ദണ്ഡകാരണ്യ ചുവന്നപ്പോൾ

ഇതൊന്നും കഥയല്ല. ഭാവനയെ വെല്ലുന്ന ചുവന്ന ഇടനാഴിയിലെ യാഥാർത്ഥ്യം. ആദിവാസികൾക്കും ദളിതർക്കുമിടയിലെ നക്സല്‍ സ്വാധീനം തകർക്കാൻ സര്‍ക്കാരിന്റെ എളുപ്പവഴി ഇതാണ് - പരസ്പരം വൈരാഗ്യമുയര്‍ത്തി അവരെ തമ്മിലടിപ്പിക്കുക. അവര്‍ അന്യോനം 'ചത്തു വീഴും'

ദണ്ഡകാരണ്യ ചുവന്നപ്പോൾ

മഹാരാഷ്ട്രയുടെ വനാതിര്‍ത്തിയിലാണ് ഘട്ചിറോളി ജില്ല. അവിടെ ഭംരഗാട് വില്ലേജ് നിവാസികളായ ആദിവാസിക്കുട്ടികൾക്ക് പഠിക്കാൻ വിദ്യാലയങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഏതാണ്ട് നാൽപതു വർഷം മുമ്പുളള ചരിത്രമാണ് പറയുന്നത്. അവിടെ സാമൂഹികപരിവര്‍ത്തകനായിരുന്ന ബാബാ ആംതെയുടെ മകൻ പ്രകാശ് ആംതെ ഒരു ആശ്രമം സ്ക്കൂൾ തുടങ്ങി. മെഡിക്കല്‍ ഡോക്ടറായിരുന്നു പ്രകാശ്. സ്ക്കൂൾ തുടങ്ങിയപ്പോൾ കുട്ടികളെ കിട്ടാൻ നന്നേ കഷ്ടപ്പെട്ടു. ആദ്യ ബാച്ചിൽ കേവലം അഞ്ചുപേർ. അവരിൽ ഒരാൾ ഡോക്ടർ ആയി, രണ്ടാമൻ സ്കൂൾ ടീച്ചർ, മൂന്നാമൻ ഒരു വക്കീല്‍. നാലാമൻ പാണ്ഡുവിന് ജോലി കിട്ടിയത് മഹാരാഷ്ട്രാ പോലീസിൽ. അവിടെ കമാൻഡോ (സി-60) എന്നറിയപ്പെടുന്ന ആന്റി നക്സൽ കോംപാക്ട് ഓപ്പറേഷൻസ് കമാൻഡോ. അഞ്ചാമൻ 'ജരൂ' എന്ന് വിളിപ്പേരുള്ള പ്രഭാകർ ദളം പ്രവര്‍ത്തകനായി, തുടര്‍ന്ന് ആ പ്രദേശത്തെ പ്രാദേശിക നക്സല്‍ നേതാവായി ഉയരുകയും ചെയ്തു.


[caption id="attachment_42546" align="aligncenter" width="348"]Pandu
പോലീസ് കമാൻഡോ പാണ്ഡു[/caption]

പാണ്ഡുവും ജുരൂവും അയല്‍വാസികളും അടുത്ത കൂട്ടുകാരുമായിരുന്നു. ഒരേ പ്രായം, സ്കൂളിലും ഹോസ്റ്റലിലും സഹചാരികള്‍. ഇണപിരിയാത്ത സുഹൃത്തുക്കളായി വളർന്നുവന്ന അവരെ ജീവിതസാഹചര്യം പരസ്പരം ശത്രുപക്ഷത്തു പ്രതിഷ്ഠിച്ചു. പരസ്പരം കൊല്ലാനുളള മാനസികാവസ്ഥയിലേയ്ക്ക് ആ ശത്രുത വളർന്നു.

ഇനിയുളള ചരിത്രം ചുരുക്കിപ്പറയാം. പാണ്ഡു നയിച്ച സി-60 കമാൻഡോ ഗ്രൂപ്പ്, ജരൂവിനെ വെടിവെച്ചു കൊന്നു, കാലങ്ങള്‍ക്ക് ശേഷം ജരുവിന്‍റെ ദളം പ്രതികാരം ചെ്തു. കമാൻഡോ പാണ്ഡുവിനെ അവരും വധിച്ചു.

