ഘര്‍വാപ്പസിയിലൂടെ മതം മാറിയ ദളിത്‌ കുടുംബങ്ങള്‍ വിശ്വഹിന്ദുപരിഷത്തിനെതിരെ രംഗത്ത്

സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ നേടിത്തരാംഎന്നിങ്ങനെ വാഗ്ദാനങ്ങള്‍ നല്‍കിയാണ്‌ വിഎച്ച്പി ഇവരെ മതം മാറാന്‍ പ്രേരിപ്പിച്ചത്.ഇപ്പോള്‍ വാഗ്ദാനം ചെയ്ത ഒരു ആനുകൂല്യവും അവര്‍ക്ക് ലഭിച്ചിട്ടില്ല

ഘര്‍വാപ്പസിയിലൂടെ മതം മാറിയ ദളിത്‌ കുടുംബങ്ങള്‍ വിശ്വഹിന്ദുപരിഷത്തിനെതിരെ രംഗത്ത്

ആലപ്പുഴ: വിശ്വഹിന്ദുപരിഷത്ത് നടത്തിയ ഘര്‍വാപ്പസിയിലൂടെ മതം മാറിയ ദളിത്‌ കുടുംബങ്ങള്‍ പരിഷത്തിനെതിരെ രംഗത്ത്. മത പരിവര്‍ത്തനം നടത്തിയെങ്കിലും രേഖകളില്‍ തങ്ങള്‍ ഇപ്പോളും ക്രിസ്ത്യാനികളാണെന്നും അവര്‍ പറയുന്നു.

ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് പാലത്തറ സ്വദേശികളായ പുലയ ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെട്ട എട്ട് പേരാണ് 2014 ഡിസംബറില്‍ വിഎച്ച്പി നടത്തിയ ഘര്‍വാപ്പസിയിലൂടെ ഹിന്ദു മതം സ്വീകരിച്ചത്. സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങള്‍ നേടിത്തരാംഎന്നിങ്ങനെ വാഗ്ദാനങ്ങള്‍ നല്‍കിയാണ്‌ വിഎച്ച്പി ഇവരെ മതം മാറാന്‍ പ്രേരിപ്പിച്ചത്. ഇപ്പോള്‍ വാഗ്ദാനം ചെയ്ത ഒരു ആനുകൂല്യവും അവര്‍ക്ക് ലഭിച്ചിട്ടില്ല.


മതം മാറിയ പല ദളിത്‌ കുടുംബങ്ങളും കൊടുംപട്ടിണിയില്‍ കഴിയുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഘര്‍വാപ്പസിക്ക് ശേഷം ഹിന്ദു ആചാരപ്രകാരമുള്ള പേരും മറ്റും സ്വീകരിച്ചെങ്കിലും വിഎച്ച്പി പ്രവര്‍ത്തകരില്‍ നിന്നും അവഗണന മാത്രമാണ് ഇവര്‍ നേരിടേണ്ടി വന്നത്. ഇവരില്‍ കുടുംബം പുലര്‍ത്താനും കുട്ടികളുടെ വിദ്യാഭാസത്തിന് ചിലവഴിക്കാനും പണം തികയാതെ വലയുകയാണ് ഭൂരിപക്ഷവും. മതം മാറിയ ശേഷം ഒബിസി വിഭാഗത്തിലാണ് പലരുടെയും പേര് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹിന്ദു പുലയ വിഭാഗത്തില്‍ ഉള്‍പ്പെട്ടാല്‍ വിദ്യാഭ്യാസത്തിനും വീട് നിര്‍മാണത്തിനും സാമ്പത്തിക സഹായവും സര്‍ക്കാര്‍ ജോലിയിലും, പ്രവേശന പരീക്ഷകളിലും സംവരണവും ലഭിക്കും. അതിനായി സ്വന്തം കൈയ്യില്‍ നിന്ന് പണം ചിലവാക്കിയിട്ടും സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങിയിട്ടുമൊന്നും മതം മാറിയതായി അംഗീകരിക്കുന്ന രേഖകള്‍ ഇവര്‍ക്ക് ലഭിച്ചിട്ടില്ല.

ഇതിനൊക്കെ പരിഹാരം കാണാന്‍ ഒരു സഹായവും പരിഷത്തില്‍ നിന്നും ലഭിക്കുന്നില്ലെന്നും കുറ്റം സര്‍ക്കാരിന് മേല്‍ കെട്ടിവെച്ചു തലയൂരാനാണ്‌ വിഎച്ച്പി ശ്രമിക്കുന്നതെന്നും മതം മാറിയവര്‍ പരാതിപ്പെടുന്നു. ആലപ്പുഴയില്‍ മാത്രമല്ല, കോട്ടയം ജില്ലയിലും പല ദളിത്‌ കുടുംബങ്ങളെയും ഘര്‍വാപ്പസിയിലൂടെ വിഎച്ച്പി മതം മാറ്റിയിരുന്നു.

Read More >>