കല്ലായിപ്പുഴ ജന്മം നല്‍കിയ മാപ്പിളപ്പാട്ടുകാരന്‍ ദര്‍ബ മൊയ്തീന്‍ കോയ ഇനി ഓര്‍മ്മ; സൂഫി പാരമ്പര്യത്തിന്റെ നേരവകാശി തീര്‍ത്തത് സംഗീതത്തിന്റെ വിളക്കുമാടങ്ങള്‍

സൂഫി സംഗീതത്തിന്റെ സുഗന്ധം വീശിയ പാട്ടുകളായിരുന്നു ദര്‍ബയുടെ കണ്ഠത്തില്‍ നിന്നുതിര്‍ന്നത്

കല്ലായിപ്പുഴ ജന്മം നല്‍കിയ മാപ്പിളപ്പാട്ടുകാരന്‍ ദര്‍ബ മൊയ്തീന്‍ കോയ ഇനി ഓര്‍മ്മ; സൂഫി പാരമ്പര്യത്തിന്റെ നേരവകാശി തീര്‍ത്തത് സംഗീതത്തിന്റെ വിളക്കുമാടങ്ങള്‍

കോഴിക്കോട്: സൂഫി പാരമ്പര്യത്തില്‍ ചരിത്രത്തെ ചൈതന്യവത്കരിച്ച മാപ്പിളമാപ്പാട്ടുകാരന്‍ ദര്‍ബന്‍ മൊയ്തീന്‍ കോയ മറഞ്ഞത് പാടിത്തീരാത്ത ഇശലുകള്‍ ബാക്കിവെച്ച്. 77 വയസ്സായിരുന്നു. അറുപതുകളില്‍ സൂഫി സംഗീതത്തിന്റെ സുഗന്ധം വീശിയ പാട്ടുകളായിരുന്നു ദര്‍ബയുടെ കണ്ഠത്തില്‍ നിന്നുതിര്‍ന്നത്. ജീവിതദുരിതങ്ങളും തീക്ഷ്ണമായ വഴികളും പിന്നിട്ട് സൂഫി സംഗീതത്തിന് ആളും അര്‍ഥവും നല്‍കിയ പാട്ടുകാരന്‍ വിടപറഞ്ഞത് പുതുതമലമുറക്ക് മൂളാനാകുന്ന ഈരടികള്‍ ബാക്കിവെച്ചാണ്.


പത്തേമാരിയുടെയും പായ്ക്കപ്പലിന്റെയും കുതിരക്കുളമ്പടിയുടെയും സംസ്‌കൃതി പേറുന്ന സാമൂതിരിയുടെ നാട്ടില്‍ നിന്ന് മലബാറൊന്നാകെ മാപ്പിളപ്പാട്ടിന്റെ പ്രസക്തി വിളിച്ചോതിയ പാട്ടുകാരനായിരുന്നു അദേഹം. പാട്ടിനെക്കൂടാതെ തത്വചിന്തയിലും ജീവിത കാഴ്ചപ്പാടിലും ദര്‍ബ വേറിട്ട വീക്ഷണംതന്നെ പുലര്‍ത്തി. സാമൂഹ്യ ജീവിതത്തിന്റെ ഇല്ലായ്മകളെയും പോരായ്മകളെയും കഠിനവും ത്യാഗസുരഭിലവുമായ പ്രയത്നം കൊണ്ട് അതിജീവിച്ച അറബിക്കഥയില്‍ നിന്നാണ് ദര്‍ബയുടെ പാട്ടുജീവിതത്തിന് തുടക്കമാകുന്നത്.

