയം എക്സ്പോസ് ചെയ്തു  അറസ്റ്റിലായിരിക്കുന്നു. തെളിയിക്കപ്പെടും വരെ  എല്ലാവരും നിരപരാധികളാണെന്ന സംശയത്തിന്റെ ആനുകൂല്യം നമുക്ക്   ഇദ്ദേഹത്തിന് കൊടുക്കാം. എന്നിരുന്നാലും  നമ്മുടെ സമൂഹത്തില്‍ നില നില്‍ക്കുന്ന എക്‌സിബിഷനിസം  എന്ന ലൈംഗിക  വൈകൃതത്തിലേക്കു  വിരല്‍ ചൂണ്ടുക തന്നെയാണ് ഈ സംഭവവും.

സ്വയം ലൈംഗികമായി  ഉത്തേജിതനാകുന്നതിനു വേണ്ടി അപരിചിതരുടെ  മുന്നില്‍ ലൈംഗികാവയവങ്ങള്‍ പ്രദര്‍ശിപ്പിക്കുമ്പോഴോ  സ്വയംഭോഗം ചെയ്യുമ്പോഴോ  ആണ് അത്  എക്‌സിബിഷനിസം ആകുന്നത്. മറ്റേതു ലൈംഗിക വൈകൃതം പോലെയും  ഇതുമൊരു  മാനസിക രോഗമാണ്. എക്‌സിബിഷനിസം ചെയ്യുന്നവരിൽ കൂടുതലും പുരുഷന്മാരാണ്.  മാത്രമല്ല അവരുടെ  ഇരകള്‍   സ്ത്രീകളും കുട്ടികളുമാണ്. എക്‌സിബിഷനിസം  ചികിത്സിച്ചു  ഭേദമാക്കേണ്ട ഒരു രോഗമായിട്ടാണ്  സൈക്യാട്രി ഡയഗണോസ്റ്റിക് ക്ലാസ്സിഫിക്കേഷന്‍ ക്രൈറ്റീരിയയില്‍  വിശേഷിപ്പിക്കുന്നത്.

എന്നിരുന്നാലും ഒരാള്‍  എക്‌സിബിഷനിസ്‌റ്  ആണെങ്കില്‍  ഒരു ദിവസം തുണി ഉയര്‍ത്തുക അല്ല ചെയ്യുക,  മറിച്ചു അതിനു മുന്‍പ്  മറ്റു പല രോഗ   ലക്ഷണങ്ങളും  കാണിച്ചിരിക്കും. അതുകൊണ്ടു തന്നെ നമ്മള്‍ കാണുന്ന  എല്ലാ എക്‌സിബിഷനിസ്റ്റുകളും  മാനസികരോഗികളാകണമെന്നില്ല . അതു പോലെ തന്നെ വൈകൃതം നടന്നത് ഒരു കൂട്ടം സ്ത്രീകളുടെ മുന്നിലാണെങ്കിൽ  അവര്‍ അതിനെ ചിരിച്ചു തള്ളണം എന്നാണോ കരുതേണ്ടത് ? ഒപ്പം പ്രസക്തമായ മറ്റൊരു ചോദ്യം നഗ്ന സ്വാമി നഗ്നനായി സഭയില്‍ പ്രസംഗിച്ച രാജ്യത്തു നഗ്നത ഒരു കുറ്റകൃത്യമല്ല . അപ്പോള്‍ നഗ്നായി നടക്കുന്ന ഒരാള്‍ സ്വന്തം  ലൈംഗികാവയവങ്ങള്‍ കയ്യിലെടുത്താൽ അത് കുറ്റമാവുമോ എന്നതാണ് .

ഇതിന്റെയൊക്കെ ഉത്തരം എന്തായാലും, പല രീതിയിലുള്ള ലൈംഗിക  വൈകൃതങ്ങള്‍  നില നില്‍ക്കുന്ന ഒരു നാട് തന്നെയാണ് നമ്മുടേത്. പല രൂപത്തില്‍, ഭാവത്തില്‍  കുട്ടികള്‍ക്കെതിരെയും  മുതിര്‍ന്നവര്‍ക്കെതിരെയും പ്രകടമായിക്കൊണ്ടിരിക്കുന്ന ലൈംഗിക വൈകൃതങ്ങള്‍, അതിന്റെ അപകടങ്ങളിലേക്കു വിരല്‍ ചൂണ്ടുന്ന ആവര്‍ത്തിച്ചുണ്ടാകുന്ന സംഭവങ്ങള്‍ കണ്‍മുന്നിലുടെ കടന്നു പോകുന്ന  കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ജിഷയും സൗമ്യയുമൊക്കെ ഈ പ്രക്രിയയുടെ ഇരകളായി  നമ്മുടെ കൺമുന്നില്‍ നിന്നു മറഞ്ഞു പോയതു  മറന്നിട്ടുണ്ടാവില്ല. അതുകൊണ്ടു തന്നെ   ഒരു സംഘം കുട്ടികള്‍ നടന്നു പോകുമ്പോൾ നടന്‍ സ്വയം പ്രദർശിപ്പിച്ചപ്പോൾ  അതു കണ്ടു ആത്മഹത്യയുടെ  വക്കില്‍ എത്തിയെന്നു  പറയപ്പെടുന്ന കുട്ടിയെ ഏറ്റവും സ്‌നേഹത്തോടെ  മനസിലാക്കി കൊണ്ടു തന്നെ ആ  കുട്ടിയുടെ മാതാപിതാക്കളോട് ചോദിക്കട്ടെ ?