ജൂരുവിന്റെ മകളും പിതാവിന്‍റെ പാത പിന്തുടർന്ന് നക്സലൈറ്റായി. അച്ഛന്റെ ജോലി പാണ്ഡുവിന്റെ മകൾക്കും കിട്ടി. നിയമനം കിട്ടിയത് സി-60 കമാന്‍ഡോയില്‍ വനിതാ കേഡറ്റായി. കുടിപ്പകയുടെ ദണ്ഡനീതി പ്രവർത്തിച്ചു. പാണ്ഡുവിന്‍റെ മകള്‍ ജുരൂവിന്‍റെ മകളെ കൊന്നു. ചോര തെറിപ്പിച്ചു കറങ്ങുകയാണ് കാലചക്രം.

ഇതൊന്നും കഥയല്ല.  ഭാവനയെ വെല്ലുന്ന ചുവന്ന ഇടനാഴിയിലെ യാഥാർത്ഥ്യം. ആദിവാസികൾക്കും ദളിതർക്കുമിടയിലെ നക്സല്‍ സ്വാധീനം തകർക്കാൻ സര്‍ക്കാരിന്റെ എളുപ്പവഴി ഇതാണ് - പരസ്പരം വൈരാഗ്യമുയര്‍ത്തി അവരെ തമ്മിലടിപ്പിക്കുക. അവര്‍ അന്യോനം 'ചത്തു വീഴും'

[caption id="attachment_42547" align="aligncenter" width="348"] നക്സൽ യൂണിഫോമിൽ കൊല്ലപ്പെട്ട ജരൂവിന്റെ മകൾ[/caption]

ആന്‍റി നക്സല്‍ ഓപറേഷനില്‍ ആദിവാസികളെ മാത്രം നിയോഗിക്കുന്നതിന് ഔദ്യോഗിക വിശദീകരണമുണ്ട്. വനപ്രദേശങ്ങളില്‍ നക്സലുകളെ നേരിടാന്‍ ആദിവാസികളാണ് അനുയോജ്യര്‍. അതിക്രൂരതയ്ക്ക് കുപ്രസിദ്ധിയുളള മേലുദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ആദിവാസികൾ പോലീസും നക്സലുമായി പരസ്പരം തല്ലി ചാകട്ടെ. അതൊരു ഒരു അപ്രഖ്യാപിത നയമാണ്. നമ്മള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിന്റെ തന്ത്രം.

സ്വതന്ത്ര ഭാരതത്തിന്‍റെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്‌റുവിന്റെ സംഭാവനയാണ് ആദിവാസി നിയമം. ആദിവാസികള്‍ക്ക് എല്ലാത്തരത്തിലുമുള്ള പരിരക്ഷണം ലഭ്യമാക്കണമെന്നായിരുന്നു ലക്ഷ്യം. എന്നാല്‍ നിയമം നടപ്പിലാക്കിയപ്പോൾ ദണ്ഡകാരണ്യം മുഴുവന്‍ മനുഷ്യരക്തത്തിൽ കുതിർന്നു. ഛത്തിസ്ഘട്ട്, മഹാരാഷ്ട്ര, ഒറീസ, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശങ്ങൾ ഒരുമിച്ചു കിടക്കുന്ന വനാതിർത്തി പ്രദേശമാണ് ദണ്ഡകാരണ്യം മേഖല. 93000 ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ പരന്നു കിടക്കുന്ന വിശാലമായ ഭൂപ്രദേശം.

