മഷിക്കുപ്പി വിവാദം യൂത്ത് കോണ്‍ഗ്രസ്സിനെ അപമാനിക്കാനുള്ള ശ്രമം: ഡീന്‍ കുര്യാക്കോസ്

'' എംഎസ്എഫിന്റെ ‘പ്രതിഷേധ വരക്കൂട്ടം’ എന്ന പരിപാടിയില്‍ ചിത്രം വരയ്ക്കാൻ ഉപയോഗിച്ച മഷി സംഘര്‍ഷത്തിലേക്ക് ആരോ വലിച്ചെറിയുകയായിരുന്നു''

മഷിക്കുപ്പി വിവാദം യൂത്ത് കോണ്‍ഗ്രസ്സിനെ അപമാനിക്കാനുള്ള ശ്രമം: ഡീന്‍ കുര്യാക്കോസ്

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് സമരത്തിലെ മഷിക്കുപ്പി എറിയലുമായി തങ്ങള്‍ക്കു ബന്ധമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്. സംഘര്‍ഷത്തിനിടെ മറ്റാരോ മഷിക്കുപ്പികള്‍ വലിച്ചെറിഞ്ഞത് തങ്ങളുടെ തലയില്‍ കെട്ടിവെക്കാന്‍ നോക്കുകയാണ്.

വര്‍ദ്ധിപ്പിച്ച സ്വാശ്രയ മെഡിക്കല്‍ കോളേജ് ഫീസ്‌ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടത്തിയ സമരത്തില്‍ യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ മഷിക്കുപ്പികളില്‍ നിന്ന് മഷിയെടുത്ത് ഷര്‍ട്ടില്‍ പുരട്ടിയെന്ന വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഡീന്‍ കുര്യാക്കോസ്. സമരത്തിനിടയിലേക്ക് മഷിക്കുപ്പികള്‍ കൊണ്ടുവന്നിട്ടില്ല. എംഎസ്എഫിന്റെ ‘പ്രതിഷേധ വരക്കൂട്ടം’ എന്ന പരിപാടിയില്‍ ചിത്രം വരയ്ക്കാൻ ഉപയോഗിച്ച മഷി സംഘര്‍ഷത്തിലേക്ക് ആരോ വലിച്ചെറിയുകയായിരുന്നു.ഇതുമായി യൂത്ത് കോൺഗ്രസിന് ബന്ധമില്ലെന്ന് എംഎസ്എഫ് വ്യക്തമാക്കിയതുമാണ്. എന്നിട്ടും ഈ സംഭവത്തെ മര്‍ദ്ദനമേറ്റു എന്ന് കാണിക്കാന്‍ വേണ്ടി ഞങ്ങള്‍ മനപ്പൂര്‍വ്വം ചെയ്തതാണ് എന്ന രീതിയില്‍ ചിത്രീകരിക്കുന്നത് യൂത്ത് കോണ്‍ഗ്രസ്സിനെ അവഹേളിക്കാനായി ചിലര്‍ നടത്തുന്ന ശ്രമമാണ്.

അതേസമയം, സ്വാശ്രയ ഫീസ്‌ കുറയ്ക്കണമെന്ന ആവശ്യവുമായി നടക്കുന്ന യൂത്ത് കോണ്‍ഗ്രസ്സിന്‍റെ നിരാഹാര സമരം എട്ടാം ദിവസമാകുമ്പോള്‍ വീണ്ടും സംഘര്‍ഷാവസ്ഥയിലേക്ക് കടന്നിരിക്കുകയാണ്. പോലീസിന്റെ കണ്ണീര്‍വാതക പ്രയോഗത്തെത്തുടര്‍ന്ന്, ഡീന്‍ കുര്യാക്കോസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.