നിങ്ങൾ ഏതു രീതിയിലാണു മകളെ വളര്‍ത്തുന്നത്. ലൈംഗികതയെ കുറിച്ചും ലൈംഗിക വൈകൃതങ്ങളെ കുറിച്ചും സമൂഹത്തെ കുറിച്ചും, ഈ സമൂഹത്തില്‍ ഒളിച്ചിരിക്കുന്ന അപകടങ്ങളെ കുറിച്ചും നിങ്ങള്‍ എത്ര തവണ  കുട്ടിയോട് സംസാരിച്ചിട്ടുണ്ട്? ലൈംഗികതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരോഗ്യപരമായി നിങ്ങളുടെ കുട്ടിയോട് ചര്‍ച്ച ചെയ്യാന്‍ സമയം കണ്ടെത്തുന്ന മാതാപിതാക്കളാണോ നിങ്ങള്‍? നിങ്ങളുടെ മകള്‍ പഠിക്കുന്ന സ്‌കൂള്‍ ഈ വിഷയം എങ്ങനെ പഠിപ്പിക്കുന്നു, പറഞ്ഞു കൊടുക്കുന്നു എന്ന് നിങ്ങള്‍ അന്വേഷിച്ചിട്ടുണ്ടോ ?

[caption id="attachment_40292" align="alignleft" width="300"]ലേഖിക: ലീന മേഴ്സി ലേഖിക: ലീന മേഴ്സി[/caption]

നമുക്കു ഒരിക്കലും കുട്ടികളെ ജീവിതകാലം മുഴുവൻ പൊതിഞ്ഞു സൂക്ഷിക്കാൻ കഴിയില്ല. കുട്ടികളോട് ലൈംഗികത  എന്ന വിഷയം ആരോഗ്യകരമായി ചര്‍ച്ച ചെയ്യാന്‍ തയ്യാറാക്കേണ്ടത് മാതാപിതാക്കളാണ്. എന്തെങ്കിലുമൊന്നു കാണുമ്പോഴേക്കും  വാടിത്തളരേണ്ടവളല്ല പതിനഞ്ചുകാരി പെൺകുട്ടി.  മറിച്ചു  'അമ്മ  എനിക്ക് ഇതു  പറഞ്ഞു തന്നിട്ടുണ്ട് അല്ലെങ്കില്‍ ഇതല്ലേ നമ്മുടെ ടീച്ചര്‍ കഴിഞ്ഞ ദിവസം പറഞ്ഞു തന്നത്, എന്ന് കൂട്ടുകാരോട്  പറയാന്‍ ചങ്കൂറ്റമുള്ളവളാവുകയാണ് വേണ്ടത്.
ഇവിടെ  ശ്രീജിത്ത് രവി ഒരു കൂട്ടം കുട്ടികളുടെ മുന്നില്‍ തന്നെ സ്വയം പ്രദർശിപ്പിച്ചിട്ടുണ്ടെങ്കില്‍  ചില്‍ഡ്രന്‍സ് ആക്ട് പ്രകാരം തീര്‍ച്ചയായും  ശിക്ഷിക്കപ്പെടണം. ഒപ്പം ലൈംഗികതയെ  കുറിച്ചും വൈകൃതങ്ങളെ കുറിച്ചും സ്വയം സൂഷിക്കേണ്ടതിനെ കുറിച്ചും കുട്ടികളും  അറിയട്ടെ. ഒപ്പം കുറ്റ  കൃത്യങ്ങളുണ്ടായാല്‍ നേരിട്ട് റീപോസ്റ്റ് ചെയ്യാന്‍ കഴിയുന്ന ഇന്‍ബോക്‌സ് സംവിധാനത്തെ കുറിച്ചുള്ള അറിവും കുട്ടികളിലെത്തട്ടെ. ലൈംഗികതയെ കുറിച്ച് അവബോധം നല്‍കാനും അപമര്യാദയായി പെരുമറിയാൽ അതു   റിപ്പോര്‍ട്ട് ചെയ്യാനും കഴിയുന്ന സ്‌കൂള്‍ സംവിധാനങ്ങളും  ഉണ്ടാകട്ടെ.

ലൈംഗികത മനുഷ്യ സഹജമെങ്കില്‍ ലൈംഗിക വൈകൃതങ്ങളും മനുഷ്യനിലുണ്ടെന്നും , അതു തരം  പോലെ പുറത്തു വന്നുകൊണ്ടിരിക്കും എന്നുള്ള യാഥാർത്ഥ്യത്തിൽ നിന്നു ഒളിച്ചോടാന്‍ ഒരു സമൂഹത്തിനും കഴിയില്ല. അതുകൊണ്ടു തന്നെ കുറ്റവാളികള്‍ മുഖം നോക്കാതെ ശിഷിക്കപ്പെടുന്നതിനൊപ്പം ഇത്തരം പ്രവണതകളെ കുറിച്ചു മനസ്സിലാക്കി കരുത്തുള്ളവരായി നമ്മുടെ കുട്ടികൾ വളരട്ടെ

Read More >>