മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യാൻ അനുമതി തേടി സ്പീക്കർക്ക് മജിസ്ട്രേറ്റിന്റെ കത്ത്

വിഷയത്തില്‍ സ്പീക്കറുടെ ഓഫിസ് നിയമവിദഗ്ധരുടെ ഉപദേശം തേടിയിരുന്നു. നിയമസഭാ സമ്മേളനം നടക്കുമ്പോൾ മാത്രമേ അനുമതി ആവശ്യമുള്ളൂവെന്നാണ് സ്പീക്കറുടെ ഓഫിസിനു പ്രാഥമിക നിയമോപദേശം ലഭിച്ചിരിക്കുന്നത്

മന്ത്രി കടകംപള്ളി സുരേന്ദ്രനെ അറസ്റ്റ് ചെയ്യാൻ അനുമതി തേടി സ്പീക്കർക്ക് മജിസ്ട്രേറ്റിന്റെ കത്ത്

കൊല്ലം:  വിവിധ കേസുകളിൽ പ്രതിയായ മന്ത്രി കടകംപള്ളി സുരേന്ദ്രൻ കോടതിയിൽ ഹാജരാകാൻ വിസമ്മതിക്കുന്ന സാഹചര്യത്തിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു സ്പീക്കർ പി.ശ്രീരാമകൃഷ്ണനു തിരുവനന്തപുരം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കത്ത് അയച്ചു.രണ്ടാഴ്ച മുൻപാണു കോടതിയിൽ നിന്നു കത്തു ലഭിച്ചത്.

വിഷയത്തില്‍ സ്പീക്കറുടെ ഓഫിസ് നിയമവിദഗ്ധരുടെ ഉപദേശം തേടിയിരുന്നു. നിയമസഭാ സമ്മേളനം നടക്കുമ്പോൾ മാത്രമേ അനുമതി ആവശ്യമുള്ളൂവെന്നാണ് സ്പീക്കറുടെ ഓഫിസിനു പ്രാഥമിക നിയമോപദേശം ലഭിച്ചിരിക്കുന്നത്. കോടതിക്ക് എന്തു മറുപടി നൽകണമെന്നതിൽ ഇന്നലെ രാത്രിയിലും സ്പീക്കറുടെ ഓഫിസ് അന്തിമ തീരുമാനം എടുത്തിട്ടില്ല.


കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഒട്ടേറെ സമര പരിപാടികളിൽ പങ്കെടുത്ത കടകംപള്ളിക്കെതിരെ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. അദ്ദേഹത്തോടു ഹാജരാകാൻ പലതവണ കോടതി ആവശ്യപ്പെട്ടിരുന്നു. കടകംപള്ളി മന്ത്രിയായശേഷവും നോട്ടിസ് അയച്ചിട്ടുണ്ട്. എന്നാൽ മന്ത്രി കോടതിയിൽ ഹാജരായില്ല. ഇതു കണക്കിലെടുത്താണ് അറസ്റ്റ് ചെയ്യാൻ അനുമതി ആവശ്യപ്പെട്ടു കോടതി സ്പീക്കർക്കു കത്ത് അയച്ചത്.

ക്രിമിനൽ കേസിൽ നിയമസഭാംഗത്തെ അറസ്റ്റ് ചെയ്യുന്നതിനു തടസ്സമില്ല. നിയമസഭാ സമ്മേളനം നടക്കുന്ന സമയത്താണെങ്കിൽ ചീഫ് സെക്രട്ടറി വഴി അക്കാര്യം സ്പീക്കറെ അറിയിക്കണം. പ്രധാനകവാടത്തിനു പുറത്തു 16 മീറ്റർ അകലെ നിന്നു നിയമസഭാ മന്ദിരത്തിന്റെ പിൻഭാഗംവരെയുള്ള ഒരിടത്തുനിന്നും അറസ്റ്റ് പാടില്ല.  പ്രധാനകവാടത്തിന്റെ വലതുഭാഗത്തെ വികാസ് ഭവൻ കവാടത്തിൽ നിന്ന് ആറുമീറ്റർ മുന്നോട്ടുള്ള ഭാഗത്തും അറസ്റ്റ് അനുവദിക്കില്ലെന്നാണു നിയമസഭാ ചട്ടം. എംഎൽഎ ഹോസ്റ്റലിൽ നിന്ന് അറസ്റ്റ് പാടില്ലെന്നും ചട്ടത്തിൽ പറയുന്നു. സിവിൽ കേസ് ആണെങ്കിൽ സഭാ സമ്മേളനം നടക്കുന്ന സമയത്തും സമ്മേളനം തീർന്നു 40 ദിവസത്തിനുള്ളിലും അറസ്റ്റ് പാടില്ല.

ക്രിമിനൽ കേസിൽ ഒരു നിയമസഭാംഗത്തെ അറസ്റ്റ് ചെയ്യുകയോ ശിക്ഷിക്കുകയോ ചെയ്താൽ അക്കാര്യം കോടതി രേഖാമൂലം സ്പീക്കറെ അറിയിക്കണമെന്നാണു നിയമസഭാചട്ടം 161 അനുശാസിക്കുന്നത്. സമ്മേളനം നടക്കുന്ന സമയത്താണെങ്കിലും അല്ലെങ്കിലും ഇതു ബാധകമാണ്.

Read More >>