നെഹ്‌റു വിഭാവന ചെയ്തത് ഇങ്ങനെയായിരുന്നു; ആദിവാസികളെ അവരുടെ പൂർവസ്ഥിതിയിൽ നിലനിർത്തുക, അതായതു വിദ്യാഭാസമോ വികസനമോ അങ്ങോട്ട് കൊണ്ടുപോകേണ്ട കാര്യമില്ല.
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ വലിയ സാമ്പത്തിക മുന്നേറ്റം നടത്തിയപ്പോഴും ആദിവാസികളുടെ കാര്യത്തിൽ ലോകത്തിനു മുന്നിൽ നാണംകെടുകയായിരുന്നു ഇന്ത്യ. "ഒരു മനുഷ്യൻ വസ്ത്രം ഇല്ലാതെ ജനിക്കുന്നു അവൻ വസ്ത്രം ഇല്ലാതെ മരിക്കുന്നു" - അതായിരുന്നു ഭാരതത്തിലെ ആദിവാസികളില്‍ അധികം പേരുടെയും സ്ഥിതി.

എൺപതുകളുടെ തുടക്കത്തിലെ സാമ്പത്തിക മുന്നേറ്റത്തിന് ദണ്ഡകാരണ്യ മേഖലയിലെ വനസമ്പത്ത് ചൂഷണം ചെയ്യേണ്ടത് പുറംലോകത്തിന്‍റെ അനിവാര്യതയായിരുന്നു.
ഉരുക്കു നിർമ്മാണത്തിനു വേണ്ടുന്ന ഇരുമ്പ് അയിരും അലുമിനിയത്തിനുവേണ്ടി ബോക്സൈറ്റും ഇരുളിനെ തോല്‍പ്പിക്കാനും വ്യാവസായിക മുന്നേറ്റത്തിനും വേണ്ട വൈദ്യുതിയ്ക്കു വേണ്ടിയുളള കൽക്കരി ഖനികളും യാഥാർത്ഥ്യമാകണമായിരുന്നു. സിമന്റ്‌ നിര്‍മ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കൾ, ഡയമണ്ട് ഖനനം ഇവയെല്ലാം രാജ്യ വികസനത്തിന് അത്യന്താപേക്ഷികമായിരുന്നു. ഇവയുള്ളതോ, ആദിവാസി ഊരുകളുള്ള വനമേഖലയിൽ മാത്രവും! ഈ നിധികള്‍ തേടി സര്‍ക്കാരും, ഒപ്പം കുത്തക മുതലാളിമാരും ദണ്ഡകാരണ്യ മേഖലയെ ഉഴുതു മറിച്ചു. ആദിവാസികളുടെ ആവാസവ്യവസ്ഥ തകർക്കാൻ അവരുടെ തന്നെ പങ്കാളിത്തവും ആവശ്യമായിരുന്നു. അതുകൊണ്ട് പ്രലോഭനങ്ങൾ ഏറെ നൽകി. ഫലത്തില്‍ ഇവ അവസാനിച്ചത്‌, എല്ലാ നിയമങ്ങളും കാറ്റില്‍ പറത്തിക്കൊണ്ടുള്ള കാടിന്‍റെ കയ്യേറ്റമായിരുന്നു. ദണ്ഡകാരണ്യ മേഖലകളില്‍ തലങ്ങും വിലങ്ങും മൈനുകളുണ്ടായി. പ്രകൃതി സമ്പത്ത് വിദേശരാജ്യങ്ങളിലേയ്ക്കൊഴുകി.

