കോണ്‍ഗ്രസ്, ബിജെപി അഴിമതിച്ചങ്ങാത്തത്തിന്റെ ആന്ധ്രാ - കർണാടക എപ്പിസോഡ്

വൈ എസ് രാജശേഖര റെഡ്ഡി ആന്ധ്രാ മുഖ്യമന്ത്രിയായതോടെ ഒബുലാപുരം മൈനിംഗ് കമ്പനിയുടെ സുവര്‍ണകാലം ആരംഭിച്ചു. മകളുടെ പേരിട്ട് ജനാര്‍ദ്ദന റെഡ്ഡി സ്ഥാപിക്കാന്‍ ഉദ്ദേശിച്ച 25000 കോടി രൂപയുടെ ബ്രഹ്മാണി സ്റ്റീല്‍ പ്രോജക്ടിനു 10000 ഏക്കര്‍ ഭൂമിയാണ് 2007ല്‍ ആന്ധ്രാ സര്‍ക്കാര്‍ അനുവദിച്ചത്. ഫാക്ടറിക്ക് തറക്കല്ലിടുക മാത്രമല്ല, മറ്റൊരു 5000 ഏക്കര്‍ സ്വകാര്യ എയര്‍പോര്‍ട്ടിനു വേണ്ടി അനുവദിക്കുകയും ചെയ്തു രാജശേഖര റെഡ്ഡി.

കോണ്‍ഗ്രസ്, ബിജെപി അഴിമതിച്ചങ്ങാത്തത്തിന്റെ ആന്ധ്രാ - കർണാടക എപ്പിസോഡ്

ബദ്ധവൈരികളാണ് ബിജെപിയും കോണ്‍ഗ്രസും എന്നാണ് വെപ്പ്. കര്‍ണാടകത്തില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന രാഷ്ട്രീയ കക്ഷികളാണവർ. പക്ഷേ, കർണാടകത്തിലെ ബിജെപി നേതാക്കളും ആന്ധ്രയിലെ കോൺഗ്രസ് നേതാക്കളും തമ്മിൽ അങ്ങനെയൊരു ഏറ്റുമുട്ടലുണ്ടായിരുന്നില്ല എന്നു മാത്രമല്ല, രക്തബന്ധത്തെക്കാൾ ദൃഢമായ ഒരു സൌഹൃദം അവർ തമ്മിലുണ്ടായിരുന്നു.

ആ കളി മനസിലാക്കിയാൽ കര്‍ണാടകത്തിലെ ബിജെപി മന്ത്രിയുടെ കമ്പനിയ്ക്ക് ആന്ധ്രയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ അകമഴിഞ്ഞ പിന്തുണ ലഭിച്ചതിലും, കോണ്‍ഗ്രസ് മുഖ്യമന്ത്രിയുടെ മകന്‍ ആ കമ്പനിയുടെ പങ്കുകച്ചവടക്കാരനായതിലും അത്ഭുതമില്ല. ആ കമ്പനിയ്ക്ക് ആന്ധ്രാപ്രദേശില്‍ സര്‍വതന്ത്രസ്വാതന്ത്ര്യം ലഭിച്ചതും സ്വാഭാവികം. ബിജെപി നേതാവും കോൺഗ്രസ് മുഖ്യമന്ത്രിയുടെ മകനും നടത്തുന്ന കമ്പനിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ സുപ്രിംകോടതിയടക്കം നടത്തിയ ശ്രമങ്ങള്‍ പാഴ്‌വേലയായതും സ്വാഭാവികം. കാരണം ശതകോടികളുടെ അഴിമതിപ്പണം കൊണ്ട് ഉരുക്കിച്ചേര്‍ത്ത ശിങ്കിടിമുതലാളിത്തത്തിന്റെ അഴിമതിവലയമാണത്. കര്‍ണാടകത്തിലെ ബിജെപി മന്ത്രിസഭയിലെ അംഗമാകുന്നതിനു മുമ്പു തന്നെ ആന്ധ്രാ മുഖ്യമന്ത്രിയുമായി ഉറ്റസൗഹൃദത്തിലായിരുന്നു ജനാര്‍ദ്ദന റെഡ്ഡി.


