വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് ലഹരി വസ്തുക്കള്‍ എത്തിച്ചു നല്‍കിയ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അറസ്റ്റില്‍

ഇന്നലെ ഉച്ചക്കു നടത്തിയ മിന്നല്‍ പരിശോധനയില്‍ ജയില്‍ ജീവനക്കാര്‍ മാത്രം താമസിക്കുന്ന ബാരക്കില്‍ നിന്നും മദ്യവും മറ്റു ലഹരി വസ്തുക്കളും പിടികൂടി.

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്ക് ലഹരി വസ്തുക്കള്‍ എത്തിച്ചു നല്‍കിയ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ അറസ്റ്റില്‍

മുളകുന്നത്ത്കാവ്: വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവുകാര്‍ക്കു മദ്യവും ലഹരി വസ്തുക്കളും എത്തിച്ചു നൽകിയ ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസറെ അറസ്റ്റു ചെയ്തു.  കോട്ടയം ഇരവിമംഗലം പാലത്തടത്തില്‍ സന്തോഷിനെയാണു ജയില്‍ സൂപ്രണ്ടിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് അറസ്റ്റ് ചെയ്തത്.

തടവുകാര്‍ക്ക് അവശ്യമുള്ളതെല്ലാം ജയില്‍ ജീവനക്കാര്‍ തന്നെ എത്തിച്ചു കൊടുക്കുന്നുവെന്ന  പരാതി ജയില്‍ സൂപ്രണ്ടിന് നേരത്തെ ലഭിച്ചിരുന്നു .ഇതെ തുടര്‍ന്നു സന്തോഷ് ജയില്‍ സൂപ്രണ്ടിന്റെ ചുമതലയുളള ജീവനക്കാരുടെ നിരീക്ഷണത്തില്‍ ആയിരുന്നു.


ഇന്നലെ ഉച്ചയ്ക്ക് നടത്തിയ മിന്നല്‍ പരിശോധനയില്‍ ജയില്‍ ജീവനക്കാര്‍ മാത്രം താമസിക്കുന്ന ബാരക്കിലെ ഇയാളുടെ ബാഗില്‍ നിന്ന് മദ്യവും മറ്റു ലഹരി വസ്തുക്കളും പിടികൂടുകയായിരുന്നു. പത്തൊമ്പതു കുപ്പികളിലായി നാലു ലിറ്ററോളം വിദേശമദ്യവും മൂന്നു പാക്കറ്റ് ഉണക്കിയ പോത്തിറച്ചിയും ഇരുപതു പൊതികള്‍ വീതമുള്ള ഏഴ് വലിയ പാക്കറ്റുകളും രണ്ടു കുപ്പി വെളിച്ചെണ്ണ മൊബെല്‍ ഫോണുകള്‍, മെബെല്‍ ഫോണുകളടെ ബാറ്ററികള്‍ എന്നിവ കണ്ടെടുത്തവയില്‍ ഉള്‍പ്പെടും. തൊണ്ടി മുതല്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

സൂപ്രണ്ടിന്റെ നിര്‍ദ്ദേശ പ്രകാരം ഇയാള്‍ക്കെതിരെ അബ്ക്കാരി നിയമപ്രകാരവും പ്രിസണ്‍ ആക്റ്റ് പ്രകാരവും വിയ്യൂര്‍ പോലീസ് കേസെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ സന്തോഷിനെ റിമാന്റ്  ചെയ്തു.

പീരുമേടു ജയിലില്‍ നിന്ന് രണ്ടു വര്‍ഷം മുന്‍പാണ് വിയ്യൂര്‍ ജയിലിലേക്ക് സന്തോഷിന് സ്ഥലംമാറ്റം ലഭിച്ചത്. ഇതിനു മുന്‍പും ഇയാള്‍ തടവുകാര്‍ക്ക് ലഹരി വസ്തുക്കള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട്  പിടിയിലായിട്ടുണ്ടെന്ന് പോലീസ്  പറയുന്നു.

Read More >>