ചൂഷിത വര്‍ഗ്ഗത്തിന് സര്‍ക്കാര്‍ മടക്കി നല്‍കിയ 'ഉപകാര'മാണ് രസകരം- ചത്തീസ്ഗഡ് സംസ്ഥാനത്തില്‍ അവര്‍ക്കായി ബസ്റ്റര്‍ മേഖല കല്‍പ്പിക്കപ്പെട്ടു നല്‍കി. ജീവന്‍ നിലനിര്‍ത്താന്‍ വെള്ളം ആവശ്യമാണ്‌, അതിനായി അവര്‍ക്ക് ശങ്കിനി, ഡാന്കിനി പുഴകള്‍ ഉപയോഗിക്കാം. കാടിന്‍റെ മക്കള്‍ക്ക്‌ ഇതില്‍പരം എന്തു വേണം? എന്നാല്‍, കാലം കഴിയവേ ഈ പുഴകളിലെ വെള്ളം കടും ചുവപ്പ് നിറമായി. ഇവയിലെ വെള്ളം കുടിച്ച ആദിവാസികള്‍ മരിച്ചു വീണു. മനുഷ്യര്‍ മാത്രമല്ല, കന്നുകാലികളും ചത്തൊടുങ്ങി. ഈ നദികളിലും വികസിത ഇന്ത്യ വിഷം കലര്‍ത്തിയതാണ് ഈ ദുരന്തത്തിന് കാരണമായത്‌. ബൈലാടിലയിലുള്ള നാഷണൽ മിനറൽ ഡെവലപ്മെന്റ് കോര്പറേഷൻസ് സ്റ്റീൽ പ്ലാന്ടിലെ ഇരുമ്പ് അയിര് കഴുകി വിടുന്നത് ഈ രണ്ടു നദികളിലേക്കായിരുന്നു. ആദിവാസികളുടെ കുടിവെള്ളത്തിലും നമ്മള്‍ വിഷം കലക്കി. ഇന്ന്, വേനല്‍ക്കാലത്ത് കുടിവെള്ളം തേടി നാൽപതിലധികം കിലോമീറ്ററുകൾ കുടങ്ങളുമായി പ്രയാണം ചെയ്യുകയാണവർ.

നാലഞ്ചു വര്‍ഷം മുന്‍പേ, ഈ അനീതി ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ വിശദീകരണം തേടി NMDC ചെയര്‍മാനെ സമീപിച്ചിരുന്നു. അദ്ദേഹത്തിന്‍റെ പുറകെ കൂടി എന്ന് തന്നെ പറയാം. ഒരുമാസത്തോളം അവഗണന സഹിച്ചു പിന്നാലെ കൂടി. ഒടുവില്‍ ഒരുനാൾ രാവിലെ മുതല്‍ ഡല്‍ഹിയിലുള്ള അദ്ദേഹത്തിന്‍റെ ഓഫീസില്‍ ഞാന്‍ ഇരുപ്പ് തുടങ്ങി. രാത്രി 8 മണിക്ക് എല്ലാവരും പിരിഞ്ഞുപോയിട്ടും പോകാന്‍ തയ്യാറായില്ല. നിവൃത്തിയില്ലാതെയാകാം, സമയത്തിന് തീവിലയുളള ആ മഹാവ്യക്തി എനിക്കു മുഖം തരാൻ കരുണ കാണിച്ചു.

ചെന്നപാടെ ഞാൻ ചോദിച്ചു.

"ജലമലിനീകരണം മൂലം ആയിരക്കണക്കിന് ആദിവാസികൾ ചാകുന്നു, കമ്പനിയാകട്ടെ 15000 കോടി ലാഭം കൊയ്യുകയും ചെയ്യുന്നു. എന്താണിങ്ങനെ?"

ചോദ്യത്തിലും സിമ്പിള്‍ ആയിരുന്നു ഉത്തരം-" ഞങ്ങള്‍ ഈ വിഷയം പഠിച്ചുകൊണ്ടിരിക്കുകയാണ്"

" ഇന്ത്യയിലെ നവര്തന കമ്പനിയായ ഒരു പൊതുമേഖലാ സ്‌ഥാപനം, CSR ഫണ്ടിൽ നിന്നും എത്ര മാത്രം അവര്‍ക്കായി വിനിയോഗിച്ചു...?"

"കണക്ക് ഓര്‍മ്മയില്ല.." (ഏകദേശ കണക്ക് പോലും ഓര്‍മ്മയില്ലാത്തതല്ല, തുച്ഛമായ ആ കണക്ക് പുറത്തുപറയുന്നതിലുള്ള നാണക്കേടായിരുന്നു)

ദണ്ഡകാരണ്യ എങ്ങനെ ചുവന്നു? ഏറ്റവും ചുരുക്കിപ്പറഞ്ഞാൽ ശങ്കിനി, ഡാന്കിനി പുഴകളിലെ വിഷം കലങ്ങിയ വെളളത്തിന്റെ ചുവപ്പാണ് അവരുടെ കൊടിയും മനസും ചുവപ്പിച്ചത്.
(തുടരും..)