മാനസാന്തരം വന്ന ഒരു മധ്യവർഗ നസ്രാണിയുടെ കുമ്പസാരം (റീലോഡഡ്)

ചെറുപ്പം മുതലെ സകല കന്നംതിരിവുകൾക്കും കൂടെ ഉണ്ടായിരുന്ന അവൻ പെട്ടെന്ന് ഒരു ദിവസം കേറിയങ്ങ് വിശ്വാസിയായി. അതുകേട്ട് ഞാൻ അന്തംവിട്ടു. അപ്പോൾതന്നെ ഒരു കുനുഷ്ടു മണക്കുകയും ചെയ്തു. കന്നംതിരിഞ്ഞവൻ വിശ്വാസിയിയായതിന്റെ ഗുട്ടൻസ് പിന്നാലെ പിടി കിട്ടി. അവന് ലങ് ക്യാൻസർ ഉണ്ടായിന്നിരുന്നത്രേ! ഏതോ പ്രാർത്ഥന സ്ഥലത്ത് പോയി മുട്ടിപ്പായി പ്രാർത്ഥിച്ച ഉടനെ അവര് അതങ്ങ് മാറ്റിക്കൊടുത്തു.

മാനസാന്തരം വന്ന ഒരു മധ്യവർഗ നസ്രാണിയുടെ കുമ്പസാരം (റീലോഡഡ്)

മതം മനുഷ്യനെ മയക്കുന്ന കറുപ്പാണോ? പറഞ്ഞത് സാക്ഷാൽ കാൾ മാർക്‌സാണ്. അങ്ങേരിതു എഴുതിയ കാലം മുതൽ ലോകത്തിനു ഭ്രാന്തായി. പിന്നെ ചർച്ചയോടു ചർച്ച.  യഥാർത്ഥത്തിൽ ഇപ്പറഞ്ഞതിൽ വല്ല കാര്യവുമുണ്ടോ?  ചർച്ചയിൽ നമുക്കും കൂടാമെന്നു കരുതിയാലും പ്രശ്നമാണ്. ബുദ്ധി ഉറച്ചശേഷമാണല്ലോ മതം മനുഷ്യനെ മയക്കുന്ന കറുപ്പ് എന്നൊക്കെ നാം കേൾക്കുന്നത്. അതുവരെ എന്തു ചെയ്യും.

സ്ഥിരമായി ബൈബിൾ ക്ലാസിൽ പോയിരുന്ന ഒരു ചെറുപ്പക്കാരന്റെ ഭാഗത്തുനിന്ന് ചിന്തിച്ചാൽ കാര്യങ്ങളിൽ ഒരു തീരുമാനമാകും. അപ്പോൾ മാത്രമാകും ഇതൊക്കെയും മനസിലാകുക. മതത്തോട് കൂടുതൽ അടുക്കാൻ ശ്രമിച്ചാൽ അതിലൊരു അഡിക്ഷനുണ്ട്. ഹൈറേഞ്ചുകാർക്ക് ചിലതരം ഭക്ഷണങ്ങളോടുള്ള അടുപ്പം പോലെ (കപ്പയും ഉണക്കുമീനും പോലെ ചില ഭക്ഷണസാധനങ്ങളെന്ന് വിവക്ഷ). നാം ദൈവത്തോടു കൂടുതൽ അടുക്കുകയും മനുഷ്യനിൽനിന്ന് അകലുകയും ചെയ്യും. ഇതാണ് വ്യക്തിപരമായ അനുഭവം. മറ്റുള്ളവരുടെ കാര്യം പറയുന്നതിനെക്കാൾ നല്ലത് സ്വന്തം കാര്യം പറയുന്നതാണല്ലോ!