janardhana-reddy-jaggan-mohanആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന പരേതനായ വൈ. എസ്. രാജശേഖര റെഡ്ഡിയുടെ അച്ഛന്‍ രാജാ റെഡ്ഡി കടപ്പ ജില്ലയിലെ ഒരു ഖനിയുടമസ്ഥനായിരുന്നു. കൈക്കരുത്തുകൊണ്ടാണ് രാജാ റെഡ്ഡി തന്റെ മേഖലയില്‍ കുത്തക സ്ഥാപിച്ചത്. 1978ല്‍ വൈ എസ് ആര്‍ റെഡ്ഡി രാഷ്ട്രീയത്തില്‍ പ്രവേശിച്ചപ്പോള്‍ തന്റെ പേരിലുണ്ടായിരുന്ന ഖനികള്‍ ഭാര്യ വിജയലക്ഷ്മിയുടെ പേരിലാക്കി. രാജാ റെഡ്ഡിയുടെ ഒരു ചെറുകിട സബ്‌കോണ്‍ട്രാക്ടര്‍ എന്ന നിലയിലാണ് ജനാര്‍ദ്ദന റെഡ്ഡി വൈഎസ്ആര്‍ കുടുംബവുമായി ബന്ധം സ്ഥാപിച്ചത്. ഇതു നാള്‍ക്കുനാള്‍ ദൃഢമായി.

രാജാ റെഡ്ഡിയില്‍ നിന്ന് അഭ്യസിച്ച മുറകളെല്ലാം ഒബുലാപുരം മൈനിംഗ് കമ്പനിയുടെ ഡയറക്ടര്‍ സ്ഥാനത്തെത്തിയപ്പോള്‍ ജനാര്‍ദ്ദന റെഡ്ഡിയ്ക്ക് ഉപകരിച്ചു. രണ്ട് റെഡ്ഡി കുടുംബങ്ങളെയും ഒതുക്കാന്‍ ചന്ദ്രബാബു നായിഡു നടത്തിയ പണികളും ഫലിച്ചില്ല. വൈ എസ് രാജശേഖര റെഡ്ഡി ആന്ധ്രാ മുഖ്യമന്ത്രിയായതോടെ ഒബുലാപുരം മൈനിംഗ് കമ്പനിയുടെ സുവര്‍ണകാലം ആരംഭിച്ചു. മകളുടെ പേരിട്ട് ജനാര്‍ദ്ദന റെഡ്ഡി സ്ഥാപിക്കാന്‍ ഉദ്ദേശിച്ച 25000 കോടി രൂപയുടെ ബ്രഹ്മാണി സ്റ്റീല്‍ പ്രോജക്ടിനു 10000 ഏക്കര്‍ ഭൂമിയാണ് 2007ല്‍ ആന്ധ്രാ സര്‍ക്കാര്‍ അനുവദിച്ചത്. ഫാക്ടറിക്ക് തറക്കല്ലിടുക മാത്രമല്ല, മറ്റൊരു 5000 ഏക്കര്‍ സ്വകാര്യ എയര്‍പോര്‍ട്ടിനു വേണ്ടി അനുവദിക്കുകയും ചെയ്തു രാജശേഖര റെഡ്ഡി.

ഇതിനിടെ ചന്ദ്രബാബു നായിഡുവും ചില കോണ്‍ഗ്രസ് നേതാക്കളും ഖനിയിടപാടുകളെക്കുറിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അവയൊന്നും ആരും ചെവിക്കൊണ്ടില്ല. ഒബുലാപുരം മൈനിംഗ് കമ്പനിയുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കു തടയിടാന്‍ കേന്ദ്രസര്‍ക്കാരിന്റെ വനം പരിസ്ഥിതി മന്ത്രാലയത്തിനും സുപ്രിംകോടതി നിയമിച്ച സെന്‍ട്രല്‍ എംപവേഡ് കമ്മിറ്റിയ്ക്കും കഴിഞ്ഞില്ല. ബെല്ലാരി റിസര്‍വ് വനമേഖലയിലെ ജൈവവൈവിദ്ധ്യത്തിന്റെ അടിവേര് ഖനി മാഫിയ മാന്തിയെറിഞ്ഞിട്ടും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ഒന്നും ചെയ്യാനായില്ല. അവരുടെ നിര്‍ദ്ദേശങ്ങള്‍ വനരോദനങ്ങളായി.

സംസ്ഥാനത്തിന്റെ അതിരു നിര്‍ണയിക്കുന്ന ജിടിഎസ് സ്റ്റേഷന്‍ തകര്‍ത്തുകൊണ്ടാണ് മാഫിയയുടെ പടയോട്ടം ആരംഭിച്ചത്. പരാതികള്‍ പ്രവഹിച്ചപ്പോള്‍ അതിരുകള്‍ യഥാസ്ഥാനത്തു സ്ഥാപിക്കാന്‍ കോടതിവിധിയുണ്ടായി. അതിനുവേണ്ടി ആന്ധ്രാ സര്‍ക്കാര്‍ നിയോഗിച്ച ഉന്നതതല സമിതി വ്യാജസ്‌കെച്ചും പ്ലാനുമായാണ് അളക്കാനെത്തിയത്. ഖനി മാഫിയ ചൂണ്ടിക്കാണിച്ച സ്ഥലങ്ങളില്‍ അതിരു സ്ഥാപിച്ചു അവര്‍ മടങ്ങി.

