വിശുദ്ധ മദർ തെരേസയും ചില അവിശുദ്ധ കാര്യങ്ങളും

മദർ തെരേസയുടെ പേരിൽ പ്രാർത്ഥിച്ചത് മൂലം ട്യൂമർ ഭേദപ്പെട്ടു എന്ന യുക്തിക്ക് നിരക്കാത്ത കാര്യങ്ങൾ പോലും പാടി നടക്കുകയാണ് മാധ്യമങ്ങളും അവരുടെ പാത പിന്തുടരുന്നവരും. എങ്ങനെ പ്രാർത്ഥന രോഗത്തെ ഇല്ലാതാക്കും. എങ്ങനെ ഇത്തരം അസംബന്ധ നാടകങ്ങളുടെ യുക്തി ചോദ്യം ചെയ്യപ്പെടുന്നില്ല എന്നതൊക്കെ പ്രായോഗിക ബുദ്ധിയുള്ളവർക്ക് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു. റോഷൻ രവീന്ദ്രൻ എഴുതുന്നു.

വിശുദ്ധ മദർ തെരേസയും ചില അവിശുദ്ധ കാര്യങ്ങളും

റോഷൻ രവീന്ദ്രൻ

വെള്ളക്കടലാസിൽ പെൻസിൽ കൊണ്ട് ഒരു വര വരച്ചാലുള്ള പ്രത്യേകത അറിയാല്ലോ. ആ വര അങ്ങനെ തന്നെ നിലനില്ക്കും. റബർ കൊണ്ടോ മറ്റുപാധികൾ കൊണ്ടോ മായ്ക്കാൻ ശ്രമിച്ചാലും ആ പാട് അങ്ങനെ തന്നെ കിടക്കും. സമൂഹത്തിൽ മതം ചെയ്യുന്നതും ഈ പണിയാണ്. കുട്ടികളെ ചെറുപ്പത്തിലെ തന്നെ മതബോധത്തിൽ വളർത്തിയാൽ കാലങ്ങളോളം അത് അവരുടെ അബോധമനസിൽ കിടക്കും. അവന്റെ സ്വത്വബോധത്തിൽ എത്ര മായ്ക്കാൻ ശ്രമിച്ചാലും അതങ്ങനെ കിടക്കും. ഇത് എല്ലാ മതത്തിലും ബാധകമാണ്.


ഇത്തരം ഒരു പ്രക്രിയ തന്നെയാണ് അത്രയ്‌ക്കൊന്നും വിശുദ്ധ അല്ലാത്ത 'Agnes Gonxha Bojaxhiu ' എന്ന യഥാർത്ഥ നാമത്തിലുള്ള മദർ തെരേസ എന്ന വ്യക്തിയുടെ കാര്യത്തിലും സംഭവിച്ചത്. സ്‌കൂളിലും പുസ്തകങ്ങളിലും നിറഞ്ഞ കരുണയുടെ പ്രതിരൂപം എന്ന ഇമേജ് ഇത്രയധികം ആരോപണങ്ങൾ അവർക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടും ഇളക്കമില്ലാതെ തുടരുന്നതിന്റെ കാരണവും.

മദർ തെരേസ ഇന്ന് വിശുദ്ധയാണ്. ദൈവത്തിനു സമാനമായി ഉയർത്തപ്പെട്ടിരിക്കുന്ന വ്യക്തിയാണ്. പത്രങ്ങളും രാഷ്ട്രീയ നേതാക്കളും ആവോളം വാഴ്ത്തുന്ന വ്യക്തിത്വമാണ്. അവർ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. അതിനുള്ള കാരണം എന്താണെന്ന് അന്വേഷിച്ചാലാണ് ഈ വിശുദ്ധ പദവിയുടെ പൊള്ളത്തരം മനസ്സിലാവുക. കൊൽക്കത്തയിൽ നിന്ന് 460 മൈൽ അകലെയുള്ള മോണിക്ക ബസ്ര എന്ന സ്ത്രീയുടെ വയറിലെ ട്യൂമർ മദർ തെരേസയുടെ വിശുദ്ധ പ്രാർത്ഥനയിലൂടെ മാറ്റി എന്നതാണ് മദർ തെരേസയുടെ പേരിലുള്ള ആദ്യത്തെ അത്ഭുതം. രണ്ടാമത്തെ അത്ഭുതവും ആദ്യത്തേത് പോലെ കേൾക്കുന്നവർക്ക് രസകരമായ സംഗതിയാണ്. ഒരു 42 കാരനായ ബ്രസീൽ സ്വദേശിയുടെ മൾട്ടിപ്പിൾ ബ്രെയിൻ ട്യൂമർ പ്രാർത്ഥനയിലൂടെ മാറിയത്രേ!

