സിന്ധുവിന് പിന്നാലെ വേണുവിനു നേരെയും സംഘടിത സൈബര്‍ ആക്രമണം

ആക്രമണത്തിന് പിന്നില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരെന്ന് സംശയം

സിന്ധുവിന് പിന്നാലെ വേണുവിനു നേരെയും സംഘടിത സൈബര്‍ ആക്രമണം

മാധ്യമ പ്രവര്‍ത്തകര്‍ അവര്‍ നയിക്കുന്ന ചര്‍ച്ചകള്‍ക്ക് ഇടയില്‍ ഉപയോഗിക്കുന്ന പരാമര്‍ശങ്ങളുടെ പേരില്‍ സംഘടിത ആക്രമണത്തിന് ഇരയാകുന്നത് പതിവാകുന്നു. കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് ഏഷ്യനെറ്റിലെ സിന്ധു സൂര്യകുമാറിന്  നേരിട്ട പോലുള്ള ആക്രമണത്തിന് ഇപ്പോള്‍ ഇരയായിരിക്കുന്നത് മാതൃഭൂമി ന്യൂസിലെ വേണുവാണ്.

കഴിഞ്ഞ ദിവസം വേണു ഉറി ഭീകരാക്രമണം തന്‍റെ പരിപാടിയില്‍ ചര്‍ച്ച ചെയ്തിരിന്നു. "ആക്രമണം ഇന്ത്യ തന്നെ ആസൂത്രണം ചെയ്തതാണെന്ന് പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടല്ലോ , അതിന്റെ വസ്തുതയെന്ത്

" എന്ന് വേണു ചര്‍ച്ചയില്‍ അതിഥിയോട് ചോദിച്ചു. അത്തരം പ്രചരണങ്ങളില്‍ കഴമ്പില്ല എന്ന ആ നയതന്ത്രവിദഗ്ദന്‍ ഉത്തരം പറയുകയും ചെയ്തു.

ഈ ചര്‍ച്ച തീര്‍ന്നതിന് ശേഷമാണ് വേണുവിന് ഫോണെടുക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങളെത്തിയത്. ഇന്ത്യക്കെതിരായി വേണു നിലപാടെടുത്തു എന്ന് ആക്ഷേപവുമായാണ് ഒരു കൂട്ടം ആളുകള്‍ മാറി മാറി വേണുവിനെ വിളിച്ചത്.

വേണുവിന്റെയും തിരുവനന്തപുരം മാതൃഭൂമി ഓഫീസിന്റെയും അവിടത്തെ മറ്റ് പത്രപ്രവര്‍ത്തകരുടെയും നമ്പരുകള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിച്ച് ഒരുതരത്തിലുള്ള സൈബര്‍ ആക്രമണമാണ് നടന്നത്. സഹികെട്ട വേണുവും സഹപ്രവര്‍ത്തകരും അവരവരുടെ ഫോണുകള്‍ ഇപ്പോള്‍ സ്വിച്ച് ഓഫ് ചെയ്തിട്ടിരിക്കുകയാണ്. സംഘപരിവാര്‍ പ്രവര്‍ത്തകരാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് സംശയിക്കപ്പെടുന്നു.

കേരളത്തിലെ രാഷ്ട്രീയപാര്‍ട്ടികളും , ഭരണാധികാരികളും എക്കാലത്തും അതിനിശിതമായ തോതില്‍ മാധ്യമങ്ങളാല്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. അത്തരം വിമര്‍ശനങ്ങളിലൂടെയാണ് നമ്മുടെ രാഷ്ട്രീയത്തില്‍ മാറ്റങ്ങള്‍ കണ്ടിട്ടുള്ളതും. പക്ഷെ പുതിയ പ്രവണതകള്‍, കാടത്തമാണ്. ഉറച്ചു സംസാരിക്കുന്നവനെ അടിച്ചു അമര്‍ത്താന്‍ ശ്രമിക്കുന്നത് അഭിപ്രായ സ്വതന്ത്രത്തിന് മുകളിലേക്കുള്ള കടന്നു കയറ്റമാണ്.

Read More >>