darba-koya

മാപ്പിളപ്പാട്ടിന്റെ ഈരടികളും ഇശലുകളും പെയ്തറിങ്ങിയ കോഴിക്കോടന്‍ സായാഹ്നങ്ങള്‍ക്ക് അത്ര പെട്ടൊന്നൊന്നും ദര്‍ബയെ മറക്കാന്‍ കഴിയില്ല. ഒരിക്കല്‍ കേട്ടാല്‍ വീണ്ടും കേള്‍ക്കണമെന്ന് തോന്നുന്ന മധുരമനോഹരമായ ശബ്ദം ഒരുകാലഘട്ടത്തില്‍ മലബാറിന്റെ സ്വകാര്യ അഹങ്കാരമായിരുന്നു. പാട്ടുപാടുന്നതിനൊപ്പം തന്നെ മാപ്പിളപ്പാട്ടുകളുടെ അത്യപൂര്‍വമായൊരു ശേഖരംതന്നെ ദര്‍ബയുടെ കുടുസ്സുമുറിയിലുണ്ടായിരുന്നു. പോയ തലമുറയ്‌ക്കൊപ്പം വിസ്മൃതിലാവാത്ത ആ ശേഖരവും ഓര്‍മ്മകളുമാണ് ദര്‍ബയില്ലാത്ത ലോകത്ത് മാപ്പിളപ്പാട്ടുകാര്‍ക്ക് പ്രചോദനം നല്‍കുക.

https://www.youtube.com/watch?v=9vBdnvNc2Js

https://www.youtube.com/watch?time_continue=7&v=h5NkLh5EYBU

1939 ല്‍ ഉമ്മര്‍ മൂപ്പന്റെയും തിത്തീബിയുടെയും മകനായി കല്ലായിലായിരുന്നു ദര്‍ബയുടെ ജനനം. മൂന്ന് സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. 1957 -മുതല്‍ 62-വരെ കോഴിക്കോട് പാണ്ടികശാലയിലെ പ്യൂണ്‍ ആയും 62മുതല്‍ 74വരെ കല്ലായി മരമില്‍ തൊഴിലാളിയായും സേവനമനുഷ്ഠിച്ചു. മരമില്ലിന്റെ ഇരമ്പുന്ന ശബ്ദത്തിനിടയില്‍ പാടിപ്പാടിയാണ് ഉച്ചത്തില്‍ ആലാപനം നടത്താനുള്ള ധൈര്യവും ശേഷിയും തനിക്കു കൈവന്നതെന്ന് ദര്‍ബ ഇടക്കിടെ പറയാറുണ്ടായിരുന്നു. ജ്യേഷ്ഠസഹോദരനും പാടുമായിരുന്നു. അദ്ദേഹത്തില്‍ നിന്നാണ് ഉമര്‍ ഖിസയും ബദര്‍-ഉഹ്ദ് കാവ്യങ്ങളും മോയിന്‍കുട്ടിവൈദ്യരെയും ദര്‍ബ അടുത്തറിയുന്നത്. ഉമ്മമാര്‍ കുട്ടികളെ പാടിയുറക്കുന്ന താരാട്ട് ഇശലുകളും ദര്‍ബയുടെ പാട്ടുജീവിതത്തിന്റെ സ്വാധീനമായി.

കടായിക്കല്‍ മോയ്തീന്‍ കുട്ടി ഹാജിയുടെ ഖവാലികളും സൂഫി ഗാനങ്ങളും മാപ്പിളപ്പാട്ടുകളും ദര്‍ബയിലെ പാട്ടുകാരനെ പുതിയ നിലയില്‍ വാര്‍ത്തെടുക്കുന്നതിനു സഹായിച്ചു. ബാബുരാജും അബ്ദുല്‍ ഖാദറും വിന്‍സന്റ് മാഷും സംഗീതത്തില്‍ വിസ്മയം തീര്‍ത്ത കോഴിക്കോട്ടെ മാളികപ്പുരകളിലും മെഹ്ഫിലുകളിലും കല്ല്യാണപ്പുരകളിലും സംഗീത സദസ്സുകളിലും ഓടിനടന്നു ഈ കല്ലായിക്കാരന്‍. പുതിയൊരു തലമുറക്ക് അദേഹത്തിന്റെ സംഗീതജീവിതം സങ്കല്‍പ്പിക്കാനേ കഴിയില്ല. കാരണം പണത്തിനോ പ്രശസ്തിക്കോ പുറകെ പോകാതെ യിരുന്ന ദര്‍ബയെത്തേടി നിരവധി അംഗീകാരങ്ങളും ബഹുമതികളും എത്തിയിട്ടുണ്ട്. അദേഹത്തിന്റെ ഓര്‍മ്മകളും ഗന്ധവും ഇശലുകളും ഈരടികളുമാണിനി അവശേഷിക്കുന്നത്. ഖബറടക്കം കോഴിക്കോട് മാതോട്ടം മസ്ജിദ് ഖബര്‍സ്ഥാനില്‍.

Read More >>