പ്രസ്തുത സംഗതികൾ കേൾക്കുമ്പോൾ തന്നെ എത്രമാത്രം അവിശ്വസനീയമായി തോന്നുന്നുവോ അതിലേറെ അവിശ്വസനീയത തോന്നുന്നത് ഇതൊക്കെ തൊണ്ടതൊടാതെ വിഴുങ്ങി ഛർദ്ദിക്കുന്ന മാധ്യമ സിംഹങ്ങളെ കാണുമ്പോഴാണ്. ബ്രസീലുകാരന് വേണ്ടി പ്രാർത്ഥന നടന്നശേഷം ശാസ്ത്രീയമായി നടന്ന സർജ്ജറിയിൽ കൂടിയാണ് അദ്ദേഹത്തിന്റെ ട്യൂമർ ഭേദമായത് എന്നുള്ള സത്യം ചർച്ച ചെയ്യപ്പെട്ടില്ല..

മോണിക്ക ബസ്ര എന്ന ബംഗാളി യുവതിയുടെ രോഗശാന്തിയുടെ കഥയും തട്ടിപ്പല്ലാതെ വെറൊന്നുമല്ലായിരുന്നു. രോഗം മാറിയ മോണിക്ക ബസ്രയേയും കൊണ്ട് മിഷനറീസ് ഓഫ് ചാരിറ്റി വത്തിക്കാനിലേക്ക് പറക്കുകയും മാർപ്പാപ്പയെ കണ്ട് തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ മിഷണറീസിൽ നിന്നും പ്രതീക്ഷിച്ച തുക പ്രതിഫലം ലഭിക്കാതിരുന്ന മോണിക്ക ബസ്ര കാലുമാറി തനിക്ക് വാഗ്ദാനം ചെയ്ത പണം തന്നില്ലെന്ന്
ബ്രിട്ടീഷ് മാധ്യമമായ ടെലിഗ്രാഫിനോട് തുറന്നു പറഞ്ഞു
.

[caption id="attachment_41422" align="alignright" width="380"]മോണിക്ക ബെർസ മോണിക്ക ബെർസ[/caption]

തുടർന്ന് ടെലിഗ്രാഫ് മോണിക്ക ബസ്രയുടെ ഭർത്താവിനെയും മോണിക്കയെ ചികിത്സിച്ച ഡോക്ടറേയും കാണുകയും ഇന്റർവ്യൂ ചെയ്ത് യഥാർത്ഥ്യം വെളിപ്പെടുത്തുകയും ചെയ്തു. മോണിക്കയുടെ വയറിലേത് ചെറിയൊരു മുഴ മാത്രമായിരുന്നു എന്നും അവരുടെ ശരീരം മരുന്നുകളോട് സ്വാഭാവികമായ രീതിയിൽ പ്രതികരിച്ചതാണ് രോഗം മാറാൻ കാരണം എന്നും അവർ പറഞ്ഞു.


എന്നാൽ പ്രസ്തുത വാർത്തകൾ ഇന്ത്യയിലെ പ്രമുഖ മാധ്യമങ്ങൾ അവഗണിച്ചു. കാരണം ഇത്തരം അത്ഭുതങ്ങൾ ചോദ്യം ചെയ്താൽ മാധ്യമ പ്രവർത്തകരുടെ സ്വത്തിനോ ജീവനോ യാതൊരു ഗ്യാരണ്ടിയും ഇല്ലാത്ത രാജ്യമാണ് ഇന്ത്യ. സനൽ ഇടമറുക് ഇതിനൊരു ഉദാഹരണം മാത്രമാണ്.
മുംബൈയിലെ വിലെ പാർലെയിലെ വേളാങ്കണ്ണി പള്ളിയിൽ നിന്ന് ക്രൂശിതനായ ക്രിസ്തുരൂപത്തിന്റെ ചോരപ്പാടുള്ള കാലിൽ നിന്ന് വെള്ളമൊഴുകുന്നു എന്ന അത്ഭുത വാർത്ത പരക്കുകയും, അവിടെ ഭക്തജന പ്രവാഹം ഉണ്ടാവുകയും ചെയ്തപ്പോൾ ക്രിസ്തുവിന്റെ കാലിൽ നിന്നും ഒഴുകുന്നത് അത്ഭുത ജലമല്ല എന്നും ഓടയിലെ വെള്ളമാണ് എന്നും പറഞ്ഞതിന് സഭയും വിശ്വാസികളും സനൽ ഇടമറുകിന് നേരെ തിരിഞ്ഞത് എല്ലാവരും കണ്ടതാണ്. സനലിനെതിരെ നിരവധി കേസുകളും വധഭീഷണികളും ഉണ്ടാവുകയും ചെയ്തിരുന്നു. തുടർന്ന് സ്വന്തം രാജ്യം ഉപേക്ഷിച്ച് സനൽ ഇടമറുക് എന്ന യുക്തിവാദ സംഘത്തിന്റെ പ്രസിഡന്റിനു ഫിൻലാണ്ടിലേക്ക് പലായനം ചെയ്യേണ്ടി വരികയും ചെയ്തു. ഇത് ഒരുപാട് കാലം മുമ്പുള്ള കാര്യമല്ലെന്ന് ഓർക്കണം.

