കടല്‍ക്കൊല : ഇറ്റാലിയന്‍ നാവികന്‍ മാസിമിലിയാനോക്ക് നാട്ടില്‍ തങ്ങാനുള്ള കാലാവധി നീട്ടി സുപ്രീം കോടതി

രാജ്യാന്തര കോടതിയില്‍ കേസിന്റെ പുരോഗതികളെപ്പറ്റി റിപ്പോര്‍ട്ട് തയ്യാറാക്കി ഓരോ മൂന്നുമാസവും കോടതിക്ക് മുന്‍പാകെ സമര്‍പ്പിക്കണമെന്ന് സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറിന് കോടതിയുടെ നിര്‍ദ്ദേശം

കടല്‍ക്കൊല : ഇറ്റാലിയന്‍ നാവികന്‍ മാസിമിലിയാനോക്ക് നാട്ടില്‍ തങ്ങാനുള്ള കാലാവധി നീട്ടി സുപ്രീം കോടതി

ന്യൂഡൽഹി: കടൽക്കൊല കേസിലെ ഇറ്റാലിയൻ നാവികൻ മാസിമിലിയാനോ ലത്തോറെക്കു ഇറ്റലിയിൽ തങ്ങാനുള്ള കാലാവധി സുപ്രീം കോടതി നീട്ടി നൽകി. ജസ്റ്റിസുമാരായ അനിൽ ആർ. ദാവേ, കുര്യൻ ജോസഫ്, അമിതാവ് റോയ് എന്നിവരടങ്ങുന്ന ബെഞ്ച്‌ ആണ് മാസിമിലിയാനോക്ക് ജാമ്യം നല്‍കിയത്.

കേസ് രാജ്യാന്തര കോടതിയുടെ മുന്നിലായതിനാല്‍ തീര്‍പ്പാകുന്നത് വരെ നാട്ടില്‍ കഴിയാനാണ് കോടതി അനുവാദം നല്‍കിയിരിക്കുന്നത്. 2014-ല്‍ പക്ഷാഘാതം ബാധിച്ച് മാസിമിലിയാനോ നാട്ടിലേക്ക് മടങ്ങിയിരുന്നു. കൂട്ടുപ്രതിയായ സാൽവത്തൊറെ ജിറോണിന് നാട്ടിലേക്കു പോകാൻ കഴിഞ്ഞ മേയിൽ കോടതി അനുമതി നൽകിയിരുന്നു.


ഇരുവരും ഇറ്റലിയിലാണെങ്കിലും ഇന്ത്യയുടെ അധികാര പരിധിക്കുള്ളിലായിരിക്കും. ചില ഉപാധികളോടെയാണ് ജിറോണിന് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ ഇന്ത്യക്ക് അനുകൂലമായി വിധി കല്‍പ്പിച്ചാല്‍ ഒരു മാസത്തിനകം തിരിച്ചുവരണമെന്നും പാസ്പ്പോര്‍ട്ട് ഇറ്റലിയിലെ ബന്ധപ്പെട്ട അധികൃതരുടെ കൈയ്യില്‍ ഏല്‍പ്പിക്കണമെന്നും ഉപാധികളുണ്ട്. ഇതിലെല്ലാം ഇറ്റാലിയന്‍ അംബാസ്സഡറുടെ മേല്‍നോട്ടമുണ്ടാകും. ഈ വ്യവസ്ഥകളെല്ലാം തന്നെ  മാസിമിലിയാനോക്കും ബാധകമാണെന്ന് കോടതി ഉത്തരവില്‍ പറയുന്നു.

രാജ്യാന്തര കോടതിയില്‍ കേസിന്റെ പുരോഗതികളെപ്പറ്റി റിപ്പോര്‍ട്ട് തയ്യാറാക്കി ഓരോ മൂന്നുമാസവും  കോടതിക്ക് മുന്‍പാകെ സമര്‍പ്പിക്കണമെന്ന് സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറിന് സുപ്രീം കോടതി നിർദ്ദേശം നല്‍കി.

Read More >>