പാരാലിംമ്പിക്‌സില്‍ ചരിത്രം കുറിച്ച് ദീപ മാലിക്ക്

ഇന്ത്യയില്‍നിന്നും ആദ്യമായാണ് ഒരു വനിതാ താരം പാരാലിംമ്പിക്‌സില്‍ മെഡല്‍ നേടുന്നത്. ഷോട്പുട്ട് കൂടാതെ ജാവലിന്‍, നീന്തല്‍ മത്സരങ്ങളിലും ദീപ പങ്കെടുത്തു.

പാരാലിംമ്പിക്‌സില്‍ ചരിത്രം കുറിച്ച് ദീപ മാലിക്ക്

റിയോയില്‍ നടക്കുന്ന പാരാലിംമ്പിക്സില്‍ വനിതകളുടെ ഷോട്പുട്ട് മത്സരത്തില്‍ വെള്ളിയണിഞ്ഞ് ദീപ മാലിക്ക്. ഇന്ത്യയില്‍നിന്നും ആദ്യമായാണ് ഒരു വനിതാ താരം പാരാലിംമ്പിക്സില്‍ മെഡല്‍ നേടുന്നത്. 4.61 മീറ്ററാണ് എറിഞ്ഞാണ് ദീപയുടെ വെള്ളി നേട്ടം.

ബഹറെയ്‌ന്റെ ഫാത്തിമ നേദാമാണ് സ്വര്‍ണ്ണം നേടിയത്. 4.76 മീറ്ററാണ് ഫാത്തിമയുടെ ദൂരം. ഗ്രീസിന്റെ ദിമിത്ര കരോക്കിടയ്ക്കാണ് വെങ്കലം.

ചരിത്ര നേട്ടത്തിന് പിന്നാലെ ദീപയ്ക്ക് നാല് കോടി പാരിതോഷികം വാഗ്ദാനം ചെയ്ത് ഹരിയാന സര്‍ക്കാരും രംഗത്തെത്തി.


17 വര്‍ഷം മുമ്പ് സ്പൈനല്‍ ട്യൂമര്‍ ബാധിച്ചതിനെ തുടര്‍ന്നാണ് ദീപയുടെ ജീവിതത്തെ മാറ്റിമറിച്ചത്. ഇതിനോടകം ദീപയുടെ ശരീരം 31 തവണ ശസ്ത്രക്രിയയ്ക്ക് വിധേയമായിട്ടുണ്ട്. ശരീരത്തിലാകെ 183 തുന്നിക്കെട്ടലുകള്‍. കഠിനമായ പരിശീലനവും മനസാന്നിധ്യവുമാണ് ദീപയെ ചരിത്ര നേട്ടത്തിന് അര്‍ഹയാക്കിയത്.

ആര്‍മി ഉദ്യോഗസ്ഥനാണ് ദീപയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. ഷോട്പുട്ട് കൂടാതെ ജാവലിന്‍, നീന്തല്‍ മത്സരങ്ങളിലും ദീപ പങ്കെടുത്തു.

രാജാ്യന്തര നീന്തല്‍ മത്സരത്തില്‍ നേരത്തേയും ദീപ മെഡലണിഞ്ഞിട്ടുണ്ട്. ജാവലിന്‍ ത്രോയില്‍ ഏഷ്യന്‍ റെക്കോര്‍ഡ് ദീപയുടെ പേരിലാണ്. 2011 ലെലോക ചാമ്പ്യന്‍ഷിപ്പില്‍ ഡിസ്‌കസ് ത്രോയിലും ഷോട്പുട്ടിലും വെള്ളി നേടിയിരുന്നു.

ദീപയുടെ വെള്ളി നേട്ടത്തോടെ പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍ നേട്ടം മൂന്നായി. പുരുഷന്മാരുടെ ഹൈ ജമ്പില്‍ മാരിയപ്പന്‍ തങ്കവേലുവിന്റെ സ്വര്‍ണവും വരുണ്‍ സിംഗ് ഭാട്ടി വെള്ളിയും നേടി അഭിമാനമുയര്‍ത്തിയിരുന്നു.