ഇത്തരം മതഭ്രാന്തിന്റെ കൂട്ടത്തിനെതിരെ പ്രതികരിക്കാൻ ഭയമായിട്ടോ, അല്ലെങ്കിൽ സഭയുടെ വിധേയത്വമോ കാരണം മോണിക്ക ബസ്രയുടെയും ബ്രസീലുകാരന്റെയും രോഗങ്ങളിൽ പ്രവർത്തിച്ച മദർ തെരേസയുടെ അത്ഭുതത്തിനു പുറകിലുള്ള യഥാർത്ഥ്യം സാധാരണ ജനങ്ങൾക്ക് അത്ഭുതം ആയി തുടരുകയും രോഗശാന്തിക്ക് പുറകിൽ പ്രവർത്തിച്ച ശാസ്ത്രീയത അജ്ഞാതമായി തുടരുകയും ചെയ്യുന്നു.

മദർ തെരേസ എന്ന വ്യക്തിയേയും അവരുടെ പ്രവർത്തനങ്ങളെയും ചോദ്യം ചെയ്യാൻ എന്നും ഇന്ത്യൻ മാധ്യമങ്ങൾക്കും മടിയായിരുന്നു, അല്ലെങ്കിൽ ഭയമായിരുന്നു. ക്രിസ്റ്റഫർ ഹിച്ചൻസനെ പോലുള്ള നട്ടെല്ലുള്ള മാധ്യമ പ്രവർത്തകർ മാത്രം ആണ് വെള്ള വസ്ത്രത്തിനുള്ളിലെ ഇരുട്ടിനെ തിരിച്ചറിയുകയും രാജാവ് നഗ്‌നനാണ് എന്ന നഗ്‌ന സത്യം തുറന്നു പറയാൻ നട്ടെല്ല് കാണിക്കുകയും ചെയ്തിട്ടുള്ളത്.


ലോകത്തിലെ തന്നെ എണ്ണം പറഞ്ഞ ദരിദ്ര രാഷ്ട്രമാണ് ഹെയ്ത്തി. ആ രാജ്യത്തെ ഏകാധിപതി ആയിരുന്ന ബേബി ഡോക്ക് (Jean-Claude Duvalier) 1981 ൽ മദർ തെരേസയ്ക്ക് പുരസ്‌കാരങ്ങളും സാമ്പത്തിക സഹായവും നല്കുകയുണ്ടായി. ബേബി ഡോക്ക് ഒരു ഏകാധിപതിയാണ്, ഹെയ്ത്തിയിലെ ജനങ്ങളെ ഊറ്റിപ്പിഴിഞ്ഞുണ്ടാക്കുന്ന പണമാണ് സംഭാവനയായി നൽകുന്നത്, ആ പണത്തിൽ അവിടുത്തെ ജനങ്ങളുടെ കണ്ണീരു പുരണ്ടിട്ടുണ്ട് തുടങ്ങിയ ദുഃഖകരമായ കാര്യങ്ങൾ ഒന്നും മദർ തെരേസയ്ക്ക് വിഷയമല്ലായിരുന്നു. അവർക്ക് അവരുടെ അജണ്ടകൾ നടത്തേണ്ട പണം അത് ഏതു രീതിയിൽ ഉള്ളതായാലും സ്വീകരിക്കാൻ തയ്യാറായി. ഹെയ്ത്തിയിലെ ജനങ്ങളിൽ 90 ശതമാനവും ക്രിസ്ത്യാനികൾ ആണ്. അവരിൽ നിന്നും ചൂഷണം ചെയ്തും അടിച്ചമർത്തിയും നേടുന്ന പണം കൂടുതൽ ക്രിസ്ത്യാനികളെ സൃഷ്ടിക്കാൻ ഉതകുന്ന രാജ്യത്ത് ചിലവഴിക്കുക എന്നതായിരുന്നു അജണ്ട.

