'വിമാനം റണ്‍വേ തൊട്ട ശേഷം ഉയര്‍ത്താന്‍ ശ്രമിച്ചത് അപകടമുണ്ടാക്കി';എമിറേറ്റ്‌സ് വിമാന അപകടത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിട്ടു

ആഗസ്റ്റ് മൂന്നിന് 282 യാത്രക്കാരും 18 ജീവനക്കാരുമായി തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട എമിറേറ്റ്‌സ് ബോയിംഗ് 777-300 എയര്‍ക്രാഫ്റ്റ് ആണ് അപകടത്തില്‍പ്പെട്ടത്. തീയണക്കാന്‍ ശ്രമിക്കുന്നതിനിടെ അഗ്നിശമനസേനാ ഉദ്യോഗസ്ഥനായ ജാസിം ഈസാ അല്‍ ബലൂഷി മരിച്ചിരുന്നു.

ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിറേറ്റ്‌സ് വിമാനം കത്തിയമരാന്‍ ഇടയാക്കിയത് റണ്‍വേ തൊട്ട ശേഷം വിമാനം ഉയര്‍ത്താന്‍ പൈലറ്റ് വീണ്ടും ശ്രമിച്ചതിനാലാണെന്ന് പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട്. വിമാനം ഉയര്‍ത്താനുള്ള ശ്രമത്തിനിടയില്‍ പിന്‍ഭാഗം ഉരസുകയും തീപിടിക്കുകയും ചെയ്തു. റണ്‍വേയുടെ 85 അടി ഉയരത്തില്‍ വിമാനമെത്തിയപ്പോഴാണ് പൈലറ്റ് ലാന്‍ഡിംഗിന് ശ്രമിച്ചത്. ലാന്‍ഡിംഗിന്റെ അവസാന നിമിഷങ്ങളില്‍ കാറ്റിന്റെ ഗതിയിലും വേഗത്തിലും മാറ്റമുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.


ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി എമിറേറ്റ്‌സ്, വിമാന നിര്‍മ്മാണ കമ്പനിയായ ബോയിംഗ്, എന്‍ജിന്‍ നിര്‍മ്മാതാക്കളായ റോള്‍സ് റോയ്‌സ് എന്നിവരുമായി സഹകരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വിമാനത്തിന്റെ എന്‍ജിന്‍, കോക്പിറ്റ് ശബ്ദരേഖകള്‍, ഡാറ്റാ റെക്കോര്‍ഡുകള്‍, തുടങ്ങിയവ അബുദാബിയിലെ ലബോറട്ടറിയില്‍ പരിശോധന നടത്തിയ ശേഷമാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

കാറ്റിന്റെ ഗതിമാറ്റത്തെക്കുറിച്ചും വേഗത്തെക്കുറിച്ചും നാഷണല്‍ സെന്റര്‍ ഫോര്‍ മെറ്റീരിയോളജി ആന്‍ഡ് സീസ്‌മോളജി മുന്നറിയിപ്പ് നല്‍കിയിരുന്നു.ഇന്ധന ടാങ്ക് പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് ക്യാബിനില്‍ പുകയുണ്ടാവുകായിരുന്നു. യാത്രക്കാരെ എമര്‍ജന്‍സി വാതിലുകള്‍ വഴിയാണ് പുറത്തിറക്കിയത്.

വിമാനം ലാന്‍ഡിംഗിന് ശ്രമിച്ചപ്പോള്‍ യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് വേര്‍പ്പെടുത്തി സീറ്റില്‍ നിന്ന് എഴുന്നേറ്റു നിന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.  വിമാനത്തിലെ ജീവനക്കാരുടെ നിര്‍ദ്ദേശപ്രകാരം യാത്രക്കാര്‍ വീണ്ടും സീറ്റിലിരിക്കുകയായിരുന്നു. എന്നാല്‍ ചില യാത്രക്കാര്‍ ഉറക്കെ കരയുകയും ലഗേജുകള്‍ എടുക്കാന്‍ ശ്രമിക്കുകയും, വിമാനത്തിന്റെ വാതില്‍ തുറക്കാനാവശ്യപ്പെടുകയും ചെയ്തു.സുരക്ഷാ ജീവനക്കാര്‍ യാത്രക്കാരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ലഗേജുകള്‍ ഉപേക്ഷിച്ച് പുറത്തിറങ്ങാന്‍ ആവശ്യപ്പെട്ടിരിന്നു. ചിലര്‍ ലഗേജ് ഉപേക്ഷിച്ചാണ് വിമാനത്തിന് പുറത്തേിറങ്ങിയിത്.

മുഴുവന്‍ യാതക്കാരേയും റണ്‍വേയിലേക്ക് ഇറക്കിയ ശേഷം എയര്‍ക്രാഫ്റ്റ് കമാന്‍ഡറും മുതിര്‍ന്ന ക്യാബിന്‍ ക്രൂവുമാണ് അവസാനം വിമാനത്തില്‍ നിന്നിറങ്ങിയത്. റിപ്പോര്‍ട്ടിനെ എമിറേറ്റ്‌സ് സ്വാഗതം ചെയ്തു. എന്നാല്‍ അപകടത്തിന്റെ കാരണങ്ങളോ ഭാവിയിലേക്കുള്ള നിര്‍ദ്ദേശങ്ങളോ പ്രാഥമിക റിപ്പോര്‍ട്ടിലില്ലെന്ന് എമിറേറ്റ്‌സ് വക്താവ് പറഞ്ഞു.വിശദമായ റിപ്പോര്‍ട്ടിന് അഞ്ച് മാസം സമയമെടുക്കും.

ആഗസ്റ്റ് മൂന്നിന് 282 യാത്രക്കാരും 18 ജീവനക്കാരുമായി തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട എമിറേറ്റ്‌സ് ബോയിംഗ് 777-300 എയര്‍ക്രാഫ്റ്റ് ആണ് അപകടത്തില്‍പ്പെട്ടത്. തീയണക്കാന്‍ ശ്രമിക്കുന്നതിനിടെ അഗ്നിശമനസേനാ ഉദ്യോഗസ്ഥനായ ജാസിം ഈസാ അല്‍ ബലൂഷി മരിച്ചിരുന്നു.