ഒരു മധ്യവർഗ്ഗ നസ്രാണി കുടുംബത്തിലെ ചെറുപ്പമാണ് ഞാനും ജീവിച്ചത്. നല്ല കള്ളപ്പവും ബീഫ് സ്റ്റൂവും വൈനും കേക്കും വിളമ്പിയ മാമോദീസ, തുടർന്ന് ദൈവകല്പന പ്രകാരമുള്ള സകലമാന കൂദാശകളും അരങ്ങേറിയ യൗവനം. തുടക്കത്തിൽ വീട്ടുകാരോടൊപ്പം ആഴ്ചയിലൊരിക്കൽ പള്ളിയിൽ പോക്ക്, തൊട്ടടുത്ത് നിൽക്കുന്നവരെ അനുകരിച്ച് വൻതോതിലുള്ള പ്രാർത്ഥന എന്നിവയിൽ വിശ്വാസവഴി ആരംഭിക്കുന്നു. സ്വയമേവ കുരുത്തക്കേടുകൾ തുടങ്ങാറാകുമ്പോൾ പള്ളിയിൽപ്പോക്ക് ഒറ്റയ്ക്കാവും. നമ്മൾ വളരുന്നതിന് അനുസരിച്ച് വിശ്വാസവും വളരുകയാണല്ലോ. അതുവരെ ആഴ്ചയിലൊന്ന് എന്ന രീതിയിൽ നടന്ന പള്ളിയിൽ പോക്ക് ദിവസേന എന്ന രീതിയിൽ തഴച്ചു വളരുന്നത് നമ്മളും ഒട്ടൊരു അതിശയത്തോടെ വീട്ടുകാരും കണ്ടു തുടങ്ങുന്നു. വീട്ടുകാർ നെടുവീർപ്പിട്ടും നാട്ടുകാർ മൂക്കത്ത് വിരൽവെച്ചും നമ്മുടെ വിശ്വാസത്തെ സ്വീകരിക്കും.

പത്തു വയസോടെ ഒരു നസ്രാണി യുവാവിന്റെ വിശ്വാസത്തിന് വഴിമാറ്റവും ഗതിവേഗവും ഉണ്ടാകും. ആ പ്രായം മുതലാണ് ഭൂരിപക്ഷംപേരും ഒറ്റയ്ക്ക് പള്ളിയിൽ പോയി തുടങ്ങുന്നത്. സകലമാന വിശുദ്ധരുടെയും പേരുവിവരങ്ങളും മേൽവിലാസവും ഇതിനകം പഠിച്ചിട്ടുണ്ടാകും. കാര്യങ്ങൾ അവിടെ അവസാനിക്കുന്നില്ലെന്ന് പിന്നീടാണ് തിരിച്ചറിയുക. ആഴ്ചയിൽ അഞ്ച് ദിവസം സ്‌കൂളിൽ പോകുന്ന നമ്മുടെ ജീവിതത്തിലേക്ക് മറ്റൊരു സ്‌കൂളുംകൂടി വന്ന് ചേരുന്നു. അതാണ് ലോകപ്രസിദ്ധമായ സൺഡേ സ്‌കൂൾ. നല്ല ഒന്നാന്തരം വിശ്വാസസമൂഹത്തെ വാർത്തെടുക്കാൻ ഒരുകൂട്ടമാളുകൾ അഹോരാത്രം പണിയെടുക്കുന്ന സൺഡേ സ്‌കൂളിലാണ് തരത്തിനൊത്ത കൂട്ടുകാരെ നമുക്കു കിട്ടുന്നത്. ഭൂരിപക്ഷംപേരും എന്നെപ്പോലെ അല്പം മുതിർന്നശേഷം 'സ്ഥിരമായി' പള്ളിയിൽ പോയി തുടങ്ങിയവർ.

പറഞ്ഞു വരുമ്പോൾ ഒരു വ്യക്തതയുമില്ലാത്ത കാര്യങ്ങളാണ് സൺഡേ സ്‌കൂളിൽ പഠിപ്പിച്ചിട്ടുള്ളത്. ഒന്നാം ക്ലാസു മുതൽ സ്‌കൂളിൽ പഠിച്ച കാര്യങ്ങളിൽ എന്തെങ്കിലുമൊക്കെ ഓർമ്മയുണ്ട്.  എന്നാൽ സൺഡേ സ്‌കൂളുമായി ബന്ധപ്പെട്ടവയൊന്നും തലച്ചോറിലെവിടെയും സ്റ്റോറു ചെയ്തിട്ടില്ല.  ചില കൂട്ടുകാരൊക്കെ മെമ്മറി കാർഡിന്റെ ഫോൾഡറിലുണ്ട്. കന്നംതിരിവ് കാണിക്കാൻ ഒപ്പമുണ്ടായിരുന്നവരെ ആരെങ്കിലും മറക്കുവോ?

