'ഇമേജ്' പുഴയിലേക്ക് ഒഴുക്കുന്നത് ആശുപത്രി മാലിന്യം സംസ്കരിച്ച വെള്ളം; വ്യാജ പ്രചരണമെന്ന് ഇമേജ്

സംസ്കരണം കഴിഞ്ഞു പുറത്തേക്ക് വിടുന്നത് ആയിരക്കണക്കിനു ലിറ്റർ മലിന ജലമാണ്. ഈ വെള്ളം കോരയാറിലേക്കും അവിടെ നിന്നും ഒരു കിലോ മീറ്റര്‍ ദൂര പരിധിക്കുള്ളിലുള്ള മലമ്പുഴയിലും എത്തുന്നു

പാലക്കാട്: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നിയന്ത്രണത്തിലുള്ള ആശുപത്രി മാലിന്യ സംസ്കരണ പ്ലാന്റായ ഇമേജ് മലിനജലം ഒഴുക്കുന്നത് സമീപത്തെ ജലസ്രോതസുകളിലേക്ക്. രക്തം ഒലിക്കുന്ന പഞ്ഞി, ഉപയോഗിച്ച തുണികള്‍, സൂചികൾ, ഇഞ്ചക്ഷന്‍ സിറിഞ്ചുകള്‍ തുടങ്ങിയ മാലിന്യ സംസ്കരണമാണു ഇവിടെ നടക്കുന്നത്. സംസ്കരണ ശേഷമുള്ള മലിനജലം  ഒഴുക്കുന്നത് പാലക്കാടിന്റെ കുടിവെള്ള സ്രോതസായ കോരയാറിലേക്കും മലമ്പുഴയിലേക്കും.

എല്ലാ ജില്ലകളില്‍ നിന്നുമുള്ള ഭൂരിഭാഗം ആശുപത്രികളിൽ നിന്നുള്ള മാലിന്യം സംസ്കരിക്കുന്നത് ഇവിടെയാണ്. കൃതൃമായി പറഞ്ഞാല്‍ 8422 ആശുപത്രികളിൽ  നിന്നുള്ള കോട്ടണ്‍ വേസ്റ്റ് മുതല്‍ മനുഷ്യ ശരീരാവശിഷ്ടങ്ങള്‍ വരെ ഇവിടെയെത്തും. 25 മുതല്‍ 30 ടണ്ണിനടുത്ത് മാലിന്യങ്ങള്‍ വിവിധ ജില്ലകളില്‍ നിന്ന് നിത്യേന ഇവിടെയെത്തുന്നു.


image 2

സംസ്കരണം ശാസ്ത്രീയമായാണ് നടക്കുന്നതെന്നാണ്  കമ്പനിയുടെ അവകാശ വാദം. എന്നാൽ അതു തെറ്റാണെന്നു ഒറ്റ നോട്ടത്തിൽ തന്നെ മനസിലാകും.  മനുഷ്യ ശരീരം ഉള്‍പ്പടെയുള്ള മാലിന്യങ്ങള്‍ കമ്പനിയുടെ പറമ്പിലിട്ടു പൈപ്പില്‍ നിന്നു വെള്ളമടിച്ച് കഴുകലാണ് ആദ്യ ജോലി. ഇതിനു ശേഷമാണു നീഡില്‍, ബോട്ടില്‍ തുടങ്ങിയ മറ്റു മാലിന്യങ്ങള്‍ വേർതിരിക്കുക. ഇവയെല്ലാം അണുവിമുക്തമാക്കിയ ശേഷമേ പുറന്തള്ളാവൂ എന്നാണ് നിയമം. എന്നാല്‍ നീഡില്‍, ഇഞ്ചക്ഷന്‍ സിറിഞ്ചുകള്‍ എന്നിവ കമ്പനി വളപ്പില്‍ തന്നെയുള്ള അടിഭാഗം  കോണ്‍ക്രീറ്റ് ചെയ്ത കിണറില്‍ തള്ളുകയാണ് പതിവ്. സിറിഞ്ചുകള്‍ ഒഴികെയുള്ള മറ്റു വില്‍ക്കാന്‍ കഴിയുന്ന വസ്തുക്കള്‍  കോയമ്പത്തൂരിലെ ആക്രി കമ്പനിയിലേക്ക് കയറ്റി അയക്കുകയും ചെയ്യുന്നു. പഞ്ഞി, തുണിയുള്‍പ്പടെയുള്ളവ കത്തിക്കുകയും ചെയ്യുന്നു.

image 4

സംസ്കരണം കഴിഞ്ഞു പുറത്തേക്ക് വിടുന്നത് ആയിരക്കണക്കിനു ലിറ്റർ മലിന ജലമാണ്. ഈ വെള്ളം  കോരയാറിലേക്കും അവിടെ നിന്നും ഒരു കിലോ മീറ്റര്‍ ദൂര പരിധിക്കുള്ളിലുള്ള മലമ്പുഴയിലും എത്തുന്നു. പാലക്കാട് മാത്രമല്ല, സമീപ ജില്ലയിലുള്ളവരും വെള്ളത്തിനായി ആശ്രയിക്കുന്നത് മലമ്പുഴയെയാണ്.  ഒരു കാരണവശാലും കമ്പനി വളപ്പില്‍ നിന്ന് പുറത്തേക്ക് വെള്ളം ഒഴുക്കരുതെന്ന മലിനികരണ നിയന്ത്രണ ബോര്‍ഡിന്റെ ഉത്തരവുകള്‍ ലംഘിച്ചാണ് ഈ വെള്ളമൊഴുക്കല്‍.