തൊണ്ണൂറുകളിൽ ചാൾസ് ക്ലീട്ടിങ് (Charles Keating) എന്ന കുപ്രസിദ്ധ തട്ടിപ്പുകാരനിൽ നിന്ന് 75 ലക്ഷം രൂപ സംഭാവനയായി സ്വീകരിക്കുകയും
പിന്നീട് ക്ലീട്ടിംഗ് വിചാരണ നേരിടുമ്പോൾ അയാൾക്ക് വേണ്ടി വാദിക്കുകയും ചെയ്തിരുന്നു പാവങ്ങളുടെ അമ്മ. ക്ലീട്ടിങ്ങിനെ വിചാരണ ചെയ്യുന്ന ജഡ്ജിന് മദർ തെരേസ അയച്ച കത്തും ഹിച്ചൻസന്റെ ബുക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  ബ്രിട്ടീഷ് പബ്ലിഷർ ആയിരുന്ന റോബർട്ട് മാക്‌സ്വെലിൽ നിന്നും (Robert Maxwell) സംഭാവനയായി മദർ തെരേസ ഭീമമായ തുക കൈപ്പറ്റിയിരുന്നു. പിന്നീട് മാക്‌സ്വേൽ തൊഴിലാളികളുടെ പെൻഷൻ ഫണ്ടിൽ നിന്നും 450 മില്ല്യൻ പൌണ്ട് (ഇപ്പോഴത്തെ രൂപയുടെ മൂല്യം വച്ച് നോക്കിയാൽ 39,81,81,12,030 രൂപ.) ക്രമക്കേട് നടത്തിയ വാർത്ത വന്നപ്പോൾ പോലും പ്രസ്തുത സംഗതി കണ്ടില്ലെന്നു നടിക്കാനായിരുന്നു പാവങ്ങളുടെ അമ്മയ്ക്ക് താത്പര്യം.

ക്രൈസ്തവ മതം വളർത്താൻ ഏതറ്റം വരെ പോകാനും മദർ തെരേസ ഒരുക്കമായിരുന്നു. ഭാരതം ആ സമയത്ത് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി ജനസംഖ്യ വർദ്ധനവ് ആയിരുന്നു. മദർ ജനസംഖ്യാ നിയന്ത്രണത്തിനും എതിരായിരുന്നു. വളരെ രൂക്ഷമായ ഭാഷയിൽ തന്നെ പ്രധാനമന്ത്രി മൊറാൾജി ദേശായിക്ക് അവർ കത്തെഴുതി. ജനസംഖ്യാ നിയന്ത്രണത്തെ പ്രോത്സാഹിപ്പിച്ചാൽ
ദൈവത്തിനു ഉത്തരം നൽകേണ്ടി വരുമെന്നുള്ള
വിശ്വാസികളുടെ ക്ലീഷേ ഭീഷണികൾ അവർ മുഴക്കി.

മൊറാൾജി ഇതിനു വില കൊടുക്കാതിരുന്നപ്പോൾ വളരെ രൂക്ഷമായ ഭാഷയിൽ തന്നെ മദർ തെരേസ സർക്കാരിനെതിരെ നിലകൊണ്ടു. ''ആർക്കും, ഏതു നിയമത്തിനും, ഒരു സർക്കാരിനും എനിക്ക് സന്തോഷം നൽകുന്ന  മതത്തിനു എതിരെ നില കൊള്ളാൻ അവകാശമില്ല. ജീസസ് പറഞ്ഞത് പോലെ ക്രിസ്ത്യൻസ് ജീവിക്കുകയാണെങ്കിൽ ഇവിടെ
ഒരൊറ്റ ഹിന്ദുവും അവശേഷിക്കില്ല എന്നും അവർ കൂട്ടിചേർത്തു.