നല്ല കപ്പയും പോത്തു വരട്ടിയതും കഴിച്ച് ടിവി പരിപാടിയും കണ്ട് വീട്ടിലിരിക്കാൻ കിട്ടുന്ന ദിവസമാണ് പള്ളിയിൽ പോയി അതുമിതും പഠിക്കാനിരിക്കുന്നത്. കുർബാന കഴിഞ്ഞ് രണ്ട് മണിക്കൂറോളമാണ് സൺഡേ സ്‌കൂൾ. പത്താം ക്ലാസുവരെ സൺഡേ സ്‌കൂളിൽ പോയിട്ടുണ്ട് എന്നാണോർമ്മ. അമ്മയുടെ നിർബന്ധമാണ് പത്ത് വർഷത്തെ എന്റെ ഞായറാഴ്ചകൾ കളഞ്ഞ് കുളിച്ചത്. മാറിമാറി വന്ന പള്ളീലച്ചന്മാരുടെ  പ്രസംഗങ്ങളും ആത്മീയോപദേശങ്ങളും എഡിറ്റു ചെയ്യപ്പെടാതെ പ്രവഹിച്ച അറുബോറൻ ഞായറാഴ്ചകൾ.  ഇടവകയിലെ പിള്ളാരെ ഇങ്ങനെ പേടിപ്പിക്കുന്നതിന് ഇവറ്റകളെ പിടിച്ച് അകത്തിടുകയാണ് വേണ്ടത്, സത്യത്തിൽ.

ഇതിനൊക്കെ പുറമെ ബൈബിൾ എന്ന ആത്മീയഗോപുരത്തെ കൃത്യമായി മനസിലാക്കാൻ സാധിച്ചില്ല. സൺഡേ സ്‌കൂളും പ്രാർത്ഥനയും കുർബാനയും ബഹളവുമൊക്കെ ഉണ്ടെങ്കിലും ബൈബിളിനെ മനസിലാക്കുക എന്ന സംഗതി മാത്രം നടന്നിട്ടില്ല. പിന്നീട് ആ തോന്നലുണ്ടായത് ആറേഴ് വർഷം മുമ്പാണ്. കുട്ടിക്കാലത്ത് വീട്ടുകാരും നാട്ടുകാരും പള്ളീലച്ചന്മാരും തലേംകുത്തി നിന്ന് ശ്രമിച്ചിട്ട് നടക്കാത്ത കാര്യം നടത്താൻ തന്നെ തീരുമാനിച്ചു. ബൈബിൾ വായിക്കുക, പഠിക്കാൻ ശ്രമിക്കുക. അതിന് പിന്നിൽ ഒരു കാരണമുണ്ട്. ആ കാരണം എന്നെ പെട്ടെന്ന് കുട്ടിക്കാലത്തേക്ക് കൂട്ടിക്കൊണ്ട് പോകും. ഒന്നിച്ച് കളിച്ചുവളർന്ന ഒരു കൂട്ടുകാരനുണ്ടായ ചില അനുഭവങ്ങളാണ് ബൈബിളിലേക്ക് തിരിയാൻ എന്നെ പ്രേരിപ്പിച്ചത്.

ചെറുപ്പം മുതലെ സകല കന്നംതിരിവുകൾക്കും കൂടെ ഉണ്ടായിരുന്ന അവൻ പെട്ടെന്ന് ഒരു ദിവസം കേറിയങ്ങ് വിശ്വാസിയായി. പഠിച്ച് വക്കീൽപ്പട്ടം നേടിയ അവൻ ഇടയ്ക്ക് പഞ്ചായത്ത് ഇലക്ഷന് നിന്നെന്നും വൻ ഭൂരിപക്ഷത്തിൽ തോറ്റെന്നും അറിഞ്ഞിരുന്നു. ഒരു പഞ്ചായത്തിന്റെ ഭരണം അവനെ ഏൽപ്പിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ദീർഘദൃഷ്ടിയിൽ കണ്ട ജനത്തിന് ഒറ്റക്കെട്ടായി നിൽക്കാതെ വേറെ വഴിയുണ്ടായിരുന്നില്ല.