[caption id="attachment_46410" align="aligncenter" width="456"]pollu മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഉത്തരവ്[/caption]

" ഇമേജ് " പുഴയിലേക്ക് മാലിന്യ ജലം ഒഴുക്കുന്നു എന്നത് ചിലരുടെ പ്രചരണമാണെന്നാണ് ഐഎംഎയുടെ വിശദീകരണം. ഇമേജിലെ പ്രവർത്തനം സുതാര്യമാണ്. ആർക്കും പരിശോധിക്കാം. വളരെ ശാസ്ത്രീയമായ രീതിയിലാണ് മാലിന്യ സംസ്കരണം. ചില പരിസ്ഥിതി സംഘടനകളുടെ പേരിൽ ചിലർ ഇമേജിനെതിരെ കുപ്രചരണം നടത്തുകയാണ്. ഇവരുടെ സ്വാധീനത്തിന് വഴങ്ങിയാണ് വി.എസ് കമ്പനിയിൽ വന്നത്. ഒന്നും പോയി കാണാതെ എഴുതി കൊണ്ടു വന്നത് വായിക്കുകയാണ് വി എസ് ചെയ്തത്. ചെറിയൊരു തുക മാത്രം കൈപ്പറ്റി മറ്റൊരു സ്വകാര്യ ഏജൻസിക്ക് ടെക്നിക്കലായുള്ള വർക്കുകൾ നടത്താൻ അനുമതി നൽകിയിട്ടുണ്ടെന്നും ഇമേജിന്റ ട്രഷറർ ആയ ഡോ.എൻ രാമകൃഷ്ണൻ നാരദ ന്യൂസിനോട് പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ്, കച്ചവടം, ഓഹരി വിപണിയെന്നതിലൊക്കെ ഇടനിലക്കാരായി നിന്ന് പണം ഉണ്ടാക്കുന്ന കമ്പനികളെ പോലെയാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നിയന്ത്രണത്തില്‍ നടത്തുന്ന ഇമേജും. ഇമേജ് ഇടനിലക്കാരായി നിന്നു കൊണ്ട് ചെന്നൈ ആസ്ഥാനമായുള്ള ജി.ജെ മള്‍ട്ടിക്ലേവ് ഇന്ത്യാ പ്രൈ. ലിമിറ്റഡ് എന്ന സ്ഥാപനത്തിന് ജോലികള്‍ കരാര്‍ അടിസ്ഥാനത്തില്‍ ഏല്‍പ്പിച്ച് നല്‍കിയിരിക്കുകയാണ്. ഇമേജിന് ഒരു ഭരണ സമിതി മാത്രമാണ് നിലവില്‍ ഉള്ളത്. ജോലികള്‍ പൂര്‍ണമായും ചെയ്യുന്നത് ജി.ജെ കമ്പനിയാണ്. ആശുപത്രിയിൽ നിന്ന്  കിടക്കക്ക് 13 രൂപയാണ് ഇമേജ് സംസ്‌കരണ ചാര്‍ജായി ഈടാക്കുന്നത്. എന്നാല്‍  ജി. ജെ കമ്പനിക്ക് ലഭിക്കുന്നത് മൂന്നു രൂപ മാത്രമാണ്.

ഇമേജ് എന്ന ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ള കമ്പനിക്കകത്തും ജി.ജെ കമ്പനിയുടെ ആളുകളാണ് ജോലി ചെയ്യുന്നത്. ഏകദേശം 380 ജീവനക്കാര്‍ കമ്പനിക്കകത്തും മാലിന്യങ്ങള്‍ കൊണ്ടു വരാനായി വിവിധ ജില്ലകളിലും ജി.ജെ കമ്പനിക്ക് വേണ്ടി ജോലി ചെയ്യുന്നുണ്ട്. ഇമേജ് പണം നല്‍കാന്‍ വൈകുന്ന സമയങ്ങളില്‍ ശമ്പളം പോലും വൈകാറുണ്ടെന്ന് ജീവനക്കാരിലൊരാൾ നാരദ ന്യൂസിനോട് പറഞ്ഞു.

ഇമേജ് മാലിന്യം തള്ളുന്നതിനെതിരെ നാട്ടുകാരുടേയും പരിസ്ഥിതി പ്രവർത്തകരുടേയും നേതൃത്വത്തിൽ പ്രതിഷേധ സമരം നടക്കുന്നുണ്ട്.  സിപിഐഎം വിട്ടവരാണ് പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുന്നത്. സിപിഐഎം ലോക്കല്‍ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റിയംഗവുമായിരുന്ന ബാലമുരളിയാണു പരിസ്ഥിതി സംരക്ഷണ സമിതിയുടെ ചെയര്‍മാന്‍.  പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ സ്ഥലം എംഎല്‍എ കൂടിയായ വി എസ് കഴിഞ്ഞ ദിവസം ‘ഇമേജ് ‘ സന്ദര്‍ശിച്ചിരുന്നു.

Read More >>