മദർ തെരേസ എന്ന വ്യക്തി കൃത്യമായ മതം മാറ്റ ലക്ഷ്യത്തോടെ പ്രവർത്തിച്ച ഒരാൾ മാത്രമായിരുന്നു എന്നാണ് നിരവധി രേഖകളും മറ്റും നിരത്തി പാശ്ചാത്യർ തന്നെ വാദിച്ചിട്ടുള്ളത്. മതപരിവർത്തനം വിശുദ്ധവത്കരിക്കാൻ ഊതി വീർപ്പിച്ച ഒരു നന്മയുടെ ബലൂൺ മാത്രമായിരുന്നു അവർ. സഭയുടെ പ്രഖ്യാപിത അജണ്ടയായ മതം മാറ്റം ചാരിറ്റിയിലൂടെ എന്ന ആശയം വളരെ കൃത്യമായി ഭാരതത്തിൽ നടപ്പിലാക്കിയ ക്രൈസ്തവരുടെ കണ്ണിലുണ്ണി.

അവരെ കുറിച്ച് വളരെ ഗുരുതരമായ ആരോപണങ്ങൾ ക്രിസ്ടഫർ ഹിച്ചൻസ് തൻറെ ''മിഷനറി ഇൻ പൊസിഷൻ എന്ന പുസ്തകത്തിൽ ആരോപിക്കുന്നുണ്ട്..

ഒരു ദിവസം ശരാശരി 4000 - 9000 പേർക്ക് താൻ ഭക്ഷണം കൊടുക്കുന്നുണ്ട് എന്ന് തെരേസ അവകാശപ്പെട്ടിരുന്നെങ്കിലും അവരുടെ ഭക്ഷണശാലകൾ വഴി ക്രൈസ്തവൻ ആണെന്ന തിരിച്ചറിയൽ കാർഡ് ഉള്ള കേവലം 300 ഓളം പേർക്കാണ് ഭക്ഷണം നല്കിയിരുന്നത്. കൊൽക്കത്ത ആശ്രമത്തിന്റെ പേരിൽ വന്നിരുന്ന പണത്തിന്റെ ഭൂരിഭാഗവും മറ്റു രാജ്യങ്ങളിലെ മതപരിവർത്തന കേന്ദ്രങ്ങളുടെ പ്രവർത്തനനത്തിന് വേണ്ടിയാണ് വിനിയോഗിക്കപ്പെട്ടിരുന്നത്. അഗതികൾക്ക് വീട് പണിത് കൊടുത്തിരുന്നു എന്നൊരു കഥയുണ്ടായിരുന്നെങ്കിലും, അവരുടെ ആശ്രമങ്ങളിലേയ്ക്ക് കുട്ടികളുടെ പൂർണ്ണ അധികാരം വിട്ടുകൊടുക്കാൻ നിയമപരമായ രേഖകളിൽ മാതാപിതാക്കൾ ഒപ്പിട്ടു കൊടുക്കണമായിരുന്നു. എന്തിനേറെ പറയുന്നു ഒരുതവണ ഒരു അനാഥ കുഞ്ഞിനെ ദത്തെടുക്കാൻ വന്ന ദമ്പതികൾ പ്രോട്ടസ്റ്റന്റ് വിഭാഗത്തിൽപ്പെട്ട കൃസ്ത്യാനികൾ ആയതിനാൽ അവരെ ദത്തെടുക്കാൻ സമ്മതിക്കാതെ മടക്കി അയച്ച് കത്തോലിക്കാ ഹുങ്ക് തന്നെ പ്രകടിപ്പിച്ചിരുന്നു മദർ തെരേസ.

കുത്തിവെയ്പ്പിനുള്ള സൂചികൾ ചൂട് വെള്ളത്തിലിട്ട് ചൂടാക്കിയ ശേഷം എല്ലാവർക്കും ഒരേ സൂചി തന്നെയാണ് ഉപയോഗിച്ചിരുന്നത്. സ്വന്തം ദൈവമായ ക്രിസ്തു അനുഭവിച്ച വേദനകളെ പ്രകീർത്തിച്ചിരുന്ന അവരുടെ ആശുപത്രിയിൾ മുറിവുകൾ തുന്നിക്കെട്ടുമ്പോഴോ, വേദനയുള്ള രോഗികൾക്കോ വേദന സംഹാരികൾ നല്കിയിരുന്നില്ല. നിങ്ങളുടെ വേദന ക്രിസ്തുവിന്റെ ചുംബനമാണ് എന്ന് രോഗികളോട് പറഞ്ഞിരുന്ന അവരോട് ഒരിക്കൽ 'നിങ്ങളുടെ ദൈവത്തോട് എന്നെ ചുംബിക്കുന്നത് നിർത്താൻ പറയൂ' എന്നുപോലും ഒരു രോഗി പറയുകയുണ്ടായി.