എന്തായാലും പെട്ടെന്നൊരു ദിവസം ആശാൻ കട്ട വിശ്വാസിയായി. അതുകേട്ട് ഞാനും അന്തംവിട്ടു. അപ്പോൾതന്നെ ഒരു കുനുഷ്ടു മണക്കുകയും ചെയ്തു.  കന്നംതിരിഞ്ഞവൻ വിശ്വാസിയിയായതിന്റെ ഗുട്ടൻസ് പിന്നാലെ പിടി കിട്ടി. അവന് ലങ് ക്യാൻസർ ഉണ്ടായിരുന്നത്രേ! ഏതോ പ്രാർത്ഥന സ്ഥലത്ത് പോയി മുട്ടിപ്പായി പ്രാർത്ഥിച്ച ഉടനെ അവര് അതങ്ങ് മാറ്റിക്കൊടുത്തു. അതിൽപ്പിന്നെ പ്രാർത്ഥനയും മറ്റുമായി ജീവിക്കാൻ ആശാൻ തീരുമാനിച്ചു. അത്യാവശ്യം കേസും കാര്യങ്ങളും ഉണ്ടായിരുന്ന വക്കീൽപ്പണി ഉപേക്ഷിച്ച് ദൈവമക്കളുടെ വക്കാലത്ത് മാത്രമെടുക്കാൻ തീരുമാനിച്ചു.

കൂട്ടായ്മയും ദൈവവചനവും മാത്രമാണ് ഇപ്പോഴത്തെ ജീവിതം. ആഴ്ചയിലൊരിക്കൽ പള്ളിയിൽ പോയിരുന്ന അന്തകാലമോർത്ത് അന്തംവിട്ടാണ് അവന്റെ കഥകൾ കേട്ടത്. രണ്ടാമത്തെ നാട്ടിൽപ്പോക്കിന് അവൻ വലിയ വിശ്വാസിയായെന്നും ഗ്രാമീണ ഉപദേശിയുടെ തസ്തിക കിട്ടിയെന്നും ബോധ്യപ്പെട്ടിരുന്നു. മറ്റൊരു അവധിക്കാലത്ത് എന്റെ വീട്ടിൽ ഇവരുടെ ഒത്തുചേരലും ഉണ്ടായിരുന്നു.

ഹല്ലേലൂയ, യേശുവേ സ്‌തോത്രം, യേശുവേ നന്ദി എന്ന ഉച്ചത്തിൽ പ്രാർത്ഥന ആദ്യമായി നേരിട്ട് കേൾക്കുന്നതും അനുഭവിക്കുന്നതും അന്നായിരുന്നു. അവനെ നന്നായി അറിയാവുന്നത് കൊണ്ടുതന്നെ ഇതിന് പിന്നിലുള്ള കാര്യങ്ങൾ അറിയാനുള്ള താത്പര്യം മറച്ചുവെച്ചില്ല. ആദ്യമൊക്കെ ഒരൊത്ത വിശ്വാസി അവിശ്വാസിയോട് കാണിക്കുന്ന താത്പര്യമില്ലായാണ് കാണിച്ചതെങ്കിലും പിന്നീട് പതുക്കെ വഴങ്ങിത്തന്നു. വീട്ടിൽ നടന്ന പ്രാർത്ഥനയുടെ അവസാനം അവരുടെ കൂട്ട പ്രവചനങ്ങളും പ്രാർത്ഥനയും സ്‌പെഷ്യൽ വിഭവമായി ഉണ്ടായിരുന്നു. മനുഷ്യായുസിൽ നടക്കാൻ സാധ്യതയില്ലാത്ത കാര്യങ്ങൾ മുഴുവൻ അവര് വിളിച്ച് പറഞ്ഞു. ഞാൻ അമേരിക്കൻ പ്രസിഡന്റ് ആകും എന്നതൊഴികെ ഏതാണ്ട് എല്ലാംകേട്ട ഭാര്യയും വീട്ടുകാരും അന്തംവിട്ടെന്ന് പറഞ്ഞാൽ മതിയല്ലോ.