വനമേഖലയിൽ ഖനനം ആരംഭിക്കണമെങ്കിൽ കേന്ദ്രസര്‍ക്കാരിന്റെ വനസംരക്ഷണനിയമം അനുസരിച്ചുളള അനുമതി ലഭിക്കണം. അതാണ് നിയമം. എന്നാൽ അത്തരം അനുമതികൾക്കു കാത്തു നിൽക്കാതെയാണ് ബെല്ലാരി റിസര്‍വ് വനമേഖയില്‍ ഒബുലാപുരം മൈനിംഗ് കമ്പനി ഖനനം ആരംഭിച്ചത്. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ നടപടിയെടുക്കണമെന്നാണ് നിയമം. പക്ഷേ, ഒഎംസിയ്ക്ക് മുന്‍കാലപ്രാബല്യത്തോടെ പിന്നീട് അനുമതി നല്‍കുകയായിരുന്നു. അനുമതി ലഭിക്കുന്നതിനു മുന്നേ ഖനനം ആരംഭിച്ചതിന് നിയമനടപടികളെടുക്കേണ്ട സ്ഥാനത്ത് മുന്‍കൂര്‍ അനുമതി പത്രം വിതരണം ചെയ്തു സഹായിക്കുകയായിരുന്നു, കേന്ദ്രസര്‍ക്കാര്‍.

കാടും നാടും റെഡ്ഡി തുരന്നു മറിച്ചു. 25.68 ഹെക്ടര്‍ പ്രദേശത്ത് വെറും ആറു ഹെക്ടറിനുളളില്‍ മാത്രമേ ഖനനം നടത്താവൂ എന്നാണ് ഇന്ത്യന്‍ മൈനിംഗ് ബ്യൂറോ നിബന്ധന വെച്ചത്. പ്രതിവര്‍ഷം 7.5 ലക്ഷം ടണ്‍ ഇരുമ്പയിരു മാത്രമേ ഖനനം ചെയ്യാവൂ എന്നാണ് വ്യവസ്ഥ. എന്നാല്‍ വൈ. എസ്. രാജശേഖര റെഡ്ഡി ആന്ധ്രാ നിയമസഭയില്‍ വെച്ച കണക്കുപ്രകാരം ഒരു വര്‍ഷം 20 ലക്ഷത്തോളം ടണ്‍ അയിരാണ് ഒഎംസി കുഴിച്ചു കടത്തിയത്. ആകെ ഒരു കോടിയോളം ടണ്‍ അയിരാണത്രേ ഖനനം ചെയ്തത്.

മറ്റുളളവര്‍ക്ക് ലൈസന്‍സ് നല്‍കിയ സ്ഥലവും അവര്‍ അതിക്രമിച്ചു കീഴടക്കി. ഒരിക്കലും ഖനനം നടത്താന്‍ പാടില്ലാത്ത വനമേഖലയും തുരന്നു തകര്‍ത്തു. ഒഎംസിയെക്കാള്‍ പഴക്കമുളള പല കമ്പനികളും അവരുടെ കൈയൂക്കിനു കീഴടങ്ങി. പലരും ഭയന്നോടി. ഖനനമേഖലയില്‍ വര്‍ഷങ്ങളുടെ പാരമ്പര്യമുളളവരൊന്നും ഒഎംസിയെപ്പോലെ മാഫിയയായി വളര്‍ന്നില്ല. പക്ഷേ, ജനാര്‍ദ്ദന റെഡ്ഡിയുടെ നേതൃത്വത്തില്‍ ഒഎംസി ഖനനരംഗത്ത് പുതിയ ചരിത്രമെഴുതി. ആന്ധ്രാ മുഖ്യമന്ത്രിയുടെ ഉറ്റസുഹൃത്തും മുഖ്യമന്ത്രിയുടെ മകന്റെ വ്യവസായ പങ്കാളിയും കര്‍ണാടകത്തിലെ മന്ത്രിയും ബിജെപി നേതാവുമായ ഒരാള്‍ എംഡിയായിരിക്കുന്ന കമ്പനി ഇങ്ങനെയല്ലാതെ പിന്നെങ്ങനെയാണു വളരുക?

