കണ്ണൂരും കാസർഗോഡും കൈവിട്ടു; കെ സുധാകരനെ കെപിസിസി അധ്യക്ഷനാക്കാന്‍ സൈബര്‍ പ്രചാരണം

'ബിജെപിയുടെ വർഗീയ ഫാസിസത്തിനും സിപിഐഎമ്മിന്റെ വർഗ ഫാസിസത്തിനും എതിരായി നിൽക്കാൻ കോൺഗ്രസിന് കരുത്തുറ്റ ഒരു നേതൃത്വം വേണമെന്ന്' കഴിഞ്ഞ ദിവസം നടത്തിയ ഫെയ്സ്ബുക് ലൈവിൽ സുധാകരൻ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്

കണ്ണൂരും കാസർഗോഡും കൈവിട്ടു;  കെ സുധാകരനെ കെപിസിസി അധ്യക്ഷനാക്കാന്‍ സൈബര്‍ പ്രചാരണം

കണ്ണൂർ: കെ. സുധാകരനെ കെസിപിസി അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ടു സമൂഹമാധ്യമങ്ങളിൽ പ്രചാരണം. സിപിഐഎമ്മിനെയും ബിജെപിയെയും ഒരുപോലെ വിരട്ടിക്കൊണ്ടു കോൺഗ്രസിനെ നയിക്കാൻ കരുത്തതായ  നേതൃത്വം വേണമെന്നു  ചൂണ്ടിക്കാട്ടിയാണു പ്രചരണം. കോൺഗ്രസ് പുനഃസംഘടന അടുത്തു വരുന്ന സാഹചര്യത്തിലാണു പ്രചാരണം. എന്നാൽ  ഈ ഓൺലൈൻ പ്രചാരണങ്ങൾക്ക് പിറകിൽ സുധാകരൻ തന്നെയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.'ബിജെപിയുടെ വർഗീയ ഫാസിസത്തിനും സിപിഐഎമ്മിന്റെ വർഗ ഫാസിസത്തിനും എതിരായി നിൽക്കാൻ കോൺഗ്രസിന് കരുത്തുറ്റ ഒരു നേതൃത്വം വേണമെന്ന്' കഴിഞ്ഞ ദിവസം നടത്തിയ ഫെയ്സ്ബുക് ലൈവിൽ സുധാകരൻ തന്നെ അഭിപ്രായപ്പെട്ടിട്ടുണ്ട്.

കെ എസ് ബ്രിഗേഡ് എന്ന പേരിൽ ഫെയ്‌സ്ബുക്ക് പേജും വാട്സ്ആപ്പ് ഗ്രൂപ്പും രൂപീകരിച്ചായിരുന്നു പ്രചാരണം.'പ്രവർത്തകരുടെ സംരക്ഷണം നട്ടെല്ലുള്ള നേതൃത്വത്തിലൂടെ - അണികൾ കൊഴിഞ്ഞു പോവാതിരിക്കാൻ വരട്ടെ കെ സുധാകരൻ തലപ്പത്ത്' എന്ന് ആലേഖനം ചെയ്തു പ്രൊഫൈൽ പിക്ച്ചർ സെറ്റ് ചെയ്യാൻ പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഇതു കൂടാതെ വിവിധ ജില്ലകളുടെ പേരിൽ ആരംഭിച്ച 'സുധാകരൻ ഫാൻസ്‌ പേജുകളും' സജീവമാണ്.ഈ സംരംഭം നേതൃത്വത്തിന്റെ മുന്നിലെത്തട്ടെ എന്നൊക്കെ പേജിൽ തന്നെ ആഹ്വാനമുണ്ടെങ്കിലും നേതൃത്വം ഇതിനോടു മുഖം തിരിക്കുകയാണ്. ഇത്തരം ഒരു പ്രചാരണത്തോട് പ്രതികരിച്ചു പാർട്ടിക്കുള്ളിൽ തമ്മിൽത്തല്ല് ഉണ്ടാക്കേണ്ടതില്ലെന്നും ഉചിതമായ സമയത്തു പ്രതികരിക്കാമെന്നുമുള്ള തീരുമാനത്തിലാണ് പല മുതിർന്ന നേതാക്കളും.
കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശ്രീമതി ടീച്ചറോട് പരാജയപ്പെട്ടതോടെയാണു സുധാകരനു കണ്ണൂർ രാഷ്ട്രീയത്തിലെ കാര്യമായ സ്ഥാനം നഷ്ടപ്പെട്ടത്. പിന്നീടു നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ണൂരിൽ നിന്നും വിട്ടു കാസർഗോഡ് ഉദുമയിൽ പോയി മത്സരിച്ചു. കാത്തിരുന്ന വിധി തോൽവി തന്നെയായിരുന്നു. പിന്നീട് കണ്ണൂരിലേക്ക് രാഷ്ട്രീയമായ തിരിച്ചു വരവിനു ശ്രമിച്ചിരുന്നെങ്കിലും കണ്ണൂർ മണ്ഡലത്തിലെ തോൽവിയുടെ ഉത്തരവാദിത്തം സുധാകരനാണെന്ന വാദം ശക്തമാവുകയായിരുന്നു.

കുട്ടിമാക്കൂലിൽ ദളിത് പെൺകുട്ടികളെ ജയിലിലടച്ച സംഭവത്തിലും കണ്ണൂരിലെ സിപിഐഎം-ബിജെപി സംഘർഷത്തിലും കെ സുധാകരൻ മുന്നിട്ടിറങ്ങിയെങ്കിലും കെപിസിസി പ്രസിഡന്റ് വിഎം സുധീരൻ നേരിട്ട് രംഗത്തെത്തിയതോടെ മാധ്യമശ്രദ്ധ സുധാകരന് കിട്ടിയില്ല. കണ്ണൂർ കോർപറേഷൻ ഭരണം വിമതശല്യം മൂലം യുഡിഎഫിന് നഷ്ടമായത് കെ സുധാകരന്റെ നിലപാടുകൾ മൂലമാണെന്ന് വിശ്വസിക്കുന്ന മുസ്ലിം ലീഗ് ജില്ലാ നേതൃത്വവും മുമ്പത്തെപ്പോലെ സുധാകരനോട് മമത കാട്ടുന്നില്ല.
കെ സുധാകരനു കെപിസിസി പ്രസിഡന്റ് ആകാൻ കഴിഞ്ഞില്ലെങ്കിൽ യുഡിഎഫ് ചെയർമാൻ ആകുമെന്ന ആത്മവിശ്വാസമാണു സൈബർ അണികൾ പ്രകടിപ്പിക്കുന്നത്. പിണറായി വിജയനെ പേരെടുത്തുപറഞ്ഞും വിഎം സുധീരനടക്കമുള്ള കോൺഗ്രസ് നേതാക്കളെ പറയാതെ പറഞ്ഞും രൂക്ഷമായ ഭാഷയിൽ വിമർശിച്ചുകൊണ്ട് 'കെ എസ് ബ്രിഗേഡ്' സൈബർ ലോകത്ത് പ്രചാരണം തുടരുകയാണ്. പുനഃസംഘടനയിൽ മാത്രമാണ് കെ സുധാകരന്റെ രാഷ്ട്രീയഭാവി ഉള്ളതെന്നും സ്ഥാനങ്ങൾ ഒന്നും ഇല്ലാതെ ഇനി സുധാകരനു നിലനിൽപ്പ് ഇല്ലെന്നുമുള്ള അഭിപ്രായമാണ് രാഷ്ട്രീയ നിരീക്ഷകർ മുന്നോട്ടു വെക്കുന്നത്.

Read More >>