ഭാര്യയുടെ ബഹളങ്ങൾക്ക് പാതി ചെവി കൊടുത്ത ഞാൻ അവരുടെ വിശ്വാസത്തെ മാനിക്കുക തന്നെ ചെയ്തു. അല്ലെങ്കിലും അല്പസ്വല്പം വിശ്വാസിയായ ഞാൻ അവരെ പരിഹസിക്കുന്നതിൽ കാര്യമില്ലല്ലോ. ചെറുപ്പംമുതൽക്കേ ദൈവത്തോട് പ്രാർത്ഥിച്ചിട്ടുള്ള ഒരു കാര്യം പട്ടിണി കിടക്കാൻ ഇട വരുത്തരുത് എന്നാണ്. ബുദ്ധിയില്ലാത്ത എനിക്ക് യുക്തിപരമായി ചിന്തിക്കാനുള്ള ഇട തരണം എന്നായിരുന്നു പ്രധാന പ്രാർത്ഥന. എന്നെ നന്നായി നോക്കിക്കോണമെന്ന് ദൈവത്തോട് കാര്യമായിത്തന്നെ അപേക്ഷിച്ചിട്ടുണ്ട്.  അതാണ് ഇപ്പോഴും ചെയ്യുന്നത്. പക്ഷേ, അവരുടെ പ്രാർത്ഥന കേട്ട് ഞാൻ ആകെ ബേജാറായി. എന്ത് ചെയ്യണമെന്നറിയാതെ കുഴങ്ങി. ദില്ലിയിൽ എത്തിയപ്പോഴാണ് ബൈബിൾ പഠിച്ച് കളയാം എന്ന് തോന്നിയത്. ആദ്യം ബൈബിൾ ക്ലാസിൽ പോയ് നോക്കി. പലരും പറയുന്നത് പലതാണ്. അവരുടെ യുക്തിക്കും താത്പര്യത്തിനും അനുസരിച്ച് അത് മാറ്റുകയാണെന്ന് എനിക്ക് തോന്നി. അതോടെ അത് വിട്ടു. പിന്നെ സ്വന്തം നിലയിൽ പഠിക്കാൻ തുടങ്ങി.

ബൈബിൾ വായന പിന്നെ പല എഡിഷനുകളിലേക്കുള്ള വായനയായി. മിഷണറിമാരുടെ ജീവചരിത്രം വായനയായി. ചെറുപ്പത്തിൽ വിശുദ്ധന്മാരുടെ പേരുകൾ പഠിക്കാൻ തുടങ്ങിയ ആവേശത്തോടെ മിഷണറിമാരുടെ ജീവിതം വായിക്കാനും പ്രവർത്തനങ്ങൾ പഠിക്കാനും തുടങ്ങി. അതിനെല്ലാമുപരി ബൈബിളിനെ മുച്ചൂടും എതിർക്കുന്ന നിരീശ്വരവാദികളുടെ പുസ്തകങ്ങളും വായിക്കാൻ തുടങ്ങി. പല സംശയങ്ങൾക്കും പലരീതിയിൽ ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിച്ചു. പലതിനും സ്വയം ഉത്തരം കണ്ടെത്താൻ ശ്രമിച്ചു. പലതും ഗൂഗിളിനോട് ചോദിച്ചു. ഇങ്ങനെ ചോദ്യം ചോദിക്കൽ മാത്രം തുടർന്നു. ഉത്തരം എവിടന്ന് കിട്ടാൻ. ചില ഉത്തരങ്ങൾക്ക് സാങ്കേതികമായ തടസം. മറ്റുചിലതിനു വ്യക്തത പോര. ഒരു ഉത്തരം കിട്ടി, ഞാൻ ചെറുപ്പം മുതൽ തുടർന്ന വിശ്വാസം യുക്തിപരമല്ല. അതായിരുന്നു ഉത്തരം.

ആചാരാനുഷ്ടാനങ്ങൾക്ക് പുതിയ നിയമത്തിൽ എവിടെയും സ്ഥാനമില്ല. അതൊരു വസ്തുതയാണ്. കൂടുതൽ ആത്മീയമായി ചോദിക്കാനറിയാതെ പലരിൽനിന്നും ഞാൻ അകന്നു. ഇപ്പോഴും അത് സംഭവിക്കുന്നുണ്ട്. പ്രത്യേകിച്ചു ഒരാളുടെ മേൽ അവൻപോലുമറിയാത്ത തെറ്റുകൾ ഞാൻ ചാർത്താൻ തുടങ്ങിയതോടെ ചില കാര്യങ്ങൾ എനിക്ക് ബോധ്യമായി. ഇത് എന്നെ വല്ലാതെ ചിന്തിപ്പിച്ചു. ഹെമ്മിങ്‌വേ പറഞ്ഞത്, 'എപ്പോൾ നമ്മൾ കൂടുതൽ ചിന്തിക്കാൻ തുടങ്ങുന്നു പതുക്കെ നമ്മളുടെ മതവിശ്വാസം കുറയുന്നു' എന്നാണ്.

