തിരുവോണ നാളില്‍ മെല്‍ബണില്‍ കാണാതായ മലയാളി ഡോക്ടര്‍ മരിച്ച നിലയില്‍

തിരുവോണ ദിവസമായ ബുധനാഴ്ച വൈകിട്ട് ആറു മുതലാണ് ടിനുവിനെ കാണാതായത്.

തിരുവോണ നാളില്‍ മെല്‍ബണില്‍ കാണാതായ മലയാളി ഡോക്ടര്‍ മരിച്ച നിലയില്‍

മെല്‍ബണ്‍: തിരുവോണ നാളില്‍ മെല്‍ബണില്‍ നിന്ന് കാണാതായ മലയാളി ദന്ത ഡോക്ടര്‍ ടിനു തോമസിനെ(28) മരിച്ച നിലയില്‍ കണ്ടെത്തി. തിരുവല്ല സ്വദേശിയായ തോമസ് ജോര്‍ജിന്റെയും ആനിയുടെയും ഏകമകനായ ടിനു മെല്‍ബണ്‍ മാര്‍ത്തോമാപള്ളി ഇടവകാംഗമാണ്. തിരുവോണ ദിവസമായ ബുധനാഴ്ച വൈകിട്ട് ആറു മുതലാണ് ടിനുവിനെ കാണാതായത്. ഇത് സംബന്ധിച്ച് ബന്ധുക്കള്‍ പൊലീസീന് പരാതി നല്‍കിയിരുന്നു.മെല്‍ബണിലെ റോവില്ലയിലെ ടിനുവിന്റെ വീടിനു സമീപമാണ് മൃതദേഹം കണ്ടെത്തിയത്.


ടിനുവിന്റെ മൊബൈല്‍ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ സഞ്ചരിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചുവെങ്കിലും കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ പൊലീസിനു കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെയാണ് വീടിനു സമീപത്തുളള സ്ട്രീറ്റില്‍ നിന്ന് ടിനുവിന്റെ മൃതദേഹം കണ്ടെത്തിയത്. മാതാപിതാക്കള്‍ക്കൊപ്പമാണ് ടിനു താമസിച്ചിരുന്നത്. കാണാതാകുമ്പോള്‍ ചാര നിറത്തിലുളള ട്രാക്ക് സ്യൂട്ടും റബര്‍ ചെരുപ്പുമാണ് ധരിച്ചിരുന്നത്.

ചാര നിറത്തിലുളള I HR2OS എന്ന രജിസ്‌ട്രേഷനിലുളള 2007 മിസ്തിബുഷി സെഡാന്‍ 380 മോഡലിലുളള കാര്‍ ടിനു ഓടിച്ചാണ് വീട്ടില്‍ നിന്ന് പോയതെന്നാണ് വിവരം. ടിനുവിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമുളള മരണമാണോ അതോ മറ്റെന്തെങ്കിലും കാരണങ്ങള്‍ ഉണ്ടോയെന്നതില്‍ വ്യക്തയില്ല. വിക്ടോറിയ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

Story by
Read More >>