ഒഎംസിയുടെ മുഷ്‌കിനു കീഴടക്കാന്‍ തയ്യാറാകാത്തവരും ഉണ്ടായിരുന്നു. നീതിയ്ക്കു വേണ്ടി അവര്‍ സംസ്ഥാന ഭരണകൂടത്തിനു മുന്നിലെത്തി. പരാതിക്കാരെ രാജശേഖര റെഡ്ഡിയുടെ സര്‍ക്കാര്‍ തെക്കുവടക്കു നടത്തി. ഒടുവില്‍ അവര്‍ കോടതിയെ അഭയം പ്രാപിച്ചു. കോടതിയെ മറികടക്കാനും മാഫിയയുടെ പക്കല്‍ വഴിയുണ്ടായിരുന്നു. വനം, ഖനി, സര്‍വെ വകുപ്പുകളുടെ ഉന്നതതല കമ്മിറ്റിയുണ്ടാക്കി കൃത്യമായ അതിരുകള്‍ നിശ്ചയിക്കാനായിരുന്നു കോടതി നിര്‍ദ്ദേശപ്രകാരം. അങ്ങനെയൊരു കമ്മറ്റിയുണ്ടായി. പക്ഷേ, ഒഎംസി കല്‍പ്പിച്ചതുപോലെ കമ്മിറ്റി അതിര്‍ത്തികള്‍ തീരുമാനിച്ചു.

അങ്ങനെയാണ് പ്രശ്‌നത്തില്‍ കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ഇടപെട്ടത്. ഈ പ്രദേശങ്ങളിലെ ഖനനം അടിയന്തരമായി നിര്‍ത്തിവെയ്ക്കണമെന്ന് അവര്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. വ്യാജമാപ്പുണ്ടാക്കിയും മറ്റും നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കു കൂട്ടുനിന്ന മുഴുവന്‍ ഉദ്യോഗസ്ഥരെയും കണ്ടെത്തി നടപടിയെടുക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

രാജശേഖര റെഡ്ഡി വെട്ടിലായി. താനുണ്ടാക്കിയ ഉന്നതതല കമ്മിറ്റിയുടെ സര്‍വേ റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ അദ്ദേഹം കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തോട് യാചിച്ചു. ഒഎംസിയുടെ അനധികൃത ഖനനം വെളിവാക്കുന്ന പുതിയ സര്‍വെയ്ക്ക് തയ്യാറാകരുത് എന്നഭ്യര്‍ത്ഥിച്ച് സംസ്ഥാനം കേന്ദ്രത്തിന് ഒട്ടേറെ കത്തുകള്‍ അയച്ചു. എന്നാല്‍ അതൊന്നും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ചെവിക്കൊണ്ടില്ല. പുതിയ സര്‍വെ നടത്താന്‍ സര്‍വെ ഓഫ് ഇന്ത്യയുടെ ടീമിനെ നിയോഗിച്ചു. സര്‍വെ നടത്താനെത്തുന്നവര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിനു നിര്‍ദ്ദേശവും നല്‍കി. ആ ഘട്ടത്തില്‍ വിജയം രാജശേഖര റെഡ്ഡിയ്‌ക്കൊപ്പമായി. പുതിയ സര്‍വെയ്ക്കുളള ഉത്തരവ് കേന്ദ്രം മരവിപ്പിച്ചു. ബങ്കളൂരുവിലെ റീജേണല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ടു വരുന്നതുവരെ പുതിയ സര്‍വെ നടത്തേണ്ടതില്ല എന്നായിരുന്നു തീരുമാനം.

കര്‍ണാടകം, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലെ ഭരണസംവിധാനം സമ്പൂര്‍ണമായി വരുതിയിലാക്കിയും വിവിധ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികളുടെ നിര്‍ലോഭമായ പിന്തുണ കൊണ്ടുമാണ് ഒബുലാപുരം മൈനിംഗ് കമ്പനി ഉയരങ്ങളിലേയ്ക്കു വളര്‍ന്നത്. ഓരോ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കും താങ്ങും തണലും മറയുമായി രാഷ്ട്രീയാധികാരവും ഭരണകൂടത്തിന്റെ അധികാരവുമുണ്ടായിരുന്നു. സുപ്രിംകോടതിയുടെ പരമാധികാരംപോലും റെഡ്ഡി മാഫിയ തീര്‍ത്ത അതിരുകള്‍ക്കു പുറത്തു തന്നെ നിന്നു.

അടുത്ത ഭാഗം - ജനാർദ്ദന റെഡ്ഡിയിങ്ങനെയെങ്കിൽ ജഗന്മോഹൻ റെഡ്ഡിയങ്ങനെ...

സുഗ്ഗലമ്മാദേവിയുടെ ക്ഷേത്രം തകർത്തവരെ കുമ്മനത്തിനും ടി ജി മോഹൻദാസിനും പരിചയമുണ്ടോ?

സുഗ്ഗലമ്മാദേവീക്ഷേത്രം ബോംബുവെച്ചു തകർത്ത ജനാര്‍ദ്ദന റെഡ്ഡി കർണാടകയുടെ 'ഖനീശ്വര'നും ബിജെപിയിലെ കിരീടം വെയ്ക്കാത്ത രാജാവുമായി വളർന്ന ചരിത്രം