എനിക്കു നേരെ തിരിച്ചാണ് അനുഭവപ്പെട്ടത്. കൂടുതൽ മതത്തോട് അടുത്തപ്പോൾ ഞാൻ മനുഷ്യനിൽ നിന്നും അകലുന്നു.  തുമ്പിയെ കൊണ്ട് കല്ല് എടുക്കുന്ന പോലെ മതമേധാവികൾ അവർക്കുവേണ്ടതെല്ലാം നമ്മെക്കൊണ്ട് എടുപ്പിക്കുന്നു. ചിറക് നമ്മളുടെ വിരലിടുക്കിൽ ഒതുങ്ങുമ്പോൾ രക്ഷപെടാനാണ് തുമ്പിയുടെ കല്ലിൽ പിടിക്കുന്നത്. അല്ലാതെ രസത്തിനു വേണ്ടിയല്ല. തുമ്പിയുടെ പലമടങ്ങു ഭാരം വരുന്ന കല്ല് അത് അള്ളിപ്പിടിച്ചു പൊക്കുന്നത് കാണുന്ന നമുക്ക് വലിയ രസം.

ഇതുപോലെയാണ് മതമേലധികാരികൾ നമ്മളെക്കൊണ്ട് ചെയ്യിപ്പിക്കുന്നതും. ഒരു മനുഷ്യനും മതങ്ങൾ അനുശാസിക്കുന്ന രീതിയിൽ ഒരു ദിവസം പോലും ജീവിക്കാൻ പറ്റില്ല. മനുഷ്യൻ യാന്ത്രിക ജീവിയൊന്നുമല്ല, മതമെന്ന് പറയുന്ന കീ കൊടുക്കുമ്പോൾ പ്രവർത്തിക്കുന്ന വസ്തു ആണോ മനുഷ്യൻ? നമ്മുടെ കീ നമ്മുടെ കൈയിലാണ്. സ്റ്റോപ്പ് ബട്ടണും അങ്ങനെതന്നെ. വിവേചനബുദ്ധിയോടെ അത് പ്രയോഗിച്ചാൽ ദൈവം നമ്മോടൊപ്പം ഉണ്ടാവുമെന്ന് നിശ്ചയം. സ്വർഗ്ഗവും നരകവും എല്ലാം ഭൂമിയിൽ തന്നെയാണ്.

ഒരു കഥ പറഞ്ഞു നിർത്താം. കഥാനായകന്റെ പേര് സജി. കോട്ടയത്ത് പാലായോ മറ്റോ ആണ് സ്വദേശം. ഒരു കത്തോലിക്ക വിശ്വാസി. ഒരിക്കൽ ഒരു യാത്രയിൽ സജി എന്റെ കരം പിടിച്ചു ചോദിച്ചു, "സർ നമ്മൾ മരിച്ചു സ്വർഗത്തിൽ പോയി എന്ന് വയ്ക്കുക. നമ്മൾ എപ്പോഴും ദൈവത്തിനു അടുത്ത് ജീവിക്കുന്നു. ചുറ്റും മാലാഖമാർ. എപ്പോഴെങ്കിലും ഒരു 'പെഗ്' അടിക്കാൻ തോന്നിയാൽ എന്ത് ചെയ്യും?"

"ഇനി നരകത്തിലായിലോ അവിടെ പാമ്പും പിശാചും കാരണം നേരെചൊവ്വേ ഉറങ്ങാനും പറ്റില്ല, അവിടെയും ഞാൻ പറഞ്ഞ പാനീയമില്ല. അതുകൊണ്ട് ഞാൻ ദിവസം രണ്ടെണ്ണമടിക്കും". സന്തോഷം വന്നാൽ സ്വർഗം, സങ്കടം വന്നാൽ നരകം. അതാണ് സജിയുടെ തിയറി.

ദൈവം നമ്മെ സ്‌നേഹിക്കുകയും സേവിക്കുകയും ചെയ്യും, നമ്മുടെ ജീവിതത്തിന്റെ താക്കോൽ നമ്മുടെ കയ്യിൽ മാത്രം ഇരുന്നാൽ.