ഹിച്ചൻസ്  ഉന്നയിച്ച കാര്യങ്ങൾ എല്ലാം തന്നെ ശരിവയ്ക്കുന്നതാണ് മദർ തെരേസയുടെ കൂടെ വളണ്ടിയർ ആയി പ്രവർത്തിച്ചിരുന്ന ഹെംലി ഗോൺസാലസിന്റെ വെളിപ്പെടുത്തലുകൾ.
അഡോൾഫ് ഹിറ്റ്ലറുടെ കോൺസൻട്രേഷൻ ക്യാമ്പുകൾ മദർ തെരേസയുടെ ''നിർമ്മല ഹൃദയ'' എന്ന സ്ഥാപനത്തെക്കൾ ഭേദമായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ വാദം.
ഒരു ഡോക്ടറോ നെഴ്‌സോ പോലും അവിടെ ഇല്ലായിരുന്നു എന്നും, രോഗികൾക്ക് വാട്ടർ ഹീറ്റർ പോലും അനുവദിച്ചിരുന്നില്ല എന്നും ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടു. എല്ലാം ജീസസ് അനുഭവിച്ച വേദനകൾ രോഗികളും കൂടെ അനുഭവിക്കാൻ!

ആഗ്‌നസ് എന്ന തെരേസയെ വിശുദ്ധയാക്കുക, മഹത്വവത്കരിക്കുക ഒക്കെ ക്രിസ്ത്യൻ മിഷനണികളെ സംബന്ധിച്ച് ഒഴിച്ച് കൂടാനാവാത്ത കാര്യങ്ങളാണ്. കാരണം മതത്തിന്റെ മാസ്മരികതയിൽ മതത്തെ വളർത്താനായി മതം പ്രചരിപ്പിക്കാനായി ഒട്ടേറെ ത്യാഗങ്ങൾ സഹിച്ച വ്യക്തിയാണ് മദർ തെരേസ. പക്ഷെ അത് മാത്രമായിരുന്നു മദർ തെരേസ എന്ന വ്യക്തി എന്നതാണ് വസ്തുത. കിട്ടിയ അവസരങ്ങൾ പരമാവധി മുതലെടുത്തു, തന്ത്രപൂർവ്വം തനിക്കെതിരെയുള്ള ആരോപണങ്ങൾ എല്ലാം ഒതുക്കി. സ്വയം സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും പര്യായപദങ്ങൾ ആയി അറിയപ്പെട്ടു, അല്ലെങ്കിൽ വിമർശിക്കാൻ  ഭയപ്പെടുന്ന മാധ്യമങ്ങളും അവരുടെ പങ്കാളികളും അത്തരം ഒരു ഇമേജ് ക്രിയേറ്റ് ചെയ്തു കൊടുത്തു.

ഇപ്പോൾ അവരുടെ പേരിലുള്ള പ്രാർത്ഥന മൂലം ട്യൂമർ ഭേദപ്പെട്ടു എന്ന യുക്തിക്ക് നിരക്കാത്ത കാര്യങ്ങൾ പോലും പാടി നടക്കുകയാണ് മാധ്യമങ്ങളും അവരുടെ പാത പിന്തുടരുന്നവരും,.
എങ്ങനെ പ്രാർത്ഥന രോഗത്തെ ഇല്ലാതാക്കും. എങ്ങനെ ഇത്തരം അസംബന്ധ നാടകങ്ങളുടെ യുക്തി ചോദ്യം ചെയ്യപ്പെടുന്നില്ല എന്നതൊക്കെ പ്രായോഗിക ബുദ്ധിയുള്ളവർക്ക് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.

സത്യത്തിൽ അതാണ് അത്ഭുതപ്രവർത്തി. മദർ തെരേസയുടെ അത്ഭുത പ്രവർത്തികൾ പോലും ചോദ്യം ചെയ്യാതെ തൊണ്ടതൊടാതെ വിഴുങ്ങുന്ന ഒരു ആൾക്കൂട്ടഭ്രാന്ത്. അത് മാത്രമാണ് സാമാന്യ ബുദ്ധിയുള്ളവന് അത്ഭുതമായി തോന്നുന്ന ഒരേയൊരു കാര്യം.